ADVERTISEMENT

കാൻസർ ചികിത്സയിൽ കഴിയുന്നവർക്ക് ഏറെ ആശ്വാസം പകരുന്ന വാർത്തയാവും  ഇത്. വിലയേറിയ കാൻസർ മരുന്നുകൾ മൊത്തവിലയിൽ രോഗികൾക്കു ലഭ്യമാക്കുന്ന പ്രാർഥന കാൻസർ കെയർ മെഡിസിൻസ് എന്ന ഫാർമസിക്ക്  കാൻസർ ദിനമായ 4നു തുടക്കമാകും. 

ഇടപ്പള്ളി ഗണപതി ഹോട്ടലിനു സമീപം മെട്രോ റെയിൽ തൂൺ നമ്പർ 450നു സമീപമാണു  ഫാർമസി. കാൻസർ ബാധിച്ച നിർധനരായ കുട്ടികൾക്കു സൗജന്യ ചികിത്സ നൽകാൻ 7 വർഷമായി സന്നദ്ധപ്രവർത്തനം നടത്തുന്ന കൊച്ചിയിലെ ബട്ടർഫ്ലൈ കാൻസർ കെയർ ‍ഫൗണ്ടേഷനും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണു തുടക്കമിടുന്നത്.

ബട്ടർഫ്ലൈ കാൻസർ കെയർ ഫൗണ്ടേഷൻ

ലാഭേച്ഛയില്ലാതെ പ്രവർത്തിക്കാൻ ഒരു കൂട്ടം ഡോക്ടർമാരും ഗവേഷകരും ചേർന്നു 2013ൽ തുടക്കമിട്ട കാരുണ്യപ്രസ്ഥാനമാണു ബട്ടർഫ്ലൈ കാൻസർ കെയർ ഫൗണ്ടേഷൻ. 

പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളിൽ കാൻസർ നേരത്തെ കണ്ടെത്തി ചികിത്സ നൽകുകയാണു ഫൗണ്ടേഷന്റെ പ്രധാന ലക്ഷ്യം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് ഇപ്പോൾ പ്രവർത്തനം. പാവപ്പെട്ട കുടുംബങ്ങളിൽ കാൻസർ ചികിത്സയിൽ കഴിയുന്ന  മിടുക്കരായ കുട്ടികൾക്കു വിദ്യാഭ്യാസ സഹായവും നൽകും. കാൻസർ ബാധിച്ച് ഒറ്റപ്പെട്ട സ്ത്രീകളുടെ ശാക്തീകരണത്തിനും സഹായിക്കുന്നു. 

കാൻസർ  ചികിത്സാ രംഗത്തെ മുന്നേറ്റങ്ങൾ വിവരിക്കുന്ന ബട്ടർഫ്ലൈ ഹെൽത്ത് ന്യൂസ് വർഷത്തിൽ 2 തവണ പ്രസിദ്ധീകരിക്കുന്നു.

സവിശേഷതകൾ

∙ എല്ലാത്തരം കാൻസർ മരുന്നുകളും അനുബന്ധ മരുന്നുകളും സാന്ത്വന ചികിത്സാ മരുന്നുകളും ഉയർന്ന വിലക്കിഴിവിൽ.

∙ ഒറിജിനൽ കുറിപ്പടിയോടെ വന്നാൽ തിങ്കൾ മുതൽ ശനി വരെ രാവിലെ 10 മുതൽ രാത്രി 7 വരെ മരുന്നുകൾ ലഭിക്കും. 

    മരുന്നുകളുടെ ലഭ്യത മുൻകൂട്ടി ഫോൺവഴിയോ വാട്സാപ് സന്ദേശം വഴിയോ ഉറപ്പാക്കാം. സ്റ്റോക്കില്ലാത്തവ 24 മുതൽ 48 വരെ മണിക്കൂറിനകം ലഭ്യമാക്കും. 

∙ ഉൽപാദകരിൽനിന്നോ മൊത്ത വിതരണക്കാരിൽനിന്നോ മരുന്നു കുറഞ്ഞ നിരക്കിൽ നേരിട്ടു വാങ്ങിയാണ് ഈ ഫാർമസി പ്രവർത്തിക്കുക. ഈ വിലയേക്കാൾ 2 ശതമാനം കൂടുതൽ മാത്രമേ രോഗി നൽകേണ്ടിവരൂ. 

∙ ദൂരെയുള്ള രോഗികൾക്കു കുറിപ്പടി വാട്സാപ് ചെയ്താൽ മരുന്നു ബുക്ക് ചെയ്യാം. 8281212000

മരുന്നുവിലയിൽ തകരുന്ന കുടുംബങ്ങൾ

കീമോ മരുന്നുകളുടെ കുത്തനെ ഉയരുന്ന വിലയാണു കാൻസർ രോഗികൾ നേരിടുന്ന പ്രധാന  വെല്ലുവിളികളിലൊന്ന്. ദീർഘകാലത്തേക്കു മരുന്നു കഴിക്കേണ്ടിവരുന്നതു മധ്യവർഗ വിഭാഗത്തിലെ രോഗികൾക്കുപോലും താങ്ങാനവാത്തവിധമായിക്കഴിഞ്ഞു. സർക്കാർ ചില പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെങ്കിലും ഭൂരിപക്ഷം രോഗികൾക്കും പ്രയോജനം  ലഭ്യമല്ല. ഈ സാഹചര്യത്തിലാണു പുതിയ സംരംഭം ഗുണകരമാകുന്നത്. കോൺഫിഡന്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ടി.എ. ജോസഫിന്റെ സഹായത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്.

ടി.എ. ജോസഫ് (കോൺഫിഡന്റ് ഗ്രൂപ്പ് എംഡി)

5 വർഷമായി ഈ ആശയം മനസ്സിലുണ്ട്. കാരണമായതു നഗരത്തിലെ ആശുപത്രികളിലൊന്നിൽ രക്താർബുദം പിടിപെട്ടു പ്രവേശിപ്പിച്ച 2 വയസ്സുകാരിയുടെ അവസ്ഥയായിരുന്നു. ആശുപത്രിയിൽനിന്നു വിളിച്ചതനുസരിച്ചു ഞാൻ ചെന്നു കുട്ടിയെ കണ്ടു. ചികിത്സാച്ചെലവാണു വലിയ പ്രശ്നമെന്നു മനസ്സിലാക്കിയ ഞാൻ ആ കുടുംബത്തിന് 6 ലക്ഷം രൂപ നൽകി. 

     ഈ രീതിയിൽ ഭീമമായ ചികിത്സാച്ചെലവു താങ്ങാനാവാത്ത പല കുടുംബങ്ങളെയും പിന്നീടു കാണാനായി. പലർക്കും ആവുംവിധം സഹായം നൽകി. എന്നാൽ ശാശ്വതമായ എന്തെങ്കിലും ചെയ്യണമെന്നു തീരുമാനിച്ചപ്പോൾ  മരുന്നാണു പ്രധാന പ്രശ്നമെന്നു തിരിച്ചറിയാനായി. 

     അങ്ങനെയാണു കുറഞ്ഞ വിലയ്ക്കു മരുന്നു മലഭ്യമാക്കാൻ തീരുമാനിച്ചത്. ബട്ടർഫ്ലൈ സൊസൈറ്റിയെക്കുറിച്ച് ‘മെട്രോ മനോരമ’യിൽനിന്നറിഞ്ഞപ്പോൾ ഈ സംരംഭത്തിൽ പങ്കാളികളാവാൻ നല്ലത് അവരാണെന്നു തീരുമാനിച്ചു. അങ്ങനെ ഫാർമസിയുടെ നടത്തിപ്പ് അവരെ ചുമതലപ്പെടുത്തി. ഇതു സമൂഹത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്നാണു പ്രതീക്ഷ. കൊച്ചിയിൽ ഇതു വിജയിച്ചാൽ 4 ജില്ലകളിൽക്കൂടി പ്രാർഥന ഫാർമസി ആരംഭിക്കും. 

ഡോ. കെ. മൻസൂർ (ബട്ടർഫ്ലൈ സ്ഥാപകൻ)

കാൻസർ ബാധിതരായ കുട്ടികളിൽ അർഹരായവർക്ക് പുതിയ സംവിധാനത്തിലൂടെ സൗജന്യമായി മരുന്നു നൽകാൻ ബട്ടർഫ്ലൈക്ക് സാധിക്കും. ബട്ടർഫ്ലൈ വഴി മാസംതോറും നിശ്ചിത തുക സൗജന്യ ചികിത്സാസഹായമായി ലഭിക്കുന്ന കുട്ടികളുണ്ട്. ഇവർ ഈ തുക വിനിയോഗിക്കുന്നതു വിലയേറിയ മരുന്നുകൾ വാങ്ങാൻ മാത്രമാണ്. സൗജന്യമായി മരുന്നു പ്രാർഥന ഫാർമസി വഴി ലഭ്യമാക്കാൻ സാധിച്ചാൽ ഈ പണം കുട്ടികളുടെ കുടുംബത്തിനു  മറ്റാവശ്യങ്ങൾക്കു വിനിയോഗിക്കാനാകും.  മരുന്നു വാങ്ങി കുടുംബങ്ങൾ തകർന്നുപോകുന്ന സാഹചര്യത്തിനു മാറ്റം വരും. സംഭാവന പൂർണമായി  മരുന്നിനു ചെലവഴിക്കുന്ന  കുട്ടികൾക്കു കൂടുതൽ കാലത്തേക്കു മരുന്നു വാങ്ങാനും ഇതു സഹായിക്കും.

English Summary: Prartana Cancer care medicines

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com