ADVERTISEMENT

‘‘താങ്കൾക്ക് കാൻസർ ആണ്’’  എന്ന മോശം വാർത്ത (ബാഡ് ന്യൂസ്) കേൾക്കുന്ന രോഗിയുടെ മനസ്സിൽ സംഭവിക്കുന്നതെന്താണ്? ആ നിമിഷത്തെ ആഘാതം മുതൽ ചികിത്സിച്ചുമാറ്റൽ വരെനീളുന്ന ജീവിതാവസ്ഥകൾ നേരിടേണ്ടതെങ്ങനെ?

അത്തരം അനുഭവങ്ങളിലൂടെ കടന്നു പോയ അർബുദരോഗികൾ, ആ വാർത്ത പറയേണ്ടിവരുന്ന ഡോക്ടർ, കാൻസർ രോഗികളുടെ മനസ്സിനെ സാന്ത്വനിപ്പിക്കുന്ന സൈക്കോഒാങ്കോളജിസ്റ്റ് എന്നിവരുടെ  അനുഭവങ്ങളിലൂെട ഒരു യാത്ര. ഒപ്പം ഒരു കാൻസർ രോഗിയെ സന്ദർശിക്കാനൊരുങ്ങുമ്പോൾ നമ്മൾ അറിഞ്ഞിരിക്കേണ്ട ഏഴു കാര്യങ്ങളും.

കവിളിലെ വെളുത്ത അടയാളമായി കാൻസർ 

കോതമംഗലത്ത് പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്നു കെ.എസ്. വർഗീസ്. ആ 49കാരന്റെ ജീവിതത്തിലേക്ക് കാൻസർ കടന്നുവന്നത് തീർത്തും രംഗബോധമില്ലാത്ത പോലെയായിരുന്നു. ഒരു സിനിമാതാരത്തോട് കിടപിടിക്കുന്ന ശരീരസൗന്ദര്യവും ആറടി ഉയരവും ഒത്ത കരുത്തും. ആരും മോഹിക്കുന്ന പദവിയും. പെട്ടെന്നൊരു ദിവസം കാൻസർ രോഗിയാണെന്ന് തിരിച്ചറിയുമ്പോൾ, അതും മുഖസൗന്ദര്യം ആകെ കളയുന്ന വായിലെ കാൻസർ. ആ അനുഭവം അദ്ദേഹം പറഞ്ഞു..

cancer-survivor-varghese

‘‘2008. എസ്.പി. ഓഫീസിൽ മീറ്റിങ്ങിനു പോയി മടങ്ങുമ്പോൾ ജീപ്പ് അപകടത്തിൽ പെട്ടു.. അതായിരുന്നു തുടക്കം. തലയിൽ ആറ് സ്റ്റിച്ചിടേണ്ടി വന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും മുഖത്തെ ഒരു വശത്തെ വേദന കുറഞ്ഞില്ല. അങ്ങനെയാണ് ഒരു ദന്തഡോക്ടറെ കാണാൻ പോകുന്നത്. വായ് പരിശോധിച്ച് അദ്ദേഹം കവിളിലെ ഒരു വെളുത്ത അടയാളത്തെ കുറിച്ച് സംശയം പറഞ്ഞു. ബയോപ്സി പരിശോധന വേണമെന്ന് പറഞ്ഞപ്പോൾത്തന്നെ അത് ആവശ്യമില്ലാത്തതാണ് എന്ന് തോന്നി. കാരണം എന്റെ ആരോഗ്യത്തിന് ഒരു കുറവുമില്ല. പിന്നെ കുടുംബത്തിൽ ആർക്കും ഈ രോഗമുണ്ടായെന്ന കേട്ടുകേൾവിപോലുമില്ല. ഡോക്ടർ പറഞ്ഞതല്ലേ എന്നു കരുതി ഞാൻ ബയോപ്സി ചെയതു. 

പക്ഷേ പരിശോധനയുടെ കാര്യം അപ്പാടെ മറന്നു. റിസൽറ്റ് വാങ്ങിയത് ഒരു സുഹൃത്തായിരുന്നു. കാൻ‌സറാണെന്ന് അറിഞ്ഞ അദ്ദേഹം പേടിച്ച് രണ്ട് ദിവസം ആരോടും പറയാതെ നടന്നു. പിന്നെ ഞങ്ങളുടെ മറ്റൊരു സുഹൃത്തായ ഡോക്ടർ വഴിയാണ് എന്നെ അറിയിക്കുന്നത്. ഡോക്ടർ ഫോൺ വച്ച ഉടനെ ഞാൻ സുഹൃത്തിനെ വിളിച്ച് ‘ഷൗട്ട്’ ചെയ്തു–. ‘‘കാൻസറല്ല എന്തു കുന്തമായാലും തനിക്ക് എന്നോട് പറഞ്ഞുകൂടെ?’’–ഫോണിലൂടെ പൊട്ടിത്തെറിച്ചു. 

പെട്ടെന്ന് പിന്നിൽ വലിയൊരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. ഭാര്യ നിലത്ത് ബോധംകെട്ടു കിടക്കുന്നു. ഞാൻ ഫോണിൽ സംസാരിക്കുന്നതിൽ നിന്നും ഭാര്യയ്ക്കു കാര്യം മനസ്സിലായിക്കഴിഞ്ഞിരുന്നു. ആ നിമിഷം മനസ്സിൽ ഒരു വെള്ളിടി പാഞ്ഞു. രോഗം അർബുദമാണ്. ആയുസ്സ് എണ്ണപ്പെട്ടുവെന്ന ഞെട്ടലോടെ അർബുദമെന്ന സത്യം ഞാൻ ഉൾക്കൊണ്ടത് ആ നിമിഷത്തിലാണ്. ദൈവമേ... ഭാര്യ, കുടുംബം, മക്കൾ, ജീവിതം, ഒക്കെ തലകീഴായി മറിയുന്നു. 

പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ ഒരു നല്ല നടനാവുകയായിരുന്നു. തികട്ടിവരുന്ന സങ്കടം കടിച്ചമർത്തി എല്ലാവരുടെയും മുന്നിൽ ഞാൻ ധൈര്യം അഭിനയിച്ചു. എന്റെ ധൈര്യം മാത്രമാണ് ഭാര്യയുടെയും കുട്ടികളുടെയും ഒക്കെ ആശ്വാസം. 

ചികിത്സയ്ക്കായി ആർസിസിയിൽ എത്തിയപ്പോഴാണ് എന്റെ മന പ്രയാസം മാറിത്തുടങ്ങിയത്. ഇടയ്ക്കിടെ കഴിച്ചിരുന്ന പാൻപരാഗ് ആണ് എനിക്കു  രോഗം വരുത്തിയ വില്ലൻ. സ്വയം ശപിച്ച നിമിഷങ്ങളായിരുന്നു അവ. ആദ്യ ശസ്ത്രക്രിയ കഴിഞ്ഞു. രോഗവ്യാപനം കണ്ട് മൂന്നു മാസത്തിനു ശേഷം രണ്ടാമത്തെ ശസ്ത്രക്രിയ. താടിയെല്ലിലെ ഒരുവശം ഉൾപ്പെടെ എടുത്തുമാറ്റി. പഴയ മുഖംതന്നെ നഷ്ടമായെങ്കിലും കാൻസർ മാറി–വർഗീസ് പറഞ്ഞു. 

 

ഇതാ ജീവിതം തീരുന്നു ?

ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണെങ്കിലും കാൻസർ ഉണ്ടെന്ന് അറിയുന്ന നിമിഷം ഏതൊരു രോഗിയും ‘തന്റെ ജീവിതം ഇതാ കഴിയുന്നു’ എന്ന മിഥ്യാബോധത്തിലേക്കു വലിച്ചെറിയപ്പെടുന്നു. കാൻസർ തിരിച്ചറിയുന്ന ഏതാണ്ട് 10 ശതമാനം പേർ വിഷാദരോഗികളായി കൂടി മാറുന്നുവെന്നും പഠനങ്ങൾ പറയുന്നു. വിഷാദവും ഉത്കണ്ഠയും നിറഞ്ഞമാനസികാവസ്ഥ കാൻസർ ചികിത്സയെയും അതിന്റെ ഫലത്തെയും പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. 

‘‘രോഗം തിരിച്ചറിയുന്ന നിമിഷം മുതൽ അതിനെ ഉൾക്കൊണ്ട് ചികിത്സയ്ക്കു തയാറാകുന്നതു വരെയുള്ള സമയമാണ് ഏറ്റവും ദുർഘടം. കടുത്ത മാനസിക ആഘാതമാണ് ഈ സമയത്ത് രോഗികൾ അനുഭവിക്കുക.’’ ഇത്തരം ആഘാതം അനുഭവിച്ച ഒട്ടേറെപേരെ അടുത്തുനിന്നു മനസ്സിലാക്കിയ, അവർക്കു ആശ്വാസം പകരുന്ന  മലബാർ കാൻസർ സെന്റർ സൈക്കോഓങ്കോളജിസ്റ്റായ ജിഷ ഏബ്രഹാം രോഗിയുെട മനസ്സിൽ ഉണ്ടാകുന്ന ആഘാതം വൈവിധ്യമാർന്നതാണെന്ന് ജിഷ ഏബ്രഹാം പറയുന്നു. ഈ ആഘാത ഘട്ടങ്ങളുെട പ്രകടനത്തിൽ രോഗികളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവാം എന്നുമാത്രം. 

ആ അഞ്ചു ഘട്ടങ്ങൾ 

താനൊരു അർബുദ രോഗിയാണെന്നു തിരിച്ചറിയുന്ന ഒരാളുടെ മനസ്സിൽ സംഭവിക്കുന്ന മാറ്റം രോഗികൾ മാത്രമല്ല നമ്മൾ ഓരോരുത്തരും തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. രോഗിയുെട സങ്കീർണമായ മാനസികാവസ്ഥയ്ക്ക് അഞ്ചുഘട്ടങ്ങളുണ്ട്. ആദ്യ ഘട്ടത്തിൽ നിന്നും അഞ്ചുഘട്ടങ്ങളും പരമാവധി വേഗത്തിൽ മറികടന്ന് ശരിയായ ചികിത്സയിലേക്ക് ഓരോ രോഗിയേയും എത്തിക്കാൻ നമുക്ക് കഴിയണമെങ്കിൽ ആ മാനസിക ഘട്ടങ്ങളെ ക്കുറിച്ച് നമ്മൾ അറിയേണ്ടതുണ്ട്. ഈ രോഗിയുെട ദേഷ്യവും സങ്കടവും പ്രതിഷേധവും വിഷാദവുമൊക്കെ മനസ്സിലാക്കി പെരുമാറേണ്ടത് ഓരോരുത്തരുടേയും കടമയാണ്.

 

1. ആഘാതം (Shock): രോഗം തിരിച്ചറിയുന്ന സമയത്തെ ആഘാതമാണ് ഈ ഒന്നാംഘട്ടം. എന്നാൽ മിക്കവരും അധികം ദിവസങ്ങൾ ഈ  അവസ്ഥയിൽ തുടരില്ല. 

2. നിരാസം (Denial): ഷോക്കിന് തൊട്ടുപിന്നാലെ കാണുന്ന അവസ്ഥയാണിത്. ‘എനിക്ക് കാൻസർ അല്ല’ എന്ന ചിന്തയാണ് ഇതിന് അടിസ്ഥാനം. ഇത് മറ്റെന്തോ പ്രശ്നമാണ്, രോഗനിർണയത്തിലെ പാകപ്പിഴയാണ് എന്നൊക്കെയും അവർ ചിന്തിക്കും. 

3.ദേഷ്യം (Anger): ‘‘എന്തിന് എനിക്കീ രോഗം?’’ എന്ന ചിന്തയിൽ തുടങ്ങുന്ന ദേഷ്യം രോഗികളിൽ കാണാറുണ്ട്. പ്രത്യേകിച്ചും പുരുഷന്മാരിൽ. ഭാര്യയോടോ പ്രിയപ്പെട്ടവരോടൊക്കെയോ ദേഷ്യം കൂടുതലായി പ്രകടിപ്പിക്കാം. ഇത്രയും കാലം കുടുംബത്തെ നോക്കിയിരുന്ന ഞാൻ ഇനി മറ്റുള്ളവർക്ക് വിധേയനായി രോഗിയായി ജീവിക്കണം എന്ന ചിന്ത വരാം.

4. വിലപേശൽ(Bargain): രോഗി രോഗത്തോട് കുറേശ്ശ ഒത്തുതീർപ്പിലായിത്തുടങ്ങി എന്നതിന്റെ സൂചനയാണിത്. ദൈവത്തോടുള്ള വിലപേശൽ ആവും കൂടുതൽ. ‘‘എങ്ങനെയെങ്കിലും ഒരു അഞ്ചുവർഷം കൂടി എനിക്ക് നീട്ടി കിട്ടിയാൽ മകളുടെ കല്യാണം കാണാമായിരുന്നു.. പ്ലീസ്’’ എന്നതുപോലുള്ളവയായിരിക്കും അവ. 

5. വിഷാദം (Depression): ഈ ഘട്ടത്തിൽ പല രോഗികളും വിഷാദവാനായി മൗനത്തിലേക്കു സ്വയം ഒതുങ്ങിക്കൂടാം. നിരാശയും വിഷാദവും നിസ്സഹായതയും സങ്കടവുമൊക്കെയുണ്ടാവും. ഇതു കൂടുതൽ കാണുന്നത് സ്ത്രീകളിലാണ്. 

6. അംഗീകാരം (Acceptance): താൻ ഒരു കാൻസർ രോഗിയാണ് എന്ന വസ്തുത രോഗി അംഗീകരിക്കുന്നു. ഇനി എന്താണ് ചെയ്യേണ്ടത് എന്ന് ചിന്തിച്ചുതുടങ്ങുന്നു. 

ഒന്നാം ഘട്ടമായ ഷോക്ക് എന്ന അവസ്ഥയിൽ നിന്നു രോഗത്തെ അംഗീകരിക്കുന്ന അവസ്ഥയിലേക്ക് ഓരോ രോഗിയും എത്തിച്ചേരാൻ എടുക്കുന്ന സമയം വ്യത്യസ്തമാണ്. ഒരു രോഗി എത്രവേഗത്തിൽ രോഗത്തെ അംഗീകരിക്കുന്നുവോ അതാണ് ചികിത്സയ്ക്ക് ഏറ്റവും അഭികാമ്യം. അപൂർവം ചില രോഗികൾ ഇടയ്ക്കുള്ള ഘട്ടങ്ങളിൽ കുടുങ്ങിപ്പോയി എന്നും വരാം. അവർക്ക് മനശ്ശാസ്ത്രപരമായ ഇടപെടൽ അത്യാവശ്യമാണ്– ജിഷ പറയുന്നു. 

ആ കാര്യം രോഗിയെ അറിയിക്കേണ്ടേ?

ഏതു സാഹചര്യത്തിലും രോഗത്തെയും രോഗാവസ്ഥയെക്കുറിച്ചും ചികിത്സയെക്കുറിച്ചും രോഗി അറിയേണ്ടത് പ്രധാനമാണെന്ന് പ്രശസ്ത കാൻസർ ശസ്ത്രക്രിയാവിദഗ്ധനും കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ മെഡിക്കൽ സൂപ്രണ്ടുമായ ഡോ.പി.ജി.ബാലഗോപാൽ പറയുന്നു. പല രോഗികളും സംശയത്തോടെ തന്നെയായിരിക്കും കാൻസർ ആശുപത്രികളിലെത്തുക. പലർക്കും അതൊന്നു വ്യക്തത വരുത്തി കൊടുക്കുകയേ വേണ്ടൂ. ഈ സമയത്ത് പലരിലും ഭയമല്ല കൂടുതൽ, കടുത്ത ഉത്കണ്ഠയാണ്. ഇനിയെന്ത്? എന്റെ പ്രിയപ്പെട്ടവർക്ക് ഇനി ആരുണ്ട്? തുടങ്ങിയ ഉത്കണ്ഠ. 

രോഗിയാണ് എന്ന വസ്തുത ഉറപ്പുവരുത്തുന്ന നിമിഷം തന്നെ രോഗം ചികിത്സിച്ചു മാറ്റാൻ കഴിയുന്നതാണ് എന്ന അവബോധവും രോഗിക്കു നൽകണം. സാധിക്കാത്ത സാഹചര്യത്തിൽ ചികിത്സയിലൂടെ കൂടുതൽ കാലം ജീവിക്കാനും ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ചികിത്സകൊണ്ട് സാധ്യമാണ് എന്ന് രോഗിയെ ബോധ്യപ്പെടുത്തേണ്ടത് ഡോക്ടറുടെ കടമയാണ്–ഡോ.ബാലഗോപാൽ പറയുന്നു.

cancer-survivor-women

 

മുടി പോകുന്ന വലിയ സങ്കടം

‘‘അർബുദ രോഗത്തിനു ചികിത്സ ആരംഭിക്കുന്ന സ്ത്രീകളുടെ ഏറ്റവും വലിയ സങ്കടമാണ് മുടി പോകുന്നത്. അതിന്റെ വേദന പുരുഷൻമാർക്ക് അത്രപെട്ടെന്നു മനസ്സിലാവില്ല’’– ഹെയർ ഫോർ ഹോപ് എന്ന സംഘടനയുെട സ്ഥാപകയും സിഇഒ യുമായ പ്രേമി മാത്യു പറയുന്നു. കീമോ തെറപ്പി എന്ന കാൻസറിനുള്ള മരുന്നു ചികിത്സയ്ക്കിടയിൽ ദിവസങ്ങൾ കൊണ്ടാണ് മുടി കൊഴിഞ്ഞു പോവുക. അതിന്റെ വേദന സ്വയം അനുഭവിച്ചറിഞ്ഞയാളാണ് ഒരു കാൻസർ സർവൈവർ കൂടിയായ പ്രേമി മാത്യു. 

സത്യത്തിൽ പോകുന്ന മുടി പിന്നീട് വളർന്നു വരും. പക്ഷേ താനൊരു കാൻസർ രോഗിയാണെന്നു സമൂഹത്തിനുമുന്നിൽ വെളിപ്പെടുത്തുന്ന അടയാളമാണ് ഈ മുടിയില്ലായ്മ. അത് നമ്മുെട സമൂഹത്തിന്റെ പ്രശ്നമാണ്. എന്നാൽ ആ ദിവസങ്ങളിൽ ആ രോഗി അനുഭവിക്കുന്ന  സങ്കടം മറ്റുള്ളവർ കരുതുന്നതിനേക്കാൾ തീവ്രമാണ്. 10 വർഷം മുൻപ് താൻ അത് അനുഭവിച്ചു. അങ്ങനെയാണ് കാൻസർ രോഗികൾക്ക് സ്വന്തം മുടി സംഭാവന നൽകാൻ പേരിപ്പിക്കുന്ന ‘‘ഹെയർ ഫോർ ഹോപ്’’ ആരംഭിച്ചത്. ഇന്ന് ഇന്ത്യയിൽ മാത്രമല്ല വിവിധ ലോകരാജ്യങ്ങളിലായി സജീവമാണ് ഈ ക്യാംപയിൻ. എന്നാൽ സമാനമാനമായ പേരുകളിൽ പല തട്ടിപ്പു കാംപയിനുകളും നടക്കുന്നതിനാൽ കോൻസർ രോഗിക്കു നേരിട്ടു തന്നെ വിഗ് ഉണ്ടാക്കാനായി മുടി നൽകുന്ന രീതിക്കാണ് ‘‘ഹെയർ ഫോർ ഹോപ്’’ ഇപ്പോൾ മുൻതൂക്കം കൊടുക്കുന്നത്. കൗമാരക്കാരാണ് ലോകമെമ്പാടുമായി ഈ പരിപാടിയുടെ മുൻനിരയിലുള്ളത്. അതിന്റെ വെളിച്ചത്തിൽ, ‘‘പ്രൊട്ടക്ട് യുവർ മോം’’ എന്ന പുതിയൊരു കാംപയിനും ആരംഭിച്ചു. കുട്ടികളിലൂെട അമ്മമാരെ സ്തനാർബുദം സ്വയം കണ്ടെത്താൻ പഠിപ്പിക്കുന്ന കാംപയിനും വലിയ വിജയമാണ്– പ്രേമി മാത്യു പറയുന്നു.

വിഷാദം മാറ്റണം

മാനസികവും വൈകാരികവുമായ പ്രശ്നങ്ങൾ കാൻസർ രോഗികൾക്ക് ഉണ്ടാവാം. അതു സ്വാഭാവികമാണ്. മരിച്ചു പോകുമോ എന്ന പേടി മുതൽ കുടുംബത്തിനു താൻ ഭാരമാകുമോ എന്ന ചിന്ത വരെ അതിനു കാരണമാകാം. സ്ത്രീകളാണെങ്കിൽ മുടി കൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ, തനിക്ക് ഇനി ഒന്നിനും കഴിയില്ല പോലയുള്ള ആത്മനിന്ദ വരെ ഉടലെടുക്കാം. ഇതെല്ലാം ചേരുമ്പോൾ മനസ്സു തകർന്നു പോകും. മിക്കവർക്കും കീമോചികിത്സ കഴിയുമ്പോൾ വിഷാദം വരുന്നത് പല രോഗികളിലസും കാണാം.  പെട്ടെന്നു ദേഷ്യം വരുകയോ ചെറിയ കാര്യങ്ങൾക്കു പോലും സങ്കടവും കരച്ചിലും വരികയോ ചെയ്യാം.  മനസ്സിനെ പിടിച്ചുനിർത്താൻ രോഗിക്ക് ആകുന്നില്ലെങ്കിൽ ഒരു മനശ്ശാസ്ത്രവിദഗ്ധന്റെ സഹായം തേടണം. ചിലപ്പോൾ മരുന്നും വേണ്ടി വരാം. 

അസ്വാസ്ഥ്യം അളക്കണം

ബിപിയും രക്തസമ്മർദവും പരിശോധിക്കുന്ന പോലെ കാൻസർ രോഗിയുെട അസ്വാസ്ഥ്യനില (ഡിസ്ട്രസ്) അളക്കണമെന്ന് ‘ദ നാഷനൽ കോംപ്രിഹെൻസീവ് കാൻസർ നെറ്റ്‌വർക്ക്’ (NCCN) മാർഗ്ഗ നിർദേശം. ഇത് അളക്കാനായി ഡിസ്ട്രസ് തെർമോമീറ്റർ എന്ന അളവുകോലുണ്ട്. ഒന്നുമുതൽ പത്തുവരെയുള്ള ഈ സ്കെയ്‌ലിൽ അസ്വാസ്ഥ്യനില അഞ്ചിന് മുകളിലാണെങ്കിൽ മനശ്ശാസ്ത്ര ഇടപെടൽ അത്യാവശ്യമാണെന്ന് സൈക്കോഓങ്കോളജിസ്റ്റായ ജിഷ ഏബ്രഹാം പറയുന്നു. തീവ്ര മാനസികപ്രശ്നങ്ങളുമായി എത്തുന്ന കാൻസർ രോഗികൾക്ക് ഒപിയിൽ പോകും മുൻപുതന്നെ സൈക്കോളജിസ്റ്റിന്റെ സേവനം വേണ്ടി വരാം.

മനസ്സും രോഗശാന്തിയും

രോഗി രോഗത്തെ എങ്ങനെ മാനസികമായി സ്വീകരിക്കുന്നു എന്നത് ചികിത്സയിൽ വളരെ പ്രധാനമാണ്. പൂർണമായും ചികിത്സിച്ചു മാറ്റാവുന്ന രോഗാവസ്ഥയിൽ പോലും കടുത്ത ഉത്കണ്ഠയും രോഗം മാറില്ലെന്ന വിശ്വാസവുമായാണ് മുന്നോട്ട് പോകുന്നതെങ്കിൽ അത് ചികിത്സയ്ക്ക് തടസ്സമാകും. അത്തരക്കാരിൽ രോഗം അപ്രതീക്ഷിതമായി സങ്കീർണമാകുന്നത് പതിവാണ്. ഡോ. ബാലഗോപാൽ തിരുവനന്തപുരം ആർസിസിയിൽ പ്രവർത്തിക്കുന്ന കാലത്ത് 2002–ൽ കണ്ട ഒരു സ്തനാർബുദരോഗിയുടെ അനുഭവം പങ്കുവച്ചു. 

 ‘‘സാധാരണനിലയിൽ സ്തനാർബുദം ആദ്യഘട്ടങ്ങളിൽ പൂർണമായും ചികിത്സിച്ചു മാറ്റാമെന്ന് ഇന്ന് എല്ലാവർക്കുമറിയാം. എന്നാൽ വളരെ വഷളായ സാഹചര്യത്തിലായിരുന്നു ആ വീട്ടമ്മ വന്നത്. രോഗം തിരിച്ചറിയാൻ വളരെ വൈകി. സ്തനത്തിൽ നിന്നും അർബുദം ശ്വാസകോശത്തിലേക്കു വളർന്നുകഴിഞ്ഞിരുന്നു. കുറച്ചു മാസങ്ങൾ കൂടി മാത്രമേ അവരുണ്ടാകൂ എന്നു ഞങ്ങൾക്കുംഅറിയാം. 

എന്നാൽ ആ അവസ്ഥയിലും അസാധാരണമാംവിധം പൊസിറ്റീവ് ആയിരുന്നു അവർ. ഭക്തിയും വിശ്വാസവും ആത്മധൈര്യവും മുറുകെ പിടിച്ച് അവർ പിന്നെയും പത്തുവർഷം ജീവിച്ചു.’’ രോഗം ഉണ്ടെന്നറിയുമ്പോൾ തളർന്നു പോകുന്നത് സ്വാഭാവികം. അതിനെ വേഗം മറികടന്ന് ശാസ്ത്രീയ ചികിത്സയ്ക്കായി മനസ്സിനെ സജ്ജമാക്കി ആത്മധൈര്യത്തോടെ നേരിട്ടാൽ കാൻസർ ഒരു സാധാരണ രോഗം മാത്രമാണ്–ഡോ.ബാലഗോപാൽ പറയുന്നു. 

കാൻസർ രോഗിയെ സന്ദർശിക്കുമ്പോൾ...

രോഗികളെ സന്ദർശിക്കുന്നത് ഒരു അടിയന്തര ആവശ്യമായാണ് നമ്മുെട സമൂഹം കാണുന്നത്. പകർച്ചവ്യാധി മുതൽ കാൻസർ വരെയാണെങ്കിലും അതിനു മാറ്റമില്ല. പോയി കണ്ടില്ലെങ്കിൽ അവരെന്തു വിചാരിക്കും? എന്ന ചിന്തമുതൽ ഇനി കാണാൻ‌ കഴിഞ്ഞില്ലല്ലോ എന്നു വരെയുള്ള ചിന്തകളും അതിനു പിന്നിലുണ്ടാവാം. തീവ്രമായ മനോവിഷമത്തിലൂെട കടന്നു പോകുന്ന കാൻസർ രോഗിയുെട അടുത്ത് അങ്ങേയറ്റം സഹതാപ ഭാവത്തോടെ സന്ദർശകരെത്തുന്നത് ഗുണമാണോ ദോഷമാണോ ഉണ്ടാക്കുക? മനസ്സിരുത്തി ചിന്തിക്കേണ്ട കാര്യമാണ്. ഒരു രോഗിയ, പ്രത്യകിച്ചും അർബുദരോഗിയെ സന്ദരർശിക്കാൻ പോകുമ്പോൾ ശ്രദ്ധിക്കേണ്ട ഏഴു കാര്യങ്ങൾ ഇനി പറയാം.

1. തന്റെ സന്ദർശനം കൊണ്ട് രോഗിക്ക് ഏതെങ്കിലും തരത്തിൽ ഗുണമോ സന്തോഷമോ പകരാനാകുമോ? എന്നു സ്വയം ചോദിക്കുക. ഇല്ല എന്നാണ് ഉത്തരമെങ്കിൽ സന്ദർശനം ഒഴിവാക്കണം.

2. പലരോടും തന്റെ രോഗാവസ്ഥയെക്കുറിച്ചു പറഞ്ഞ് രോഗി മടുത്തു കഴിഞ്ഞിരിക്കും. അതിനാൽ ദയവായി രോഗിയോട് രോഗ വിവരം വിശദമാക്കാൻ ആവശ്യപ്പെടരുത്. അറിഞ്ഞേ തീരൂ എങ്കിൽ രോഗി കേൾക്കാതെ രോഗിയെ പരിചരിക്കുന്നവരോട് ചോദിക്കുക.

3. രോഗിയോട് സഹതാപം പ്രകടിപ്പിക്കുക, രോഗം വന്നുമരിച്ചു പോയവരുടെ കഥ പറയുക, കണ്ണീർ വാർക്കുക എന്നിവ ഒരു കാരണവശാലും ചെയ്യരുത്.

4. യാത്ര ചെയ്ത് എത്തുന്ന സന്ദർശകർ രോഗാണു വാഹകരാവാം. ചികിത്സയിൽ കഴിയുന്ന രോഗിയുടെ പ്രതിരോധശേഷി കുറവുമായിരിക്കാം. അതിനാൽ രോഗാണു പകരുന്നത് ഒഴിവാക്കാൻ രോഗിയുെട മുറിയിൽ കയറും മുൻപ്, കൈ സോപ്പുപയോഗിച്ച് കഴുകൽ, സാനിറ്റൈസർ ഉപയോഗിക്കുക എന്നിവയിലൂെട അണു നശീകരണം നടത്തണം. കഴിവതും രോഗിയെ സ്പർശിക്കാതിരിക്കുക. 

5. ജലദോഷം, ചുമ, ഫ്ലൂ പോലെയുള്ള അണുബാധയുള്ളവർ കാൻസർ രോഗിയെ സന്ദർശിക്കരുത്.

6. രോഗിയുടെ ഇഷ്ടം അറിഞ്ഞ് സന്തോഷവാനാക്കുന്ന തരത്തിൽ മാത്രമേ സംസാരിക്കാവൂ. എന്നു വച്ച് വലിയ തമാശകൾ പൊട്ടിച്ച് രോഗിയുടെ ശരീരം ഇളകി ആയാസമുണ്ടാക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക.

7. സന്ദർശന സമയം പരമാവധി കുറയ്ക്കുക. സന്ദർശകന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെങ്കിൽ 5–10 മിനിറ്റിനുള്ളിൽ സന്ദർശനം അവസാനിപ്പിച്ച് മടങ്ങുക.

കാൻസറിനെ സ്നേഹിക്കാം...

 ‘‘കാൻസറിനെ വെറുക്കുകയല്ല, സ്നേഹിക്കുകയാണ് ചെയ്യേണ്ടത്’’എന്നു കാൻസറിനെതിരേ പോരാടി ജയിച്ച ഒട്ടേറെപേർ പറയുന്നു. രോഗം പിടിപെട്ടു കഴിഞ്ഞാൽ ശത്രുവായി കാണുമ്പോഴാണ് ഭയം തോന്നുന്നത്. സുഹൃത്തായി കണ്ട് സ്നേഹിച്ചാൽ പിന്നെ പേടിക്കേണ്ടതില്ല. സുഹൃത്തുക്കൾക്ക് വേണ്ടതെല്ലാം നമ്മൾ ചെയ്തു കൊടുക്കാറില്ലേ, അതുപോലെ കാൻസറിന് എന്താണ് വേണ്ടത്, അത് ചെയ്യുക. രോഗാവസ്ഥയ്ക്ക്  ചികിത്സയാണ് വേണ്ടത്. അത് കൊടുക്കുക. രോഗത്തെ പ്രകോപിപ്പിക്കുന്ന ഒരു നടപടിയും ചെയ്യാതിരിക്കുക. ഡോക്ടർമാർ പറയുന്നത് കൃത്യമായി അനുസരിക്കുക–ഇതാണ് കാൻസർ പഠിപ്പിച്ച ഏറ്റവും വലിയ പാഠമെന്ന് കാൻസറിനോട് പൊരുതി വിജയിച്ചവരും വിദഗ്ധരും നിരീക്ഷിക്കുന്നു.

 

കടപ്പാട്

കെ.എസ്. വർഗീസ്,  കാൻസർ സർവൈവർ, ആലുവ.

പ്രേമി മാത്യു, ഫൗണ്ടർ&സിഇഒ–ഹെയർ ഫോർ ഹോപ്, പ്രൊട്ടക്ട് യുവർ മോം, കാൻസർ സർവൈവർ.

ഡോ. പിജി. ബാല ഗോപാൽ, മെഡിക്കൽ സൂപ്രണ്ട്, കൊച്ചിൻ കാൻസർ സെന്റർ.

ജിഷ എബ്രഹാം, സൈക്കോഓങ്കോളജിസ്റ്റ്,  മലബാർ കാൻസർ സെന്റർ

English Summary- Cancer Fight Survival and Interaction., Experiences, Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com