ADVERTISEMENT

അറുപതു മുതല്‍ എൺപതു വരെ വയസ്സ് പ്രായമുള്ള ആളുകളില്‍ ഇന്ന് ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന കാന്‍സര്‍ ആണ് പാൻക്രിയാറ്റിക് കാൻസർ. ദഹനത്തെ സഹായിക്കുന്ന എൻസൈമുകളും ഹോർമോണുകളും ഉത്പാദിപ്പിക്കുന്ന പാന്‍ക്രിയാസ് ഗ്രന്ഥിയെയാണ് ഈ കാന്‍സര്‍ ബാധിക്കുക.

അപകടകരവും എന്നാല്‍ തിരിച്ചറിയാന്‍ എപ്പോഴും വൈകുന്നതുമാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍. രോഗം തിരിച്ചറിയാന്‍ വൈകുന്നതാണ് മരണ നിരക്ക് വര്‍ധിക്കാന്‍ കാരണം. അഞ്ച് മുതല്‍ പത്തു വരെ ശതമാനം പാന്‍ക്രിയാറ്റിക് കാന്‍സറും പാരമ്പര്യമായി പിടികൂടുന്നതാണെന്ന് ഗവേഷണങ്ങള്‍ പറയുന്നുണ്ട്. ജീവിതശൈലിയിലെ അപാകതകളും ഇതിനു കാരണമാകാം.

പലപ്പോഴും ഏറെ വ്യാപിച്ചു കഴിഞ്ഞ ശേഷമാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍ തിരിച്ചറിയപ്പെടുന്നത്. വിശപ്പില്ലായ്മ, ഭാരം കുറയുക, മഞ്ഞപ്പിത്തം, അസാധാരണമായ പുറംവേദന, തലകറക്കം, ഛര്‍ദി, കരള്‍ വീക്കം, രക്തം കട്ടപിടിക്കുക എന്നിവയാണ് ഈ രോഗത്തിന്റെ പ്രകടമായ ചില ലക്ഷണങ്ങള്‍. പാന്‍ക്രിയാറ്റിക് കാന്‍സര്‍ ഡീപ്പ് വെയിന്‍ ത്രോംബോസിസിന് കാരണമാകുന്നു. പ്രത്യേകിച്ച് കാലുകളില്‍ രക്തക്കട്ടകള്‍ രൂപപ്പെടാന്‍ ഇത് കാരണമാകുന്നുണ്ട്. പലപ്പോഴും ഈ ലക്ഷണങ്ങള്‍ കണ്ടു കാന്‍സര്‍ ഉണ്ടെന്നു തെറ്റിദ്ധരിക്കുന്നവരും ഉണ്ട്. അതിനാല്‍ ഈ ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്.

പുകവലി, മദ്യപാനം, ഫാസ്റ്റ് ഫുഡ്‌ അധികമായി കഴിക്കുക, വ്യായാമമില്ലായ്മ, കീടനാശിനികളുമായുള്ള സമ്പര്‍ക്കം എന്നിവയാണ് സാധാരണ രോഗ കാരണമാകുന്ന ഘടകങ്ങള്‍. ദീര്‍ഘകാല പ്രമേഹരോഗികള്‍ക്കും സാധ്യത കൂടുതലാണ്. ചിട്ടയുള്ള  ജീവിതത്തിലൂടെ പാൻക്രിയാസ് സംബന്ധമായ രോഗങ്ങൾ നല്ലൊരു  പരിധി വരെ നിയന്ത്രിക്കാം. അമിതമായ പുകവലിയും മദ്യപാനവും ഒഴിവാക്കുകയും വേണം. മഞ്ഞപ്പിത്തം, വിട്ടുമാറാത്ത വയറുവേദന എന്നിവ വന്നാൽ ഉറപ്പായും ഡോക്ടറെ കാണുക.

രോഗനിര്‍ണയം

പാൻക്രിയാസ് സംബന്ധമായ രോഗ നിർണയം സങ്കീർണമാണ്. ഉദരഭാഗത്തിന്റെ ഉള്ളിലേക്ക് നിൽക്കുന്ന അവയവമായതിനാൽ പാൻക്രിയാസ് സംബന്ധിച്ച രോഗങ്ങൾ അത്ര എളുപ്പത്തിൽ കണ്ടുപിടിക്കാൻ സാധിക്കാറില്ല. അൾട്രാസൗണ്ട് സ്കാൻ, സിടി സ്കാൻ, എംആർഐ, എൻഡോസ്കോപിക് അൾട്രാസൗണ്ട്  എന്നിവയിലൂടെ രോഗ നിർണയം നടത്താം. രോഗം സ്ഥിരീകരിച്ചാല്‍ ശസ്ത്രക്രിയ വഴി കാന്‍സര്‍ കോശങ്ങളെ നീക്കം ചെയ്യാറുണ്ട്. Pancreatoduodenectomy (PD) ആണ് ഏറ്റവും കൂടുതല്‍ നടത്തുക.

English Summary: Pancreatic Cancer: Symptoms and Treatment 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com