ADVERTISEMENT

ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് നിങ്ങൾക്ക് കാൻസർ ആണെന്നും അത് നാലാമത്തെ സ്റ്റേജിൽ ആണെന്നും കേട്ടാൽ എന്താണ് ആദ്യം തോന്നുക. സാധാരണ ഒരാളുടെ മനസ്സിൽ ആദ്യം എത്തുന്നത് 'ജീവിതം അവിടെ തീർന്നു എന്ന ചിന്തയാകും, ഇനി ചികിത്സിച്ചിട്ടൊന്നും ഒരു കാര്യവുമില്ലെന്നും'. അതുതന്നെയാണ് നട്ടെല്ലിനെ ബാധിക്കുന്ന ഹോഡ്കിൻസ് ലിംഫോമ എന്ന കാൻസറിനോടു സന്ധിയില്ലാതെ സമരം ചെയ്തുകൊണ്ടിരിക്കുന്ന ശിവകുമാറിനും ആദ്യം തോന്നിയത്. എന്നാൽ അവിടെ നിന്നും ആറു കീമോ പൂർത്തിയാക്കിയ ശിവൻ ആ പോരാട്ടവഴികളെ കുറിച്ച് പങ്കുവച്ച കുറിപ്പ് ഇങ്ങനെ.

'രാവിലെതന്നെ നടുവേദനയുടെ കെട്ട് ഞാൻ അഴിച്ചിട്ടു. ഈ വേദനയുടെ കഥ കേൾക്കാൻ തുടങ്ങിയിട്ട് ഒരു ആറേഴ് മാസമായതുകൊണ്ട് വീട്ടുകാർക്കും ചില അടുത്ത ഫ്രണ്ട്സനും പ്രത്യേകിച്ചൊന്നും തോന്നിയില്ല. പതിവുപോലെ അവർ എല്ലാവരും പറഞ്ഞു നമുക്ക് ഹോസ്പിറ്റലിൽ പോകാമെന്ന്. അതോടെ നിന്റെ വേദന പമ്പകടക്കും എന്നും എനിക്കറിയാം. മുൻപ് നാട്ടിൽ ലീവിന് വന്നപ്പോൾ ഒരിക്കൽ വേദന പറയുന്നതു കേട്ടു സഹിക്കാൻ വയ്യാതെ ഹോസ്പിറ്റലിൽ പോയതാ. അന്ന് ഡോക്ടർ പറഞ്ഞു ഒരു സ്കാൻ വേണമെന്ന്. അന്നത് കാര്യമാക്കിയില്ല. അന്നൊരു ചെറിയ സ്കാൻ ചെയ്തു ഡോക്ടർ പറഞ്ഞു നീരുവീണതാണെന്ന്. കുറച്ചു മെഡിസിനും തന്നു. അത് കഴിച്ചപ്പോൾ വേദന കുറഞ്ഞു. അപ്പോഴേക്കും എന്റെ ലീവ്‌ കഴിഞ്ഞിരുന്നു. 

അങ്ങനെ വീണ്ടും പ്രവാസിയായി തുടർന്നുകൊണ്ടിരിക്കുമ്പോഴാണ് വീണ്ടും ആ പഴയ വേദന എന്നെത്തേടിവരുന്നത്. ഇത്തവണ കുറച്ചു മാരകമായ വേദനയും കൂടെ കൂട്ടിനു നല്ലൊരു തരിപ്പുമുണ്ടായിരുന്നു. വേദന അസഹനീയമായപ്പോൾ വീണ്ടും നാട്ടിലേക്കു വന്നു. തൃശ്ശൂർ സൺ ഹോസ്പിറ്റലിലെ ദേവ പ്രസാദ് ഡോക്ടറെ കാണിക്കാൻ ചെന്നപ്പോൾ ഡോക്ടർ ഒരു എംആർഐ സ്കാൻ എടുക്കാനും കുറെ ടെസ്റ്റ്കൾക്കും എഴുതിത്തന്നു.

അവസാനം റിസൽട്ട് വന്നപ്പോൾ ഒരു പതർച്ചയോടെ ഡോക്ടർ എന്റം കൂടെ വന്ന അളിയനോടും പെങ്ങളോടും പറഞ്ഞു ശിവന് നട്ടെല്ലിനുള്ളിൽ കാൻസർ ആണെന്ന് ഒരു സംശയം. നമുക്കൊരു ബയോപ്സി എടുത്തുനോക്കാം. അതുകഴിഞ്ഞ് എന്നോടും പറഞ്ഞു. എന്താണ് കേട്ടതെന്ന് ആദ്യം എനിക്ക് മനസ്സിലായില്ല. അവർ എല്ലാവരും എന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവിടെ പ്രത്യേകിച്ചു ഭാവഭേദം ഒന്നും കണ്ടില്ല. ഞാൻ ഇത്‌ പ്രതീക്ഷിച്ചിരുന്നപോലെ അവർക്കൊക്കെ തോന്നി. 

അവിടെനിന്നും വീട്ടിലേക്കു തിരിച്ചപ്പോൾ എന്റെ കാലുകൾ നിലത്തുമുട്ടുന്നുണ്ടോ എന്നുപോലും എനിക്ക് അറിയില്ല. എങ്കിലും അതവരെ അറിയിക്കാൻ പാടില്ലായിരുന്നു. കാരണം ഞാൻ ഒന്ന് തളർന്നാൽ പിന്നെ അവരില്ല. നട്ടെല്ലിന് കാൻസർ നാലാം സ്റ്റേജിൽ ആണെന്നറിഞ്ഞ ഒരു ഭാവവും ഇല്ല. ഒരുവിധമാണ് വീടെത്തിയത്. ഹൃദയത്തിൽ എവിടെയോ ഒരു സങ്കടക്കടൽ ഇരമ്പുന്നു. അവരുടെ മുഖത്തുനോക്കാൻ കഴിയുന്നില്ല. അവസാനം ഒരു പതർച്ചയോടെ ആർസിസിയിൽ പോകുന്നതിനെക്കുറിച്ചുപറഞ്ഞപ്പോൾ നിങ്ങൾക്ക് ഒരു പണിയൊന്നും ഇല്ലേ ഈ സ്റ്റേജിൽ ഇനി ചികിത്സയ്ക്ക് ഇറങ്ങി എല്ലായിടത്തൂന്നു മുഴുവൻ കടവും വാങ്ങി ചികിൽസിക്കാൻ പോയാൽ ഞാൻ പോകാനുള്ളത് പോകുകയും ചെയ്യും, വീട്ടാൻ കഴിയാത്ത അത്രയും കടവും ആകും ഞാൻ എങ്ങോട്ടും ഇല്ല എന്ന അവസാനവാചകവും പറഞ്ഞു പുറത്തേക്കു പോയി. 

എനിക്കാണെങ്കിൽ നെഞ്ചിൽ ഒരു ഭാരം ഇറക്കിവച്ചപോലെ... ഞാൻ തിരിച്ചു മുറിയിലേക്കു വന്നപ്പോൾ ചെന്ന് അളിയനെ ചേർത്തുപിടിച്ചു. വീട്ടുകാരുടെവിഷമം കണ്ടപ്പോൾ ഞാൻ ഒന്നു തീരുമാനിച്ചു, വരുന്നിടത് വച്ചു കണാമെന്നുള്ള തീരുമാനത്തിൽ രണ്ടുംകൽപിച്ചു ആർസിസിയിലേക്ക് പോവാൻ തയാറെടുത്തു.

ആർസിസിയിൽ എത്തിയതോടെ ഞാനാകെ മാറിപ്പോയി. ഞാൻ എന്നല്ല തീരെ ധൈര്യമില്ലാതിരുന്ന എന്റെ പെങ്ങളു പോലും അല്ലങ്കിലും അത് അങ്ങനെയാണ് അവിടെ ഒരുവട്ടം പോയവർക്ക് മനസ്സിലാകും നമ്മളൊന്നും അവിടെ ഒന്നുമല്ല കൈക്കുഞ്ഞുമുതൽ ഒരുപാട് ചെറിയകുട്ടികൾ. എല്ലാം കൂടെ കണ്ടപ്പോ എന്റ അസുഖംപോലും ഞാൻ മറന്നുപോയി. ഒരു നിമിഷം ഞാൻ ചിന്തിച്ചു പോയി സത്യത്തിൽ ദൈവം ഒന്നില്ലെന്ന്.

അങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ ആണ് നഴ്സ് എന്റെ പേരു വിളിച്ചത്‌, ആദ്യമായി വന്ന ശിവകുമാറുണ്ടോ എന്ന്.

ഉണ്ട് എന്ന് അളിയൻ ഉറക്കെ വിളിച്ചു പറഞ്ഞു. അങ്ങനെ ഞങ്ങൾ ഡോക്ടറുടെ മുറിയിലേക്കു കയറി. പുറത്തുള്ള റിസൾട്ട് ആർസിസി സ്വീകരിക്കാത്തതുകൊണ്ട് ബയോപ്സി, ബോൺമാരോ ടെസ്റ്റുകൾക്കു വീണ്ടും തലവച്ചുകൊടുക്കേണ്ടി വന്നു. വെറുതെ പറയുന്നതല്ല ഈ കാൻസർ ടെസ്റ്റുകൾക്ക് ഒരു പ്ര്യതകസുഖം തന്നെയാണ്, ചങ്കുപറിച്ചെടുക്കുന്ന വേദന ആണെങ്കിലും പുറത്തു കാണിക്കാൻ പാടില്ല .

അങ്ങനെ കുറച്ചു ദിവസത്തിനു ശേഷം റിസൾട്ട് വന്നു. അങ്ങനെ അന്ന് ആദ്യമായി ഞാൻ എന്നെ അഗാധമായി സ്നേഹിക്കുന്ന സൈക്കോ പെണ്ണിന്റെ പേരു കേട്ട് ഹോഡ്‌സ് സ്കിൻ ലിംഫോമ. ഒരുമാതിരി വായിൽ കൊള്ളാത്തൊരു പേര്. കേട്ടപാടെ എനിക്കിഷ്ട്ടമായില്ല. ഞാൻ അവളോട് പറഞ്ഞു കാൻസർ അതുമതി.

എന്റെ സമ്മതമില്ലാതെ എന്റെ ജീവിതത്തിലേക്കു കയറിവന്നവളെ സ്നേഹിക്കാൻ കഴിയാത്തതുകൊണ്ട് അവളെ ഡിവോഴ്സ് ചെയ്യാനായി ട്രീറ്റ്മെന്റ് തുടങ്ങി  6മാസം ആണ്‌ ട്രീറ്റ്മെന്റ്  ഇപ്പോൾ അവളെ ഓടിക്കാനുള്ള ഡിവോഴ്സ് കേസ് ആർസിസി എന്ന ദൈവത്തിന്റെ കോടതിയിൽ കീമോ എന്ന വക്കീൽനടത്തികൊണ്ടിരിക്കുന്നു. വിജയിക്കും എന്ന വിശ്വസത്തോടെ.

ഇതുവരെ ഞാൻ അവൾക്കെതിരെ 6 വജ്രായുധങ്ങൾ പരീക്ഷിച്ചു. അതിനുപകരമായി അവൾ ശ്കതമായി പ്രതികരിക്കാൻ ശ്രമിച്ചെങ്കിലും എന്റെ മനോധൈര്യത്തിനുമുന്നിൽ അവൾക്ക് നാണിച്ചു തല താഴ്ത്തേണ്ടി വന്നു.

മാർച്ച് 5ന് ഏഴാമത്തെ കീമോ നിശ്ചയിച്ചിരുന്നെങ്കിലും കരളിന്റെ ഫങ്ഷൻ കൂടിയതുകൊണ്ട് ചെയ്യാൻ സാധിച്ചില്ല. അത് 12–ലേക്ക് മാറ്റിവച്ചിരിക്കുകയാ. ശേഷം ഒരു കീമോ കൂടെ കഴിഞ്ഞാൽ ഞാൻ നേരത്തെ പറഞ്ഞ കോടതി വിധി വരുന്ന ദിവസം അടുത്തുകൊണ്ടിരിക്കുന്നു .

കോടതി വിധി എന്തുതന്നെയായാലും അവൾക്കു മുന്നിൽ തലകുനിക്കില്ല എന്നത് എന്റെ വാശിയാണ്. നിനക്ക് ഓടാനുള്ള കണ്ടം റെഡി ആയിക്കഴിഞ്ഞു ഓടാൻ നീ തയാറായിക്കോളു.'

 

English Summary: Hodgkin's lymphoma survivor Sivakumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com