ADVERTISEMENT

ഉറക്കത്തിനും ഒരു ദിനമുണ്ട് എന്ന് കേൾക്കുമ്പോൾ ചിലർക്കെങ്കിലും അദ്ഭുതം തോന്നിയേക്കാം. ഉറക്കം അഥവാ നിദ്രയെക്കുറിച്ചും നിദ്രാരോഗങ്ങളെക്കുറിച്ചും ജനങ്ങളിൽ അവബോധം ഉണ്ടാക്കുക എന്നുള്ള ലക്ഷ്യത്തോടെയാണ് മാർച്ച് മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച ലോക ഉറക്ക ദിനമായി ആചരിക്കുന്നത്. ഇന്ന് മാർച്ച് 13 വെള്ളിയാഴ്ച– ലോക ഉറക്ക ദിനം.

വായുവും വെള്ളവും ഭക്ഷണവും പോലെ, മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് ഉറക്കം. അത് കൂടാതെയും കുറയാതെയും ശരിയായ അളവിൽ ശരീരത്തിന് ലഭിക്കുന്നുണ്ട് എന്നുള്ള കാര്യം ഉറപ്പു വരുത്തണം .

ജീവിതത്തിന്റെ ഏതാണ്ട് മൂന്നിലൊരു ഭാഗം നമ്മൾ ഉറങ്ങാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഉറക്ക ദൈർഘ്യം അഥവാ ആവശ്യമായ ഉറക്കത്തിന്റെ അളവ് ഓരോ വ്യക്തിയിലും വ്യത്യസ്‌തമാണ്. പ്രായം, ലിംഗം, ആരോഗ്യ നില എന്നിങ്ങനെ പല ഘടകങ്ങളെയും ആശ്രയിച്ച് അത് മാറുന്നു. ആരോഗ്യമുള്ള മുതിർന്ന ഒരു മനുഷ്യന് ശരാശരി 7 മുതൽ 9 മണിക്കൂർ വരെ ഉറക്കം ആവശ്യമാണ്. കുഞ്ഞുങ്ങളിൽ പ്രായം കുറയുന്നതിന് അനുസരിച്ചു ഈ അളവ് കൂടും .

നല്ല ആരോഗ്യത്തിനു നല്ല ഉറക്കം ആവശ്യമാണ്. ഹൃദയം, ശ്വാസകോശം, മസ്തിഷ്കം എന്നിവയുടെ പ്രവർത്തനങ്ങൾ, രക്തചംക്രമണ വ്യവസ്ഥ, കോശങ്ങളുടെ വളർച്ച തുടങ്ങിയവയ്ക്കൊക്കെ നല്ല ഉറക്കം അത്യന്താപേക്ഷിതമാണ്.

" പകൽ നന്നായി അധ്വനിച്ചാൽ രാത്രി നന്നായി ഉറക്കം വന്നോളും .. "

" ഒന്നും ചെയ്യാതെ കുത്തിയിരുന്നിട്ടാണ് ഉറക്കം വരാത്തത് .."

" ഉറക്കം വരാത്തത് നല്ലതല്ലേ , ഞാനൊക്കെ ഉറക്കം അധികമായിട്ടാണ് ബുദ്ധിമുട്ടുന്നത്. "

ഉറക്കമില്ലായ്മ എന്ന പ്രശ്നം പറഞ്ഞു വരുന്നവരോട് പലപ്പോഴും പൊതുസമൂഹം ഇങ്ങനെ പ്രതികരിക്കുന്നത് കണ്ടിട്ടുണ്ട് . ഉറക്കമില്ലായ്മ എന്നത് ഒരു നിസ്സാര പ്രശന്മല്ല. ഉറക്കക്കുറവും ഉറക്ക കൂടുതലും ഒക്കെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ജനസംഖ്യയുടെ ഏതാണ്ട് പകുതിയോളം പേരിൽ ഉറക്കവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ കണ്ടു വരുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .

മുൻപ് വായിച്ചൊരു കഥയിലെ ഇന്നും ഓർമയിലുള്ളൊരു ഭാഗമുണ്ടായിരുന്നു. കുറ്റവാളിയായ കഥാപാത്രത്തെ ഉറങ്ങാൻ സമ്മതിക്കാതെ ശിക്ഷിക്കുന്ന അവസ്ഥ. ഉറക്കം വന്നു തുടങ്ങുമ്പോൾ അയാളെ പൊലീസുകാർ വിളിച്ചുണർത്തും. ഒടുവിൽ ഒരു നിമിഷം പോലും ഉറങ്ങാൻ പറ്റാതെ അയാൾ വിഭ്രാന്തിയിലേക്ക് എത്തുന്ന ഒരു രംഗമൊക്കെ കഥയിൽ പറഞ്ഞിട്ടുണ്ടായിരുന്നു. അതിലൂടെ കടന്നു പോയപ്പോഴൊക്കെ ഉറക്കം എത്ര വലിയ കാര്യമാണ് എന്നോർത്തിട്ടുണ്ട്. അതേ, ഉറക്കം ഒട്ടും നിസ്സാരക്കാരനല്ല .

ഉറക്കമില്ലായ്മ ഒരു വ്യക്തിയുടെ ശാരീരിക മാനസിക ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. പകൽ ഉറക്കം തൂങ്ങിയ അവസ്ഥ, ക്ഷീണം, രക്തസമ്മർദം കുറയുക എന്നിവയൊക്കെയാണ് ഉറക്കമില്ലായ്മ കൊണ്ടുണ്ടാകുന്ന പ്രധാന പ്രശ്നങ്ങൾ. ചിന്തിക്കാനുള്ള കഴിവിനെയും ബൗദ്ധിക പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു. ശ്രദ്ധക്കുറവ്, ഓർമക്കുറവ്, ഏകാഗ്രത ഇല്ലായ്മ എന്നിവയിലേക്ക് വഴിയൊരുക്കുന്നു. ഡ്രൈവിങ് പോലെയുള്ള ജോലികൾ ചെയ്യുന്നവരിൽ ഇത് വളരെ വലിയ അപകടങ്ങൾക്കു കാരണമാകുന്നു. ദിവസവും നടക്കുന്ന റോഡപകടങ്ങളിൽ അഞ്ചിൽ ഒന്ന് ഡ്രൈവറുടെ ഉറക്കം കാരണമാണെന്നാണ് കണക്കുകൾ പറയുന്നത് .

ഉറക്കമില്ലായ്മ കാരണം ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത ഇരട്ടിയാകുമെന്നും മസ്തിഷ്കാഘാതം അഥവാ സ്ട്രോക്കിനുള്ള സാധ്യത നാലിരട്ടിയാകുമെന്നുമാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ഇടയ്ക്കിടയ്ക്കുള്ള നിദ്രാഭംഗത്തിനു വഴിയൊരുക്കുന്ന ചില കാരണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. കൂർക്കം വലി, ഉറക്കത്തിനിടയിൽ ശ്വാസ തടസ്സത്തിനു കാരണമാകുന്ന Obstructive sleep apnea പോലുള്ള സാഹചര്യങ്ങൾ, ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുക, തുടർച്ചയായി ഭയപ്പെടുത്തുന്ന സ്വപ്നങ്ങൾ കാണുക, മാനസിക അസ്വസ്ഥതകൾ, Restless leg syndrome അഥവാ കിടക്കുമ്പോഴുള്ള നിശ്ചലാവസ്ഥയിൽ കാലുകളിൽ വേദന അനുഭവപ്പെടുക, Periodic limb movement disorder - ഉറക്കത്തിൽ കാലുകൾ ചലിപ്പിച്ചു കൊണ്ടിരിക്കാനുള്ള പ്രവണത എന്നിവയാണവ . ഇത്തരം സാഹചര്യങ്ങളിൽ ഡോക്ടറുടെ നിർദേശമനുസരിച്ചു പ്രവർത്തിക്കുക. CPAP ( Continuous Positive Airway Pressure ) പോലുള്ള ഫലപ്രദവും നൂതനവുമായ ചികിത്സാമാർഗങ്ങൾ ഇന്ന് ലഭ്യമാണ് .

നിദ്രാരോഗങ്ങൾ കണ്ടു പിടിക്കാനുള്ള മാർഗമാണ് Polysomnogram. സ്ലീപ് ലാബിൽ ഒരു രാത്രി ഉറക്കത്തിനിടയിലെ ശ്വാസോച്ഛാസം, ഓക്സിജന്റെ അളവ്, കണ്ണിന്റെയും കൈകാലുകളുടെയും ചലനം, ഹൃദയമിടിപ്പ്, തലച്ചോറിലെ സിഗ്നലുകൾ എന്നിവ റെക്കോർഡ് ചെയ്യുന്നു. ഈ വിവരങ്ങൾ അപഗ്രഥിച്ചതിന്റെ അടിസ്ഥാനത്തിൽ രോഗിക്ക് ആവശ്യമായ ചികിത്സ നൽകുന്നു.

നിദ്രാരോഗങ്ങൾക്കുള്ള പരിഹാര മാർഗങ്ങൾ

പ്രത്യേക കാരണങ്ങൾ കൊണ്ട്, ചില പ്രത്യേക സാഹചര്യങ്ങളിൽ ഉണ്ടാകുന്ന ഉറക്കക്കുറവിന് മരുന്നുകൾ ഫലപ്രദമാണ് . എന്നാൽ ദീർഘനാൾ നിലനിൽക്കുന്ന ഉറക്കക്കുറവിന് Cognitive behavioural therapy (CBT ) പോലുള്ള മറ്റു മാർഗങ്ങൾ ആശ്രയിക്കേണ്ടി വരും .

നല്ല ഉറക്കത്തിന്

∙ അമിതവണ്ണം കുറയ്ക്കുക

∙ മദ്യം, പുകവലി എന്നിവ ഒഴിവാക്കുക

∙ ചായ, കാപ്പി എന്നിവയുടെ അമിത ഉപയോഗം നിയന്ത്രിക്കുക

∙ മാനസിക പിരിമുറുക്കങ്ങൾ ഒഴിവാക്കുക

∙ ഉറക്ക സംബന്ധിയായ ആരോഗ്യ പ്രശ്നങ്ങൾക്ക് മടി കൂടാതെ വൈദ്യ സഹായം തേടുക

∙ ഉറക്ക ഗുളികകളും മറ്റും ഡോക്ടറുടെ നിർദേശത്തോടെ മാത്രം കഴിക്കുക .

അമിത ഉറക്കവും ഉറക്കമില്ലായ്മ പോലെതന്നെ പ്രശ്നക്കാരനാണ്. നാഡീവ്യൂഹ സംബന്ധമായ തകരാർ കാരണം പകൽ നേരങ്ങളിൽ അനിയന്ത്രിതമായി ഉറക്കം വരുന്നതിനെ Narcolepsy എന്നു പറയുന്നു. അമിതനിദ്രയ്ക്കുള്ള കാരണം കണ്ടെത്തുക എന്നുള്ളതാണ് ചികിത്സയിൽ പ്രധാനം .

ശ്രദ്ധയോടെയും കരുതലോടെയും ചേർത്തg പിടിക്കേണ്ട സഹയാത്രികനാണ് ഉറക്കം എന്ന കാര്യം ഒരിക്കൽക്കൂട് ഓർക്കാനുള്ള അവസരമകട്ടെ ഇന്നത്തെ ദിവസം.

English Summary: World sleep day, Sleeping disorders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com