ADVERTISEMENT

നൂറ്റിമുപ്പതു കോടി ജനങ്ങളുള്ള ഇന്ത്യയില്‍ ഒരു മഹാമാരിയെ നേരിടുക എന്നത് വളരെ ശ്രമകരമാണെന്ന ബോധ്യത്തില്‍, ഇപ്പോഴെടുക്കാവുന്ന ഏറ്റവും മികച്ച തീരുമാനമായി രാജ്യത്തു ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ഇതെല്ലാം വേണ്ടവണ്ണം മനസ്സിലാക്കി ആരോഗ്യവകുപ്പിന്‍റെയും സര്‍ക്കാരിന്‍റെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയാറാണോ? ആളുകള്‍ക്ക് തിരിച്ചറിവ് ഉണ്ടായിട്ടില്ല എന്നതിന്‍റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നിരത്തുകളില്‍ പ്രത്യക്ഷപ്പെട്ടവരുടെ എണ്ണം. വീട്ടിലിരിക്കുമ്പോഴുള്ള മടുപ്പിനെക്കാൾ എത്രയോ പ്രധാനമാണ് രോഗവ്യാപനം തടയുന്നത് എന്ന തിരിച്ചവില്‍ ഇപ്പോഴുള്ള സാഹചര്യത്തെ അംഗീകരിച്ചേ മതിയാവൂ. 

സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദര്‍ശിക്കുന്നത്, ഫ്രഷ്‌ പച്ചക്കറികള്‍കൊണ്ടു മാത്രം പാചകം, ജിമ്മിലും ക്ലബ്ബുകളിലും ഷോപ്പിങ് മാളുകളിലും പോകുന്നത് അങ്ങനെ പലതും താല്‍ക്കാലികമായി അവസാനിപ്പിക്കുകയല്ലാതെ വഴിയില്ല. രോഗം മൂലമോ ശസ്ത്രക്രിയ കഴിഞ്ഞുള്ള വിശ്രമമോ പോലും വേണ്ടിവന്നിട്ടില്ലാത്തവര്‍ക്ക് ഇതുമായി പൊരുത്തപ്പെടാൻ സമയം വേണ്ടിവരും.

പ്രതികരണം മൂന്നു തരത്തില്‍ 

മൂന്നുതരം സ്വഭാവമാണ് ഈ ഘട്ടത്തില്‍ ആളുകള്‍ പ്രകടമാക്കുന്നത്. ഒന്നാമത്തെ കൂട്ടര്‍ അമിതമായി സാധനങ്ങള്‍ വാങ്ങിച്ചുകൂട്ടി അവരുടെ ഭയം ഇല്ലാതെയാക്കാന്‍ ശ്രമിക്കുന്നു. രണ്ടാമത്തെ കൂട്ടര്‍ അമിതമായി ഭയപ്പെടാതെ ജാഗ്രതയോടെ ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നു. മൂന്നാമത്തെ കൂട്ടര്‍ ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യങ്ങളേയല്ല എന്ന മട്ടില്‍ ആരോഗ്യവകുപ്പിന്‍റെയോ സര്‍ക്കാരിന്‍റെയോ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ വകവയ്ക്കാതെ നിരുത്തരവാദപരമായി പെരുമാറുന്നു. കൂടുതല്‍ ആളുകളിലേക്ക്‌ വൈറസ് വ്യാപനത്തിനും ലോക്‌ഡൗണ്‍ നീണ്ടുപോയാല്‍ അതിനും കാരണക്കാരാകുന്നത് മൂന്നാമത്തെ കൂട്ടര്‍ ആയിരിക്കും.

നമുക്കോ ഉറ്റവര്‍ക്കോ രോഗം വന്നാലേ ഇതെല്ലാം നമ്മളെ ബാധിക്കുകയുള്ളൂ എന്ന ചിന്തയില്‍ നിന്നു മാറി സമൂഹത്തിനോട് ഉത്തരവാദിത്തം കാട്ടാൻ, അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കിയേ മതിയാവൂ. നമ്മള്‍ സാമൂഹിക ജീവികളാണ്, ഒന്നു പുറത്തേക്കിറങ്ങാനാവാതെ, സുഹൃത്തുക്കളെ കാണാന്‍ കഴിയാതെ വരിക നമുക്ക് അംഗീകരിക്കാന്‍ വളരെ പ്രയാസമുള്ള കാര്യം തന്നെ. പക്ഷേ, രോഗികളുടെ എണ്ണം ഓരോ ദിവസവും കൂടിവരുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ദിവസവും വരുന്നത്. 

സാമൂഹിക വിരുദ്ധ സ്വഭാവം 

സാമൂഹിക വിരുദ്ധ സ്വഭാവം ഉള്ളവര്‍ എപ്പോഴും എന്നതുപോലെ ഈ സാഹചര്യത്തിലും നിയമങ്ങള്‍ ലംഘിക്കാനുള്ള പ്രവണത കാണിക്കും. വെറുതെ കറങ്ങി നടക്കാന്‍ കാരണമായി നുണകള്‍ പറയുന്നവരും രോഗവ്യാപനം തടയാന്‍ ആളുകളെ നിയന്ത്രിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ തുനിയുന്നവരും സാമൂഹിക വിരുദ്ധ  സ്വഭാവം ഉള്ളവരാണ്. ഇത്തരക്കാരെ കര്‍ശനമായ നടപടികളിലൂടെ നേരിടുക അല്ലാതെ മറ്റു മാര്‍ഗ്ഗമില്ല.

കൊറോണ കാലത്തെ മദ്യത്തിന്‍റെ ഉപയോഗം

നിരോധനാജ്ഞ പുറപ്പെടുവിച്ചപ്പോള്‍ തന്നെ ഈ ദിവാസങ്ങള്‍ മദ്യവുമായി സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിക്കാന്‍ തീരുമാനിച്ചവരുണ്ട്. സ്ഥിരമായി മദ്യം ഉപയോഗിക്കുന്നവർക്ക് അതു കിട്ടാതിരുന്നാൽ വലിയ പ്രതിസന്ധി സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. പലരും വീട്ടില്‍തന്നെ ഇരിക്കാന്‍ മടിക്കുന്നതിന്‍റെ കാരണങ്ങളില്‍ ഒന്നാണ് ഇത്. ബോറടി മാറ്റാന്‍ മദ്യത്തെ കൂട്ടുപിടിക്കാം എന്ന പദ്ധതി വലിയ ദോഷം ചെയ്യും. ലോകത്ത് മൂന്നു ദശലക്ഷം ആളുകള്‍ ദോഷകരമായ അളവില്‍ മദ്യം ഉപയോഗിക്കുന്നതുകൊണ്ട് മരിക്കുകയും ദശലക്ഷത്തോളം ആളുകള്‍ രോഗബാധിതരാകുകയും ചെയ്യുന്നു എന്നതാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. 15നും 49നും ഇടയില്‍ പ്രായമുള്ളവരില്‍ പത്തു ശതമാനം പേരുടെ അകാല മരണത്തിന് മദ്യത്തിന്‍റെ ദോഷകരമായ ഉപയോഗം കാരണമാകുന്നു.

മദ്യം ചെറിയ അളവില്‍ ഉത്തേജകമായി തോന്നുമെങ്കിലും കൂടിയ അളവില്‍ അക്രമസ്വഭാവത്തിലേക്കും വളരെ കൂടിയ അളവില്‍ മയക്കത്തിലേക്കും കൊണ്ടെത്തിക്കും. സ്ഥിരമായി മദ്യം ഉപയോഗിക്കുന്നത് ഉറക്കം വരാനാണ്, ദുഃഖം മറക്കാനാണ് എന്നൊക്കെയുള്ള ന്യായങ്ങള്‍ പലരും പറയുമെങ്കിലും ഈ രണ്ടു കാര്യങ്ങള്‍ക്കും മദ്യം സഹായിക്കുന്നില്ല. എന്നു മാത്രമല്ല ശരീരത്തിന്‍റെയും മനസ്സിന്‍റെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഉറക്കക്കുറവും വിഷാദവും എല്ലാം മനഃശാസ്ത്രജ്ഞരെ സമീപിച്ചു കൃത്യമായ രോഗനിര്‍ണയം നടത്തി ചികിത്സിക്കേണ്ട അവസ്ഥകളാണ്. 

കേരളത്തില്‍ പ്രളയത്തിനുശേഷം റെക്കോര്‍ഡ്‌ മദ്യവില്‍പനയാണ് നടന്നത്. വീടുകളില്‍ വെള്ളം കയറി വലിയ ഭീതിയിലായിരുന്ന നേരത്തുപോലും മദ്യം വാങ്ങാന്‍ ആളുകള്‍ തിരക്കുക്കൂട്ടി. ഇപ്പോള്‍ മദ്യവില്‍പന ശാലകള്‍ അടച്ചിടുമ്പോള്‍ മദ്യത്തിന് അടിമകളായവര്‍ക്ക്‌ ചികിത്സ ആവശ്യമായി വരും. ‘മദ്യപാനം നിര്‍ത്താന്‍ എത്ര എളുപ്പമാണ്, ഞാന്‍ തന്നെ എത്ര തവണ നിര്‍ത്തിയിരിക്കുന്നു’, ‘ഞാന്‍ മനസ്സുവെച്ചാല്‍ ഈ നിമിഷം എനിക്കു മദ്യം നിര്‍ത്താനാവും’ ഇങ്ങനെയെല്ലാം പൊതുവേ സ്ഥിരമായി മദ്യം ഉപയോഗിക്കുന്നവര്‍ പറയാറുണ്ട്. എങ്കിലും ചികിത്സയിലൂടെ അല്ലാതെ അവര്‍ക്കത്‌ കഴിയില്ല എന്നതാണ് വാസ്തവം.

മറ്റൊരു കാര്യത്തിലും താല്പര്യം ഇല്ലാതെ വരിക, വ്യായാമം, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക അങ്ങനെ മറ്റൊരു കാര്യത്തിലൂടെയും മനസ്സിനു സന്തോഷം കിട്ടാതെവരിക, എപ്പോഴും മദ്യത്തെപ്പറ്റി മാത്രം ചിന്തിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ എന്നിവ മദ്യത്തിന് അടിമകളായവരില്‍ കാണാന്‍ കഴിയും. ഇപ്പോള്‍ 21 ദിവസത്തേക്കു പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങള്‍ ചിലപ്പോള്‍ അധികം ദിവസം നീണ്ടുപോയി എന്നു വരാം. മദ്യത്തിനായി പണം അധികമായി ചെലവഴിക്കുമ്പോള്‍ വീട്ടിലെ ആവശ്യങ്ങള്‍ക്കായി പണം മാറ്റിവയ്ക്കണം എന്നതു മറന്നുപോകരുത്. കുടുംബ പ്രശ്നങ്ങളും ഗാര്‍ഹിക പീഡനങ്ങളും മദ്യത്തിന്‍റെ സ്വാധീനത്തില്‍ ഉണ്ടാവാതിരിക്കാന്‍ അപകടകരമായ അളവില്‍ മദ്യം ഉപയോഗിക്കാതിരിക്കുക.

പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍

നേരവും കാലവും നോക്കാതെയുള്ള മദ്യപാനശീലം ഉള്ളവരില്‍ പെട്ടെന്നു മദ്യത്തിന്‍റെ ഉപയോഗം നിര്‍ത്തിയാല്‍, കിട്ടാതെവന്നാല്‍ പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. മദ്യത്തിനു പൂര്‍ണമായും അടിമപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്നതിന്‍റെ ലക്ഷണമാണിത്. ഉല്‍ക്കണ്ഠ, വിഷാദം, ഉറക്കക്കുറവ് എന്നിവ മദ്യം പെട്ടെന്നു നിര്‍ത്തുമ്പോള്‍ സാധാരണ പ്രകടമാവുന്ന ലക്ഷണങ്ങളാണ്. ഡെലീറിയം ട്രെമെന്‍സ്- വിറയല്‍, സ്ഥലകാലബോധം നഷ്ടപ്പെടുക, ഭയം, ഇല്ലാത്ത കാര്യങ്ങള്‍ ഉള്ളതായി തോന്നുക, അപസ്മാരത്തിനു സമാനമായ ലക്ഷണങ്ങള്‍ തുടങ്ങി മരണകാരണമായി തീരാവുന്ന അവസ്ഥയിലേക്കുവരെ കൊണ്ടെത്തിച്ചേക്കാം. മദ്യത്തിന്‍റെ സ്വാധീനം സംശയരോഗം, വിഷാദരോഗം, ആത്മഹത്യാപ്രവണത, അക്രമാസക്തി എന്നീ മാനസിക രോഗങ്ങള്‍ക്കും ഓര്‍മ നഷ്ടപ്പെടുക, മസ്തിഷ്ക ക്ഷയം എന്നീ അവസ്ഥകള്‍ക്കും കാരണമാവാറുണ്ട്. 

മാനസിക പ്രശ്ങ്ങള്‍ക്ക് ചികിത്സ തേടാം

പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ കാണുന്നു അല്ലെങ്കില്‍ പുതിയതായി എന്തെങ്കിലും മാനസിക പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നു എങ്കില്‍ 24 മണിക്കൂർ പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പിന്‍റെ ദിശ ടോൾ ഫ്രീ നമ്പറുകളായ 1056, 0471 2552056 എന്നിവയിൽ വിളിച്ച് മാര്‍ഗനിര്‍ദ്ദേശം സ്വീകരിക്കാം. മാനസികാരോഗ്യ പ്രവര്‍ത്തകരുടെ സേവനം ഉപയോഗപ്പെടുത്തുക. പെട്ടെന്നുള്ള ലോക്‌ഡൗണ്‍, ക്വാറന്റീന്‍ എന്നിവയെല്ലാം സ്വാഭാവികമായും ആളുകളില്‍ ഭീതിയും ഒറ്റപ്പെടലും തോന്നാന്‍ കാരണമാകും. വിഷാദരോഗം, ഉല്‍ക്കണ്ഠ എന്നിവയുടെ ലക്ഷണങ്ങളും ഉണ്ടാവാം. അത്യന്തം ഭീകരമായ അവസ്ഥയിലൂടെ കടന്നുപോയവരില്‍ പോസ്റ്റ്‌ ട്രോമാറ്റിക് സ്ട്രെസ്സ് ഡിസോഡറിനുള്ള സാധ്യതയുണ്ട്. സാര്‍സ് രോഗകാലത്ത് ക്വാറന്റീനില്‍ കഴിഞ്ഞവര്‍ക്ക് ഇത്തരം രോഗ ലക്ഷണങ്ങള്‍ കണ്ടിരുന്നതായി പഠനങ്ങള്‍ പറയുന്നു. നിരാശ, നെഗറ്റീവ് ചിന്തകള്‍, ആത്മഹത്യാപ്രവണത എന്നീ വിഷാദരോഗ ലക്ഷണങ്ങളും രോഗം വരുമോ, ഭാവി എന്തായിത്തീരും എന്നെല്ലാമുള്ള വല്ലാത്ത ഉല്‍ക്കണ്ഠ എന്നിവയും ഉണ്ടായാൽ ഹെൽപ്‌ലൈന്‍ നമ്പറില്‍ വിളിച്ചു മാനസികാരോഗ്യ പ്രവര്‍ത്തകരുടെ സഹായം തേടുക. മാനസിക പ്രശ്നങ്ങള്‍ക്ക് മരുന്നു കഴിക്കുന്നവര്‍ അതു മുടക്കാതിരികാന്‍ ശ്രദ്ധിക്കണം. 

എപ്പോഴും ബിസിയായി ഇരിക്കാന്‍ ശ്രമിക്കുക. ഭയവും വിഷമവും മനസ്സിനെ വല്ലാതെ ബാധിക്കാതിരിക്കാന്‍ ഇതു വലിയ അളവില്‍ സഹായിക്കും. വായിക്കാനും പണ്ട് വളരെ താല്പര്യം ഉണ്ടായിരുന്നതും എന്നാല്‍ തിരക്കുമൂലം പാതിവഴിയില്‍ ഉപേക്ഷിച്ചതുമായ പല ഹോബികളും പുനരാരംഭിക്കാനും ഈ സമയം ഉപയോഗിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com