ADVERTISEMENT

ലോകാരോഗ്യ സംഘടന ഉൾപ്പടെ പറയുന്നത് കൊറോണ വൈറസ് വായുവിലൂടെ പകരില്ലെന്നാണ്. എന്നാൽ ഒരു പുതിയ പഠനം പറയുന്നത് വൈറസ് വായുവിലൂടെ പകരുമെന്നും രോഗിയോ അണുബാധയുള്ള ആളോ മുറിവിട്ട് പുറത്തു പോയാലും മുറിയിൽ വൈറസ് ഏറെ നേരം തങ്ങി നിൽക്കുമെന്നുമാണ്.

നെബ്രാസ്ക മെഡിക്കൽ സെന്ററിൽ രോഗികൾ ഐസലേഷനിൽ കഴിഞ്ഞ സ്ഥലത്തും മുറിക്കു പുറത്തും വൈറസിന്റെ അംശം കണ്ടതായി യൂണിവേഴ്സിറ്റി ഓഫ് നെബ്രാസ്ക മെഡിക്കൽ സെന്റർ, നെബ്രാസ്ക മെഡിസിൻ നെറ്റ്‌വർക് നാഷനൽ സ്ട്രാറ്റജിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ നടത്തിയ പഠനത്തിൽ കണ്ടു. രോഗികൾ ഐസലേഷനിൽ കഴിഞ്ഞ 13 മുറികളാണ് പഠനത്തിനുപയോഗിച്ചത്.

മുറിയിലെ വായുവിലും സാധാരണ ഉപയോഗിക്കുന്ന പ്രതലങ്ങളിലും കൂടിയ അളവില്‍ വൈറസ് സാന്നിധ്യം കണ്ടു. ആശുപത്രി ജീവനക്കാർ നടക്കുന്ന, മുറിയുടെ പുറത്തുള്ള ഇടനാഴിയിലും വൈറസുണ്ടായിരുന്നു.

അത്ര ഗുരുതരമല്ലാത്ത നിലയിലുള്ള കോവിഡ് രോഗികളിൽനിന്നും വൈറസ് കലർന്ന അതിസൂക്ഷ്മ വായുകണികകൾ പുറത്തുവരാമെന്നും പ്രതലങ്ങൾ മലിനമാക്കപ്പെടുമെന്നും ഇത് രോഗം പകരാനുള്ള സാധ്യത കൂട്ടുമെന്നും പഠനം പറയുന്നു. സ്മാർട്ഫോൺ ഉൾപ്പെടെയുള്ള വ്യക്തിഗത വസ്തുക്കളിലും വൈറസ് സാന്നിധ്യം ഉണ്ടാകും. സാർസ്–കോവ്–2 ആദ്യം കരുതിയിരുന്നതിലുമധികം വ്യാപിക്കും എന്നതിന്റെ സൂചനയാണിത്. 

കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യപ്രവർത്തകർ കൂടുതൽ സുരക്ഷാ ആവരണങ്ങൾ അണിയണമെന്നും ഗവേഷകർ പറയുന്നു. 

നേരിട്ടും (തുള്ളികളിലൂടെയും വ്യക്തിയിൽനിന്നു വ്യക്തിയിലേക്കും) നേരിട്ടല്ലാതെയുമുള്ള സമ്പർക്കത്തിലും (മലിനമാക്കപ്പെട്ട വസ്തുക്കളിലൂടെയും വായുവിലൂടെയും) രോഗം പകരാമെന്നും വായുവിലൂടെ പകരാതിരിക്കാനുള്ള മുൻകരുതൽ എടുക്കണമെന്നും പഠനഫലം സൂചന നൽകുന്നു.

രോഗിയുമായി നേരിട്ട് ഇടപഴകുന്ന ആരോഗ്യപ്രവർത്തകർ രോഗം പകരാതിരിക്കാൻ മുൻകരുതൽ എടുക്കണം.

ആളുകൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കാനും പതിവായി സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകാനും ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച്, പതിവായി തൊടുന്ന പ്രതലങ്ങൾ അണുവിമുക്തമാക്കാനും ഇടയ്ക്കിടെ മൂക്കിലും കണ്ണുകളിലും തൊടരുതെന്നും ലോകമെങ്ങുമുള്ള വൈദ്യശാസ്ത്ര വിദഗ്ധർ അറിയിക്കുന്നുണ്ട്.

ഏതാനും ദിവസം മുൻപാണ് കോവിഡ് 19 വായുവിലൂടെ പകരില്ലെന്നും രോഗിയുടെ ചുമയുടെ തുള്ളികളിലൂടെ മാത്രമേ പകരൂവെന്നും ലോകാരോഗ്യസംഘടന ആവർത്തിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com