ADVERTISEMENT

ജീവിതത്തിൽ ഒരിക്കലും തോറ്റുകൊടുക്കില്ലെന്ന ഒരു തീരുമാനമെടുത്തു കഴിഞ്ഞാൽ പിന്നെ വല്ലാത്തൊരു ധൈര്യമാണ്. ആ ധൈര്യം തന്നെയാണ് എന്തു വെല്ലുവിളി വന്നാലും അതിജീവിക്കാനുള്ള ഒരു പ്രചോദനവും. കൂട്ടുകാരുമൊത്ത് ആഘോഷിച്ചു നടക്കുന്ന 22–ാമത്തെ വയസ്സിൽ കാൻസർ കീഴടക്കാൻ എത്തിയപ്പോൾ കാസർകോടുകാരിയായ സ്വാതി രാജന് ആ പുതിയ അതിഥിക്ക് നിഷ്പ്രയാസം ഗുഡ്ബൈ അടിക്കാൻ കഴിഞ്ഞതും ഈ മനോധൈര്യത്തിലാണ്. പിന്നിട്ട കടമ്പകള്‍ ഓർത്തെടുക്കുമ്പോഴും അതിജീവിച്ചതിന്റെ ആത്മസംതൃപ്തിയുണ്ട്. അതിജീവന കഥ സ്വാതി പറയുന്നു.

'2017 ജൂലൈ 22 വരെ ആശുപത്രികളുടെ ചൂടും ചൂരും തിരക്കുമൊന്നും പരിചിതമല്ലാതിരുന്ന, കുട്ടിക്കാലത്തല്ലാതെ ഓർമ വച്ചതിനു ശേഷം യാതൊരു മരുന്നും കഴിച്ചിട്ടില്ലാതിരുന്ന, എന്തിന് ഒരു പനിപോലും വന്നിട്ടില്ലാതിരുന്ന ഒരു ഇരുപത്തിരണ്ടുകാരിക്ക് ആശുപത്രികൾ സ്വന്തം തറവാട്ടു വീടു പോലെയായതിന്റെ അമ്പരപ്പായിരുന്നു പിന്നീട്. കേട്ടുകേൾവി മാത്രമുള്ള കാൻസറെന്ന

''മാറാരോഗത്തെ" വെറും ജലദോഷപ്പനി പോലെ കൈകാര്യം ചെയ്തതും അത്ഭുതം.

മംഗലാപുരം കെഎംസി ഹോസ്പിറ്റലിൽ നിന്ന് 12 ദിവസത്തോളം നീണ്ടു നിന്ന രോഗനിർണയ കാലവും, കോഴിക്കോട് എംവിആർ കാൻസർ ആൻഡ് റിസർച്ച് സെന്ററിൽ നിന്ന് ഒരു വർഷത്തോളം ഹോക്കിൻസ് ലിംഫോമ (Hodgkins Lymphoma) - സ്റ്റേജ് 4 ന് കീമോതെറാപ്പി ചെയ്തും കോട്ടക്കൽ ആര്യവൈദ്യശാലയിൽ നിന്ന് ഒന്നര വർഷത്തോളം ആയുർവേദ ചികിത്സയും പൂർത്തിയാക്കി പുതിയൊരു ലോകത്തേക്ക് ജനിച്ചിറങ്ങിയപ്പോൾ കൂടെ കൂട്ടിയത് ഒരു പിടി അനുഭവങ്ങൾ മാത്രമാണ്.

എംവിആറിലെ കീമോ വാർഡും കയറിച്ചെല്ലുമ്പോഴേ ഒരു ചിരിയോടെ നഴ്സുമാർ എടുത്തു തരുന്ന വൊമിറ്റിങ് ബൗളും ആശുപത്രി യാത്രകൾക്കിടയിൽ പോകുമ്പോഴും വരുമ്പോഴും പലയിടത്തും വണ്ടി നിർത്തി ഛർദ്ദിച്ച് കുഴഞ്ഞു വീഴുന്നതും, ഇഞ്ചക്‌ഷൻ എടുക്കുമ്പോൾ തല കറങ്ങുന്നതും ഓരോ കീമോയ്ക്ക് ശേഷവും മുടി കൊഴിയുന്നതും നീരുവന്ന് കൈ രണ്ടും അനക്കാൻ പറ്റാത്തതും കോട്ടക്കലിലെ മരുന്നിന്റെയും ലേഹ്യത്തിന്റെയും സഹിക്കാനാവാത്ത മണവും രുചിയും ബയോപ്സി ചെയ്ത കഴുത്തിലെ സ്റ്റിച്ച് പൊട്ടാതെ ഒരു മാസത്തോളം വായപൂർണമായി തുറക്കാൻ പറ്റാത്തതും കൈയിലെയും വായിലെയും തൊലി അടർന്നു പോയതും മരുന്നിന്റെ ക്ഷീണം കൊണ്ട് തളർന്നു കിടക്കേണ്ടി വന്നതുമൊക്കെ ഓരോ അനുഭവങ്ങൾ തന്നെയാണ്. ഇതിലെല്ലാമുപരി കാൻസറാണെന്ന ഒറ്റക്കാരണത്താൽ ടിസി എഴുതിത്തന്ന ഒരു ബിഎഡ് കോളജിന്റെ സമീപനം.

മനസു കൈവിട്ടു പോകാൻ ഇത്രയൊക്കെ മതിയായിരുന്നു. എന്നാൽ ഏതവസ്ഥയിലും ചേർത്ത് നിർത്താനൊരു കുടുംബവും നല്ല മനസ്സുകളും കൂടെയുണ്ടായിരുന്നു എന്നത് തന്നെയായിരുന്നു കാൻസറിനെതിരെയുള്ള മറുമരുന്ന്. മൂന്നു വർഷങ്ങൾക്കിപ്പുറം മുടങ്ങിപ്പോയ പഠനം പൂർത്തിയാക്കി വീണ്ടും പ്രതീക്ഷയുടെ ലോകത്തേക്ക് ഉയിർത്തെഴുന്നേൽക്കുമ്പോൾ ആത്മാഭിമാനം തന്നെയാണ്. നഷ്ടപ്പെട്ടത് വിലപ്പെട്ട വർഷങ്ങൾ തന്നെയാണ്. പക്ഷേ നേടിയത് ഒരായുഷ്ക്കാലം മുഴുവൻ ആത്മവിശ്വാസത്തോടെയും ചങ്കുറപ്പോടെയും പൊരുതി ജീവിക്കാനുള്ള ഉൾക്കരുത്താണ്. തിരിച്ചറിഞ്ഞത് കപട മുഖങ്ങളാണ്, തള്ളിക്കളയുന്നത് അവസരവാദികളെയും. നന്ദി കാൻസറിന്റെ രൂപത്തിൽ വന്ന് രണ്ടാമതൊരു ജന്മം കൂടി സമ്മാനിച്ച കാലത്തിനോട്.

ഭാവി സ്വപ്നം കണ്ട് ലോകം ആസ്വദിച്ച് ജീവിക്കേണ്ട പ്രായത്തിൽ ആശുപത്രികളിലേക്ക് ഒതുങ്ങിപ്പോകേണ്ടി വന്നതിന്റെ നിരാശയിലെനിക്ക് കഴിയാമായിരുന്നു. പക്ഷേ കാൻസർ സർവൈവർ എന്നത് മറ്റേത് ബിരുദത്തെക്കാളും യോഗ്യതയെക്കാളും മുന്നിലാണ് എന്നത് സമൂഹത്തോട് വിളിച്ചു പറയാൻ എന്നെപ്പോലുള്ളവർ കാൻസറിനെ അതിജീവിച്ച് മുന്നോട്ട് വന്നേമതിയാകൂ.അത്തരം ചില പോരാളികളെ Kerala Cancer Fighterട എന്ന നവ മാധ്യമ കൂട്ടായ്മയിലേക്കൊന്ന് നോക്കിയാൽ കാണാൻ സാധിക്കും.

ചില മനുഷ്യർ അങ്ങനെയാണ്. ഉള്ളു പിടയുമ്പോഴും മനസ്സ് തോരാതെ പെയ്യുമ്പോഴും അസ്ഥികളോരോന്നായ് നുറുങ്ങി നീറുമ്പോഴും ജീവിതത്തെ നോക്കിയങ്ങനെ ചിരിക്കും - പോരാളിയുടെ ശൗര്യത്തോടെ, ജേതാവിന്റെ വീര്യത്തോടെ.

"KCF കളിയും ചിരിയും " ഒരത്ഭുതമാണ്. കാൻസറെന്ന ശത്രുവിനെ ഉറച്ച മനസ്സോടെ നേരിടുന്ന ഒരു കൂട്ടം 'ജിന്നുകളുടെ താവളം'.!

അവരുടെ തിളങ്ങുന്ന കണ്ണുകളിലേക്ക് ചൂഴ്ന്നു നോക്കിയാൽ സങ്കടക്കടൽ ഇരമ്പുന്നതു കാണാം. കാതോർത്താൽ മനസ്സിന്റെ പെരുമ്പറ മുഴങ്ങുന്നതു കേൾക്കാം. ചേർത്ത് നിർത്തിയാൽ സ്വപ്നങ്ങൾ കത്തിയമർന്നതിന്റെ ചൂടറിയാം. അപ്പോഴുമവർ ചുണ്ടുകളിലൊരു ചെറുപുഞ്ചിരി സൂക്ഷിച്ചിട്ടുണ്ടാകും.

ഒരു മഴയ്ക്കും ശമിപ്പിക്കാനാവാത്തത്ര ഉൾച്ചൂടും പേറി ഓരോ പോരാളിയും പടവെട്ടുന്നതവന്റെ സ്വത്വത്തിലേക്കുള്ള പടിയിറക്കത്തിനു വേണ്ടി മാത്രമാണ്. സ്വന്തം ശരീരത്തെ കാർന്നുതിന്നാൻ കാൻസറെന്ന വേട്ടമൃഗത്തെ അനുവദിക്കില്ല എന്നതവന്റെ നിശ്ചയദാർഢ്യമാണ്. അവയവങ്ങൾ നഷ്ടപ്പെട്ടാലും ശരീര ഭൂപടം മാറ്റി വരയ്ക്കപ്പെട്ടാലും ചേർത്ത് നിർത്തേണ്ട കൈകൾ നടന്നകന്നാലും പ്രണയം ചോർന്നൊലിച്ചാലും ഓരോ പോരാളിയും അവസാന ശ്വാസം വരെ പോരാടിക്കൊണ്ടേയിരിക്കും.

ശത്രുവിനു മുന്നിൽ തോറ്റോടിയവരുണ്ടാകാം, പതറിപ്പോയവരുണ്ടാകാം,നില തെറ്റിയവരുണ്ടാകാം.

എന്നാൽ KCF ലെ ജിന്നുകൾ ശത്രുവിനെ വിഷം കൊടുത്തും വെട്ടിമാറ്റിയും കരിച്ചു കളഞ്ഞും വേരോടെ പിഴുതെറിയുന്നവരാണ്. അവരുടെ നേർക്കുനേർനിന്ന് പിന്നീടൊരിക്കലും തന്റെ വരവറിയിക്കാൻ പറ്റാത്തത്രയും തിരിച്ചടികൾ ശത്രുവിന് തങ്ങളുടെ ഇച്ഛാശക്തിയും ആത്മവിശ്വാസവും കൊണ്ട് നൽകുന്നവരാണ്. സങ്കടങ്ങൾ എണ്ണിപ്പറഞ്ഞ്, കണ്ണീർച്ചാലുകൾ ഒഴുക്കാതെ ഓരോ നിമിഷവും ആസ്വദിക്കുന്നവരാണ്. വാക്കുകൾ കൊണ്ട് അന്യോന്യം താങ്ങാകുന്നവരാണ്. സ്വന്തം വേദനകൾ കടിച്ചമർത്തുമ്പോഴും മറ്റുള്ളവരുടെ ചിരി കാണാൻ ആഗ്രഹിക്കുന്നവരാണ്. അതെ, "KCF കളിയും ചിരിയും " ഒരത്ഭുതം തന്നെയാണ്'.

English Summary : Hodgkins Lymphoma Cancer Survivor Swathi Rajan's inspirational story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com