ADVERTISEMENT

കോവിഡ് 19 മൂലമുള്ള മരണത്തിന്റെയും രോഗവ്യാപനത്തിന്റെയും കണക്കുകൾ രോഗബാധയുടെ കൃത്യമായ കണക്കല്ലെന്നും ടെസ്റ്റുകൾ നടത്തി സ്ഥിരീകരിച്ച മരണങ്ങളുടെയും രോഗബാധിതരുടെയും കണക്കാണെന്നും കേരള പൊലീസ് മുൻ മേധാവി ജേക്കബ് പുന്നൂസ്. രോഗപരിശോധനയുടെ കണക്കുകളും സ്ഥിരീകരിച്ച രോഗികളുടെയും മരണത്തിന്റെയും കണക്കുകളും തമ്മിൽ ബന്ധിപ്പിച്ചാലേ രോഗവ്യാപനത്തിന്റെ ചിത്രം വ്യക്തമാകൂ എന്നും സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിൽ അദ്ദേഹം പറയുന്നു. മുഖം മൂടുന്നതും സമൂഹ അകലം പാലിക്കുന്നതുമാണ് ഇതിനിപ്പോഴുള്ള മറുമരുന്നെന്നും ജേക്കബ് പുന്നൂസ് വ്യക്തമാക്കുന്നു.

മുൻ ഡിജിപി ജേക്കബ് പുന്നൂസിന്റെ സമൂഹ മാധ്യമക്കുറിപ്പ് വായിക്കാം

കോവിഡിന് മരുന്നില്ല; ചികിത്സയുമില്ല. അതുകൊണ്ട് അടച്ചുപൂട്ടൽ ഫലിച്ചോ എന്നറിയാൻ എല്ലാ നേരവും മരണക്കണക്കുകൾ കൂട്ടിയും കിഴിച്ചും ഹരിച്ചും ഗുണിച്ചും നാം സമയം കളയുന്നു; ഏറ്റക്കുറച്ചിലനുസരിച്ച് ആശങ്കയും ആശ്വാസവും മാറിമറിയുന്നു.

എന്നാൽ കോവിഡ് കണക്കെന്നു നാം കാണുന്ന കണക്കുകൾ സമൂഹത്തിലുള്ള കോവിഡിന്റെ കണക്കല്ല; മറിച്ചു വളരെ പരിശ്രമിച്ചു ടെസ്റ്റുകൾ നടത്തി സ്ഥിരീകരിച്ച മരണങ്ങളുടെയും രോഗബാധിതരുടെയും കണക്കാണ്.

ഒരു ടെസ്റ്റുമില്ലെങ്കിൽ ഒരു മരണവും ഒരു രോഗിയും കോവിഡ് കണക്കിൽ പെടില്ല. പലയിടങ്ങളിലും അതാണ് സ്ഥിതി.

അതുകൊണ്ട് എത്ര ടെസ്റ്റുകൾ നടന്നു എന്ന് മനസ്സിലാക്കിയാൽ മാത്രമേ സമൂഹത്തിൽ എത്ര രോഗികൾ ഉണ്ട് എന്ന് ഊഹിക്കുവാൻ സാധിക്കൂ. 100 ടെസ്റ്റുകൾ നടന്നിടത്ത് ഒരു രോഗിയുണ്ടെങ്കിൽ അവിടെ 1000 ടെസ്റ്റുകൾ നടന്നാൽ പത്തു രോഗികളെ കണ്ടുപിടിച്ചേക്കാം. അതുകൊണ്ട് എത്ര രോഗികൾ ഉണ്ടെന്നു നാം അനുമാനിക്കേണ്ടത് ടെസ്റ്റുകളുടെ എണ്ണവും സ്ഥിരീകരിച്ച മരണങ്ങളുടെയും രോഗികളുടെയും എണ്ണവും പരസ്പരം ബന്ധപ്പെടുത്തിയായിരിക്കണം.

ലോകത്തിൽ ഏറ്റവും കൂടുതൽ ടെസ്റ്റുകൾ ജനസംഖ്യാനുപാതികമായി നടന്ന സ്ഥലമാണ് യുഎഇ. ഒരു ലക്ഷം പേർക്ക് 7987 ടെസ്റ്റുകൾ. ഇതുവരെ 43 മരണങ്ങൾ. മുഴുവൻ പേരെയും ടെസ്റ്റ് ചെയ്യാൻ ഇപ്പോഴത്തേതിൽനിന്നും 12 ഇരട്ടി ടെസ്റ്റുകൾ നടത്തണമായിരുന്നു. അതിന്റെയർഥം, അപ്പോൾ മരണങ്ങൾ 500 ലധികമാണെന്ന് ഒരുപക്ഷേ വ്യക്തമായേനേ എന്നതാണ് ! ഇതേ രീതിയിൽ ഇപ്പോൾ രേഖപ്പെടുത്തുന്ന മരണനിരക്കിനെ ടെസ്റ്റ് നിരക്കുകൊണ്ട് ഹരിച്ചാൽ മാത്രമേ പൂർണ്ണ ടെസ്റ്റിംഗ് നടന്നാൽ എന്തായിരുന്നേനെ എന്നത് താരതമ്യം ചെയ്യാൻ സാധിക്കൂ.

ഈ രീതിയിൽ താരതമ്യം ചെയ്യുന്ന ഒരു പട്ടികയാണ് ഇതോടൊപ്പം ഉള്ളത്. ഇപ്പോഴത്തെ സ്ഥിതിയിൽ, ഇതുവരെയുള്ള വ്യാപന സ്വഭാവം വെച്ച്, കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു 15 ഇരട്ടി സുരക്ഷിതം. ഇന്ത്യ അമേരിക്കയെക്കാൾ 7 ഇരട്ടിയും ഇംഗ്ലണ്ടിനേക്കാൾ 21 ഇരട്ടിയും ഇപ്പോൾ സുരക്ഷിതമാണ്.

അതുപോലെ തന്നെ, യുഎഇയുടെ തോതിൽ ടെസ്റ്റുകൾ എല്ലായിടത്തും നടന്നാൽ, യുഎഇ മഹാരാഷ്ട്രയേക്കാൾ 65 ഇരട്ടിയും അമേരിക്കയെക്കാൾ 211 ഇരട്ടിയും ഇംഗ്ലണ്ടിനേക്കാൾ 659 ഇരട്ടിയും ഇപ്പോൾ സുരക്ഷിതമാണ് എന്നാണു പട്ടിക സൂചിപ്പിക്കുന്നത്.

മരണങ്ങൾ ഇതനുസരിച്ച് ഇപ്പോൾ നടന്നുവെന്നോ ഭാവിയിൽ കൂടുമെന്നോ കുറയുമെന്നോ അല്ല ഇതിനർഥം. അതിന്റെ വർദ്ധന അതാത് പ്രദേശങ്ങളിലെ ആളുകൾ സ്വീകരിക്കുന്ന പ്രതിരോധ നടപടികളെ ആശ്രയിച്ചിരിക്കും. മുകളിൽ കണക്കുകൂട്ടിയത് ഇപ്പോഴത്തെ സ്ഥിതി, ഇതുവരെയുള്ളതു പോലെ തുടർന്നപ്പോൾ മുഴുവൻ ആളുകളെയും മരണങ്ങളെയും പരിശോധിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു എന്നതാണ്.

ഇപ്പോൾ മരണങ്ങൾ കുറവാണ് എന്നു നാം വിചാരിക്കുന്നു. അത് അങ്ങനെതന്നെയാവട്ടെ. എന്നാൽ വ്യാപകമായി ടെസ്റ്റുകൾ നടത്തിയാൽ മാത്രമേ നമുക്ക് യഥാർഥ സ്ഥിതി വ്യക്തമാകുകയുള്ളു; അല്ലാതെ ആശ്വസിക്കുന്നത് ചിലപ്പോൾ വിനയാകും.

കോവിഡിന് മരുന്നില്ല ; ചികിത്സയുമില്ല. അതുകൊണ്ടു അടച്ചുപൂട്ടൽ ഫലിച്ചോ എന്നറിയാൻ എല്ലാ നേരവും മരണക്കണക്കുകൾ കൂട്ടിയും...

Posted by Jacob Punnoose on Tuesday, 21 April 2020

കോവിഡിന്റെ യാത്ര എങ്ങോട്ടെന്ന് നമുക്കൊരുറപ്പുമില്ല! പ്രായോഗികമായി ബുദ്ധിമുട്ടുണ്ടെങ്കിലും എല്ലാവരും എപ്പോഴും മുഖം മൂടുന്നതും അകലം പാലിക്കുന്നതും ആണ് ഇതിനിപ്പോഴുള്ള മറുമരുന്ന്. എന്നെന്നേക്കുമായി അടച്ചുപൂട്ടൽ പറ്റില്ലല്ലോ !

എവിടെ ആരൊക്കെയാണ് സുരക്ഷിതർ എന്നൊക്കെ വരുംനാളുകളിലേ നാമറിയൂ. അതുവരെ ശതമാനവും ഇരട്ടിപ്പ് നിരക്കും കണക്കുകൂട്ടി നമുക്ക് വീട്ടിൽ കഴിയാം; വഴിതുറക്കാൻ കാത്തിരിക്കാം !

കണക്കുകളെല്ലാം ഒരു പക്ഷേ കടങ്കഥകൾ

ഒരു നിശ്ചയമില്ലയൊന്നിനും,

വരുമോ, ഓരോ വൈറസോരോ മനുജനും!

വരാതിരിക്കട്ടേ

എല്ലാവരും എല്ലായിടത്തും സുരക്ഷിതരായിരിക്കട്ടേ !

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com