ADVERTISEMENT

കോവിഡ് 19 നെതിരെ ലോകം ഒന്നാകെ പോരാടുകയാണ്. ഓരോ ദിവസവും കൊറോണ വൈറസുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ശ്വാസകോശസംബന്ധിയായ ഒരു രോഗം എന്നതിലുപരി ശരീരത്തില്‍ പല രോഗങ്ങള്‍ക്കും ഇപ്പോള്‍ കോവിഡ് കാരണമാകുന്നുണ്ട്. ന്യൂയോര്‍ക്ക്‌ നഗരത്തില്‍ നിന്നാണ് ഇപ്പോള്‍ കൊറോണ രോഗത്തെ സംബന്ധിച്ച പുതിയ വാര്‍ത്ത പുറത്തുവരുന്നത്. 

‘കവാസാക്കി’ രോഗം എന്നറിയപ്പെടുന്ന അസുഖത്തിന്റെ ലക്ഷണങ്ങളോടെ ന്യൂയോര്‍ക്ക്‌ നഗരത്തിലെ പല ആശുപത്രികളിലും കുട്ടികളെ പ്രവേശിപ്പിക്കുന്നു എന്നാണു വിവരം. ഇവരിൽ കോവിഡ് 19 കൂടി സ്ഥിരീകരിച്ചിരിക്കുന്നുവെന്നതാണ് അപകടസൂചന. രക്തക്കുഴലുകളുടെ ഭിത്തിയില്‍ പഴുപ്പുണ്ടാകുന്ന അവസ്ഥയാണ് കവാസാക്കി രോഗം. അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളെയാണ് ഈ രോഗം കൂടുതലും ബാധിക്കുന്നത്. ലോകത്തില്‍ 10,000 കുട്ടികളില്‍ ഒരാള്‍ക്ക് എന്ന നിലയില്‍ ഒരു വർഷം ഈ രോഗം റിപ്പോര്‍ട്ട്‌ ചെയ്യാറുണ്ട്.  1967 ല്‍ ജപ്പാനിലാണ് ഈ രോഗം ആദ്യമായി സ്ഥിരീകരിച്ചത്. കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ ആണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നതും. 

ദേഹത്ത് ചുവന്ന പാടുകളും തടിപ്പും കാണുക, പനി, തൊലി അടര്‍ന്നുപോരുക എന്നിവയെല്ലാമാണ്  ഈ രോഗത്തിന്റെ പ്രധാനലക്ഷണങ്ങള്‍.  കോവിഡ് വരാന്‍ സാധ്യത ഏറ്റവും കുറവുള്ള വിഭാഗമാണ് കുട്ടികള്‍. മാതാപി താക്കള്‍ക്ക് കോവിഡ് വന്നാല്‍ പോലും കുട്ടികളില്‍ അത് സ്ഥിരീകരിക്കാനുള്ള സാധ്യത കുറവാണ്. എന്നാല്‍ പുതിയ രോഗത്തിന്റെ വരവോടെ കുട്ടികളിലും രോഗ സാധ്യത ശക്തമാണെന്ന് ബ്രിട്ടനും ഇറ്റലിയും പറയുന്നു. അതിനാല്‍ ഇപ്പോള്‍  കുട്ടികളിലേക്കും പടരുമെന്ന മുന്നറിയിപ്പ് നല്‍കാന്‍ ഒരുങ്ങുകയാണ് ഡോക്ടര്‍മാര്‍. കോവിഡ് 19 കുട്ടികളില്‍ ചില അസാധാരണ ലക്ഷണങ്ങള്‍ കാണിക്കുന്നുവെന്ന് നേരത്തേ യുകെയിലെ ചില ഡോക്ടർമാർ പറഞ്ഞിരുന്നു.

English Summary: Kawasaki disease, a rare condition in children that doctors worry is linked to the coronavirus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com