ADVERTISEMENT

യുഎഇയിൽ നിന്നു മടങ്ങിയെത്തിയ 2 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആന്റിബോഡി റാപ്പിഡ് ടെസ്റ്റിന്റെ വിശ്വാസ്യത സംശയ നിഴലിലാണ്. കോവിഡ് രോഗനിർണയത്തിന് 100% വിശ്വസിക്കാവുന്ന പരിശോധന രീതിയായി ആന്റിബോഡി റാപ്പിഡ് ടെസ്റ്റ് വികസിത രാജ്യങ്ങൾ പോലും കാണുന്നില്ല. തെറ്റായ ഫലം വരാനുള്ള സാധ്യത ഇതിൽ കൂടുതലാണ്.

ആന്റിബോഡി രണ്ടു തരമുണ്ട്. ഐജിഎം– വൈറസ് പകർന്ന് ആദ്യത്തെ ആഴ്ചയിൽ തന്നെ ശരീരം ഈ ആന്റിബോഡി ഉൽപാദനം തുടങ്ങും. ഐജിജി– രണ്ടാമത്തെ ആഴ്ചയിലാണ് ഈ ആന്റിബോഡി ഉൽപാദനം പ്രധാനമായും നടക്കുന്നത്. രോഗം മാറിയ ശേഷവും ഈ ആന്റിബോഡി ഏറെക്കാലം ശരീരത്തിൽ നിലനിൽക്കും. റാപ്പി‍‍ഡ് ടെസ്റ്റ് പരിശോധനയിൽ ഈ ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്താൻ കഴിയാതെ പോകാമെന്നാണ് അനുഭവങ്ങൾ സൂചിപ്പിക്കുന്നത്.

ഒരു ടെസ്റ്റും 100% വിശ്വാസയോഗ്യമാണെന്നു പറയാനാവില്ല. ഒരു വ്യക്തിയുടെ ക്ലിനിക്കൽ കാര്യങ്ങൾ കൂടി പരിശോധിച്ചു മാത്രമേ ആ ടെസ്റ്റ് റിസൽറ്റിനെ വിശകലനം ചെയ്യാൻ സാധിക്കൂ. ഒരു മുറിയിൽ കഴിഞ്ഞ 30 ദിവസമായി അടച്ചു പൂട്ടിയിരിക്കുന്ന ഒരാൾക്ക് ആന്റിബോഡി ടെസ്റ്റിൽ പോസിറ്റീവായെന്നു കരുതുക. അയാളുടെ ചരിത്രം അറിയാവുന്ന നമുക്ക് ആ പരിശോധന ഫലം തെറ്റാണെന്നു പറയാനാവും.

ഇപ്പോൾ വിദേശ വിമാനത്താവളങ്ങളിൽ നടക്കുന്ന ആന്റിബോഡി റാപ്പിഡ് പരിശോധനയെ ആ വ്യക്തിയുടെ ക്ലിനിക്കൽ കാര്യങ്ങളുടെ കൂടി അടിസ്ഥാനത്തിൽ വിലയിരുത്താൻ നമുക്കു കഴിയില്ല. പല രീതികളിൽ ഈ പരിശോധന നടത്താറുണ്ട്. ‘എലിസ’ രീതി താരതമ്യേന മെച്ചപ്പെട്ടതാണ്.

ഒരു രോഗലക്ഷണവും കാണിക്കാതെയാണു ഭൂരിപക്ഷം പേരും കോവിഡ് ബാധിതരായിട്ടുള്ളത്. അതുകൊണ്ടു തന്നെ ഒരാളുടെ പനിയോ, ചുമയോ നോക്കി നമുക്കു രോഗമുണ്ടോയെന്നു കണ്ടെത്താനാവില്ല. വിദേശത്തു നിന്നു മടങ്ങിയെത്തുന്ന ഓരോരുത്തരെയും വൈറസ് വാഹകരായി തന്നെ കണ്ടു പ്രതിരോധ നടപടികൾ സ്വീകരിക്കണം.

ലോക്ഡൗൺ പോലെ തന്നെ കർശനമായി നടപ്പാക്കേണ്ടതാണു മടങ്ങിയെത്തുന്നവരുടെ ക്വാറന്റീനും. ക്വാറന്റീൻ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണം. മടങ്ങിവരുന്ന പ്രവാസികളുടെ എണ്ണം കൂടുമ്പോഴും നിരീക്ഷണ സംവിധാനം ശക്തമായി പ്രവർത്തിക്കേണ്ടതുണ്ട്. 28 ദിവസം നിരീക്ഷണം നിർബന്ധമാക്കണം. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ കുടുംബാംഗങ്ങളും ജാഗ്രത കാണിക്കണം. മടങ്ങിയെത്തിയവരുമായി ഇടപഴകിയാൽ ആ കുടുംബാംഗങ്ങളും ക്വാറന്റീനിൽ കഴിയണം. മടങ്ങിയെത്തിയയാൾക്കു രോഗമുണ്ടെങ്കിൽ അവരുടെ കുടുംബാംഗങ്ങളിലൂടെ പോലും വൈറസ് സമൂഹത്തിൽ വ്യാപിക്കാം. 

English Summary: COVID- 19 Antibody rapid test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com