ADVERTISEMENT

കോവിഡ് നമ്മുടെ ജീവിതരീതിയിലും പ്രവർത്തനശൈലിയിലും വരുത്തിയത് വലിയ മാറ്റമാണ്. ലോക്‌ഡൗൺ സമയത്തും അത് കഴിഞ്ഞും ദന്താരോഗ്യപ്രശ്നങ്ങൾ നിങ്ങളെ വലയ്ക്കുന്നുണ്ടാവും. എന്നാൽ മുൻപ് ചെയ്തിരുന്നതുപോലെ വെറുതെ ഒരു മുന്നൊരുക്കവുമില്ലാതെ ദന്താശുപത്രികളിലേക്കു പോകാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ കഴിയില്ല. ഒട്ടേറെ സംശയങ്ങളും ആശങ്കകളും രോഗികളുടെ മനസിലും ഉടലെടുക്കാറുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളിലായി പല രോഗികളും ചോദിച്ച ഏറ്റവും പ്രധാനപ്പെട്ട 15 സംശയങ്ങൾക്ക് ഉത്തരം നൽകുകയാണ് ഇവിടെ.

1. ഇപ്പോൾ ദന്താശുപത്രികളിൽ അടിയന്തര ചികിത്സ മാത്രമാണ് നൽകുന്നതെന്ന് കേട്ടു, എന്തൊക്കെയാണ് അവയിൽ ഉൾപ്പെടുന്നത് ?           

a. വേദനാസംഹാരികൾ കഴിച്ചിട്ടും മാറാത്ത അസഹ്യമായ പല്ലുവേദന                                 

b. അപകടം കാരണം പല്ലിനോ താടിയെല്ലുകൾക്കോ ഉണ്ടായ ക്ഷതം                 

c. മോണയിൽ നിന്ന് അനിയന്ത്രിതമായ രക്തസ്രാവം                                                       

d. മുഖത്ത് നീർവീക്കവും ഭക്ഷണമോ ഉമിനീരോ ഇറക്കാനുള്ള ബുദ്ധിമുട്ട് , ശ്വാസംമുട്ട് എന്നിവ അനുഭവപ്പെടുന്ന ഗുരുതരമായ അണുബാധയുള്ള അവസ്ഥ                            

e. നന്നായി ഇളകിയിരിക്കുന്ന പല്ലുകൾ അസ്വസ്‌ഥത ഉണ്ടാക്കുന്നുവെങ്കിൽ.               

f. കൃത്രിമദന്തങ്ങൾ അഥവാ പല്ലിൽ കമ്പിയിട്ട ഭാഗത്ത് എന്തെങ്കിലും അസഹ്യമായ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന പക്ഷം  

2. പല്ല് അടയ്ക്കൽ, പല്ല് വൃത്തിയാക്കുക തുടങ്ങിയവ ഇപ്പോൾ ചെയ്യാൻ കഴിയില്ല എന്ന് പറയുന്നതെന്താണ് ?   

കോവിഡ്- 19 കാലഘട്ടത്തിൽ ദന്തചികിത്സയിൽ ഏറ്റവും ശ്രദ്ധ പുലർത്തേണ്ട ഒന്നാണ് സൂക്ഷ്മജലകണികകൾ  ഉൽപാദിപ്പിക്കപ്പെടുന്ന പ്രക്രിയകൾ. പല്ല് വൃത്തിയാക്കൽ, പല്ലിലെ കേട്  അടയ്ക്കുക, റൂട്ട് കനാൽ ചികിത്സ, തൊട്ടടുത്തുള്ള പല്ലുകളുമായി ഘടിപ്പിക്കുന്ന തരം വയ്പുപല്ലുകൾ വയ്ക്കാനായി പല്ലിന്റെ നീളം കുറയ്ക്കുന്നതിനുമൊക്കെ ഈ പ്രക്രിയ വേണ്ടി വരുന്നു.  സൂക്ഷ്മജലകണികകളെ അവയിലെ കണങ്ങളുടെ വ്യാസം അനുസരിച്ച് വീണ്ടും മൂന്നായി തരം തിരിക്കാനായി സാധിക്കും                              

a 0.50 മൈക്രോമീറ്ററിൽ താഴെ വ്യാസമുളള  അതിസൂക്ഷ്മസ്വഭാവമുളള ജലകണികകൾ അഥവാ എയ്റോസോളുകൾ: ഇവ വളരെയേറെ അപകടകാരിയാണ്. വളരെ നേരം ഇവ അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നു. ഇവയിൽ ബാക്ടീരിയ, വൈറസുകൾ തുടങ്ങിയവ കൂടിയും കുറഞ്ഞതുമായ തോതിൽ അടങ്ങിയിട്ടുണ്ട്.                                                 

b 0.50 മൈക്രോമീറ്റർ പരിധിയിൽ വരുന്ന സൂക്ഷ്മസ്വഭാവമുള്ള മിസ്റ്റുകൾ : പ്രകാശത്തിലാണ് ഇവ കൂടുതൽ തെളിഞ്ഞു കാണുക. ഘനസ്വഭാവമുള്ള ഇവയിൽ ഏറിയ പങ്കും അഞ്ചു മുതൽ പതിനഞ്ചു മിനിറ്റിനുള്ളിൽ അപ്രത്യക്ഷപ്പെടാറുണ്ട്.           

c 0.50 മൈക്രോമീറ്ററിനേക്കാൾ വലിപ്പമുളള സ്പ്ലാറ്ററുകൾ : രോഗിയുടെ വായിൽ നിന്നു മൂന്നടി ദൂരം വരെ തെറിച്ചു വീഴുന്ന അൽപം കൂടി വലിയ കണങ്ങളാണിവ. ഡോക്ടറുടെ കോട്ടിലും മുഖാവരണത്തിലും കണ്ണടയിലുമൊക്കെ ഇവ പറ്റിപ്പിടിച്ചിരിക്കും. അതിനാൽതന്നെ ഓരോ ചികിത്സയ്ക്കു ശേഷവും കണ്ണടയും മറ്റും അണുനശീകരണ ലായനി ഉപയോഗിച്ച് വൃത്തിയാക്കണം. അതുകൊണ്ടാണ് ഇത്തരം ചികിത്സകൾ ഇപ്പോൾ ചെയ്യാൻ കഴിയാത്തത്. എന്നാൽ ഇവയെ നിയന്ത്രിക്കാനുള്ള മാർഗങ്ങളും പരീക്ഷിച്ചു വരുന്നുണ്ട്.                       

3. ഞങ്ങൾ ചികിത്സയ്ക്ക് വരുമ്പോൾ എന്താണ് ശ്രദ്ധിക്കേണ്ടത് ? 

നിങ്ങൾക്ക് പനി, ചുമ, തലവേദന, തൊണ്ടവേദന, ശ്വാസതടസ്സം, പേശിവേദന, രുചിയോ മണമോ തിരിച്ചറിയാൻ ബുദ്ധിമുട്ട്, തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ തുറന്നു പറയുക. വിദേശ രാജ്യങ്ങളിലോ കോവിഡ് ബാധിത പ്രദേശങ്ങളോ അടുത്ത് സന്ദർശിക്കുകയോ അല്ലെങ്കിൽ സന്ദർശിച്ചവരുമായോ കോവിഡ് രോഗികളുമായോ ഏതെങ്കിലും തരത്തിൽ സമ്പർക്കം പുലർത്തിയിട്ടുണ്ടെങ്കിൽ അതും പറയുക. ഇപ്പോൾ എല്ലാ ക്ലിനിക്കുകളിലും ഇത്തരം ചോദ്യങ്ങൾ ആരാഞ്ഞു കൊണ്ടുള്ള  പ്രത്യേക ചോദ്യാവലിതന്നെ ലഭ്യമാണ്. ഇവയോട് സഹകരിക്കുകയും  സത്യസന്ധമായി പൂരിപ്പിക്കുകയും ചെയ്യുക.          

4. എനിക്ക് പല്ലുവേദന വന്നാൽ ഞാൻ ഈ ലോക്ഡൗൺ മാറുന്നതുവരെ ചികിത്സയ്ക്ക് കാത്തു നിൽക്കണോ? 

പല്ലുവേദന വരികയാണെങ്കിൽ നിങ്ങളുടെ ദന്തഡോക്ടറെ ഫോണിൽ ബന്ധപ്പെടുക അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം മരുന്നു കഴിക്കുക. ഒരിക്കലും സ്വയം ചികിത്സയ്ക്ക് മുതിരരുത്. പണ്ടുപയോഗിച്ചതിൽ ബാക്കിയുള്ള സ്ട്രിപ്പ് ആന്റിബയോട്ടിക്കുകൾ കഴിക്കുന്ന രീതി ഒഴിവാക്കുക. മരുന്ന് കഴിച്ചിട്ടും അസഹ്യമായ പല്ല് വേദനയാണെങ്കിൽ തീർച്ചയായും ഡോക്ടറെ വിളിച്ച് പറയുന്ന സമയത്ത് ദന്താശുപത്രിയിൽ പോയി കാണാവുന്നതാണ്. ഇപ്പോൾ ടെലികൺസൾട്ടേഷൻ അഥവാ ഫോൺ അല്ലെങ്കിൽ മൊബൈൽ ആപ്പുകൾ മുഖാന്തരമുള്ള സേവനവും ലഭ്യമാണ്.     

5. ആരൊക്കെയാണ് ദന്താശുപത്രികളിലേക്ക് പോകാനൊരുങ്ങുമ്പോൾ ഈ അവസ്ഥയിൽ  കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത്? 

അതീവ ജാഗ്രത പാലിക്കേണ്ട വിഭാഗത്തിൽ പെടുന്നവർ 

a. 65 വയസിനു മുകളിലുള്ളവർ.                   

b. ശ്വാസകോശസംബന്ധമായ രോഗമുള്ളവർ.          

c. പ്രമേഹരോഗികൾ.            

d. ഹൃദ്രോഗം ഉളളവർ.           

e. കരൾ രോഗമുള്ളവർ.      

f. അർബുദരോഗികൾ         

g. ഗർഭിണികൾ              

ഇതോടൊപ്പം പ്രത്യേക  ശ്രദ്ധ   വേണ്ട രണ്ടാം വിഭാഗവുമുണ്ട്                     

a. ദീർഘനാളായി   രോഗപ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകൾ എടുക്കുന്നവർ                     

b. അവയവസ്വീകർത്താക്കൾ                                          

c. കീമോതെറാപ്പി , റേഡിയോതെറാപ്പി ചികിത്സ എടുക്കുന്നവർ                        

d.എയ്ഡ്സ് പോലെ ശരീരത്തിന്റെ  രോഗപ്രതിരോധശേഷി  കുറഞ്ഞിട്ടുള്ളവർ                 

മേൽപ്പറഞ്ഞ വിഭാഗത്തിൽപ്പെട്ടവർ എല്ലാം അടിയന്തര ദന്തചികിത്സയ്ക്കാണെങ്കിലും  ദന്തഡോക്ടറുമായി മുൻകൂട്ടി സംസാരിച്ചതിന് ശേഷം മാത്രമേ ദന്തൽ ക്ലിനിക്കുകളിലേക്കു വരാൻ പാടുള്ളൂ                                

6. ദന്താശുപത്രിയിലേയ്ക്ക്  വരുമ്പോൾ കൂടെ ഒരാളിനെ കൊണ്ടു വരേണ്ടതില്ലേ ?        

ഉണ്ട്, പക്ഷേ കുട്ടികൾ, വൃദ്ധജനങ്ങൾ,  ശ്വാസകോശ സംബന്ധമായ അസുഖമുളളവരെയും ഹൃദ്രോഗമുള്ളവരെയും മുൻചോദ്യത്തിന്റെ ഉത്തരത്തിൽ പരാമർശിച്ച ജാഗ്രത വേണ്ട വിഭാഗത്തിലുള്ളവരെയും  കൂടെ കൂട്ടരുത്. ഇപ്പോഴത്തെ അവസ്ഥയിൽ തനിയെ വരുന്നതാണ് അഭികാമ്യം.                   

7. എനിക്ക് ചുമയ്ക്കാനോ തുമ്മാനോ അവിടെ വച്ച് തോന്നിയാൽ ചെയ്യാമോ?    

ചെയ്യാം, ഒരു തൂവാലയിലേക്കോ അല്ലെങ്കിൽ കൈമുട്ട് മടക്കി അതിലേക്കോ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യാം. തുറന്ന അന്തരീക്ഷത്തിലേക്ക് ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യാതിരിക്കുക                 

8. ഞങ്ങളിൽ നിന്നും കാശായി  ചികിത്സാ നിരക്ക് സ്വീകരിക്കില്ലേ ? 

കഴിവതും ഗൂഗിൾ പേ പോലുള്ള ആപ്പുകൾ ഉണ്ടെങ്കിൽ അവയാണ് അനാവശ്യ സ്പർശനം ഒഴിവാക്കാൻ അഭികാമ്യം. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന POS മെഷീനുകൾ ശരിയായി അണുവിമുക്തമാക്കുന്നതിലും ചില പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാൽ ഇത്തരം ആപ്പുകളാണ് കൂടുതൽ നല്ലത്.   

9. പകുതി ഘട്ടത്തിലെത്തി നിൽക്കുന്ന റൂട്ട് കനാൽ ചികിത്സ, പല്ല് കമ്പിയിടുന്നതിന്റെ പ്രതിമാസ തുടർചികിത്സ, മോണ ശസ്ത്രക്രിയയുടെ തുടർ ചികിത്സ ഇതൊക്കെ മുടങ്ങിയാൽ പ്രശ്നമാവില്ലേ ? 

റൂട്ട് കനാൽ പകുതി ഘട്ടത്തിലെത്തി നിൽക്കുന്ന പല്ലിൽ അസ്വസ്ഥതയോ വേദനയോ വന്നാൽ ഡോക്ടറെ വിളിച്ച് വിവരം പറയുക. പല്ലിൽ കമ്പിയിടുന്നതിന്റെ തുടർ ചികിത്സ അടിയന്തരസ്വഭാവമുള്ളതല്ല. അടുത്ത അപ്പോയിന്റ്മെന്റ് മുടങ്ങാതെ ശ്രദ്ധിച്ചാൽ മതി. കമ്പിയുടെ ഏതെങ്കിലും ഭാഗം ഇളകുകയോ നാവിലോ കവിളിലോ തുടർച്ചയായി മുറിവുകളോ ഉണ്ടാക്കുന്നുവെങ്കിൽ ഡോക്ടറോട് അക്കാര്യം പറയുക. മോണരോഗശസ്ത്രക്രിയ കഴിഞ്ഞവർ ഡോക്ടർ പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കുക. വേദനയോ മറ്റ് ബുദ്ധിമുട്ടോ തോന്നുന്ന പക്ഷം ഡോക്ടറോട് പറയുക                              

10. ഞങ്ങൾക്ക് അവിടെ കൈ കഴുകാനുള്ള സൗകര്യം ഉണ്ടാവുമല്ലോ ? 

തീർച്ചയായും. വാതിൽപ്പിടിയിൽ തൊടും മുൻപും ശേഷവും കൈ വൃത്തിയാക്കണം. സോപ്പും വെളളവും അല്ലെങ്കിൽ കൈ ശുചീകരണ ലായനി ഉപയോഗിക്കാം. ഇപ്പോഴെന്നല്ല പണ്ട് മുതൽ തന്നെ എല്ലാ ദന്തൽ ക്ലിനിക്കുകളിലും കൈ കഴുകാനുള്ള  സൗകര്യം ലഭ്യമാണെന്ന് അറിയാമല്ലോ                                   

11. വീട്ടിൽ ദന്തസംരക്ഷണത്തിൽ നാം എന്തൊക്കെ ശ്രദ്ധിക്കണം ?  

ദിവസവും രണ്ടു നേരം മൂന്നു മിനിറ്റു വീതം വൃത്തിയായി പല്ല് തേയ്ക്കുക.  

പല്ലിന്റെ ഇടയിലെ ഭക്ഷണ പദാർഥങ്ങൾ നഖം കൊണ്ടോ പല്ലുകുത്തി, സേഫ്റ്റി പിൻ തുടങ്ങിയവയോ ഉപയോഗിച്ച് നീക്കാതെ അതിനായുള്ള ഫ്ളോസ് എന്ന പ്രത്യേകതരം നൂലുകളോ പല്ലിട ശുചീകരണ ബ്രഷുകളോ ഉപയോഗിക്കാം          

ബ്രഷ് ടോയ്‍ലറ്റിൽ നിന്നു കുറഞ്ഞത് ആറടിയെങ്കിലും മാറ്റി വയ്ക്കുക. ഈർപ്പം കളഞ്ഞിട്ട് ഉണക്കി വേണം വയ്ക്കാൻ. പാറ്റ, പല്ലി തുടങ്ങിയവയ്ക്ക് എത്താൻ കഴിയാത്ത രീതിയിൽ ഒരു അടപ്പുള്ള ഷെൽഫിനുള്ളിൽ ഒരു സ്റ്റാൻഡിനുള്ളിൽ നിർത്തി വയ്ക്കുന്നതാവും നല്ലത്.

എല്ലാ ദിവസവും പല്ല് തേയ്ക്കുന്നതിന് മുൻപ് ഇളം ചൂടു വെള്ളത്തിൽ ടൂത്ത് ബ്രഷ് വൃത്തിയാക്കിയതിന് ശേഷം ഉപയോഗിക്കുക 

12. അടിയന്തര ചികിത്സയുടെ ഭാഗമായി പല്ലെടുത്ത് തയ്യലിട്ടിട്ടുണ്ടെങ്കിൽ അത് നീക്കം ചെയ്യാൻ വീണ്ടും സന്ദർശിക്കണോ ? 

കഴിവതും താനേ ലയിച്ച് പോകുന്ന തുന്നലുകൾ ആവും നൽകുക. ചില പ്രത്യേക സാഹചര്യങ്ങളിൽ ദൗർലഭ്യം കാരണം അല്ലാത്ത തുന്നൽ ഇടുന്ന പക്ഷം ഡോക്ടർ പറയുന്ന ദിവസം വന്ന് തുന്നൽ മാറ്റുക                             

13. ഇപ്പോഴായതു കൊണ്ട് അടിയന്തര ചികിത്സയ്ക്ക്  ഏത് സമയത്തും ചെല്ലാൻ കഴിയുമോ ? 

തീർച്ചയായും ഡോക്ടറെ വിളിച്ചതിനു ശേഷം ക്ലിനിക്കിലേക്കു പോവുക. കഴിവതും കൃത്യസമയത്ത് അപ്പോയിന്റ്മെന്റിന് എത്താൻ ശ്രമിക്കുക. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു സമയം ഒരാൾക്ക് മാത്രമാകും അപ്പോയിന്റ്മെന്റ് നൽകിയിട്ടുണ്ടാവുക. നിങ്ങൾ കൂടുതൽ വൈകിയാൽ  ചിലപ്പോൾ അത്  കാത്തിരിപ്പ് മുറിയിലെ അനാവശ്യ തിരക്കിന് കാരണമാവും. സാമൂഹിക അകലം വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് മറക്കാതിരിക്കുക. 

14. ചികിത്സാനിരക്കുകൾ വർധിക്കുവാൻ സാധ്യതയുണ്ടോ? 

ശസ്ത്രക്രിയകൾക്കും സൂക്ഷ്മജലകണികകൾ ഉണ്ടാവുന്ന പ്രകിയകൾക്കും പണ്ട് ചെയ്തതിൽ നിന്നും വിഭിന്നമായി കയ്യുറകൾക്കും  മുഖാവരണത്തിനും പുറമേ മുഖപരിചയും സംരക്ഷണ കണ്ണടയും പ്രത്യേക ഉടുപ്പുകളുമൊക്കെ അടങ്ങിയ സ്വകാര്യ സംരക്ഷണ ഉപാധികൾ (PPE) ധരിക്കേണ്ടതായി വരുന്നു. ദന്ത ചികിത്സാ ഉപകരണങ്ങളുടെ ശുചീകരണരീതിയിലും ചില പുത്തൻ സാങ്കേതിക രീതികൾ ഉപയോഗിക്കേണ്ടതായും വരുന്നു. അതിന് അനുസൃതമായ ചെറിയൊരു ചികിത്സാവർധനവ് ഉണ്ടാകും.                                 

15. വേദനയുള്ള പല്ല് ചൂണ്ടിക്കാണിക്കുന്ന സ്വഭാവമുണ്ട്. ഇത് ഇപ്പോൾ പാടില്ല എന്നൊരു സുഹൃത്ത് പറഞ്ഞു. ഇത് ശരിയാണോ ഡോക്ടർ?

അതെ, കൈകൾ കൊണ്ട് അനാവശ്യമായി കണ്ണിലോ മുഖത്തോ മൂക്കിലോ സ്പർശിക്കരുതെന്നതു പോലെതന്നെ പല്ലിലും വായിലും വെറുതെ തൊടരുത്. ഏത് പല്ലിനാണെന്ന് ശരിയായി തൊടാതെ പറയാൻ കഴിയുന്നില്ലെങ്കിൽ മേൽത്താടിയിൽ  ഇടത് ഭാഗത്ത് പുറകിൽ നിന്നും മൂന്നാമത്തെ പല്ലോ രണ്ടാമത്തെ പല്ലോ എന്നൊരൂഹം പറഞ്ഞാൽ മതിയാവും. പരിശോധനയ്ക്കിടയിൽ ശരിയായ പ്രശ്നം ഡോക്ടർ കണ്ടെത്തിക്കോളും. 

(ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ, തിരുവനന്തപുരം കൗൺസിൽ ഫോർ ഡെന്റൽ ഹെൽത്ത് & അവെയർനെസ് കൺവീനർ ആണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com