ADVERTISEMENT

തുന്നിച്ചേർത്ത ഹൃദയങ്ങളിൽ ജീവൻ തുടിക്കുന്ന മൂന്നു പേർ ഒന്നിച്ചിരുന്നു; മനസ്സിന്റെ സന്തോഷം പങ്കുവയ്ക്കാൻ. ലിസി ആശുപത്രിയിൽ രണ്ടാഴ്ച മുൻപു ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയയായ ലീന ഷിബുവിനെ കാണാൻ വർഷങ്ങൾ മുൻപ് ഹൃദയം മാറ്റിവച്ച മാത്യു അച്ചാടനും സന്ധ്യയുമെത്തി. തിരുവനന്തപുരത്തുനിന്ന് ആകാശമാർഗം എത്തിച്ച ഹൃദയങ്ങളാണു 3 പേരിലും മിടിക്കുന്നതെന്നതു കൂടിക്കാഴ്ചയിലെ കൗതുകകരമായ യാദൃച്ഛികത.

എല്ലാ വർഷവുമുള്ള തുടർ പരിശോധനകൾക്കായാണു മാത്യുവും സന്ധ്യയും ലിസി ആശുപത്രിയിലെത്തിയത്. അവർ വരുന്നതറിഞ്ഞു കാണാൻ ലീന താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷവും സാധാരണ ജീവിതം നയിക്കുന്ന മാത്യുവിനെയും സന്ധ്യയെയും കണ്ടപ്പോൾ തന്റെ ആത്മവിശ്വാസം വർധിച്ചുവെന്നു ലീന പറഞ്ഞു.

2015ൽ മസ്തിഷ്ക മരണം സംഭവിച്ച എസ്. നീലകണ്ഠ ശർമയുടെ ഹൃദയം തിരുവനന്തപുരത്തുനിന്നു നാവികസേനയുടെ വിമാനത്തിൽ എത്തിച്ചാണു ചാലക്കുടി പരിയാരം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ മാത്യു അച്ചാടനിൽ വച്ചു പിടിപ്പിച്ചത്.

2016ൽ സമാന രീതിയിൽ എത്തിച്ച വിശാലിന്റെ ഹൃദയം സന്ധ്യയ്ക്കും തുണയായി. ലിസി ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻ, മാത്യുവിന്റെ ഭാര്യ ബിന്ദു, സന്ധ്യയുടെ ഭർത്താവ് പ്രമോദ്, നാലു വയസ്സുകാരൻ മകൻ ഗൗതം എന്നിവർ കൂടിക്കാഴ്ചയ്ക്കു സാക്ഷിയായി.

മസ്തിഷ്ക മരണം സംഭവിച്ച ചെമ്പഴന്തി സ്വദേശി ലാലി ഗോപകുമാറിന്റെ ഹൃദയം ഈ മാസം 9നാണു ലീനയ്ക്കു മാറ്റിവച്ചത്. ലീനയുടെ ആരോഗ്യനില പൂർണ തൃപ്തികരമാണെന്നും ഏറെ വൈകാതെ ആശുപത്രി വിടാനാകുമെന്നും ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു.

English Summary: Heart transplantation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com