ADVERTISEMENT

പലരെയും ബാധിക്കുന്ന ഒരു സാധാരണ പ്രശ്‌നമാണ് ഭക്ഷണത്തിലൂടെയുള്ള അലര്‍ജി. നിങ്ങള്‍ക്ക് ഒരു ഭക്ഷണ അലര്‍ജിയുണ്ടെങ്കില്‍, നിങ്ങളുടെ രോഗപ്രതിരോധ ശേഷി ആ ഭക്ഷണത്തില്‍ കാണപ്പെടുന്ന ഒരു പ്രത്യേക പ്രോട്ടീനോട് അമിതമായി പ്രതികരിക്കും. ആ പ്രത്യേക ഭക്ഷണത്തിന്റെ ചെറിയ അളവ് കഴിക്കുമ്പോള്‍തന്നെ പ്രതികരണം സംഭവിക്കാം. ഏത് പ്രായത്തിലും ആദ്യമായി ഭക്ഷണ അലര്‍ജി ഉണ്ടാകാം. പാല്‍, കക്കയിറച്ചി, നട്ട്‌സ്, ഗോതമ്പ്, മുട്ട, സോയ എന്നിവയാണ് അലര്‍ജിക്ക് കാരണമാകുന്ന ഏറ്റവും സാധാരണമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍. എന്നിരുന്നാലും, ഓരോ വ്യക്തിയുടെയും അലര്‍ജി പ്രൊഫൈല്‍ സവിശേഷമാണ്. ഭക്ഷണ അലര്‍ജി ജീവന് വരെ ഭീഷണിയുണ്ടാക്കാം. അലര്‍ജി കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കും. മിക്കവാറും കുട്ടികളും ഭക്ഷണ അലര്‍ജിയെ മറികടക്കുകയും മുതിര്‍ന്നവര്‍ക്ക് പ്രത്യേക ഭക്ഷണങ്ങളില്‍ അലര്‍ജി ഉണ്ടാകാനും സാധ്യതയുണ്ട്.

ഭക്ഷണ അലര്‍ജിയുടെ ലക്ഷണങ്ങള്‍ ഓരോ വ്യക്തിക്കും വ്യത്യാസപ്പെടുന്നു. തുമ്മല്‍, ഛര്‍ദ്ദി, വയറിളക്കം, ശ്വാസം മുട്ടല്‍, മുഖത്തിന്റെയും കഴുത്തിന്റെയും വീക്കം, ചര്‍മ ചുണങ്ങ്, ശ്വാസതടസ്സം എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. ചിലപ്പോള്‍ ഈ ലക്ഷണങ്ങള്‍ക്കൊപ്പം രക്തസമ്മര്‍ദ്ദം കുറയുക, ഭയം, ശ്വസന നില ക്രമാനുസൃതമായി വഷളാകല്‍ തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകാം. ഇതിനെ അനാഫൈലക്‌സിസ് എന്ന് വിളിക്കുന്നു. അനാഫൈലക്‌സിസ് ജീവന്‍ അപകടപ്പെടുത്തുന്ന രോഗാവസ്ഥയായതിനാല്‍ അടിയന്തിര ആശുപത്രി പരിചരണം ആവശ്യമാണ്.

സ്‌കിന്‍ പ്രിക്ക് ടെസ്റ്റ്, ഇന്‍ട്രാഡെര്‍മല്‍ ടെസ്റ്റ് അല്ലെങ്കില്‍ ജനറല്‍ ഫുഡ് അലര്‍ജി ടെസ്റ്റ് എന്നിവ ഉപയോഗിച്ച് ഭക്ഷണ അലര്‍ജികള്‍ വിശദമായി കണ്ടെത്താനാകും. അലര്‍ജിയുണ്ടാക്കുന്നവ ഒഴിവാക്കുക (നിങ്ങള്‍ക്ക് അലര്‍ജിയുള്ള പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം) എന്നതാണ് ഭക്ഷണ അലര്‍ജിയെ നിയന്ത്രിക്കുന്നതിനുള്ള പ്രധാന മാര്‍ഗം. നിങ്ങളുടെ അലര്‍ജി സ്‌പെഷ്യലിസ്റ്റുമായി കൂടിയാലോചിച്ച ശേഷം ആന്റി അലര്‍ജി മരുന്നുകള്‍ ഉള്‍പ്പെട്ട ചികിത്സയിലൂടെ പൊതുവായ അലര്‍ജിയെ വലിയ തോതില്‍ നിയന്ത്രിക്കാന്‍ സഹായിക്കും. ആവര്‍ത്തിച്ചുള്ള അനാഫൈലക്‌സിസിന്റെ ചരിത്രമുണ്ടെങ്കില്‍, നിങ്ങള്‍ ആശുപത്രിയില്‍ എത്തുന്നതുവരെ ജീവന് അപകടമുണ്ടാകാതിരിക്കാന്‍ എപിനെഫ്രിന്‍ പെന്‍ എപ്പോഴും കൂടെ കരുതുന്നത് നന്നായിരിക്കും.

 (പട്ടം ബി.ആര്‍. ലൈഫ് എസ്.യു.ടി ഹോസ്പിറ്റലിലെ പള്‍മനോളജി ആൻഡ് അലര്‍ജി സ്‌പെഷ്യലിസ്റ്റ് ആണ് ലേഖിക)

English Summary: Food allergy, Anaphylaxis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com