ADVERTISEMENT

കോവിഡ് 19 ന്റെ ചികിത്സയ്ക്കായി രൂപകൽപന ചെയ്ത ആന്റി ബോഡി തെറപ്പി മനുഷ്യരിൽ പരീക്ഷണം തുടങ്ങി. ഏലി ലില്ലി ആൻഡ് കമ്പനി എന്ന അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ഇത് പരീക്ഷിക്കുന്നത്.

ഈ ചികിത്സാരീതി സുരക്ഷിതമാണോ എന്ന് പരീക്ഷണങ്ങളുടെ ആദ്യഘട്ടത്തിൽ പരിശോധിക്കും. ജൂൺ അവസാനത്തോടെ ഇതിന്റെ ഫലം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ചികിത്സാ രീതി പരീക്ഷിക്കപ്പെട്ട കോവി‍ഡ് 19 രോഗികൾ, ന്യൂയോർക്ക് സിറ്റിയിലെ ഗ്രോസ്മാൻ സ്കൂൾ ഓഫ് മെഡിസിനിലും  ലൊസാഞ്ചലസിലെ സൈഡാർഡ് സിനായിയിലും അറ്റ്ലാന്റയിലെ എമോയ് സർവകലാശാലയിലും ചികിത്സയിലാണെന്ന് കമ്പനി അറിയിച്ചു.

കോവിഡ് 19 ന് ഈ രീതി ഫലപ്രദമെന്നു കണ്ടാൽ ഈ ശരത്കാലത്തോടെ ചികിൽസയ്ക്ക് ഉപയോഗിച്ചുതുടങ്ങുമെന്ന് കമ്പനി അറിയിച്ചു.

‘പുതിയ രോഗങ്ങൾക്കായി രൂപകൽപന ചെയ്ത മരുന്നുകളും മറ്റും കോവിഡ് 19 നെതിരെ ഫലപ്രദമാകുമോ എന്നറിയാൻ ഗവേഷകർ ഇതുവരെ ഇവ ആവർത്തിച്ച് ഉപയോഗിക്കുകയായിരുന്നു. എന്നാൽ പകർച്ചവ്യാധി ആരംഭിച്ചതോടെ ഞങ്ങൾ രോഗത്തിനെതിരെ പുതിയ മരുന്നുകൾ ഉണ്ടാക്കാനുള്ള പ്രവർത്തനം തുടങ്ങി’ –  ഏലി ലില്ലിയുടെ സീനിയർ വൈസ് പ്രസിഡ‍ന്റും ചീഫ് സയന്റിഫിക് ഓഫിസറുമായ ഡോ. ഡാൻ സ്കോവ്റോൻസ്കി പറഞ്ഞു. ‘ഇപ്പോൾ അത് രോഗികളിൽ പരീക്ഷിക്കാൻ ഞങ്ങൾ തയാറെടുത്തു കഴിഞ്ഞു.’

കാനഡ ആസ്ഥാനമായ അബ്സെല്ലറ എന്ന ബയോടെക്നോളജി കമ്പനിയുമായി ചേർന്നാണ് ചികിത്സയ്ക്ക് രൂപം കൊടുത്തത്. ഒരാൾ കോവിഡ് 19 പോലുള്ള രോഗത്തിൽനിന്നു മുക്തി നേടുമ്പോൾ അയാളുടെ ശരീരം ആന്റി ബോഡികൾ എന്നു വിളിക്കുന്ന ദശലക്ഷക്കണക്കിന് പ്രോട്ടീൻ ഉൽപാദിപ്പിക്കുന്നു. ഇത് രോഗത്തോട് പൊരുതി അവരെ സുഖം പ്രാപിക്കാൻ സഹായിക്കുന്നു. അബ്സെല്ല കോവിഡ് 19 ൽ നിന്നു രോഗമുക്തി നേടിയ യുഎസിലെ ഒരു രോഗിയിൽ നിന്നു രക്തസാംപിളുകൾ എടുത്തു. രോഗിയുടെ ദശലക്ഷക്കണക്കിനു കോശങ്ങൾ പരിശോധിച്ച് നൂറുകണക്കിന് ആന്റി ബോഡികളെ കണ്ടെത്തി. അബ്സെല്ലറയിലെയും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫക്‌ഷ്യസ് ഡിസീസിലെ വാക്സിൻ റിസർച്ച് സെന്ററിലെയും ശാസ്ത്രജ്ഞർ അവയിൽനിന്ന് ഏറ്റവും മികച്ചവ കണ്ടെത്തി. ലില്ലിയിലെ ശാസ്ത്രജ്ഞർ, മോണോക്ലോണൽ ആന്റി ബോഡി തെറാപ്പി എന്നറിയപ്പെടുന്ന ചികിത്സ രൂപകൽപന ചെയ്തു. എച്ച്ഐവി, ആസ്മ, ലൂപ്പസ്, എബോള, ചിലയിനം കാൻസറുകൾ തുടങ്ങിയവ ചികിത്സിക്കാൻ മോണോക്ലോണൽ ആന്റി ബോഡി തെറാപ്പി ഉപയോഗിച്ച് വിജയിച്ചിട്ടുള്ളതാണ്.

‘ഇങ്ങനെയൊരു തെറാപ്പി കോവിഡ്19നെതിരെ വിജയിക്കുമോ എന്ന കാര്യം വ്യക്തമല്ലായിരുന്നു. എന്നാൽ ഈ ചികിത്സ, ലാബിൽ കോശങ്ങളിൽ ഉപയോഗിച്ചപ്പോൾ, അത് മറ്റ് കോശങ്ങളിലേക്കു പടരാനുള്ള വൈറസിന്റെ കഴിവിനെ തടഞ്ഞു. ഇതുവരെ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും ഈ ഫലത്തെ അടിസ്ഥാനമാക്കി അടുത്ത പടിയിലേക്കു കടക്കാൻ, അതായത് രോഗികളിൽ ഇത് പരീക്ഷിക്കാൻ ശാസ്ത്രജ്ഞർക്ക് അനുമതി ലഭിച്ചു

ഞങ്ങൾ "LY-COV555,LUCKY TRIPLE 5" എന്നാണിതിനെ വിളിക്കുന്നത്’ – സ്കോവ് റോൻസ്കി പറഞ്ഞു.

നിർമാണം തുടങ്ങിക്കഴിഞ്ഞു

ഒന്നാംഘട്ട പരീക്ഷണങ്ങൾ ആയിരിക്കും നടക്കുക. ഇതിൽ ചില രോഗികൾക്ക് മരുന്ന് നൽകും. മറ്റ് ചിലർക്ക് ‍ഡമ്മി ഗുളികകളും (Placebo). ആർക്കാണ് മരുന്ന്  ലഭിച്ചതെന്നും ആർക്കാണ് ലഭിക്കാത്തത് എന്നും ഡോക്ടർമാർക്കോ രോഗികൾക്കോ അറിവുണ്ടായിരിക്കില്ല. ചികിത്സ സുരക്ഷിതമാണെന്നു കണ്ടാൽ ഏതാനും ആഴ്ചകൾക്കുള്ളിൽതന്നെ അടുത്തഘട്ട പരീക്ഷണം ആരംഭിക്കും. രണ്ടാംഘട്ടത്തിൽ കൂടുതൽ രോഗികളെ ഉൾപ്പെടുത്തും. ആശുപത്രികളിലല്ലാത്തവരും ഇതിൽ ഉൾപ്പെടും. ഈ ചികിത്സാരീതി ഫലപ്രദമാണോ എന്ന് ഈ ഘട്ടത്തിൽ പരിശോധിക്കും.

രോഗം വരാതെ തടയാൻ മരുന്ന് ഇപയോഗിക്കുന്നതിനെക്കുറിച്ചും കമ്പനി പഠിക്കാൻ ആലോചിക്കുന്നു. രോഗം  ഗുരുതരമായേക്കാവുന്ന ആളുകളിൽ– വാക്സിനുകൾ ഫലപ്രദമാകാത്തവരിലും പ്രായം കൂടിയ വ്യക്തികളിലും ഗുരുതരരോഗം ബാധിച്ചവരിലും രോഗപ്രതിരോധ സംവിധാനം കാര്യക്ഷമമല്ലാത്തവരിലും – രോഗം തടയാൻ മരുന്ന് ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. ‘ഇത് ഫലപ്രദമാകുമെങ്കിൽ ഒരു ദിവസം പോലും പാഴാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പെട്ടെന്നുതന്നെ ധാരാളം പേരെ സഹായിക്കാൻ സാധിക്കുന്നത്രയും മരുന്നുകൾ ലഭ്യമാണ്’–  സ്കോവ്റോൻസ്കി പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കുമന്നു കരുതുന്ന മറ്റ് ചില ആന്റി ബോഡികളും പരിശോധിക്കുമെന്ന് കമ്പനി പറയുന്നു.

മറ്റ് ആന്റി ബോഡി തെറപ്പികൾ

ഏലി ലില്ലി മാത്രമല്ല മറ്റു നിരവധി യു എസ് കമ്പനികളും ആന്റി ബോ‍ഡി പരീക്ഷണങ്ങളിലാണ്. പലതും രോഗികളിൽ പരീക്ഷിക്കാവുന്ന ഘട്ടത്തിനടുത്തെത്തുകയും ചെയ്തിട്ടുണ്ട്. ഈ മാസംതന്നെ മനുഷ്യരിൽ പരീക്ഷണം തുടങ്ങുമെന്നും ഈ വേനലോടുകൂടി ചികിത്സ തുടങ്ങുമെന്നും റീജനറോൺ ഫാർമസ്യൂട്ടിക്കൽസ് അറിയിച്ചു.

ഈ സമീപനം ഒരു വാഗ്ദാനം ആണെന്നും നമ്മൾക്ക് ആവശ്യമുള്ളതാണെന്നും ബെയ്‍ലർ കോളജ് ഓഫ് മെഡിസിനിലെ വാക്സിൻ സ്പെഷലിസ്റ്റായ പീറ്റർ ഹോട്ടെസ് പറയുന്നു. രോഗത്തിന് രണ്ടു ഘട്ടങ്ങളുണ്ട് എന്നതാണ് കോവിഡ്–19 നൽകുന്ന വെല്ലുവിളിയെന്ന് അദ്ദേഹം പറയുന്നു. ആദ്യത്തെ വൈറൽ ഇൻഫെ‍ക്‌ഷൻ ഘട്ടവും പിന്നീടുള്ള ഹോസ്റ്റ് റസ്പോൺസ് അഥവാ ഇൻഫ്ലമേറ്ററി റസ്പോൺസും. ‘രോഗത്തിന്റെ തുടക്കത്തിലേ, അതായത് വൈറസ് ഇരട്ടിച്ചുകൊണ്ടിരിക്കുമ്പോൾ രോഗിക്ക് ഈ ചികിത്സ ലഭിച്ചാൽ അത് കൂടുതൽ ഫലപ്രദമാകും.മോണോക്ലോണൽ ആന്റിബോഡികളുള്ള കോവിഡ്–19ന്റെ ചികിത്സയ്ക്ക് എല്ലായ്പ്പോഴുമുള്ള പ്രശ്നമതാണ്. കാര്യങ്ങൾ കൈവിട്ടു പോകുംവരെ കാത്തിരുന്നാൽ, അതായത് വെന്റിലേറ്ററിലുള്ള രോഗികളെ ചികിത്സിച്ചാൽ അതിന് ഒരു ഫലവും ഉണ്ടാകില്ല’– ഹോട്ടെസ് പറഞ്ഞു.

ഒരാൾ കോവിഡ്–19 പോസിറ്റീവ് ആണെന്നു കണ്ടാൽ അയാൾക്കും രോഗിയുമായി സമ്പർക്കം വന്നയാൾക്കും അല്ലെങ്കിൽ ആരോഗ്യപ്രവർത്തകനും ചികിത്സ നൽകണം. മോണോക്ലോണൽ ആന്റിബോഡി തെറാപ്പി ചെലവേറിയതാണ് എന്നതാണ് ഒരു വെല്ലുവിളിയെന്നും ഹോട്ടെസ് പറയുന്നു.

സാധാരണ ഇത്തരം ചികിത്സാരീതികൾ വികസിപ്പിക്കാൻ വർഷങ്ങളെടുക്കും. എന്നാൽ കോവിഡ്–19 നുള്ള പ്രതിരോധമരുന്നു ഗവേഷണം വളരെ വേഗത്തിലാണു പുരോഗമിക്കുന്നത്. സാധാരണ ആഴ്ചകൾ എടുക്കുന്ന സർക്കാർ അനുമതി ഒരു ദിവസത്തിനുള്ളിൽ ലഭിക്കുന്നതായി ഫാർമസ്യൂട്ടിക്കൽ കമ്പനികൾ പറയുന്നു.

English Summary: First human trial of potential antibody treatment for Covid-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com