sections
MORE

കോവിഡ്-19 ആരോഗ്യമുള്ളവരില്‍ പോലും പ്രമേഹത്തിനു തുടക്കമിടാം

CHINA-HEALTH-VIRUS
SHARE

ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്ക് കോവിഡ്-19 പിടിപെട്ടാല്‍ മരണ സാധ്യത കൂടുതലാണെന്ന് ഇംഗ്ലണ്ടില്‍ അടുത്തിടെ നടന്ന പഠനം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കോവിഡ്-19 ആരോഗ്യമുള്ളവരിലും പ്രമേഹത്തിനു കാരണമാകാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നത്. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന് ലോകമെമ്പാടുമുള്ള അക്കാദമിക വിദഗ്ധര്‍ അയച്ച കത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. 

പ്രമേഹം രണ്ട് തരത്തിലാണുള്ളത്. ഇതില്‍ ടൈപ്പ് 1 പ്രമേഹമുണ്ടാകുന്നത് ശരീരത്തിന്റെ തന്നെ പ്രതിരോധ സംവിധാനം പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന ഐലറ്റ്‌സ് കോശങ്ങളെ ആക്രമിച്ച് നശിപ്പിക്കുമ്പോഴാണ്. ഈ കോശങ്ങളില്ലാതാകുന്നതോടെ ഇന്‍സുലിന്‍ ഉത്പാദനം നിലയ്ക്കുകയും രക്തത്തിലെ ഗ്ലൂക്കോസ് അളവ് നിയന്ത്രണം വിട്ട് പ്രമേഹമുണ്ടാവുകയും ചെയ്യും. 

ഇത്തരത്തില്‍ ശരീരത്തിലെ കോശങ്ങള്‍ക്കെതിരെതന്നെ നമ്മുടെ പ്രതിരോധ സംവിധാനത്തെ തിരിച്ചു വിടുന്ന അവസ്ഥയ്ക്ക് ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ എന്ന് പറയുന്നു. പ്രതിരോധ സംവിധാനത്തെ ഈ വിധത്തില്‍ വഴി തെറ്റിക്കാന്‍ കൊറോണ പോലുള്ള വൈറസുകള്‍ക്ക് സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അനുമാനം. 

മംസ്, എന്ററോവൈറസ് രോഗബാധയുടെ സമയത്ത് കടുത്ത പ്രമേഹം രോഗികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോസാക്കി-ബി1 എന്ന എന്ററോവൈറസിനും ടൈപ്പ് 1 പ്രമേഹത്തിനും തമ്മിലുള്ള ബന്ധത്തിനും തെളിവുകളുണ്ട്. ശീതകാലത്ത് ശ്വസനസംബന്ധമായ അണുബാധകള്‍ തലപൊക്കുമ്പോള്‍ ഐലറ്റ്‌സ് കോശങ്ങള്‍ക്ക് നാശം സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്ന് അമേരിക്കയിലും യൂറോപ്പിലും നടത്തിയ പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. 

ചൈനയില്‍ കോവിഡ് ബാധിച്ച ഒരു യുവാവിന് കീറ്റോ-അസിഡോസിസ് എന്ന കടുത്ത പ്രമേഹം വന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കിഴക്കനേഷ്യയില്‍ 2002-04 കാലത്തുണ്ടായ സാര്‍സ് പകര്‍ച്ചവ്യാധി സമയത്തും സാര്‍സ് ന്യുമോണിയ പിടിപെട്ടവരില്‍ പ്രമേഹമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

ഇനി കോവിഡിന് കാരണമായ സാര്‍സ് കോവി-2 വൈറസിന്റെ കാര്യമെടുക്കാം. ഈ വൈറസിന്റെ പുറമേയുള്ള പ്രോട്ടീന്‍ മുനകള്‍ക്ക് ശ്വാസകോശത്തിലും കിഡ്‌നിയിലും മാത്രമല്ല പാന്‍ക്രിയാസിലെ ഐലറ്റ്‌സ് കോശങ്ങളിലെയും എസിഇ2 റിസപ്റ്ററുകളിലേക്ക് എളുപ്പം അള്ളിപ്പിടിക്കാന്‍ സാധിക്കും. ഒരിക്കല്‍ ഐലറ്റ്‌സ് കോശങ്ങളിലെത്തിക്കഴിഞ്ഞാല്‍ പിന്നെ വൈറസ് അതിന്റെ ഇന്‍സുലിന്‍ ഉത്പാദനമുള്‍പ്പെടെയുള്ള പ്രവര്‍ത്തനത്തിന്റെ താളം തെറ്റിക്കും. ഐലറ്റ്‌സ് കോശങ്ങളെ ക്രമേണ നശിപ്പിക്കാനും വൈറസിന് സാധിക്കും. 

ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ക്കും സ്ഥിരീകരണത്തിനുമായി കോവിഡ്-19 അനുബന്ധ പ്രമേഹ കേസുകള്‍ രേഖപ്പെടുത്താനൊരു റജിസ്റ്ററും ആരംഭിച്ചിട്ടുണ്ട്. കോവിഡയാബ്(COVIDIAB- http://covidiab.e-dendrite.com/ ) റജിസ്ട്രി എന്ന പേരില്‍ ലണ്ടനിലെ കിങ്‌സ് കോളജും മൊണാഷ് സര്‍വകലാശാലയും ചേര്‍ന്നാണ് ഇതിന് തുടക്കമിട്ടത്. 

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA