ADVERTISEMENT

മണക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നതാണ് കോവിഡ്-19 ബാധിച്ചവരില്‍ പ്രകടമായി കാണുന്ന ലക്ഷണങ്ങളില്‍ ഒന്ന്. പക്ഷേ, എന്തു കൊണ്ടാണിത് സംഭവിക്കുന്നത് എന്നതിനെ സംബന്ധിച്ച് ശാസ്ത്രലോകത്തിന് ഒരുത്തരം ഉണ്ടായിരുന്നില്ല. 

എന്നാല്‍ എലികളില്‍ അടുത്തിടെ നടത്തിയ ഒരു പഠനം ഇത് സംബന്ധിച്ച ഉത്തരമേകുകയാണ്. അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ ജേണലായ എസിഎസ് കെമിക്കല്‍ ന്യൂറോസയന്‍സിലാണ് പഠനത്തിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

കോവിഡിന് കാരണമാകുന്ന സാര്‍സ് കോവി-2 വൈറസ് മനുഷ്യരിലെ രണ്ട് പ്രോട്ടീനുകളെ ചാക്കിട്ടുപിടിച്ചാണ് കോശങ്ങളില്‍ കയറിപറ്റുന്നത്. അതിലൊന്ന് കോശങ്ങളുടെ പുറംഭാഗത്തുള്ള ACE 2 റിസപ്റ്ററാണ്. ഇതിലേക്കാണ് മുനകളുള്ള വൈറസ് പ്രോട്ടീന്‍ അള്ളിപിടിക്കുന്നത്. മറ്റൊരു പ്രോട്ടീന്‍ TMPRSS2   ആണ്. ഇതുപയോഗിച്ചാണ് വൈറസ് അതിന്റെ ജനിതക പദാര്‍ത്ഥത്തിന്റെ പകര്‍പ്പുകളെടുക്കുന്നത്. 

നാസാദ്വാരങ്ങളിലെ ചില കോശങ്ങളാണ് ഈ പ്രോട്ടീനുകള്‍ ഉത്പാദിപ്പിക്കുന്നത്. നാസാദ്വാരങ്ങളെ മൂടുന്ന ഓള്‍ഫാക്ടറി എപ്പിതീലിയം സംയുക്തകോശങ്ങള്‍ക്കുള്ളിലെ സസ്‌റ്റെന്റാക്കുലര്‍ കോശങ്ങള്‍ക്കാണ് സാര്‍സ് കോവി-2 റിസപ്റ്ററുകള്‍ ഏറ്റവുമധികം ഉള്ളത്. വായുവില്‍ നിന്ന് മണങ്ങളെ ന്യൂറോണുകളിലേക്ക് കൈമാറുന്നത് ഈ കോശങ്ങളാണ്. 

റിസപ്റ്ററുകള്‍ കൂടുതലായതിനാല്‍ വൈറസ് വേഗം സസ് റ്റെന്റാക്കുലര്‍ കോശങ്ങള്‍ക്കുള്ളില്‍ കടന്ന് ഇവയെ നശിപ്പിക്കുന്നു. ഇതു മൂലം ഇവിടെ നീര്‍ക്കെട്ടുണ്ടാകുകയും മണത്തിന്റെ തന്‍മാത്രകള്‍ക്ക് ഓള്‍ഫാക്ടറി ന്യൂറോണുകള്‍ വഴി തലച്ചോറിലെത്താന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്നു. ഇങ്ങനെയാണ് കോവിഡ് രോഗികളില്‍ മണം നഷ്ടമാകുന്നത്. കോവിഡ് രോഗലക്ഷണങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് ഈ കണ്ടെത്തല്‍ കരുത്ത് പകരും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com