കോവിഡിനെതിരെ കോട്ടയം തയാർ; വിഷാദത്തിലേക്കു വിടില്ല ആരെയും

SHARE

കോവിഡ് മഹാമാരിക്കു നടുവിലാണ് ഈ വർഷത്തെ ഡോക്ടേഴ്സ് ഡേ; ലോകത്തെമ്പാടുമുള്ള ഡോക്ടർമാർ കൊറോണ വൈറസിനു പിറകേയും. ദിനംപ്രതി വരുന്ന അപ്ഡേറ്റുകളും പരീക്ഷണ നിരീക്ഷണങ്ങളുമെല്ലാം കൃത്യമായി പിന്തുടർന്ന്, വൈറസിനെ പിടിച്ചു കെട്ടാൻ അഹോരാത്രം പരിശ്രമിക്കുകയാണ് ആരോഗ്യപ്രവർത്തകരും ഗവേഷകരുമെല്ലാം. 

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു നോക്കിയാൽ കേരളം കോവിഡിനെതിരെ പോരാടുന്നതിൽ വിജയിക്കുന്നുണ്ടെന്നു പറയാം. മരണനിരക്കു കുറച്ചുനിർത്താൻ കഴിയുന്നുവെന്നത് ഏറെ അഭിമാനകരം, ഒപ്പം രോഗമുക്തരാകുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. 93 വയസ്സുള്ള അപ്പച്ചനും 88 വയസ്സുള്ള അമ്മച്ചിയും കോവിഡ് മുക്തരായി പൂർണ ആരോഗ്യത്തോടെ തിരിച്ചു പോയത് നമ്മുടെ കൊച്ചു കേരളത്തിലെ കോട്ടയം മെഡിക്കൽ കോളജിൽ നിന്നാണ്. ഈ അവസരത്തിൽ കോട്ടയം മെഡിക്കൽ കോളജിലെ കോവിഡ് ചികിത്സാടീമിലെ അംഗമായ ഇൻഫെക്‌ഷ്യസ് ഡിസീസ് വിഭാഗം അസോഷ്യേറ്റ് പ്രഫ. ഡോ. വി.ജി ഹരികൃഷ്ണൻ കോവിഡ് അനുഭവം പങ്കുവയ്ക്കുന്നു.

dr-harikrishnan
ഡോ. ഹരികൃഷ്ണൻ

ചൈനയിലെ വുഹാനിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തപ്പോൾത്തന്നെ കേരളത്തിലാകെയും കോട്ടയത്തും മെഡിക്കൽടീം സജ്ജമായി. കോവിഡ് സ്ഥിരീകരിച്ച് ആരെങ്കിലും എത്തിയാൽ അവർക്കു വേണ്ട ചികിത്സാസൗകര്യങ്ങൾ ഒരുക്കാനുള്ള ക്രമീകരണങ്ങൾ ജനുവരി ആദ്യ ആഴ്ച മുതൽ ആരംഭിച്ചു. ജനുവരി അവസാനമായപ്പോഴാണ് കോവിഡ് സംശയിച്ച് സിംഗപ്പൂരിൽനിന്ന് ഒരമ്മയും കുഞ്ഞും എത്തുന്നത്. രോഗത്തെക്കുറിച്ച് അധികം അറിയാത്തതുകൊണ്ട് എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആശങ്ക ആദ്യം ഉണ്ടായിരുന്നു. രോഗികൾ വന്നാൽ എവിടെയാണ് കാണേണ്ടത്, രോഗം സ്ഥിരീകരിച്ചവരാണെങ്കിൽ എങ്ങോട്ടാണ് മാറ്റേണ്ടത്, ഗുതുതരമല്ലെങ്കിൽ എവിടെ കിടത്തണം, സംശയിക്കുന്നവരെ നിരീക്ഷണത്തിലാക്കേണ്ടത് എവിടെ തുടങ്ങിയ കുറച്ചു കാര്യങ്ങൾ ആദ്യമേ പ്ലാൻ ചെയ്തു വച്ചിരുന്നു. ഇവരുടെ ഫലം നെഗറ്റീവ് ആയിരുന്നു. ശേഷം വുഹാനിൽ നിന്നുള്ള മെഡിക്കൽ വിദ്യാർഥി എത്തി. അതും ഫലം നെഗറ്റീവ് ആയിരുന്നു. 

പിപിഇ കിറ്റ് ഇട്ട് രോഗികളെ പരിശോധിക്കുന്നത് പുതിയ അനുഭവം എന്നു പറയാനാകില്ല. കാരണം കഴിഞ്ഞ വർഷം നിപ്പ സംശയിച്ച് ഒരാൾ കോട്ടയം മെഡിക്കൽ കോളജിൽ ഉണ്ടായിരുന്നു. അതുകൊണ്ട് ഇങ്ങനെ വരുന്ന രോഗികളെ എങ്ങനെ അപ്രോച്ച് ചെയ്യണമെന്നതിൽ വ്യക്തമായ ധാരണയുണ്ട്. 

മാർച്ച് ആദ്യവാരത്തോടെ പോസിറ്റീവായ രോഗികൾ എത്തിത്തുടങ്ങി. പല മെഡിക്കൽ കോളജിലുകളിലും മോക്ഡ്രിൽ ആരംഭിച്ചപ്പോഴേക്കും കോട്ടയം മെഡിക്കൽ കോളജിൽ ശരിക്കുള്ള ഡ്രിൽ കഴിഞ്ഞിരുന്നു. രോഗം സംശയിച്ച ആളുകൾ നേരത്തേ എത്തിയതുകൊണ്ട് ഇവിടുത്തെ മെഡിക്കൽ ടീമിന്  തയാറായിരിക്കാൻ സാധിച്ചു. 

മറ്റേതൊരു രോഗിയെയും പരിചരിക്കുന്ന അതേ രീതിയിൽത്തന്നെയാണ് കോവിഡ് രോഗികളെയും ശുശ്രൂഷിക്കേണ്ടത്. ചികിത്സിക്കുന്ന ഡോക്ടർ ഇൻഫെക്ടഡ് ആകരുത്. അങ്ങനെ സംഭവിച്ചാൽ അതിന്റെ ഭവിഷ്യത്ത് വലുതായിരിക്കും. അതുകൊണ്ട് രോഗിയുടെ ആരോഗ്യം മാത്രമല്ല, സ്വന്തം ആരോഗ്യത്തിലും ഏറെ ശ്രദ്ധാലുക്കളായിരിക്കണം. 

കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്നതിനാൽതന്നെ താമസം ഒറ്റയ്ക്കായിരുന്നു. പിപിഇ ധരിക്കുന്നതിനാൽ സുരക്ഷിതരാണെങ്കിലും കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും ചുറ്റുമുള്ളവർക്കും രോഗം വരാതെ നോക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്. 

മാനസികാരോഗ്യം ഏറെ പ്രധാനം

പ്രായമുള്ള, വളരെ മോശം ആരോഗ്യസ്ഥിതിയുള്ള രോഗികൾ മുതൽ യാതൊരു ലക്ഷണവുമില്ലാതെവന്ന് ടെസ്റ്റ് റിസൽറ്റ് പോസിറ്റീവായ രോഗികൾ വരെ കോട്ടയം മെഡിക്കൽ കോളജിൽ ഉണ്ടായിരുന്നു. രോഗം സ്ഥിരീകരിക്കുമ്പോൾ മരിച്ചു പോകുമെന്ന ഭയം അലട്ടുന്നവരുണ്ട്. അവരെ ആശ്വസിപ്പിച്ച്, ഭയക്കേണ്ട കാര്യങ്ങളൊന്നുമില്ലെന്നു പറഞ്ഞ് ആത്മവിശ്വാസം നിറച്ച് സാധാരണ ജീവിതത്തിലേക്കു കൊണ്ടുവരണം. ഒരു ലക്ഷണവുമില്ലാത്ത രോഗികൾക്കാണ് കുറച്ചുകൂടി ബുദ്ധിമുട്ട്. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ അവരെ വീട്ടിലേക്കു വിടാനും സാധിക്കില്ല. തുടർച്ചയായ രണ്ടു ടെസ്റ്റ് റിസൽട്ട് നെഗറ്റീവ് വന്നാൽ മാത്രമേ രോഗിയെ ഡിസ്ചാർജ് ചെയ്യാനാകൂ. 

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA