‘ഡോക്ടർ അകത്തുണ്ടോ? ഒരു സിനിമാക്കഥ പറയാൻ...’

SHARE

നഴ്സ് അടുത്ത ടോക്കൺ വിളിച്ചു. ഡോക്ടർ വരാൻ പോകുന്ന രോഗിയുടെ ഫയൽ തുറന്ന് ഒന്നു കണ്ണോടിച്ചു. രോഗി കയ്യിൽ മറ്റൊരു ഫയലുമായി കയറിവന്നു. രോഗത്തിന്റെയും ചികിത്സയുടെയും വിവരങ്ങളാവാം.

‘ഇരിക്കൂ... എന്താണ് ബുദ്ധിമുട്ട്?’

‘സാർ, എന്റെ കയ്യിൽ സിനിമയ്ക്കു പറ്റിയ ഒരു കഥയുണ്ട്. അത് പറയാൻ വന്നതാണ്.’

ഡോക്ടർ ഗൗരവക്കാരനായി. ‘ഇതൊരു ആശുപത്രിയാണ്. ഇവിടെവച്ച് അതു പറ്റില്ല.’ രോഗവിവരങ്ങൾ എഴുതാൻ മുൻപിൽ തുറന്നുവെച്ച ഫയൽ മടക്കി ഡോക്ടർ രോഗിയെ തിരിച്ചയച്ചു. ഒന്നല്ല, രണ്ടു തവണ സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട് ഡോക്ടർ ബോബിക്ക്.                  

boby-with-medical-students
ഡോ. ബോബി കോട്ടയം മെഡിക്കൽ കോളജിലെ വിദ്യാർഥികൾക്കൊപ്പം

ആശുപത്രിയിൽ എത്തിയാൽ പിന്നെ ഒരു ഡോക്ടർ മാത്രമായിരിക്കും ബോബി എന്ന തിരക്കഥാകൃത്ത്. ആശുപത്രിയിൽ ഒരു തരത്തിലുള്ള സിനിമാ ചർച്ചകളും പ്രോത്സാഹിപ്പിക്കാറില്ല ഡോ. ബോബി. മലയാളത്തിന് നിരവധി നല്ല സിനിമകൾ സമ്മാനിച്ച ബോബി–സഞ്ജയ് കൂട്ടുകെട്ടിലെ ബോബി ഡോക്ടേഴ്സ് ദിനത്തിൽ മനോരമ ഓൺലൈനോട് മനസ്സു തുറക്കുന്നു. 

∙ അയാളും ഞാനും തമ്മിൽ എന്ന സിനിമയിലെ ഡോക്ടർ ജീവിതങ്ങളിൽ ബോബി എന്ന ഡോക്ടറുടെ സ്വാധീനം?

ഞാനും സഹോദരൻ സഞ്ജയ്​യും കൂടി ആണ് തിരക്കഥകൾ എഴുതുന്നത്. ഞാൻ ഒരു ഡോക്ടർ ആയത് ആ തിരക്കഥയുടെ എഴുത്തിൽ ഞങ്ങളെ ഒരുപാട് സഹായിച്ചിട്ടുണ്ട്. എന്റെ വ്യക്തിപരമായ പല അനുഭവങ്ങളും ആ തിരക്കഥയെ ചെത്തിമിനുക്കി രൂപപ്പെടുത്തുന്നത് കൂടുതൽ എളുപ്പമാക്കിയിട്ടുണ്ട്.

Ayalum-Njanum-Thammil
അയാളും ഞാനും തമ്മിൽ എന്ന സിനിമയിൽ ഡോക്ടർ വേഷത്തിൽ പൃഥ്വിരാജ്.

∙ പെട്ടെന്ന് എടുക്കേണ്ടി വരുന്ന ചില തീരുമാനങ്ങൾ ഒരു ‍ഡോക്ടറുടെ ജീവിതത്തിൽ നിർണായകമാണ്. ഒരു മനുഷ്യ ജീവന്റെ വിലയുണ്ട് ആ തീരുമാനത്തിന്, ആയാളും ഞാനും തമ്മിൽ എന്ന സിനിമ ഈ വിഷയം ഭംഗിയായി കൈകാര്യം ചെയ്യുന്നുമുണ്ട്. വ്യക്തിപരമായി ഇത്തരം സന്ദർഭങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടോ?

അത്യാഹിത വിഭാഗത്തിൽ ജോലിചെയ്യുന്ന സന്ദർഭങ്ങളിലാണ് ഒരു ഡോക്ടർക്ക് വളരെ പെട്ടെന്നു തീരുമാനങ്ങൾ എടുക്കേണ്ടി വരുന്നത്. വാർഡിലോ ഒപിയിലോ ഒരു രോഗിയെ കാണുമ്പോൾ അവരുമായി വിശദമായി സംസാരിച്ച് അവരുടെ മുൻകാല ആരോഗ്യവിരങ്ങൾ മനസ്സിലാക്കാനും ഇപ്പോൾ ആവശ്യമായ പരിശോധനകൾ നടത്താനുമൊക്കെ സമയമുണ്ട്. എന്നാൽ അത്യാഹിതവിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ എത്തുന്ന ഒരു രോഗിയുടെ മെഡിക്കൽ ഹിസ്റ്ററി പഠിക്കാനോ വിശദമായ പരിശോധനകൾക്കോ സമയം ലഭിക്കണമെന്നില്ല. ഒരു നിമിഷം വൈകിയാൽ ആ രോഗി മരണപ്പെടാം. അവിടെയാണ് ഒരു ഡോക്ടറുടെ തീരുമാനം എടുക്കാനുള്ള കഴിവിന്റെ പ്രാധാന്യം.

dr.boby
ഡോ. ബോബി

എല്ലാ ഡോക്ടർമാർക്കും അത്യാഹിതവിഭാഗത്തിൽ ജോലിചെയ്യേണ്ട ആവശ്യം ഉണ്ടാവണമെന്നില്ല. എങ്കിൽപോലും ഏതാണ് തന്റെ മുൻപിൽ വരുന്ന രോഗിക്ക് ഏറ്റവും ഉചിതമായ ചികിത്സ എന്നൊരു തീരുമാനം എടുക്കേണ്ടതുണ്ട്. ആ തീരുമാനം എടുക്കാനുള്ള കഴിവാണ് ഒരു ഡോക്ടറുടെ ജീവിതത്തിൽ ഏറ്റവും പ്രധാനം.

പ്രാക്ടിക്കൽ പരീക്ഷയ്ക്ക് തന്റെ രോഗ വിവരങ്ങൾ മെഡിക്കൽ വിദ്യാർഥികൾക്ക് പറഞ്ഞുകൊടുത്ത് പരീക്ഷ പാസാകാൻ സഹായിക്കുന്ന, അത് ഒരു ഉപജീവനമാർഗമായി കൊണ്ടുനടക്കുന്ന രോഗി. എങ്ങനെ എത്തി സലിംകുമാർ‍‍‍ അവതരിപ്പിച്ച ഈ കഥാപാത്രത്തിലേക്ക്? അങ്ങനൊരാളെ പരിചയം ഉണ്ടോ?

പഠനത്തിന്റെ ഭാഗമായി രോഗികളെ മെഡിക്കൽ സ്റ്റുഡന്റ്സ് പരിശോധിക്കാറുണ്ട്. വിദ്യാർഥികൾ തമ്മിൽ സംസാരിക്കുന്നതു കേട്ട് രോഗികൾക്കു തന്നെ അവരുടെ അസുഖത്തെക്കുറിച്ച് ഒരു ധാരണ ഉണ്ടാകും. അത് അവർ ചോദിച്ചു മനസ്സിലാക്കുന്നതൊന്നുമല്ല. ഒരു പത്തുപേർ പത്തു സമയത്തായി വന്ന് പരിശോധിച്ച് തമ്മിൽതമ്മിൽ അതിനെക്കുറിച്ച് സംസാരിക്കുമ്പോൾ രോഗത്തെക്കുറിച്ച് രോഗികളും പഠിക്കുന്നു. മെഡിക്കൽ ഫീൽഡിൽ നല്ല അറിവുണ്ട് എന്ന മട്ടിലാവും അവരുടെ സംസാരം. അവരുടെ രോഗത്തെകുറിച്ച് അവർക്ക് ഏകദേശ ധാരണയും ഉണ്ടാകും. അത്തരം രോഗികൾ ഇപ്പോഴുണ്ടോ എന്നറിയില്ല. 

പക്ഷേ പണ്ട് സ്ഥിരമായി പരീക്ഷകൾക്ക് വരുന്ന രോഗികൾ ഉണ്ടായിരുന്നു. കാരണം അവരുടെ സങ്കീർണ്ണമായ രോഗാവസ്ഥ വച്ചു വേണമായിരുന്നു മെഡിക്കൽ വിദ്യാർഥികളുടെ മൂല്യനിർണയം നടത്താൻ. പക്ഷേ അവർ സലിംകുമാർ പറഞ്ഞുകൊടുത്തതു പോലെ ഉത്തരം പറഞ്ഞു കൊടുക്കാൻ സാധ്യത കുറവാണ്. അത് വിദ്യാർഥികൾ തന്നെ കണ്ടെത്തണം. 

∙ രോഗിയുടെ വീട്ടുകാരുടെ സമ്മതം വേ‌‌‌‌‌‌‌‌‌ണം എന്നത് ചികിത്സയെ ബാധിക്കാറുണ്ടോ?

സാധാരണ രോഗിയുടെ വീട്ടുകാരുടെ സമ്മതം വാങ്ങിയാണ് ചികിത്സ നൽകേണ്ടത്. എന്നാൽ ചില സന്ദർഭത്തിൽ ഇത് സാധ്യമല്ലാതെ വരും. ഉദാഹരണത്തിന് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് എത്തുന്ന ഒരു രോഗി. അയാളുടെ കൂടെ ബന്ധുക്കള്‍ ഉണ്ടാകണമെന്നില്ല. ചിലപ്പോൾ ഉത്തരവാദിത്തപ്പെട്ട ആളുകൾ കൂടെ ഉണ്ടെങ്കിലും അനുവാദം ചോദിക്കാനുള്ള സമയം കിട്ടണമെന്നില്ല. നിമിഷങ്ങൾ മാത്രമാവും മുൻപിൽ ഉണ്ടാവുക. അതായിരിക്കും ഒരു ഡോക്ടറുടെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സന്ദർഭം. ആ വെല്ലുവിളിയെ അതിജീവിക്കുന്നതാണ് ഒരു ‍ഡോക്ടറുടെ വിജയം. എല്ലാ നിയമങ്ങൾക്കും സാഹചര്യങ്ങൾക്കും അപ്പുറം ഒരു ഡോക്ടർ എപ്പോഴും പ്രാധാന്യം നൽകേണ്ടത് രോഗിയുടെ ജീവന് ആയിരിക്കണം. 

∙ കോവിഡ് പശ്ചാത്തലമാക്കി ബോബി–സഞ്ജയ് കൂട്ടുകെട്ടിൽ ഒരു സിനിമ? 

ലോകം മുഴുവൻ വ്യാപിച്ച, ബാധിച്ച ഒരു വിഷയം ആയതുകൊണ്ടു തന്നെ പല രാജ്യങ്ങളിൽ പല ഭാഷകളിൽ കോവിഡ് പശ്ചാത്തലമാക്കി സിനിമകൾ ഉണ്ടാകാം. കോവിഡ് പശ്ചാത്തലത്തിൽ ഒരു സിനിമ ഇപ്പോൾ ഞങ്ങളുടെ ചിന്തകളിൽ ഇല്ല.

prem-prekash-boby-sanjay
പ്രേം പ്രകാശ്, ബോബി, സ‍ഞ്ജയ്.

∙ കോവിഡ് കാലത്തെ ഡോക്ടർ ജീവിതം

സ്ഥിരമായി ഹോസ്പിറ്റലിൽ പോകുന്നുണ്ട്. രോഗികൾക്ക് ഹോസ്പിറ്റലിലേക്ക് എത്താൻ ഭയം ഉണ്ടെന്നു തോന്നുന്നു. എന്തെങ്കിലും രോഗമോ ബുദ്ധിമുട്ടുകളോ ഉള്ളവർ തീർച്ചയായും ആശുപത്രികളിൽ എത്തി ചികിത്സ തേടണം. എന്നാൽ അനാവശ്യമായ ആശുപത്രി സന്ദർശനം ഈ അവസരത്തിൽ ഒഴിവാക്കണം. 

∙ സിനിമയിലെ ബോബി–സഞ്ജയ്

സിനിമ കുട്ടിക്കാലം മുതൽ പരിചിതമാണ്. എന്റെ അച്ഛൻ നിർമാതാവും നടനുമായ‍‍ പ്രേം പ്രകാശ്, അങ്കിൾ ജോസ് പ്രകാശ്, കസിൻ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് തുടങ്ങിയവർ വഴി സിനിമയുടെ ഒരു അന്തരീക്ഷം എപ്പോഴും വീട്ടിലുണ്ടായിരുന്നു. സഹോദരൻ സഞ്ജയ്​യുമായി ചേർന്നാണ് ഞാൻ തിരക്കഥയെഴുതുന്നത്. ഞങ്ങൾ തമ്മിൽ കഥകൾ ചർച്ചചെയ്യുന്നു. പലപ്പോഴും രണ്ടുപേരുടെയും ചിന്തകളും അഭിപ്രായങ്ങളും രണ്ടു വഴിക്കായിരിക്കും. അതാണ് സിനിമയിലെ ഞങ്ങളുടെ വിജയം എന്നു കരുതുന്നു. കാരണം ഞാൻ ചിന്തിക്കുന്നതു പോലെയല്ല അവൻ ചിന്തിക്കുന്നത്. തമ്മിൽ ചർച്ചചെയ്ത് ഞങ്ങളുടെ രണ്ടു പേരുടെയും അഭിപ്രായങ്ങളിൽ നിന്ന് ഏറ്റവും നല്ലത് എന്നു തോന്നുന്നതാണ് സ്വീകരിക്കാറ്. 

ഒരു രോഗിയെ പല ഡോക്ടേഴ്സ് കണ്ട് പല സാധ്യതകൾ ചർച്ച ചെയ്ത് ഉചിതമായ ചികിത്സ തീരുമാനിക്കുന്നതായിരിക്കുമല്ലോ കൂടുതൽ നല്ലത്. അതു പോലെ തന്നെ ഞങ്ങൾ രണ്ടുപേരുടെയും വ്യത്യസ്ത അഭിപ്രായങ്ങളും ചിന്തകളും കൂടിച്ചേരുന്നതാണ് ഞങ്ങളുടെ സിനിമയ്ക്കും കൂടുതൽ നല്ലത്. ഞങ്ങൾ തമ്മിൽ ചിലപ്പോൾ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. ചർച്ചകൾ ഉണ്ടാകാറുണ്ട്. പലപ്പോഴും കഥയുടെ ചില നിർണായക സന്ദർഭങ്ങൾ പൂർത്തിയാക്കാൻ ദിവസങ്ങളോളം ആലോചിക്കേണ്ടി വന്നിട്ടുണ്ട്. സഞ്ജയും ഞാനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ എപ്പോഴും ഞങ്ങളുടെ സിനിമയ്ക്ക് ഗുണമായിട്ടാണ് വന്നിട്ടുള്ളത്.

∙ ഇഷ്ടങ്ങൾ

സിനിമ കാണാനാണ് കൂടുതൽ ഇഷ്ടം. ഹോളിവുഡ് മാത്രമല്ല സ്പാനിഷ്, കൊറിയൻ തുടങ്ങി എല്ലാ ഭാഷയിലും ഉള്ള സിനിമകൾ കാണും. സിനിമകൾ കാണുന്നത് നല്ലൊരു എക്സർസൈസായി എനിക്ക് തോന്നിയിട്ടുണ്ട്. ആധുനിക സിനിമകളെ കുറിച്ച് മനസ്സിലാക്കാനും അപ് റ്റു ഡേറ്റ് ആകാനും ഇത് സഹായിക്കും. വായന താരതമ്യേന കുറവാണ്. 

∙ പുതിയ പ്രോജക്ടുകൾ

വൺ എന്ന ഒരു സിനിമയുണ്ട്. മമ്മൂക്കയുമായുള്ള ഞങ്ങളുടെ ആദ്യ സിനിമ. ഏപ്രിൽ 2 ന് റിലീസ് ആകേണ്ടതായിരുന്നു. കോവിഡ് ലോക്ഡൗൺ മൂലം മാറ്റിവച്ചു. പുതിയ തീയതി തീരുമാനിച്ചിട്ടില്ല. സന്തോഷ് വിശ്വനാഥ് ആണ് ഡയറക്ടർ. പിന്നെ റോഷൻ ആൻഡ്രൂസിനൊപ്പം ഒരു പടം. അതു കഴിഞ്ഞാൽ ഉയരെ ചെയ്ത മനു അശോകനുമായി ഒരു ചിത്രം. അതിരൻ ചെയ്ത വിവേകിനൊപ്പം ഒരു ചിത്രം വരുന്നുണ്ട്. ഇതൊക്കെയാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമകൾ.

English Summary: Scriptwriter Bobby on his life as doctor and writer

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA