ADVERTISEMENT

മനുഷ്യരിൽ വാക്സിൻ പരീക്ഷണം പൂർത്തിയാകാൻ 3 മാസമെടുക്കുമെന്നും ഇതു വിജയകരമായാൽ ഈ വർഷാവസാനത്തോടെ ‌കോവിഡിനെതിരായ ‘കോവാക്സിൻ’ യാഥാർഥ്യമാകുമെന്നും ഭാരത് ബയോടെക് സാരഥികളിലൊരാളായ സുചിത്ര എല്ല. എന്നാൽ, ഇത് ആളുകൾക്കു ലഭ്യമാകുന്നത് എന്നാകുമെന്ന ചോദ്യത്തിന്, ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയുടെ തീരുമാനം നിർണായകമാകുമെന്ന് അവർ പറഞ്ഞു. മനുഷ്യരിൽ പരീക്ഷണത്തിന് അനുമതി ലഭിച്ച ആദ്യത്തെ ഇന്ത്യൻ സാധ്യതാ വാക്സിനായ ‘കോവാക്സിന്റെ’ ഗവേഷണ വിശദാംശങ്ങൾ ‘മനോരമ’യോട് പങ്കുവയ്ക്കുകയായിരുന്നു അവർ.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ഭാഗമായ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നാണ് ഭാരത് ബയോടെക് പരീക്ഷണം നടത്തുന്നത്. ക്ലിനിക്കൽ ട്രയലിൽ 1200 വൊളന്റിയർമാർക്കാണ് വാക്സിൻ നൽകുക. ഡൽഹി, ചെന്നൈ തുടങ്ങി രാജ്യത്തെ 10 നഗരങ്ങളിലെ പ്രധാന ആശുപത്രികളിലാവും പരീക്ഷണം. ഇതിന് എത്തിക്കൽ ക്ലിയറൻസ് ഉറപ്പാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.

പ്രീ ക്ലിനിക്കൽ പരീക്ഷണത്തിൽ വാക്സിന്റെ സുരക്ഷിതത്വം ഉറപ്പാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതി ലഭിച്ചത്. 3 മാസം കൊണ്ടു മനുഷ്യരിൽ പൂർത്തിയാക്കുന്ന ആദ്യ 2 ഘട്ടം വിജയകരമാണെന്നു ഡിജിസിഐ വിലയിരുത്തിയാൽ വാക്സിനുള്ള വഴിയൊരുങ്ങും. എന്നാൽ, മൂന്നാം ഘട്ടം കൂടി വേണമെന്നു നിർദേശിച്ചാൽ വൈകും. ഫലപ്രാപ്തിയും സുരക്ഷിതത്വവും സംബന്ധിച്ചു കൂടുതൽ ആളുകളിൽ പരീക്ഷണം വേണ്ടിവരുമെന്നതാണു കാരണം. ഇതിനു 4 മാസം മുതൽ 2 വർഷം വരെയെടുക്കാമെന്നും സുചിത്ര പറഞ്ഞു.

English Summary: Covid vaccine getting ready

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com