ADVERTISEMENT

രക്തത്തില്‍ വൈറ്റമിന്‍-ഡിയുടെ സാന്നിധ്യം കുറയുന്നത് കോവിഡ്19 ബാധിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് ഇസ്രയേലി ഗവേഷകര്‍. കോവിഡ് പരിശോധനയ്ക്ക് വിധേയരായ 7807 വ്യക്തികളില്‍ നടത്തിയ പഠനത്തിന്റെ ഫലം ഫെബ്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ചു. 

സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ ചര്‍മം ഉത്പാദിപ്പിക്കുന്ന ഹോര്‍മോണ്‍ ആണ് വൈറ്റമിന്‍ ഡി. ചില ഭക്ഷണ വിഭവങ്ങളില്‍നിന്നും ഇത് ശരീരത്തിനു ലഭിക്കുന്നു. ശരീരത്തിലെ കാല്‍സ്യത്തിന്റെയും ഫോസ്‌ഫേറ്റിന്റെയും അളവിനെ നിയന്ത്രിക്കുന്നത് വൈറ്റമിന്‍ ഡിയാണ്. എല്ലുകളെയും പല്ലുകളെയും പേശികളെയും ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ വൈറ്റമിന്‍ ഡി ആവശ്യമാണ്. ഇതും കോവിഡുമായുള്ള ബന്ധം തെളിയിക്കുന്നതാണ് ഇസ്രയേലി ഗവേഷകരുടെ പഠനം. 

പഠനത്തിന് വിധേയരായ 7807 പേര്‍ കോവിഡ് ടെസ്റ്റിന് പുറമേ വൈറ്റമിന്‍ ഡി രക്ത പരിശോധനയ്ക്കും വിധേയരായി. ഇവരില്‍ 782 പേരാണ് (10.1 ശതമാനം) കോവിഡ് പോസിറ്റീവ് ആയത്. 7025 പേര്‍ (89.9 ശതമാനം) കോവിഡ് നെഗറ്റീവുമായി. കോവിഡ് പോസിറ്റീവായവരുടെ പ്ലാസ്മയില്‍ വൈറ്റമിന്‍ ഡിയുടെ തോത് നെഗറ്റീവായവരെ അപേക്ഷിച്ച് കുറവായിരുന്നു എന്ന് പഠനത്തില്‍ കണ്ടെത്തി. കോവിഡ് ബാധിക്കപ്പെട്ടവരില്‍ കൂടുതലും പുരുഷന്മാരും യുവാക്കളുമായിരുന്നു എന്നും പഠനഫലം പറയുന്നു. എന്നാല്‍ ആശുപത്രി വാസം കൂടുതലും വേണ്ടി വന്നത് 50 ന് മുകളില്‍ പ്രായമുള്ള പുരുഷന്മാര്‍ക്കാണ്. 

രക്തത്തിലെ കുറഞ്ഞ തോതിലുള്ള വൈറ്റമിന്‍ ഡി സാന്നിധ്യം ശ്വാസകോശ നാളിയിലെ അണുബാധയുമായി ബന്ധപ്പെട്ടിരിക്കുന്നതായി മുന്‍പ് നടത്തിയ ചില പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പക്ഷേ, ഈ പഠനങ്ങളില്‍ അധികവും നടന്നത് വികസ്വര രാജ്യങ്ങളിലെ ജനവിഭാഗങ്ങളിലായതിനാല്‍ ഇതിനെ വികസിത രാജ്യങ്ങളിലെ സ്ഥിതിയുമായി താരതമ്യം ചെയ്യുന്നതിന് പരിമിതികളുണ്ട്. 

English Summary: Vitamin D deficiency may increase Covid-19 risk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com