ADVERTISEMENT

കോശത്തിന് പുറത്തു വന്നു നില്‍ക്കുന്ന കൊറോണ വൈറസിനെ കൈപിടിച്ച് അകത്തേക്ക് ആനയിക്കുന്ന പ്രോട്ടീന്‍.   ACE2     എന്ന നമ്മുടെ ശരീരത്തിലെ പ്രോട്ടീന് ഈ കോവിഡ് കാലത്ത് ലഭിച്ച ചീത്ത പേര് അതായിരുന്നു. ശ്വാസകോശ സംവിധാനത്തില്‍ ഈ പ്രോട്ടീനുകള്‍ സുലഭമായിട്ടുള്ളതിനാലാണ് വൈറസ് ശ്വാസകോശത്തെ ബാധിക്കുന്നതെന്നും ആദ്യ കാല പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച്   ACE2 പ്രോട്ടീന്‍ ശ്വാസകോശത്തില്‍ കുറവാണെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. 

ശരീരത്തിലെ 150ലധികം കോശങ്ങളുടെ ACE2 പ്രോട്ടീന്‍ ഉത്പാദനത്തെ മാപ്പ് ചെയ്‌തെടുത്താണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്. മോളിക്കുലര്‍ സിസ്റ്റംസ് ബയോളജിജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പഠനം അനുസരിച്ച് കുടലുകള്‍, കിഡ്‌നി, പിത്താശയം, ഹൃദയം, പുരുഷ പ്രത്യുത്പാദന അവയവങ്ങള്‍, മറുപിള്ള, കണ്ണ്, വാസ്‌കുലാര്‍ കോശസംയുക്തങ്ങള്‍ തുടങ്ങിയവയിലാണ് ACE2  പ്രോട്ടീന്റെ ഉയര്‍ന്ന സാന്നിധ്യം കണ്ടെത്തിയത്. 

ഇതിനെ അപേക്ഷിച്ച് ശ്വാസകോശത്തില്‍ വളരെ ചെറിയ തോതിലാണ് ACE2 പ്രോട്ടീന്‍ കാണാനായത്. കോവിഡ് അണുബാധയ്ക്ക് കാരണമായ ജീവശാസ്ത്രപരമായ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും രോഗത്തിന്റെ പടിപടിയായ വളര്‍ച്ചയെ കുറിച്ചും  കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് പുതിയ കണ്ടെത്തല്‍ അടിവരയിടുന്നു. 

സാര്‍സ് കോവ്-2 അണുബാധയ്ക്ക് മനുഷ്യന്റെ ശ്വാസകോശത്തിലെ ഈ ചെറിയ തോതിലുള്ള ACE2  പ്രോട്ടീന്‍തന്നെ മതിയോ എന്നതിനെ സംബന്ധിച്ചും വൈറസ് കോശങ്ങള്‍ക്ക് അകത്ത് കയറുന്നതിന് മറ്റേതെങ്കിലും ഘടകങ്ങള്‍ സഹായകമാകുന്നുണ്ടോ എന്നതിനെ പറ്റിയുമെല്ലാം വിശദമായ പഠനം നടത്തേണ്ടതുണ്ടെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. 

English Summary: Scientists map body-wide production of protein with 'important role' in COVID-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com