ADVERTISEMENT

കൂർക്കംവലി ഉറക്കത്തിനിടയിലെ ഒരു ശീലം മാത്രമല്ല, ഗുരുതരമായ ആരോഗ്യാവസ്ഥയുടെ സൂചന കൂടിയാണ്. ഇത് അസ്വസ്ഥതയും ക്ഷീണവും ഉണ്ടാക്കും. ബഹുഭൂരിപക്ഷം പേരും പ്രത്യേകിച്ച് പുരുഷന്മാർ ഉറക്കത്തിൽ പതിവായി കൂർക്കം വലിക്കും. ജോലി ചെയ്തു ക്ഷീണിച്ച ഒരു പകലിനു ശേഷം ഉറക്കത്തിൽ ചെറുതായി കൂർക്കം വലിക്കുന്നത് മനസ്സിലാക്കാം. എന്നാൽ കൂർക്കംവലി പതിവാണെങ്കിൽ സൂക്ഷിക്കണം, മുൻകരുതലെടുക്കുകയും വേണം. 

ഉറക്കെ കൂർക്കം വലിക്കുന്നത് സ്ലീപ് ആപ്നിയ എന്ന രോഗത്തിന്റെ ലക്ഷണമാണ്. ഉറക്കത്തിൽ പെട്ടെന്ന് ശ്വാസം നിന്നു പോകുന്ന അപകടകരമായ ഒരു സ്ലീപ് ഡിസോർഡർ ആണിത്. രാത്രിയിലെ കൂർക്കംവലി നിർത്താൻ സഹായിക്കുന്ന രസകരമായ കാര്യം ഗവേഷകർ കണ്ടെത്തി.

ചെയ്യാം ചെറു സൂത്രം 

നാഷനൽ സെന്റർ ഫോർ ബയോടെക്‌നോളജി ഇൻഫർമേഷൻ 2017 ൽ നടത്തിയ ഒരു പഠനമനുസരിച്ചു പകൽ കൂടുതൽ നേരം തുടർച്ചയായി നിൽക്കുന്നതും ഇരിക്കുമ്പോൾ കാലുകൾ ചലിപ്പിക്കുന്നതും രാത്രിയിൽ കൂർക്കംവലി അകറ്റാൻ സഹായിക്കും.

ആരോഗ്യമുള്ള, എന്നാൽ രാത്രിയിൽ പതിവായി കൂർക്കം വലിക്കുന്ന 16 പേരിലാണ് പഠനം നടത്തിയത്. ഫ്ലൂയിഡ് വോള്യം കണക്കാക്കിയ ശേഷം നാലു മണിക്കൂർ ഇരിക്കാൻ അവരോട് ആവശ്യപ്പെട്ടു. രാത്രിയിൽ അവരുടെ കൂർക്കം രേഖപ്പെടുത്തി. രണ്ടാമത്തെ ടെസ്റ്റിൽ പകുതി പേരോട് തങ്ങളുടെ കാൽപാദങ്ങൾ പെഡലിനെതിരായി അമർത്തിപ്പിടിക്കാൻ പറഞ്ഞു. അവരുടെ കാലിലെ പേശികൾ ആക്റ്റീവ് ആയിരുന്നു, രണ്ടാമത്തെ ഗ്രൂപ്പിനോട് സാധാരണ ജോലി ചെയ്യുമ്പോൾ ഇരിക്കുന്നത് പോലെ ഇരിക്കാൻ ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്ക് ശേഷം ഈ ആക്ടിവിറ്റികൾ ആവർത്തിച്ചു . ഈ സമയമത്രയും ഗവേഷകർ, ഇവരുടെ കൂർക്കംവലി ശീലം നിരീക്ഷിച്ചു. വെറുതെ ഇരിക്കുന്നവരെ അപേക്ഷിച്ചു ദിവസം മുഴുവൻ പെഡൽ ചവിട്ടിയവർക്കു കൂർക്കം വലി കുറവായിരുന്നു എന്ന് കണ്ടു .

പകൽ മുഴുവൻ ഇരിക്കുന്നവരുടെ കാലിൽ ഫ്ലൂയിഡ് റീറ്റൻഷൻ (ദ്രാവക നിലനിർത്തൽ ) കൂടുതലാണെന്നതാണ് ഇതിനു കാരണം. ഫ്ലൂയിഡ് അധികമാകുന്നത് ഈസോഫാഗസിനെ സങ്കോചിപ്പിക്കുന്നു. ഇത് മൂലം വായു വളരെ വേഗം തൊണ്ടയിലേക്ക് എത്തുകയും ഇത് രാത്രിയിൽ വൈബ്രേഷനും തുടർന്ന് കൂർക്കം വലിക്കും കാരണമാകുകയും ചെയ്യും. 

കൂർക്കം വലി തടയാൻ ചില നുറുങ്ങുകൾ 

കൂർക്കം വലി തടയാൻ ഫലപ്രദമായ ചില വീട്ടു പരിഹാരങ്ങൾ ഉണ്ട്. അവ ഏതൊക്കെ എന്ന് നോക്കാം.

∙ ഉറങ്ങാൻ പോകും മുൻപ് ഒരു കപ്പു ചായ, ഇഞ്ചിയും തേനും ചേർത്ത് കുടിക്കുക. ഇഞ്ചിക്ക് ആന്റി ഇൻഫ്ളമേറ്ററി, ആന്റി ബാക്റ്റീരിയൽ ഗുണങ്ങളുണ്ട്. ഇത് ഉമിനീരിന്റെ ഉത്പാദനം കൂട്ടുകയും തൊണ്ടയ്ക്ക് ആശ്വാസം ഏകുകയും ചെയ്യുന്നു. അതുവഴി കൂർക്കം വലിയിൽ നിന്നും ആശ്വാസമേകും.

∙ പൈനാപ്പിൾ, വാഴപ്പഴം, ഓറഞ്ച് ഇവ ശരീരത്തിൽ മെലാടോണിന്റെ അളവ് കൂട്ടുന്നു. ഇത് രാത്രിയിൽ നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്നതാണ്. മെലാടോണിൻ ഉറക്കത്തെ സഹായിക്കുന്ന ഹോർമോൺ ആണ്. അതുകൊണ്ടുതന്നെ ഉറങ്ങാൻ കിടക്കും മുൻപ് ഈ പഴങ്ങൾ വളരെ ചെറിയ അളവിൽ കഴിക്കുന്നതു പോലും ഫലപ്രദമാണ്.

∙ കിടക്കും മുൻപ് അല്പം ഒലിവ് ഓയിൽ കുടിക്കുന്നതും തൊണ്ടയിലെ പേശികൾക്ക് തടസം ഉണ്ടാക്കുന്നതിനെ തടയും.

∙ ചെറുതായി കൂർക്കം വലിക്കുന്നത് സാധാരണമാണ്. എന്നാൽ ഇത് കൂടുകയാണെങ്കിൽ ഉടനെ വൈദ്യസഹായം തേടണം. പകൽ ഉറക്കം തൂങ്ങുകയും വളരെയധികം ക്ഷീണിതനാകുകയും ഉറക്കെ കൂർക്കം വലിക്കുകയും ചെയ്യുന്നുവെങ്കിലും ഡോക്ടറെ കാണുന്നതാണ് നല്ലത്.

English Summary: Try this simple trick during daytime to stop snoring at night

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com