മാസ്ക് ഇങ്ങനെയൊന്നും ധരിക്കരുതേ: നിർദേശങ്ങളുമായി ലോകാരോഗ്യ സംഘടന

face-mask
SHARE

കൊറോണ വൈറസ് വ്യാപിച്ചതു മുതൽ മാസ്ക്  നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ലോകാരോഗ്യസംഘടന, മാസ്‌ക്കുകൾ എങ്ങനെ ശരിയായി ഉപയോഗിക്കാം എന്നതിനെക്കുറിച്ചു  മാർഗനിർദേശം  നൽകിയിട്ടുമുണ്ട്. ഒടുവിലായി മാസ്ക്  ഉപയോഗിക്കുമ്പോൾ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ചാണ്  WHO വിവരങ്ങൾ  പങ്കുവച്ചത്. നമ്മളെയും  നമ്മുടെ ചുറ്റുമുള്ളവരെയും  കൊറോണ  വൈറസ് ബാധയിൽ നിന്ന്  സംരക്ഷിക്കാൻ മാസ്ക് ശരിയായിതന്നെ ധരിക്കാം . 

∙ അയഞ്ഞ മാസ്ക്  ധരിക്കരുത് 

അയഞ്ഞ മാസ്ക്  ധരിച്ചാൽ അത് മുഖത്ത് നിന്ന് എളുപ്പത്തിൽ തെന്നി മാറും. ഇത് വൈറസ് ബാധിക്കാൻ ഇടയാക്കും. അതുകൊണ്ട് നിങ്ങളുടെ മുഖത്തിന്  പാകമുള്ള  മാസ്ക്ക്  ധരിക്കുക. കൂടുതൽ വലുതോ ചെറുതോ ആകാൻ  പാടില്ല. മുഖത്തിന്റെ പകുതി ഭാഗമെങ്കിലും ശരിയായി മറയുന്നതാകണം. 

∙ മൂക്കിനു താഴെ മാസ്ക് ധരിക്കരുത് 

ശ്വസന കണികകളിലൂടെയാണ് കൊറോണ വൈറസ് പകരുന്നത്. അതുകൊണ്ടുതന്നെ മാസ്ക് മൂക്കും വായും നന്നായി മൂടുന്ന രീതിയിൽ  ധരിക്കണം. 

∙ താടിക്കു താഴെ മാസ്ക് വയ്ക്കരുത് 

മൂക്കും വായും നന്നായി മൂടി സംരക്ഷണമൊരുക്കാനാണ് മാസ്ക്  ധരിക്കുന്നത്. താടിയിലേക്ക് മാസ്ക് താഴ്ത്തിയിടുന്നതുകൊണ്ടു യാതൊരു പ്രയോജനവും  ലഭിക്കില്ല.

∙ ആരോടെങ്കിലും സംസാരിക്കുമ്പോൾ മാസ്ക്  ഊരരുത് 

ഉമിനീരിലൂടെ വൈറസ് പകരാം മാത്രമല്ല ഇത് വായുവിലൂടെ പകരുന്ന ഒന്നാണ്  താനും. അതുകൊണ്ട് ആരോടെങ്കിലും സംസാരിക്കുമ്പോൾ മാസ്ക്  ധരിച്ചിട്ടില്ലെങ്കിൽ അത് രോഗവ്യാപന സാധ്യത കൂട്ടും.

∙ മാസ്ക്  മറ്റൊരാളുമായി പങ്കിടരുത് 

ആർക്കാണ് കൊറോണ വൈറസ് ഉള്ളതെന്നും ലക്ഷണങ്ങൾ പ്രകടമാകാത്ത രോഗവാഹകൻ  ആരെന്നോ നമുക്കറിയില്ല. അവരവരുടെ മാസ്ക് അവരവർതന്നെ  ഉപയോഗിക്കുന്നതാണ് നല്ലത്. മാസ്ക് ആരുമായും പങ്കുവയ്ക്കരുത്.

∙ മാസ്ക് ധരിച്ചു കഴിഞ്ഞാൽ പിന്നെ ഇടയ്ക്കിടെ തൊടരുത് 

തുണി കൊണ്ടുള്ള മാസ്ക്  ഉപയോഗിക്കുന്നതിനെക്കുറിച്ചു  WHO മുൻപ് നൽകിയ  നിർദേശങ്ങളിൽ, മാസ്ക്ക് ധരിക്കും മുൻപ് കൈകൾ വൃത്തിയാക്കണം, മാസ്ക് കീറിയതോ ദ്വാരങ്ങൾ ഉള്ളതാണോ എന്ന് പരിശോധിക്കണം, കേടുപാടുള്ള മാസ്ക്  ധരിക്കരുത് തുടങ്ങിയവ ഉൾപ്പെട്ടിരുന്നു. വായ, മൂക്ക്, കവിൾ തുടങ്ങിയവ പൂർണമായും മൂടുന്ന, ഇടയ്ക്കു വിടവുകളൊന്നും ഇല്ലാത്ത  മാസ്ക്  ധരിക്കണം. മാസ്ക്  ധരിച്ച ശേഷം ഇടയ്ക്കിടെ  അതിൽ തൊടരുതെന്നും മാസ്ക്  നനയുകയോ അഴുക്കു പറ്റുകയോ ചെയ്താൽ അത് മാറ്റണമെന്നും WHO നിർദേശിക്കുന്നു. മാസ്ക് ഇടുന്നതിനും ഊരുന്നതിനും മുൻപ് കൈകൾ വൃത്തിയായി കഴുകണം. ചെവിക്കു പുറകിൽ നിന്ന് മാത്രമേ ഊരാവൂ. മുൻപിൽ പിടിച്ചു ഊരരുത്. 

തുണികൊണ്ടുള്ള മാസ്ക്  ഉപയോഗിച്ച ശേഷം അവ സോപ്പോ സോപ്പുപൊടിയോ ഉപയോഗിച്ച് ചൂടു വെള്ളത്തിൽ കഴുകണം. നന്നായി ഉണക്കി വീണ്ടും  ഇവ ഉപയോഗിക്കണം.

തുണി മാസ്ക്  ഉപയോഗിച്ചതു കൊണ്ടു മാത്രം മതിയായ സംരക്ഷണം ലഭിക്കില്ല  എന്നും മറ്റുള്ളവരിൽ നിന്ന് കുറഞ്ഞത് ഒരു മീറ്റർ എങ്കിലും ശാരീരിക അകലം  പാലിക്കണമെന്നും ഇടയ്ക്കിടെ കൈകൾ വൃത്തിയാക്കണമെന്നും  ലോകാരോഗ്യസംഘടന നിർദേശിക്കുന്നു.

English Summary: WHO’s guidance on the don’ts of wearing masks

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA