ADVERTISEMENT

കോവിഡിന് ആഫ്രിക്കന്‍ പച്ച മരുന്ന് ചികിത്സ ഉള്‍പ്പെടെയുള്ള ബദല്‍ സാധ്യതകള്‍ പരീക്ഷിച്ചു നോക്കുന്നതിനുള്ള പെരുമാറ്റചട്ടത്തിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കി. 

പരമ്പരാഗത മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ ഫലപ്രദവും സുരക്ഷിതവും ഗുണനിലവാരമുള്ളതുമാണെന്ന് തെളിഞ്ഞാല്‍ വന്‍ തോതിലുള്ള പ്രാദേശിക ഉത്പാദനത്തിന് ലോകാരോഗ്യ സംഘടന ശുപാര്‍ശ നല്‍കുമെന്ന് ഡബ്യുഎച്ച്ഒ ആഫ്രിക്ക റീജണല്‍ ഡയറക്ടര്‍ പ്രോസ്പര്‍ തുമുസൈം പറയുന്നു. 

കോവിഡ് പ്രതിരോധത്തിന് ഇന്ത്യന്‍ ആയുര്‍വേദ ചികിത്സാ രീതികളുടെ അടക്കം സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ലോകാരോഗ്യ സംഘടനയുടെ നീക്കം. ഇതാദ്യമായല്ല അലോപ്പതി മരുന്നുകള്‍ക്ക് പുറമേയുള്ള ചികിത്സ മാര്‍ഗങ്ങളുടെ സാധ്യത പകര്‍ച്ചവ്യാധികള്‍ക്ക് തേടുന്നത്. 

പടിഞ്ഞാറന്‍ ആഫ്രിക്കയിലെ എബോള പകര്‍ച്ചവ്യാധി പരമ്പരാഗത ചികിത്സ മാര്‍ഗങ്ങളുടെ  ഗവേഷണ, വികസന പദ്ധതികള്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകത അടിവരയിട്ടതായും ഡബ്യുഎച്ചഒ റീജണല്‍ ഡയറക്ടര്‍ പറയുന്നു. 

കോവിഡ് പശ്ചാത്തലത്തില്‍ രോഗപ്രതിരോധം ശക്തിപ്പെടുത്താന്‍ ആയുഷ് മരുന്നുകള്‍ ഉപയോഗിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കോവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ ലഘൂകരിക്കാന്‍ പരമ്പരാഗത ചൈനീസ് മരുന്നുകളും ചികിത്സാ സമ്പ്രദായങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്. 

ഐഐടി ഡല്‍ഹിയിലെ ഡൈലാബും ജപ്പാനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ഇന്‍ഡ്രസ്ട്രിയല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും ആയുര്‍വേദ മരുന്നായ അശ്വഗന്ധ കോവിഡ് വാക്‌സീന്‍ വികസനത്തില്‍ ഫലപ്രദമാകുമോ എന്ന പരീക്ഷണത്തിലാണ്. വൈറസ് ശരീരത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങളെ ഒരു പരിധി വരെ തടയാന്‍ അശ്വഗന്ധയ്ക്കാകുമെന്ന് ഗവേഷകര്‍ കരുതുന്നു. വൈറസ് പെരുകാന്‍ സഹായിക്കുന്ന മെയിന്‍ പ്രൊട്ടിയസ്(എംപ്രോ) എന്‍സൈമുകളെ നശിപ്പിച്ച് വൈറസിന്റെ വ്യാപനം ചെറുക്കാന്‍ അശ്വഗന്ധയ്ക്ക് കഴിയുമോ എന്നാണ് ഗവേഷകര്‍ പരിശോധിക്കുന്നത്. 

ന്യൂസിലാന്‍ഡ് പ്രപോളിസ് എന്നൊരു പച്ചമരുന്നിനും ഇത്തരത്തില്‍ ആന്റി വൈറല്‍ ഗുണങ്ങളുള്ളതായി കരുതുന്നു. കാനഡയിലെ മെഡികാഗോ ഉള്‍പ്പെടെയുള്ള മരുന്ന് കമ്പനികളും ഇത്തരത്തിലുള്ള ബദല്‍ ചികിത്സാ മാര്‍ഗ്ഗങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്നുണ്ട്. 

കോവിഡിന് ഫലപ്രദവും സുരക്ഷിതവുമായ ഒരു വാക്‌സീന്‍ ഇനിയും കണ്ടെത്താത്തതിനാല്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ഇത്തരത്തിലുള്ള ബദല്‍ ചികിത്സ മാര്‍ഗങ്ങളുടെ സാധ്യതയും പരീക്ഷിക്കുന്നുണ്ട്. 

English Summary: WHO allows herbal treatment trials

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com