ADVERTISEMENT

കോവിഡ് പിടിപെടുന്നവരില്‍ കണ്ടു വരുന്ന സഹരോഗാവസ്ഥകളാണ് പലപ്പോഴും രോഗം തീവ്രമാകുന്നതും മരണത്തിലേക്ക് ഇവരെ നയിക്കുന്നതും. കോവിഡ് ബാധിക്കുന്നവരില്‍ 76 ശതമാനത്തിനും എന്തെങ്കിലും തരത്തിലുള്ള സഹരോഗാവസ്ഥകളുണ്ടാകാമെന്ന് കണക്കാക്കുന്നു. രക്തസമ്മര്‍ദം, പ്രമേഹം, കരള്‍ രോഗം, ഹൃദ്രോഗം, ആസ്മ, ക്രോണിക് റീനല്‍ ഡിസീസ്, ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മനറി ഡിസീസ്, കുറഞ്ഞ പ്രതിരോധ ശേഷി, കാന്‍സര്‍, ബ്രോങ്കൈറ്റിസ്, ക്രോണിക് ന്യൂറോമാസ്‌കുലര്‍ ഡിസീസ് എന്നിങ്ങനെ നീളുന്നു കോവിഡ് രോഗികളില്‍ കണ്ടു വരുന്ന സഹരോഗാവസ്ഥകള്‍. 

ഇതില്‍തന്നെ ഇന്ത്യയിലെ കോവിഡ് രോഗികളില്‍ ഏറ്റവും കൂടുതല്‍ കണ്ടു വരുന്ന സഹരോഗാവസ്ഥകള്‍ രക്തസമ്മര്‍ദവും പ്രമേഹവുമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ രോഗ നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമായി പരിശോധിച്ച കോവിഡ് രോഗികളില്‍ 5.74 ശതമാനത്തിന് രക്തസമ്മര്‍ദവും 5.20 ശതമാനത്തിന് പ്രമേഹവും കണ്ടെത്തി. 

ഇന്ത്യയില്‍ രോഗം ബാധിക്കപ്പെട്ടവരില്‍ 63 ശതമാനവും 40 വയസ്സോ അതിനു താഴെയോ ഉള്ളവരാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 10 ശതമാനം പോസിറ്റീവ് കേസുകള്‍ മാത്രമേ 60ന് മുകളില്‍ പ്രായമുള്ളവരിലുള്ളൂ. 

ഇന്ത്യയിലെ കോവിഡ് രോഗികളില്‍ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ കൂടുതലാണെന്നും ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. രോഗബാധിതരില്‍ 68.48 ശതമാനം പുരുഷന്മാരും 31.51 ശതമാനം സ്ത്രീകളുമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിച്ചത് യുവാക്കളെയാണെങ്കിലും രോഗ തീവ്രത കൂടിയത് പ്രായമായവരിലാണ്. 

ഇന്ത്യയിലെ കോവിഡ് രോഗികളില്‍ ഏറ്റവും പൊതുവായി കണ്ടെത്തിയ ലക്ഷണങ്ങള്‍ പനി, ചുമ, തൊണ്ട വേദന എന്നിവയാണ്. കോവിഡ് സ്ഥിരീകരിച്ച 37,084 കേസുകള്‍ പരിശോധിച്ചതില്‍ 25.03 ശതമാനത്തിനും പനിയാണ് രോഗലക്ഷണമായി കണ്ടത്. 16.36 ശതമാനത്തിന് ചുമയും 7.35 ശതമാനത്തിന് തൊണ്ട വേദനയും കണ്ടെത്തി. 5.11 ശതമാനം പേര്‍ ശ്വാസംമുട്ടലുണ്ടായതായും രേഖപ്പെടുത്തി. 

ലോകത്ത് ഏറ്റവുമധികം കോവിഡ് രോഗമുക്തരുള്ള രാജ്യമെന്ന റെക്കോര്‍ഡും ഇപ്പോള്‍ ഇന്ത്യയ്ക്ക് സ്വന്തമാണ്. ഇന്ത്യയുടെ രോഗമുക്തി നിരക്ക് 80 ശതമാനത്തിന് മുകളിലെത്തി.

English Summary: Common comorbiditie found in COVID patients

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com