ADVERTISEMENT

സ്തനാർബുദത്തിന് ഒരു പാട് വിശേഷണങ്ങൾ ഉണ്ട്. സ്ത്രീകളിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്ന കാൻസർ, ഏറ്റവും കൂടുതലായി ഭേദപ്പെടുത്താവുന്ന കാൻസർ, ഏറ്റവും അധികം സ്ത്രീകൾ മരണപ്പെടുന്ന കാൻസർ എന്നിങ്ങനെ. ശ്രദ്ധിച്ചാൽ കീഴടക്കാം.

1. മാറിടത്തിലെ ഒരു മുഴയും സ്ത്രീകൾ  അവഗണിക്കാൻ പാടില്ല. നിർഭാഗ്യവശാൽ ഇന്നും സ്ത്രീകൾ തക്ക സമയത്ത് പരിശോധനകൾക്കു വിധേയമാവാൻ കാലതാമസം വരുത്തുന്നു.

2. മാറിടത്തിലെ മുഴകൾ ആദ്യം ശ്രദ്ധിക്കുന്നത് സ്ത്രീകൾ തന്നെയാണ്. സ്വയം പരിശോധന (self breast examination) മാസത്തിൽ ഒരിക്കൽ (മാസമുറ ഉള്ളവർ 5 ആം നാൾ, മറ്റുള്ളവർ ഒരു തീയതി നിശ്ചയിക്കുക) നടത്തണം.

3. ഡോക്ടറുടെ പരിശോധന ഒരു മാർഗം ആണെങ്കിലും ഓർക്കുക, തിരക്കുള്ള ഓ.പി യിൽ ശരിയാം വണ്ണം പരിശോധന നടത്തുന്നത് ബുദ്ധിമുട്ടാണ്. കുഴപ്പമില്ല എന്ന് ഡോക്ടർ പറഞ്ഞാലും സ്വയം പരിശോധന തുടരണം.

4. ചെറുപ്പക്കാരിൽ മാറിടത്തിൽ കാൻസർ അല്ലാത്ത മുഴകൾ (benign) വളരെ സാധാരണയായി കണ്ടുവരുന്നു. പ്രായമാകും തോറും മുഴയുടെ ഗൗരവം വർധിക്കുന്നു.

5. ഡോക്ടർ റേഡിയോളജി പരിശോധനകൾ നടത്താൻ ആവശ്യപ്പെട്ടാൽ തീർച്ചയായും ചെയ്യണം. നിലവിൽ ഉള്ളതിൽ ഏറ്റവും മികച്ചതായ മാർഗം അത് തന്നെ. ചെറുപ്പക്കാരിൽ അൾട്രാസൗണ്ട് പരിശോധനയും 40 വയസ്സിന് മുകളിൽ ഉള്ളവർക്ക് മാമോഗ്രാമും നടത്തപ്പെടുന്നു. മാമോഗ്രാം പരിശോധന മൂലം കാൻസർ വരും എന്ന് പറയുന്നത് തികച്ചും തെറ്റാണ്.

6. റേഡിയോളജി പരിശോധനയിൽ കുഴപ്പമില്ല എന്ന് കേട്ടാൽ പിന്നീട് അശ്രദ്ധ പാടില്ല. പല കാരണങ്ങൾ കൊണ്ട് ഈ ഘട്ടത്തിലും രോഗം കണ്ടെത്താൻ കഴിയാതെ വരാം. അത് കൊണ്ട് സ്വയം പരിശോധന തുടരുക.

7. മുഴ വളരുന്നുണെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം. ഹോർമോൺ വ്യതിയാനങ്ങൾ മൂലം ആർത്തവ ചക്രത്തിൽ തന്നെ മുഴകൾക്ക് വലിപ്പവ്യത്യാസം വരാം. അതുകൊണ്ടാണ് നിശ്ചിത സമയത്ത് (മാസമുറ ആരംഭിച്ച് 5 ആം നാൾ) സ്വയം പരിശോധന നടത്തണം എന്ന് നിഷ്കർഷിക്കുന്നത്.

8. പൊതുവെ കാൻസർ മുഴകൾ വേദനാരഹിതമാണ്. അതുകൊണ്ടുതന്നെ വേദന ഇല്ല, കുഴപ്പമില്ല, എന്ന് കരുതി അവഗണിക്കരുത്. മറിച്ച്, വേദനയുണ്ടെങ്കിൽ കാൻസർ അല്ല എന്നും അർത്ഥമില്ല. ഇതും പ്രത്യേകം ശ്രദ്ധിക്കണം.

9. മാമോഗ്രാം എന്നത് ഒറ്റത്തവണ പരിശോധന അല്ല, ആവർത്തിക്കേണ്ട ഒന്നാണ്. ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ ഡോക്ടർ നിർദ്ദേശിക്കുന്ന പ്രകാരം ആവർത്തിക്കണം.

10. പാരമ്പര്യ രോഗമുള്ളവരും കുടുംബത്തിൽ അമ്മയ്ക്കോ സഹോദരങ്ങൾക്കോ സ്തനാർബുദം ഉള്ളവരും ഇക്കാര്യങ്ങളിൽ കൂടുതൽ ജാഗ്രത കാട്ടണം.

English Summary : Breast cancer: symptoms and treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com