ADVERTISEMENT

മനോരമ ഓൺലൈനും കൊച്ചി രാജഗിരി ആശുപത്രിയും ചേർന്ന് സ്തനാർബുദ ബോധവൽക്കരണ മാസത്തോട് അനുബന്ധിച്ച് വെബിനാർ സംഘടിപ്പിച്ചു. ഡോ. സണ്ണി മോഡറേറ്ററായ വെബിനാറിൽ ഡോ. ജോസ് പോൾ, ഡോ. ടീന സ്ലീബ, ഡോ. സഞ്ജു സിറിയക്, ഡോ. സുബിൻ എന്നിവർ സ്തനാർബുദത്തെ കുറിച്ച് സംസാരിക്കുകയും വായനക്കാരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

മനുഷ്യർ ഭയാശങ്കകളോടെയാണ് ഈ കോവിഡ് കാലഘട്ടത്തെ കാണുന്നത്. എങ്കിലും രോഗവും ആശുപത്രിയും ഒന്നും മാറ്റി നിർത്താൻ ആവുന്നില്ല എന്നതാണ് സത്യം. പക്ഷേ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട ശേഷം കഴിഞ്ഞ പത്ത് മാസത്തോളമായി ആരോഗ്യപ്രവർത്തകർക്കും ഡോക്ടർമാർക്കും മനസ്സിലായ ഒരു കാര്യം ചില  രോഗങ്ങളെങ്കിലും കുറഞ്ഞിരിക്കുന്നു എന്നതാണെന്ന് ഡോ. സണ്ണി പറയുന്നു. പ്രത്യേകിച്ച് കുട്ടികളിലെ രോഗങ്ങൾ. സോഷ്യൽ ഡിസ്റ്റൻസിങ്, മാസ്‌ക് ധരിക്കുക എന്നിവ കൊണ്ടാണിത്.  പക്ഷേ കാൻസർ രോഗികളുടെ എണ്ണത്തിൽ  കുറവില്ലെന്നു മാത്രമല്ല, പതിവിലും കൂടുതലായി കാൻസർ വിഭാഗത്തിലെ ഡോക്ടർമാരെ കാണാൻ രോഗികൾ എത്തുന്നുമുണ്ട്. ഏതൊക്കെ കാലഘട്ടത്തിൽ എന്തൊക്കെ രോഗങ്ങൾ ഉണ്ടായാലും കാൻസർ രോഗത്തിന് ഒരു കുറവും വരുന്നില്ല എന്നതാണ് ഇതിൽനിന്നു  മനസ്സിലാക്കേണ്ടതെന്ന് ഡോ. സണ്ണി പറഞ്ഞു. കാൻസർ ലോകത്തിലെമ്പാടും കൂടി വരുന്നു. കാൻസറിനെക്കുറിച്ചുള്ള അവബോധം ആയിരിക്കാം  പെട്ടെന്ന് ആശുപത്രിയിൽ എത്താൻ രോഗികളെ പ്രേരിപ്പിക്കുന്നത്. കോവിഡ് ഭീതിയുണ്ടെങ്കിലും ഇത് മാറ്റി നിർത്താൻ സാധിക്കുന്ന ഒരു രോഗമല്ല എന്ന അവബോധം  ജനങ്ങളിൽ ഉണ്ട്. ഇതൊരു നല്ല കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡോ. സഞ്ജുവിന്റെ അഭിപ്രായത്തിൽ സ്ത്രീകളുടെ ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ പ്രശ്‍നം സ്തനാർബുദമാണ്. നമ്മൾ ജീവിക്കുന്ന സാഹചര്യത്തിൽ കാൻസർ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ലോകത്ത് ഇന്ന് കാൻസർ രോഗങ്ങളിൽ ഒന്നാം സ്ഥാനം സ്‌തനാർബുദത്തിനാണ്. ഈ രോഗത്തെപ്പറ്റിയുള്ള അവബോധം ജനങ്ങളിൽ  ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഒക്ടോബർ പിങ്ക് മാസം ആയി ആചരിക്കുന്നത്. ഈ അവബോധം മൂലമാണ് ജനങ്ങളിലേക്ക് ഓൺലൈനായി ഡോക്ടർമാരും ആശുപത്രിസേവനങ്ങളും എത്തുന്നത്. സ്‌തനാർബുദത്തെ പേടിക്കേണ്ടതില്ല. ശരിയായ ചികിത്സ കൊണ്ട് ഭേദമാക്കാവുന്ന രോഗമാണ്. കൊറോണ കാലത്തു പോലും ഞങ്ങൾ നേരിട്ട ഒരു പ്രശ്നം സ്‌തനങ്ങളിൽ മുഴ കണ്ടെത്തുന്ന സമയത്ത് സ്ത്രീകൾ ചികിത്സയ്ക്ക് എത്തുന്നില്ല എന്നതാണ്. മുൻപ് പല കാരണങ്ങളും കൊണ്ട് മാറ്റി വച്ച പരിശോധന ഇന്ന് കൊറോണ കാരണം ആളുകൾ മാറ്റി വയ്ക്കുന്നു. ഇങ്ങനെയുള്ള കാര്യങ്ങളിൽ ഒരു ഉപേക്ഷയും ആരുടെ ഭാഗത്തു നിന്നും പാടില്ല എന്ന സന്ദേശം  ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പിങ്ക് മാസം ആചരിക്കുന്നത്– ഡോ. സഞ്ജു പറഞ്ഞു

ഏതു പ്രായം മുതലാണ് സ്തനാർബുദ സാധ്യത ശ്രദ്ധിച്ചു തുടങ്ങേണ്ടത് എന്ന വായനക്കാരുടെ ചോദ്യത്തിനും ഡോ. സഞ്ജു മറുപടി നൽകി.

മുൻ കാലങ്ങളിൽ പ്രായമായവർക്കാണ് സ്‌തനാർബുദം കണ്ടിരുന്നത്. ഇന്ന് ചെറുപ്പക്കാരിൽ കാണുന്നുണ്ടെങ്കിലും ഏറ്റവും കൂടുതൽ ബാധിക്കുന്നത് പ്രായമായ സ്ത്രീകളിൽ തന്നെയാണ്. പക്ഷേ  20 നും 30 നും ഇടയിലുള്ള പെൺകുട്ടികൾക്കു വരെ സ്‌തനാർബുദം  വരുന്നുണ്ട്. പേടിക്കേണ്ട കാര്യമൊന്നുമില്ല. ചെറുപ്പത്തിലേ കാൻസറിനെക്കുറിച്ചുള്ള അവബോധം പെൺകുട്ടികൾക്ക് ഉണ്ടാവണം എന്ന സൂചനയാണ് അത് നൽകുന്നത്. പ്രായമായവരുടെ രോഗമാണ് പ്രധാനമായും സ്തനാർബുദം എന്ന് പറയുന്നതിനുള്ള കാരണം ബ്രെസ്റ്റിൽ  കാലങ്ങളായി ഹോർമോൺ വ്യതിയാനം മൂലമുണ്ടാകുന്ന മാറ്റങ്ങൾ ഒരു കാൻസർ ആയി പരിണമിക്കുന്നത് അൻപതോ അറുപതോ വയസ്സുള്ള സ്ത്രീകളിലാണ് എന്നതുകൊണ്ടാണ്..

ഏതു പ്രായം മുതലാണ് മാമോഗ്രാഫി ചെയ്യേണ്ടത്? സ്തനാർബുദത്തിന് പ്രായമുണ്ടോ? എന്നീ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയത് ഡോ. ടീനയാണ്. 

പ്രായം വച്ച് നോക്കുമ്പോൾ 40 വയസ്സ് ആണ് കട്ട് ഓഫായി എടുക്കാറുള്ളത്. 40 വയസ്സിന് മുകളിലുള്ളവർക്ക് ഫസ്റ്റ് ലൈൻ ഓഫ് ഇൻവെസ്റ്റിഗേഷൻ മാമോഗ്രാഫി ആണ്. ബ്രെസ്റ്റ് കാൻസറുമായി ബന്ധപ്പെട്ട ലക്ഷണം ആയി വന്നാലും സ്ക്രീനിങ്ങിനുവേണ്ടി വന്നാലും മാമോഗ്രാഫി ആണ് പ്രിഫർ ചെയ്യുന്നത്. 40 വയസ്സിൽ താഴെയുള്ള സ്ത്രീകൾ റീപ്രൊഡക്ടീവ് എയ്‌ജിൽ ആയിരിക്കും . ആ  സമയത്തുള്ള ലക്റ്റേഷൻ പ്രെഗ്നൻസി ഉണ്ടാവാനുള്ള സാധ്യത ഉണ്ട്. 35-40 പ്രായത്തിൽ ബ്രെസ്റ്റിൽ  ഡെൻസിറ്റി  കൂടുതൽ ആയിരിക്കും അതായത് ബ്രെസ്റ്റിൽ മിൽക്ക് ടിഷ്യു / ഗ്രാനുലർ ടിഷ്യൂ കൂടുതൽ ആയിരിക്കും. അങ്ങനെയുള്ള രോഗികളിൽ മാമോഗ്രാം എടുക്കുമ്പോൾ മാമോഗ്രാമിൽ സെൻസിറ്റിവിറ്റി കുറയും. അതുകൊണ്ട് 40 വയസ്സിൽ താഴെയുള്ള സ്ത്രീകൾക്ക് ഫസ്റ്റ് ലൈൻ എപ്പോഴും  അൾട്രാ സൗണ്ടാണ്. ഏർലി ബ്രെസ്റ്റ് കാൻസറിൽ മൈക്രോ കാൽസിഫിക്കേഷൻ ആവാം. ഒരു ടിഷ്യു ഡിഫറൻസ് ആവാം. അൾട്രാ സൗണ്ടിൽ അത് മിസ് ചെയ്യാൻ വളരെയധികം ചാൻസ് ഉണ്ട്. അതുകൊണ്ടാണ് മാമോഗ്രാം എപ്പോഴും  പ്രിഫർ ചെയ്യുന്നത്. 

സ്‌തനശസ്ത്രക്രിയ വേണ്ടി വരുന്നത് എപ്പോഴാണ് എന്ന സംശയത്തിന് മറുപടി നൽകിയത് ഡോ. സുബിൻ ആയിരുന്നു. 

ബ്രെസ്റ്റ് കാൻസർ ചികിത്സയിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് സർജറി. എന്നാൽ എല്ലാ സ്റ്റേജിലും ഓപ്പറേഷൻ ഇല്ല. ഓരോ സ്റ്റേജ് അടിസ്ഥാനമാക്കിയാണ് ചികിത്സ നിശ്ചയിക്കുന്നത്– സ്റ്റേജ് 1 - 4 വരെ.  ഇതിൽ 4 എന്ന് പറയുന്നത് വേറെ ഏതെങ്കിലും അവയവങ്ങളിലേക്ക് ബാധിക്കുക എന്നതാണ്. പൊതുവേ നാലാമത്തെ സ്റ്റേജിൽ ഓപ്പറേഷൻ ഇല്ല. ഒന്നാമത്തെയും രണ്ടാമത്തെയും സ്റ്റേജുകളിൽ ജനറലി ആദ്യം ഓപ്പറേഷൻ. മൂന്നാമത്തെ സ്റ്റേജുകളിൽ കാൻസർ കുറച്ചു കൂടി വലുതായിരിക്കാം അല്ലെങ്കിൽ ചിലപ്പോൾ ചർമത്തിലേക്ക് പടർന്നിട്ടുണ്ടാവാം അങ്ങനെ എങ്കിൽ ആദ്യം കീമോ സ്റ്റാർട്ട് ചെയ്യും പിന്നെ ഓപ്പറേഷൻ. ഓപ്പറേഷൻ എന്നു പറയുമ്പോൾ എല്ലാവർക്കും ഒരു തെറ്റിദ്ധാരണ ഉണ്ട് വലിയൊരു ഓപ്പറേഷനാണ്‌ ഭയങ്കര പ്രശ്നങ്ങൾ ഉണ്ടാവും എന്നൊക്കെ. അങ്ങനെ ഒന്നുമില്ല. ഏകദേശം ഒന്നര രണ്ടു മണിക്കൂർ ഉള്ള ഒരു ഓപ്പറേഷനാണ്. ഓപ്പറേഷനു  ശേഷം ഐസിയുവിൽ കിടക്കേണ്ട ആവശ്യം ഒന്നുമില്ല. അന്നു തന്നെ നമുക്ക് റുട്ടീൻ ആക്ടിവിറ്റീസ് എല്ലാം സ്റ്റാർട്ട്  ചെയ്യാം. വലിയ കുഴപ്പങ്ങൾ ഒന്നുമില്ലെങ്കിൽ അടുത്ത ദിവസം തന്നെ ഡിസ്ചാർജ് ചെയ്യാവുന്നതുമാണ്. മേജറും അല്ല മൈനറും അല്ല, അവയ്ക്കിടയിൽ ഉള്ള ഒരു ഓപ്പറേഷൻ ആണ്. 

മറ്റൊരു തെറ്റിദ്ധാരണ എല്ലാ ബ്രെസ്റ്റ് കാൻസർ ഓപ്പറേഷനും ബ്രെസ്റ്റ് മുഴുവനും എടുക്കണം എന്നുള്ളതാണ്. വലിയ മുഴ, അത് സ്കിന്നിലേക്ക് പടരുക, മാമോഗ്രാമിൽ  രണ്ടു മൂന്ന് ഏരിയകളിൽ  മുഴകൾ വരിക തുടങ്ങിയ കേസുകളിൽ മാത്രം സ്തനം മുഴുവൻ എടുത്താൽ മതി. ഒരു മുഴ മാത്രമേ ഉള്ളൂ എങ്കിലും രോഗം ആരംഭത്തിലാണ് എങ്കിലും മുഴ മാത്രം എടുത്തു കളഞ്ഞാൽ മതി. ഇവിടെ വരുന്ന മിക്ക ആളുകളും ആരംഭഘട്ടത്തിൽ ആണ് വരുന്നത്. അതുകൊണ്ട് മുഴ മാത്രമേ എടുത്തു കളയാറുള്ളൂ. ഓപ്പറേഷനിൽ രണ്ടു ഭാഗങ്ങൾ ആണുള്ളത്. ഒന്ന് അസുഖമുള്ള ഈ ഭാഗം റിമൂവ് ചെയ്യുക. ഒന്നുകിൽ മുഴ എടുക്കാം അല്ലെങ്കിൽ ബ്രെസ്റ്റ് റിമൂവ് ചെയ്യാം. രണ്ടാമത്തേത്, കക്ഷത്തിൽ ഉള്ള lymph ഗ്രന്ഥികളിലേക്ക് ഈ അസുഖം എത്തും. അപ്പോൾ അവിടെ നമുക്കൊരു ഓപ്പറേഷൻ ചെയ്യണം. അത് രണ്ടു തരത്തിലാണ്. മുൻപൊക്കെ lymph ഗ്രന്ഥികളിൽ അസുഖം ഉണ്ടായാലും ഇല്ലെങ്കിലും മുഴുവൻ lymph ഗ്രന്ഥികളും എടുക്കും. lymph ഗ്രന്ഥികൾ നമുക്ക് ആവശ്യമുള്ളവ തന്നെയാണ്. അങ്ങനെ എല്ലാ lymph ഗ്രന്ഥികളും എടുക്കുമ്പോൾ അതിന് പാർശ്വഫലങ്ങളുണ്ട്. നൂറു പേർക്ക് അങ്ങനെ ഒരു ഓപ്പറേഷൻ ചെയ്യുകയാണെങ്കിൽ ഏകദേശം 35 -40  ആളുകൾക്ക് ആ ഭാഗത്തു നീര് വരാം. തോളിന്റെ ചലനങ്ങളെ ബാധിക്കുകയും ചെയ്യാം. ഇങ്ങനെയുള്ള പ്രശ്നങ്ങൾ വരാറുണ്ട്. 

അതൊഴിവാക്കാൻ വേണ്ടിയുള്ള നൂതന ടെക്‌നോളജി ആണ് സെന്റിനാൽ node lymph ടെക്‌നോളജി. അതിൽ ചെയ്യുന്നത് ഈ lymph ഗ്രന്ഥികളിൽ അസുഖം ഇല്ല എന്നുണ്ടെങ്കിൽ അതു മുഴുവൻ എടുക്കേണ്ട ആവശ്യം ഇല്ല. ഓപറേഷന്റെ സമയത്ത് metal blue എന്ന ഒരു ഇൻജക്‌ഷൻ എടുക്കുന്നു.  5-10 മിനിറ്റുകൾ കഴിയുമ്പോൾ ആ ഭാഗം ഓപ്പൺ ചെയ്തു നോക്കും. ഈ  നീര് വയ്ക്കുന്ന lymph പതോളജി റിപ്പോർട്ടിന് അയയ്ക്കും. അസുഖം ഇല്ലാത്ത ഭാഗമാണെങ്കിൽ അപ്പോൾ എടുക്കേണ്ടി വരുന്നില്ല. അത് വഴി ഓപ്പറേഷൻ ഒഴിവാക്കി സൈഡ് എഫക്ട്സ് ഒഴിവാക്കാൻ പറ്റും. അതാണ് ഓപ്പറേഷനിൽ വന്ന ഒരു പ്രധാന സ്റ്റെപ്പ്.

റേഡിയേഷൻ ചികിത്സയിലെ വിവിധ ഘട്ടങ്ങളെക്കുറിച്ച് ഡോ. ജോസ് പോൾ വിശദീകരിച്ചു. കാൻസർ ചികിത്സയിലും സ്തനാർബുദ കാൻസർ ചികിത്സയിലും വളരെയധികം പ്രാധാന്യമുള്ള ചികിത്സയാണ് റേഡിയേഷൻ. ആകെ കാൻസറിൽ  നോക്കുകയാണെങ്കിൽ ഏകദേശം 80 % രോഗികളിലും ഏതെങ്കിലും സമയത്തു റേഡിയേഷൻ ആവശ്യമായി വരാറുണ്ട്. അതിൽ തന്നെ 50 % പേർക്കും ചികിത്സിച്ച് ഭേദമാക്കാൻ വേണ്ടി റേഡിയേഷൻ ആവശ്യമാണ്. സ്തനാർബുദത്തിൽ റേഡിയേഷന് വളരെ പ്രാധാന്യം ഉണ്ട്. ബ്രെസ്റ്റ് മുഴുവൻ എടുത്തു കളയാതെ മുഴ മാത്രം എടുത്തു കളഞ്ഞ് ബാക്കിയുള്ള ഭാഗത്ത് റേഡിയേഷൻ കൊടുക്കുന്നത് കൊണ്ടാണ് ബ്രെസ്റ്റ് മുഴുവനായും നീക്കം ചെയ്യേണ്ടി വരാത്തത്. അവയവങ്ങൾ സംരക്ഷിക്കുന്നതിന് റേഡിയേഷൻ വളരെ സഹായിക്കുന്നു. 

റേഡിയേഷൻ ചെയ്യുമ്പോൾ വേദന ഉണ്ടാകാറുണ്ട്  എന്ന തെറ്റിദ്ധാരണ രോഗികൾക്ക് ഉണ്ടാകാറുണ്ട്. റേഡിയേഷൻ എന്നാൽ എക്സ്റേ ഉപയോഗിച്ചുള്ള ചികിത്സയാണ്.  ഒരു സിടി സ്കാൻ എടുക്കുമ്പോൾ എങ്ങനെയാണോ നമുക്കനുഭവപ്പെടുന്നത് അതേപോലെയാണ് റേഡിയേഷൻ ചെയ്യുമ്പോഴും. ചൂടുണ്ടാകുമോ എന്നൊക്കെ ചില രോഗികൾ സംശയം ചോദിക്കാറുണ്ട്. അങ്ങനെ ഒന്നും തന്നെ റേഡിയേഷനിൽ  ഉണ്ടാവാറില്ല. 10 മിനിറ്റിൽ താഴെയാണ്  ഇതിനെടുക്കുന്ന സമയം. 

റേഡിയേഷന്റെ അവസാനത്തെ ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞുള്ള സമയത്തു സ്കിന്നിന് കുറച്ചു  പ്രോബ്ലം വരാറുണ്ട്. കുറച്ചു പേർക്ക് സ്കിൻ പൊളിഞ്ഞു പോകും. ഭൂരിഭാഗം പേർക്കും സ്കിൻ ഉണങ്ങി പൊളിഞ്ഞ  രീതിയിലാണ് കാണുന്നത്. അതിന് ഒന്നും ചെയ്യേണ്ട ആവശ്യമില്ല 7-10 ദിവസങ്ങൾക്കുള്ളിൽ അത് തനിയെ ശരിയായിക്കൊള്ളും. തൊലി പൊളിഞ്ഞിടത്ത് നനവ് പോലെ ഉണ്ടെങ്കിൽ ചികിത്സിച്ച ഡോക്ടറെ കാണിക്കുക. അതും 10 ദിവസത്തിനുള്ളിൽ ശരിയായി വരാറുണ്ട്. അതല്ലാതെ ഒരു പ്രശ്നം വളരെ അപൂർവമായേ സംഭവിക്കാറുള്ളൂ.

സ്തനാർബുദം സ്ത്രീകളെ സംബന്ധിച്ച് വലിയൊരു കാര്യം തന്നെയാണെന്നും ഏതു പ്രായത്തിലും ഇത് വരാം എന്നുള്ളതാണ് ഇപ്പോൾ കണ്ടുപിടിച്ചിരിക്കുന്നതെന്നും ഡോ. സണ്ണി പറഞ്ഞു. ഏത് ജീവിത സാഹചര്യത്തിലും ഇത് വരാം. പക്ഷേ സ്തനാർബുദത്തിന്റെ നിർണയവും ചികിത്സയും എല്ലാം വ്യക്തികേന്ദ്രീകൃതമാണ് എന്നത് പഴയ ചിന്തയാണ്. തീർച്ചയായും ഒരു വലിയ ടീം എഫേർട്ട് ആണ് അതിലുള്ളത്.  രോഗ നിർണയം നടത്തി കഴിഞ്ഞാൽ ബയോപ്‌സി ചെയ്യണം. ബയോപ്‌സി ചെയ്യുമ്പോൾ അതിൽ റേഡിയേഷൻ അല്ലെങ്കിൽ റേഡിയോളജിയിലെ ഇമേജിങ് നടത്തുന്ന ഡോക്ടർ മുതൽ പതോളജിസ്റ്റിനു വരെ വലിയ പങ്കുണ്ട്. പതോളജിസ്റ്  രോഗം കണ്ടു പിടിച്ചു കഴിഞ്ഞാൽ പിന്നീടുള്ളത് വളരെ സങ്കീർണമായിട്ടുള്ള കാര്യമാണ്. അവിടെയാണ് ചികിത്സകന്റെ പ്രധാന റോൾ. അതിന് കീമോതെറാപ്പി വേണോ അല്ലെങ്കിൽ ശസ്ത്രക്രിയ വേണോ  അല്ലെങ്കിൽ റേഡിയേഷൻ വേണോ എന്നുള്ളതെല്ലാം റേഡിയേഷൻ ഓങ്കോളജിസ്റ്റും മെഡിക്കൽ ഓങ്കോളജിസ്റ്റും സർജനും ചേർന്നിരുന്നു തീരുമാനിക്കേണ്ട കാര്യമാണ്. കാരണം പലപ്പോഴും കീമോ കൊടുക്കുന്നതിന് മുൻപ് സർജറി ചെയ്യാൻ പറയും അല്ലെങ്കിൽ സർജറിക്ക് മുൻപ് കീമോ കൊടുക്കുവാൻ പറയും ചിലപ്പോൾ അത് റേഡിയേഷൻ കഴിഞ്ഞിട്ട് വേണം എന്ന് പറയും. ഓരോ പ്രായത്തിലും എങ്ങനെയാണു അത് വേണമെന്നുള്ളത് എല്ലാം രോഗം ഏതു സ്റ്റേജിലാണ് എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. 

പലപ്പോഴും സംഭവിക്കുന്നത് ഒരാൾ സർജറി ചെയ്തു കഴിഞ്ഞാൽ ഉടനെ, നിങ്ങൾ മറ്റൊരു ആശുപത്രിയിൽ പോയി റേഡിയേഷൻ ചെയ്തോളൂ അല്ലെങ്കിൽ അവിടെ പോയി കീമോ ചെയ്തോളൂ എന്ന് പറയുമ്പോൾ രോഗികൾ ഭയക്കും. കാരണം പരിചയമുള്ള ഒരു ഡോക്ടറുടെ അടുത്തുനിന്നു പരിചയമില്ലാത്ത മറ്റൊരു ആശുപത്രിയിലേക്ക് മറ്റൊരു ഡോക്ടറുടെ അടുത്തേക്ക് പോകുക എന്നുള്ളത് വീണ്ടും ഒരു വിഷമസ്ഥിതിയുണ്ട്. അപ്പോൾ എല്ലാവരും ചേർന്ന് കൂട്ടായി ഇരുന്നുള്ള ചികിത്സ ആണെങ്കിൽ രോഗിക്ക് വളരെയേറെ വിശ്വാസം ലഭിക്കുമെന്നത് വളരെ വലിയൊരു കാര്യമാണ്. – ഡോ. സണ്ണി പറഞ്ഞു.

English Summary : Breast cancer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com