ADVERTISEMENT

ജീവിത ശൈലിയിലും ഭക്ഷണ രീതികളിലും വന്ന വ്യത്യാസങ്ങൾ കൊച്ചി നഗരവാസികളെ പ്രമേഹ രോഗികളാക്കുന്നതായി പഠനം. പ്രമുഖ പതോളജി ലാബ് ശൃംഖല മെട്രൊപോളിസ് ഹെൽത് കെയർ ഡയഗ്നോസ്റ്റിക് കഴിഞ്ഞ രണ്ടു വർഷം ശേഖരിച്ച വിവരങ്ങളുടെ വിശകലനത്തിലാണ് ഈ കണ്ടെത്തൽ. 25 വയസിൽ താഴെ പ്രായമുള്ള നാലു പേരിൽ ഒരാൾക്ക് തീവ്ര പ്രമേഹമുള്ളതായി കണ്ടെത്തി. സാധാരണ 40-50 വയസിന് ഇടയിലുള്ളവരിലാണ് ഇത്തരത്തിൽ രോഗം കണ്ടു വന്നിരുന്നതെന്നാണ് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ പറയുന്നത്. 

2019 ജനുവരി മുതൽ 2020 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ കൊച്ചി ലാബിൽ കഴിഞ്ഞ വർഷം പരിശോധനയ്ക്കെത്തിയ 73,427  പേരിൽ 16 ശതമാനം പേരും രോഗ നിയന്ത്രണത്തിന്റെ കാര്യത്തിൽ മോശം ശീലമുള്ളവരാണ്. പ്രമേഹ നിയന്ത്രണം ദുർബലമായ നിലയിലെന്ന് കണ്ടെത്തിയ 24 ശതമാനം പേരും 20-നും 30-നും ഇടയിൽ പ്രായമുള്ളവരാണ്. 22 ശതമാനം പേരും 30-നും  40-നും ഇടയിലും, 19 ശതമാനം 40-നും 50-നും ഇടയിലും പ്രായമുള്ളവരാണ്. പ്രമുഖ ഗവേഷണ സ്ഥാപനങ്ങളായ ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷൻ, അഡ്വക്കസി സ്ഥാപനമായ ഇന്ത്യൻ പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ എന്നിവ 2017 നവംബറിൽ പുറത്തുവിട്ട റിപ്പോർട്ടിനു ചുവടു പിടിച്ചായിരുന്നു മെട്രോളിസിന്റെ പഠനം.

ഇവരുടെ പഠനം അനുസരിച്ച് കഴിഞ്ഞ 25 വർഷത്തിനിടെ ഇന്ത്യയിൽ പ്രമേഹ വ്യാപനം 64 ശതമാനം വർധിച്ചെന്നാണ് റിപ്പോർട്ട്. റിപ്പോർട്ടുകൾ പ്രകാരം 2017-ൽ 72 ദശലക്ഷം പേർക്കാണ് പ്രമേഹം ബാധിച്ചത്. ശരീരം അനങ്ങാതെയുള്ള ജീവിതചര്യയും അമിതമായ അളവിൽ കലോറി അടങ്ങിയ ഭക്ഷണത്തിന്റെ ഉപഭോഗവും പ്രമേഹ അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ജീവിതശൈലി രോഗമായാണ് പ്രമേഹം അറിയപ്പെടുന്നത്. 20 മുതൽ 30 വരെ പ്രായമുള്ള ചെറുപ്പക്കാരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. താരതമ്യേന എളുപ്പം ലഭ്യമായ വിലക്കുറവുള്ള ഭക്ഷണത്തിന് മുൻഗണന നൽകുന്ന വിഭാഗത്തിലുള്ളവരിലും പ്രമേഹ സാധ്യത ഉയർന്ന നിലയിലാണ്. ഇത്തരത്തിൽ മുന്നോട്ടു പോയാൽ 2025 ആകുമ്പോഴേക്കും പ്രമേഹ രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്നാണ് കരുതുന്നത്. 

80 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവരിൽ 8 ശതമാനം പേർ മാത്രമാണ് രോഗബാധിതർ. എന്നാൽ 20-നും 30-നും ഇടയിൽ പ്രായമുള്ളവരിൽ രോഗം പടിപടിയായി വർധിച്ച് ഏറ്റവും ഉയർന്ന നിലയിൽ എത്തിയതായി കണ്ടെത്തി. സ്ത്രീകളിൽ പ്രമേഹ സാധ്യത കൂടുതലാണെന്നും പഠന റിപ്പോർട്ടുണ്ട്. സ്ത്രീകളിൽ 16 ശതമാനം പേരിലും  പ്രമേഹ നിയന്ത്രണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയപ്പോൾ പുരുഷന്മാരിൽ അത് 15 ശതമാനം ആണ്.

കൊച്ചി ലാബിൽ പരിശോധിച്ച സാമ്പിളുകളിൽ 27 ശതമാനവും 40-50 വയസ്സിനിടയിലുള്ള പ്രമേഹ ഘട്ടത്തിലാണ് തൃപ്തികരമല്ലാത്ത നിയന്ത്രണം ഉള്ളതെന്ന് കണ്ടെത്തി. പരിശോധിച്ച 25,000 സാമ്പിളുകളിൽ പ്രമേഹമില്ലെന്നും കണ്ടെത്തി.

മറ്റു രാജ്യക്കാരെ അപേക്ഷിച്ച് ഒരു പതിറ്റാണ്ട് നേരത്തെ ഇന്ത്യക്കാരെ പ്രമേഹം ബാധിക്കുന്നതായി സുധർമ്മ മെട്രോപോളിസ് ഹെൽത്ത്കെയർ ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. രമേഷ് കുമാർ പറയുന്നു. ദ്രുതഗതിയിലുള്ള നഗരവൽക്കരണം, കായികാധ്വാനം തീരെ കുറഞ്ഞ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി, അനിയന്ത്രിതമായ മദ്യപാനം, പുകവലി എന്നിവ പ്രമേഹം ഉൾപ്പെടെയുള്ള രോഗങ്ങളുടെ(എൻസിഡി) വർധനവിന് കാരണമായിട്ടുണ്ട്. നിരന്തരമായ നിരീക്ഷണത്തിനൊപ്പം മതിയായ ഉറക്കവും  വ്യായാമവും ഭക്ഷണ രീതിയിലെ ചിട്ടകളും പ്രമേഹ നിയന്ത്രണത്തിന് അത്യാവശ്യമാണെന്നും അദ്ദേഹം പറയുന്നു. 

പ്രമേഹവും നിർണായക ഘടകങ്ങളും 

ഗ്ലൈക്കേറ്റഡ് ഹീമോഗ്ലോബിനെയാണ് എച്ച്ബി‌എ1സി സൂചിപ്പിക്കുന്നത്. ശരീര കലകളിൽ മുഴുവൻ ഓക്സിജൻ എത്തിക്കുന്ന ചുവന്ന രക്താണുക്കൾക്കുള്ളിലെ ഹീമോഗ്ലോബിൻ എന്ന പ്രോട്ടീൻ രക്തത്തിലെ ഗ്ലൂക്കോസുമായി കലരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. പ്രമേഹ രോഗികളുടെ രക്തത്തിൽ ഉയർന്ന അളവിൽ ഗ്ലൂക്കോസ് അടങ്ങിയിരിക്കും. ഇത് എച്ച്ബി‌എ1സി നില ഉയർത്തുന്നു. പ്രമേഹം നിയന്ത്രണ വിധേയമാകാത്തവരിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ, വൃക്കരോഗങ്ങൾ, നാഡിക്ഷയം തുടങ്ങി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും. പ്രമേഹത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഡയബറ്റിസ് അല്ലെങ്കിൽ പ്രീ-ഡയബറ്റിസ് ഘട്ടം തിരിച്ചറിയാൻ എച്ച്ബി‌എ1സി ടെസ്റ്റ് സഹായകമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നോക്കി പ്രമേഹം വരാനുള്ള സാധ്യത തിരിച്ചറിയുന്ന പ്രാരംഭ ഘട്ടമാണ് പ്രീ-ഡയബറ്റിസ്.  വർധിച്ച ദാഹം, ഇടയ്ക്കിടെയുളള മൂത്രമൊഴിക്കൽ, മങ്ങിയ കാഴ്ച, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ പ്രമേഹ പരിശോധനയ്ക്കായി ഡോക്ടർമാരെ സമീപിക്കേണ്ടതാണ്.

English Summary : Diabees day 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com