ADVERTISEMENT

കോവിഡ് രോഗനിര്‍ണയത്തിന് വിരല്‍ത്തുമ്പില്‍നിന്ന് ഒരു തുള്ളി രക്തമെടുത്ത് നടത്തുന്ന ദ്രുത ആന്റിബോഡി പരിശോധനയുടെ കൃത്യത സംശയ നിഴലില്‍. മുന്‍പ് കരുതിയതിനേക്കാൾ കുറവാണ് ഈ പരിശോധനയുടെ കൃത്യതയെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 

ആന്റിബോഡി പരിശോധനയുടെ കാര്യക്ഷമതയും കൃത്യതയും സംബന്ധിച്ച് ടെസ്‌ല സിഇഒ എലോണ്‍ മസ്‌കും ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഒരേ ദിവസം നടത്തിയ നാലു റാപ്പിഡ് ആന്റിജന്‍ പരിശോധനകളില്‍ രണ്ടെണ്ണത്തില്‍ നെഗറ്റീവ് ഫലവും രണ്ടെണ്ണത്തില്‍ പോസിറ്റീവ് ഫലവുമാണ് മസ്‌കിന് ലഭിച്ചത്. 

ദ് ബിഎംജെ ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനമാണ് മസ്‌കിന്റെ സംശയങ്ങള്‍ക്ക് ബലമേകുന്നത്. ദ്രുത പരിശോധന നടത്തുന്ന 10 പേര്‍ക്ക് മുന്‍പ് രോഗബാധയുണ്ടായിട്ടുണ്ടെങ്കില്‍ അഞ്ചിലൊരാള്‍ക്ക് തെറ്റായ പോസിറ്റീവ് ഫലം ലഭിക്കുമെന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളജ് നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. ഈ ദ്രുത പരിശോധനയില്‍ തെറ്റായ പോസിറ്റീവ് ഫലം ഉണ്ടാകില്ലെന്നായിരുന്നു മുന്‍ ധാരണ. 

20 മിനിറ്റില്‍ ഫലം നല്‍കുന്ന  AbC-19TM  ദ്രുത പരിശോധനയ്ക്ക് യുകെയിലെയും യൂറോപ്യന്‍ യൂണിയനിലെയും ഡോക്ടര്‍മാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. പഠനത്തിനായി 2847 പേരുടെ രക്ത സാംപിളുകളാണ് ഇംപീരിയല്‍ കോളജിലെ ഗവേഷകര്‍ പരിശോധിച്ചത്. ഇവരില്‍ 268 പേര്‍ക്ക് മുന്‍പ് പിസിആര്‍ ടെസ്റ്റില്‍ പോസിറ്റീവ് ഫലം കാണിച്ചിട്ടുള്ളതാണ്. 2579 പേര്‍ മുന്‍പ് രോഗം ബാധിച്ചിട്ടുണ്ടോ എന്ന് അറിയാത്തവരാണ്. നെഗറ്റീവാണെന്ന് ഉറപ്പുള്ള മഹാമാരിക്കാലത്തിനും മുന്‍പുള്ള 1995 രക്ത സാംപിളുകളും പഠനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. 

ശരിയായ നെഗറ്റീവ് സാംപിള്‍ കണ്ടെത്താനുള്ള  AbC-19TM പരിശോധനയുടെ സുവ്യക്തത 97.9 ശതമാനമാണെന്ന് പഠനത്തില്‍ കണ്ടെത്തി. അതായത്, മുന്‍പ് കോവിഡ് വന്നിട്ടില്ലാത്ത 2.1 ശതമാനം പേരിൽ തെറ്റായ പോസിറ്റീവ് ഫലം കാണിക്കും. 

പിസിആര്‍ ടെസ്റ്റ് വഴി രോഗം സ്ഥിരീകരിച്ചവരുടെ കേസുകളില്‍ AbC-19TM പരിശോധനയുടെ സംവേദനക്ഷമത 92.5 ശതമാനമാണെന്ന് പഠനം പറയുന്നു. അതേസമയം മുന്‍പ് അണുബാധയുണ്ടായിട്ടുണ്ടോ എന്നറിയാത്തവരില്‍ ഈ പരിശോധനയുടെ സംവേദനക്ഷമത 84.7 ശതമാനം മാത്രമാണ്. 

ശരീരത്തിലെ ആന്റിബോഡി തോത് ഉയരുമ്പോള്‍ പരിശോധനയുടെ സംവേദനക്ഷമത കൂടുതുന്നതാകാം ഇതിന് കാരണമെന്ന് ഗവേഷകര്‍ കരുതുന്നു. പ്രായോഗിക സാഹചര്യത്തില്‍  AbC-19TM   ദ്രുത പരിശോധനയുടെ കൃത്യത 84.7 ശതമാനം മാത്രമാകാമെന്നും പഠനറിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. 

English Smmary: COVID- 19 rapid test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com