ADVERTISEMENT

(എഴുത്തുകാരനും അമല ഇൻസ്റ്റിറ്റ്യു‌ട്ട് ഒാഫ് മെഡിക്കൽ സയൻസസിലെ യൂറോളജിസ്റ്റുമായ ഡോ. ഹരികൃഷ്ണൻ എഴുതുന്നു, നെപ്പോളിയനെ മുട്ടുകുത്തിച്ച നൊബേൽ ചരിത്രത്തിൽ സ്ഥാനം പിടിച്ച മഞ്ഞപ്പിത്തത്തിന്റെ കഥ)

ലോകം കണ്ട യുദ്ധതന്ത്രജ്ഞന്മാരിൽ ഏറ്റവും മികച്ചവരിൽ ഒരാളാണ് നെപ്പോളിയൻ ബോണപ്പാർട്ട്.  1798-ൽ അദ്ദേഹം ഈജിപ്തിലേക്ക് മുന്നേറിയപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു എതിരാളിയെക്കൂടി നേരിടേണ്ടി വന്നു.  ഈ പുതിയ ശത്രു നെപ്പോളിയന്റെ സൈന്യത്തെ തകർത്തുകളഞ്ഞുവത്രെ. ഏറെ കുശാഗ്രതയോടെ ആസൂത്രണം ചെയ്ത തന്റെ സേനാമുന്നേറ്റം പെട്ടെന്ന് നിർത്തിവയ്ക്കേണ്ട അവസ്ഥ പോലും അദ്ദേഹത്തിന്റെ ഫ്രഞ്ചുസേനയ്ക്കുണ്ടായി. 

ഒന്നു മുതൽ ആറാഴ്ച വരെ നീണ്ടുനിന്ന ഒരു പ്രതിഭാസമായിരുന്നു ഈ വമ്പൻ സേനയെ തളർത്തിക്കളഞ്ഞത്. സൈനികർ ഒന്നൊന്നായി രോഗബാധിതരായി. ഒന്നിലും താല്പര്യമില്ലാത്ത അവസ്ഥ, കൂടെ കടുത്ത ക്ഷീണവും വിശപ്പില്ലായ്മയും. പിന്നെ  കണ്ണുകൾക്കും ശരീരത്തിനും പ്രത്യക്ഷപ്പെടുന്ന നേരിയൊരു മഞ്ഞനിറം, ചിലപ്പോളൊരു തലവേദന, ഇങ്ങനെയായിരുന്നു ലക്ഷണങ്ങൾ. ഒപ്പം, എന്തെന്നറിയാത്ത മടുപ്പും ഉത്സാഹമില്ലായ്മയും. ചെറിയ വയറുവേദന, മനംപിരട്ടൽ, ചിലപ്പോൾ വയറ്റിളക്കം. 

വളരെ പെട്ടെന്ന് പടർന്നു പിടിച്ച ഒരു പകർച്ചവ്യാധിയായിരുന്നു അത്. സേനാംഗങ്ങളിൽ മിക്കവരും തളർന്നു വീണുതുടങ്ങി. ഒരു കൂട്ടം സൈനികർക്ക് ഒരുമിച്ച് ഇങ്ങനെയൊക്കെ സംഭവിച്ചു കഴിഞ്ഞാൽ പിന്നെ തീർന്നില്ലേ, ഏത് യുദ്ധനീക്കവും. നെപ്പോളിയനും കൂട്ടരും പരിഭ്രാന്തിയിലായി.

D2
നെപ്പോളിയൻ

നെപ്പോളിയന്റെ ആഫ്രിക്കയില‌െയും മധ്യപൂർവേഷ്യയിലേക്കുമുള്ള അധിനിവേശശ്രമങ്ങൾക്ക് അതൊരു വൻതിരിച്ചടിയുമായി. നേരത്തെ ഉറപ്പിച്ചുവെച്ച സൈനിക നീക്കളെല്ലാം താറുമാറായതോടെ പല ലക്ഷ്യങ്ങളും ഫ്രഞ്ചുസേനയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നു. ഒരു പക്ഷെ, അങ്ങനെയല്ലായിരുന്നുവെങ്കിൽ ലോകചരിത്രം തന്നെ മാറിപ്പോകുമായിരുന്നേനേ. ഈജിപ്ത് കീഴടക്കിയെങ്കിലും തീർത്തും നിരാശാജനകവും, സേനയുടെ മനോവീര്യത്തെ അപ്പാടെ തളർത്തിക്കളഞ്ഞതുമായ ആ സംഭവം നെപ്പോളിയൻ എന്ന മനുഷ്യനെത്തന്നെ പാടെ മാറ്റിക്കളഞ്ഞു എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.  മഞ്ഞപ്പിത്തബാധ നെപ്പോളിയന്റെ നിർഭാഗ്യങ്ങൾക്കും ജനങ്ങളിൽ നിന്നുള്ള അകൽച്ചയ്ക്കും തുടക്കമിട്ടു.  ഈജിപ്തിലെ ആ ദുർനിമിത്തത്തിന്റെ ശേഷിപ്പുകൾ അവരെ വാട്ടർലൂവിലെ പൂർണ തകർച്ച വരെ പിന്തുടർന്നു. .

മഞ്ഞപ്പിത്തത്തിനു മുന്നിൽ മുട്ടുകുത്തിയ മറ്റു യുദ്ധങ്ങൾ 

ഒന്നാം ലോകയുദ്ധത്തിലെ ബ്രിട്ടീഷ് സൈനികരിൽ നാലിലൊന്നു പേരും അമേരിക്കൻ ആഭ്യന്തരയുദ്ധത്തിൽ 71000 പേരും രണ്ടാം ലോകയുദ്ധകാലത്ത് രണ്ടു ലക്ഷത്തോളം അമേരിക്കൻ സൈനികരും ഈ മഞ്ഞപ്പിത്ത പകർച്ചവ്യാധിയ്ക്ക് ഇരയായി എന്നാണ് കണക്ക്. ജർമനിയിലെ മാത്രം കണക്കെടുത്താൽ സൈനികരും അല്ലാത്തവരുമടക്കം ആ സംഖ്യ അരക്കോടിയെങ്കിലുമെത്തും. മധ്യധരണ്യാഴിയുടെ തീരത്തും പാലസ്തീൻ സിറിയ, ഈജിപ്ത് എന്നിവിടങ്ങളിലും ഇത് ഏറെ ഗുരുതരമായ അവസ്ഥ സൃഷ്ടിച്ചിരുന്നിരിക്കണം. യുദ്ധരംഗത്ത് രക്തത്തിലൂടെയും ദേഹസ്രവങ്ങളിലൂടെയും പകരുന്ന ഒന്നാണ് രോഗമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും തെളിവുകളൊന്നുംതന്നെ അന്ന് ലഭ്യമായിരുന്നില്ല.

എന്തായാലും രോഗകാരി കരളിനെയാണ് ബാധിക്കുന്നത് എന്ന് ഇതിനോടകം വ്യക്തമായിരുന്നു. കരളിൽ സംഭവിക്കുന്ന വീക്കം എന്ന നിലയിൽ ഹെപ്പറ്റൈറ്റിസ് എന്ന പേരും പ്രചാരത്തിൽ വന്നു. പിന്നീടാണ് ഹെപ്പറ്റൈറ്റിസ് പലതരമുണ്ടെന്നു മനസ്സിലായത്. വെള്ളത്തിലൂടെയും മല-വദനമാർഗത്തിലൂടേയും പകരുന്ന തരത്തെ ഹെപ്പറ്റൈറ്റിസ് എ എന്നും രക്തം, സ്രവങ്ങൾ എന്നിവ വഴി പകരുന്നതിനെ ഹെപ്പറ്റൈറ്റിസ് ബി എന്നും വിളിക്കാൻ പൊതുവെ ധാരണയായി. എങ്കിലും  1973 ൽ ഫെയ്ൻസ്റ്റോൺ എന്ന ശാസ്ത്രജ്ഞനാണ് ഹെപ്പറ്റൈറ്റിസ് എ യ്ക്ക് കാരണമായ വസ്തുക്കളെ രോഗിയുടെ മലത്തിൽ നിന്ന് വേറിട്ട് കണ്ടെത്തിയത്. അത് ജീവനുള്ള വസ്തുവാണോ എന്നു പോലും അന്ന് രൂപമില്ലായിരുന്നു. പിന്നീടതൊരു വൈറസായി സ്ഥിരീകരിക്കപ്പെട്ടു 1996-ൽ  ഹെപ്പറ്റൈറ്റിസ് എയ്ക്ക് വാക്സീനും രംഗത്തെത്തി.

വൈറസും വാക്സീനും  പിന്നെ നൊബേലും

വാക്സീന്റെ വരവുകൊണ്ടും പൊതുശുചിത്വം, ശുചിത്വാവബോധം, ശുദ്ധജലലഭ്യത, മാലിന്യനിർമാർജ്ജനം, ഭക്ഷ്യസുരക്ഷ, എന്നിവയിലെ വൻപുരോഗതി കൊണ്ടും   ഹെപ്പറ്റൈറ്റിസ് എ ബാധിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ലോകമെമ്പാടും വന്നു തുടങ്ങി. 

2012 ൽ, ബാർ-ഗാലും കൂട്ടരും 16-ാം നൂറ്റാണ്ടിലെ ഒരു കൊറിയൻ മമ്മിയിൽ നിന്ന് ഹെപ്പറ്റൈറ്റിസ് ബി വൈറസിന്റെ ജനിതകവസ്തു വേർതിരിച്ചെടുത്തു. അതിന്റെ പഠനങ്ങളിൽ നിന്നും ഈ വൈറസിന്റെ ഉത്ഭവം ഒരു മൂവായിരം കൊല്ലങ്ങളെങ്കിലും മുമ്പാണെന്ന് മനസ്സിലാക്കാനായി. 

സത്യത്തിൽ ഹെപ്പറ്റൈറ്റിസ് ബി വൈറസ് ഒരു ലക്ഷം വർഷം മുമ്പെങ്കിലും ഭൂമിയിലുണ്ടെന്നാണ് സൂചിപ്പിക്കപ്പെടുന്നത്. അതായത് മനുഷ്യൻ പുരോഗമിക്കുന്നതിൽ നിന്നും എത്രയോ മുമ്പേ. അമ്പതുകൾ മുതൽ മനുഷ്യരുടെ രക്തം പരിശോധിച്ചു കൊണ്ട് ലോകം ചുറ്റിസഞ്ചരിച്ച ശാസ്ത്രജ്ഞനായിരുന്നു ബാരൂക് ബ്ലൂംബെർഗ്. ജനിതകവ്യതിയാനങ്ങളായിരുന്നു പഠനലക്ഷ്യം. അങ്ങനെയാണ് 1964 ൽ ഓസ്ട്രേലിയൻ ആദിമനിവാസിയിൽ നിന്നും ഹെപ്പറ്റൈറ്റിസ് ബി ആന്റിജനെ കണ്ടെത്തിയത്. അതിന് ഓസ്ട്രേലിയൻ ആന്റിജൻ എന്ന പേരും വീണു. 

D4
ബാരൂക് ബ്ലൂംബെർഗ്

ഒരിക്കൽപ്പോലും രക്തം ദാനം ചെയ്യുകയോ സ്വീകരിക്കുകയോ ചെയ്തിട്ടില്ലാത്ത ഓസ്ട്രേലിയൻ ആദിമനിവാസികളിലും ഈ വൈറസിനെ കണ്ടെത്തിയത് നേരത്തെ പറഞ്ഞ ഹെപ്പറ്റൈറ്റിസ് വൈറസിന്റെ പ്രാചീനചരിത്രത്തിന്റെ ആദ്യദൃഷ്ടാന്തമായിരുന്നു.  മാത്രവുമല്ല,  രോഗമില്ലാതിരുന്നതിനാൽ ആ ആദിമനിവാസികൾ ഹെപ്പറ്റൈറ്റിസ് ബിയുടെ വാഹകർ കൂടിയാണെന്ന സത്യവും വെളിവായി.

വാക്സീൻ കുത്തിവയ്പുകളിലൂടേയും ഹെപ്പറ്റൈറ്റിസ് പടരുന്നുണ്ടെന്ന് ആയിടെ മനസ്സിലാക്കിയിരുന്നു. ബ്ലൂംബെർഗിന്റെ ഇതിലെ കൂടുതൽ പഠനങ്ങൾ ഹെപ്പറ്റൈറ്റിസ് രോഗബാധ കണ്ടുപിടിക്കുന്നതിനുള്ള ആന്റിജൻ ടെസ്റ്റിലും വൈറസിനെ കണ്ടുപിടിക്കുന്നതിലും അതിനൊരു വാക്സീൻ കണ്ടു പിടിക്കുന്നതിലും വരെ എത്തിച്ചു. ലോകാരോഗ്യരംഗത്തെ ഗംഭീര നേട്ടങ്ങളായിരുന്നു അത്. താമസിയാതെ, 1976-ലെ വൈദ്യശാസ്ത്ര നൊബേൽ സമ്മാനവും അദ്ദേഹത്തെ തേടിയെത്തി. 

വൈദ്യശാസ്ത്രത്തിലെ അപൂർവവ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു ബാരി എന്നു വിളിക്കുന്ന ബാരൂക് ബ്ലൂംബെർഗ്. വൈറോളജി, ഇമ്മ്യൂണോളജി, ആന്ത്രപ്പോളജി, ജെനറ്റിക്സ്, ഫിലോസഫി എന്നിവയെല്ലാം ഒത്തുചേർന്ന മഹാനുഭാവൻ. യഹൂദ തത്വശാസ്ത്രത്തിൽ ആകർഷണമുണ്ടായിരുന്ന ബ്ലൂംബെർഗ് ഒരിക്കൽ പറയുകയുണ്ടായി. "ഒരു ജീവനെ രക്ഷിക്കുമ്പോൾ, നിങ്ങൾ വാസ്തവത്തിൽ, ലോകത്തെത്തന്നെയാണ് രക്ഷിക്കുന്നത്" എന്ന്.

എയും ബിയുമല്ലാത്ത ഹെപ്പറ്റൈറ്റിസ്

hepatitis

ഹെപ്പറ്റൈറ്റിസ് എയും ബിയുമല്ലാത്തയിനം മഞ്ഞപ്പിത്തങ്ങളെക്കുറിച്ച് ആദ്യമായി സൂചിപ്പിച്ച ഇന്ത്യൻ ഭിഷഗ്വരനായിരുന്നു ഗിരീഷ് വ്യാസ്. ഇതിനൊക്കെ ശേഷമാണ് ‘നോൺ എ നോൺ ബി’യിലേക്കു ശാസ്ത്രജ്ഞന്മാരുടെ ശ്രദ്ധതിരിഞ്ഞത്. ഹെപ്പറ്റൈറ്റിസ് എ വൈറസിനേയും ബി വൈറസിനേയും കണ്ടുപിടിച്ച രീതികളും ശ്രമങ്ങളുമൊന്നും തന്നെ മൂന്നാമതൊരു വൈറസിനെ കണ്ടുപിടിക്കാൻ സഹായിച്ചില്ല. ഒടുവിൽ, 1988-ൽ കാലിഫോർണിയയിലെ മൈക്കേൽ ഹൂട്ടൻ എന്ന ശാസ്ത്രജ്ഞനാണ് തീർത്തും ജനിതകമായ ഒരു പരീക്ഷണത്തിലൂടെ ഹെപ്പറ്റൈറ്റിസ് സി വൈറസിന്റെ സാന്നിധ്യം തെളിയിച്ചത്. നേരിട്ട് വൈറസിനെ കാണാതെയായിരുന്നു ഈ തെളിയിക്കൽ. അതായത് ഹെപ്പറ്റൈറ്റിസ് സി വൈറസിന്റെ  ജനിതകവസ്തുവിനെ ക്ലോൺ ചെയ്തെടുക്കാൻ മൈക്കേൽ ഹൂട്ടന് കഴിഞ്ഞു. തുടർന്നായിരുന്നു ഹെപ്പറ്റൈറ്റിസ് സി വൈറസ് എന്ന നാമകരണം പോലും നടന്നത്.

ബാരൂക് ബ്ലൂംബെർഗ് നൊബേൽ സമ്മാനം വാങ്ങിക്കുന്ന സമയത്ത് ഹാർവി ആൾട്ടർ എന്ന ഗവേഷകൻ രക്തദാനം കൊണ്ടുണ്ടാകുന്ന ഹെപ്പറ്റൈറ്റിസുകളെ വിശദമായി പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം അന്നുതന്നെ പ്രകടിപ്പിച്ച ഒരു സംശയമുണ്ടായിരുന്നു. ഹെപ്പറ്റെറ്റിസ് ബി കണ്ടുപിടിച്ചു കഴിഞ്ഞിട്ടും രക്തദാനത്തിലെ മഞ്ഞപ്പിത്തപ്രശ്നങ്ങൾ അവസാനിക്കുന്നില്ലല്ലോ എന്ന്. അതിനുത്തരം അന്നു തിരിച്ചറിഞ്ഞിട്ടില്ലാത്ത ഹെപ്പറ്റൈറ്റിസ് സി വൈറസ് ആയിരുന്നു. അതിനെ കണ്ടെത്തിയതാകട്ടെ ആ സംശയം ഉള്ളിൽ കൊണ്ടു നടന്ന ആൾട്ടറും   തൊട്ടടുത്ത വർഷം  ഹാർവി ആൾട്ടർ നോൺ എ നോൺ ബി രോഗികളിലെ കരളിൽ നിന്നും ഹെപ്പറ്റൈറ്റിസ് സി വൈറസിന്റെ പ്രതിവസ്തു അഥവാ ആന്റിബോഡിയെ കണ്ടെത്തി. ഈ ആൾട്ടർ, ഒരു കവി കൂടിയാണ്. "ഹെപ്പറ്റൈറ്റിസ് ആന്റിജനുകളാൽ കാട് കാണാനാവുന്നില്ലെനിക്ക്" എന്ന കവിത അദ്ദേഹത്തിന്റെ ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടുപിടിത്തത്തിലേക്കുള്ള പ്രയാണത്തെ സൂചിപ്പിക്കുന്നതാണ്. അതിലെ ബുദ്ധിമുട്ടുകളും ജോലിയിലെ സമ്മർദവുമെല്ലാം സരസമായി വർണിക്കുന്നുണ്ട് ആ കവിതയിൽ. 

D3
ഹാർവി ആൾട്ടർ

1990-ൽത്തന്നെ, ഹെപ്പറ്റൈറ്റിസ് സി വൈറസിനു വേണ്ടിയുള്ള പരിശോധനകൾ പ്രാബല്യത്തിൽ വന്നിരുന്നു.  രക്തദാനത്തിനു മുമ്പ് ഹെപ്പറ്റൈറ്റിസ് സി പ്രത്യേകമായി നോക്കിയേ തീരൂ എന്നായി. ഹെപ്പറ്റൈറ്റിസ് സി യെ തിരിച്ചറിയാൻ സാധിച്ചതോടെ അതുപയോഗിച്ച് രക്തദാനത്തിൽ മുൻകരുതലുകൾ എടുക്കാൻ കഴിയുകയും വൻതോതിൽ രോഗബാധിതരുടെ എണ്ണത്തിൽ കുറവ് വരുത്താനാവുകയും ചെയ്തു.

അപ്പോഴും ഒരു ചോദ്യം ബാക്കിയായി. ഈ വൈറസ് തന്നെയാണോ രോഗമുണ്ടാക്കുന്നത് എന്ന്. ക്ലോൺ ചെയ്ത വൈറസുകളുപയോഗിച്ച് ചിമ്പൻസികളിൽ രോഗാവസ്ഥ സൃഷ്ടിച്ചതോടെ അതും തെളിയിക്കപ്പെട്ടു. ഇതോടൊപ്പം ഹെപ്പറ്റൈറ്റിസ് സി ബാധിച്ച ചിമ്പൻസികളിൽ നിന്ന് ചാൾസ് റൈസ് എന്ന ഗവേഷകൻ വൈറസിനെ വേർതിരിച്ചെടുക്കുകയും ചെയ്തു. മാത്രവുമല്ല, പരീക്ഷണശാലയിൽ വച്ച് അദ്ദേഹത്തിന് അവയെ കൃത്രിമമായി പെരുകിപ്പിച്ച് കാണിക്കാനും കഴിഞ്ഞു. റൈസ് തന്നെയായിരുന്നു ആ പരീക്ഷണങ്ങൾക്ക് പിന്നിൽ. ഈ മൂന്ന് കണ്ടുപിടുത്തങ്ങളും അതായത് മൈക്കേൽ ഹൂട്ടൻ കണ്ടുപിടിച്ച ഹെപ്പറ്റൈറ്റിസ് സി ജനിതകവസ്തു, ഹാർവി ആൾട്ടർ വേർതിരിച്ചെടുത്ത ഹെപ്പറ്റൈറ്റിസ് സി പ്രതിവസ്തു, പിന്നെ ചാൾസ് റൈസിന്റെ ഹെപ്പറ്റൈറ്റിസ് സി വൈറസിന്റെ പരീക്ഷണശാലയിലെ പെരുകിപ്പിക്കലും ഈ ആഗോളമാരിയുടെ ചികിത്സയിലെ നാഴികക്കല്ലുകളായി മാറി. അതുകൊണ്ടു തന്നെയായിരുന്നു ഈ വർഷത്തെ(2020) വൈദ്യശാസ്ത്ര നൊബേൽ ഇവരെ തേടിയെത്തിയത്.

D-1
ചാൾസ് റൈസ്

നൊബേൽ കമ്മിറ്റിയുടെ സെക്രട്ടറി  വിളിച്ച് വിവരമറിയിച്ചപ്പോൾ റൈസ് അതൊട്ടും വിശ്വസിച്ചില്ലത്രെ. റോംഗ് നമ്പർ ആയിരിക്കുമെന്നാണ് അദ്ദേഹം കരുതിയത്. ഒടുവിൽ സ്വീഡിഷ് അക്കാഡമിയുടെ സമ്മാന പ്രഖ്യാപനം ലൈവായി കാണാൻ അദ്ദേഹത്തെ നിർബന്ധിക്കേണ്ടി വന്നു. അതു കണ്ടപ്പോൾ മാത്രമാണ് റൈസിന് താൻ നോബേൽ ജേതാവാണെന്ന വിശ്വാസം വന്നത്. മാത്രവുമല്ല, താൻ ഇതേ വരെ കേട്ടിട്ടുള്ളതിൽ വച്ച്, ഏറ്റവും അവിശ്വസനീയമായ അലാറം എന്നു പറഞ്ഞായിരുന്നു റൈസ് പിന്നീടതിനെ നർമം ചേർത്ത് വിശേഷിപ്പിച്ചതത്രെ.

 കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തോടെ മൂന്ന് പുതിയ വൈറസുകൾ കൂടി കണ്ടുപിടിക്കപ്പെട്ടു. ഹെപ്പറ്റൈറ്റിസ് ഡി, ഇ  പിന്നെ ഹെപ്പറ്റൈറ്റിസ് ജിയും. ഇവയ്ക്കൊന്നിനും ഹെപ്പറ്റൈറ്റിസ് ബിയുടേയോ സിയുടേയോ അത്രയും പ്രശ്നങ്ങൾ ഉള്ളതായി ശ്രദ്ധയിൽ പെട്ടിട്ടില്ല.

hepatitis

പിൻകുറിപ്പ്: ഗ്രീക്കുപുരാണത്തിൽ ഇക്ടിറസ് എന്നൊരു ദേവിയുണ്ട്. ദേവിയെന്നാൽ, നമ്മുടെ മഞ്ഞക്കിളി തന്നെ. ഇത്തരം രോഗികൾ ഇക്ടിറസ് ദേവിയെ, അതായത് മഞ്ഞക്കിളിയെ കാണാനിടയായാൽ ഈ അസുഖം ഭേദമാകുമെന്ന് ആ പ്രാചീനർ വിശ്വസിച്ചുപോന്നു. കലാഡ്രിയസ് എന്ന വൈദ്യദേവതയുടെ മറ്റൊരു രൂപമായിരുന്നു ഇക്ടിറസ്. പ്രാചീന ഭാരതത്തിൽ ഹരിദ്രുവം എന്നൊരു പക്ഷിയെപ്പറ്റി പറയുന്നത് ഗ്രീക്കുകാരുടെ ഇക്ടിറസിന് സമാനമായിട്ടാണ്. എന്തായാലും പുരാതനകാലം മുതലേ ഈ അസുഖം ജനശ്രദ്ധയിൽ പെട്ടിരുന്നു എന്നത്  വ്യക്തം.  മഞ്ഞപ്പിത്തത്തെ സൂചിപ്പിക്കാനായി വൈദ്യശാസ്ത്രത്തിൽ ഇക്ടിറസ് എന്ന വാക്ക് ഇപ്പോഴും ഉപയോഗിച്ചുവരുന്നതും വെറുതെയല്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com