ADVERTISEMENT

ഇന്ത്യയിലെ കോവിഡ് വാക്‌സീന്‍ വിതരണം ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി. ഓക്‌സ്ഫഡ് സർവകലാശാലയുടെ കോവിഷീല്‍ഡിനും ഭാരത് ബയോടെക്കിന്റെ കോവാക്‌സീനും അടിയന്തര ഉപയോഗത്തിനുള്ള അനുമതി അധികൃതര്‍ നല്‍കിക്കഴിഞ്ഞു. 

ഇനി വരുന്നത് വാക്‌സീനെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കേണ്ട ദിനങ്ങളാണ്. വാക്‌സീന്‍ വിതരണത്തെ കുറിച്ച് ജനങ്ങള്‍ക്കുള്ള ചില പൊതു സംശയങ്ങളുടെ ഉത്തരം കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പങ്കുവയ്ക്കുന്നുണ്ട്. 

എന്നാല്‍ വാക്‌സീന്‍ ലഭിച്ചു തുടങ്ങിയാലും നമുക്ക് ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ നിരവധി കാര്യങ്ങളുണ്ട്. അവ ഏതൊക്കെയെന്ന് പരിശോധിക്കാം. 

മുടങ്ങിയ പ്ലാനുകള്‍ പൊടിതട്ടിയെടുക്കാം

യാത്രകള്‍, ദൂരെയുള്ള സുഹൃത്തുക്കളെ കാണല്‍, ബന്ധുവീട് സന്ദര്‍ശനം എന്നിങ്ങനെ കോവിഡ് മൂലം മാറ്റി വച്ച നിരവധി  കാര്യങ്ങളുണ്ട്. കോവിഡ് വാക്‌സീന്‍ വിതരണം തുടങ്ങുമ്പോള്‍ അത്തരം കാര്യങ്ങളൊക്കെ പൊടിതട്ടിയെടുത്ത് ആസൂത്രണം ചെയ്ത് തുടങ്ങാം. 

തത്ക്കാലം ആസൂത്രണം മതി. നടപ്പാക്കാന്‍ അല്‍പം കൂടി കാത്തിരിക്കാം. കാരണം വാക്‌സീന്‍ ലഭിച്ചതു കൊണ്ടുമാത്രം 100 ശതമാനം സുരക്ഷിതത്വം ലഭ്യമായെന്ന് വരില്ല. വിവിധ രാജ്യങ്ങളില്‍ വികസിപ്പിച്ച വാക്‌സീനുകളില്‍ ഒരെണ്ണം പോലും 100 ശതമാനം സംരക്ഷണം ഉറപ്പ് നല്‍കുന്നില്ല. ഇതിന്റെ അര്‍ഥം, വാക്‌സീന്‍ ലഭിച്ചാലും കോവിഡ് വരാന്‍ ചെറിയൊരു സാധ്യത അവശേഷിക്കും എന്നതാണ്. അതിനാല്‍ കോവിഡിന് മുന്‍പുള്ള അവസ്ഥയിലേക്ക് സാധാരണ ജീവിതം ഉടനെ എത്തുമെന്ന് കരുതേണ്ട. എന്നാല്‍ അത് അധികം വിദൂരമല്ല താനും. ഈ വര്‍ഷം അവസാനത്തോടെ സാധാരണ ജീവിത്തിലേക്കു മടങ്ങിത്തുടങ്ങാന്‍ സാധിച്ചേക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ വാക്‌സീന്‍ ലഭിച്ച ശേഷം പ്ലാനുകള്‍ തുടങ്ങാം. 

കോവിഡ് ബാധിതരെ പരിപാലിക്കാം

കോവിഡ് വാക്‌സീന്‍ എടുത്തിട്ടുണ്ടെങ്കിൽ, വീട്ടുകാര്‍ക്കോ സുഹൃത്തുക്കള്‍ക്കോ കോവിഡ് വന്നാൽ അവരെ പരിപാലിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. എന്നാല്‍ അപ്പോഴും മാസ്‌ക് ധരിക്കുകയും കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കുകയും വേണം. 

മാസ്‌ക് ഊരാന്‍ പാടില്ല

വാക്‌സീന്‍ നമുക്ക് നല്‍കുന്ന പ്രതിരോധം എത്ര കാലത്തേക്കാണെന്ന് ഇനിയും അറിവായിട്ടില്ല. ജനസംഖ്യയുടെ 80-90 ശതമാനത്തിനും വാക്‌സീന്‍ ലഭ്യമായാലേ സമൂഹ പ്രതിരോധം സാധ്യമാകുകയുള്ളൂ. പല വാക്‌സീനുകളും കുറഞ്ഞത് രണ്ട് ഡോസുകളെങ്കിലും എടുക്കേണ്ടതാണ്. മൂന്നോ നാലോ ആഴ്ചത്തെ ഇടവേളയിലാണ് ഈ രണ്ട് ഡോസുകള്‍ എടുക്കേണ്ടത്. രണ്ടാമത്തെ ഡോസും കൂടി എടുത്ത് ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ ശരീരത്തില്‍ കൊറോണ വൈറസിനെതിരെ സംരക്ഷണം ഉയരുകയുള്ളൂ.

ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ, അവസാന പരീക്ഷയ്ക്കു ശേഷം പുസ്തകങ്ങള്‍ വലിച്ചെറിയും പോലെ വാക്‌സീനൊരു ഡോസ് എടുത്ത ഉടനെ മാസ്‌ക് ഊരാന്‍ കഴിയില്ല. 

അപരിചിതരുമായി ഇടപഴകേണ്ട

വാക്‌സീനെടുത്ത് കഴിഞ്ഞാലും അപരിചിതരുമായി ഇടപഴകുന്നത് അപകട സാധ്യതയുള്ള കാര്യമാണ്. വാക്‌സീന്‍ നമുക്ക് രോഗം വരാതെ നോക്കിയേക്കാം. എന്നാല്‍ അണുക്കള്‍ പകരുന്ന അവസ്ഥ തടയുമോ എന്ന് ഇനിയും ഉറപ്പിക്കാറായിട്ടില്ല. അതിനാല്‍ നമ്മളില്‍നിന്ന് അണുക്കൾ വാക്‌സീന്‍ എടുക്കാത്ത മറ്റുള്ളവരിലേക്കു പകരാം. അതിനാല്‍ അപരിചിതരുമായി ഇടപഴകേണ്ട സാഹചര്യങ്ങള്‍ കഴിവതും ഒഴിവാക്കുക. സാമൂഹികമായ ഒത്തു ചേരലുകളില്‍നിന്ന് വിട്ടു നില്‍ക്കുകയും ശാരീരിക അകലം തുടര്‍ന്നും പാലിക്കുകയും ചെയ്യുക. 

English Summary : Dos and dont's after getting the COVID vaccine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com