ADVERTISEMENT

സ്വന്തം കുഞ്ഞിനു മുലപ്പാൽ പോലും കൊടുക്കാത്ത അമ്മ. അവന്റെ കാര്യങ്ങൾ നോക്കാതെ, ആർക്കും മുഖം കൊടുക്കാതെ വിഷാദത്തിലകപ്പെട്ടു തനിച്ചിരിക്കുന്ന പകലുകൾ.. പിന്നെ, മകനെ മാറോടണച്ചു ചേർത്തുറക്കി ഒരു രാത്രിയിൽ ആരുമറിയാതെ അവനെ ശ്വാസംമുട്ടിക്കുന്ന അമ്മ.. ആശങ്കയോടെയും അദ്ഭുതത്തോടെയും നമ്മൾ കേട്ട എത്രയെത്ര വാർത്തകൾ. സ്വന്തം കുഞ്ഞിനെ കൊല്ലുന്ന അമ്മമാർ. ‘അവൾക്കു പ്രസവശേഷം ബാധ കൂടി’ എന്നു പഴയ തലമുറകൾ പറഞ്ഞു പോന്ന അതേ അവസ്ഥകൾ. കാലം മാറിയിട്ടും ‘പോസ്റ്റ്പാർട്ടം ഡിസോർഡേഴ്സ്’ എന്ന അവസ്ഥയെ നാം മനസ്സിലാക്കിയില്ല എന്നതിനു തെളിവായി ഒട്ടേറെ ദുരന്തങ്ങൾ. അറിയാം, പോസ്റ്റ്പാർട്ടം എന്ന അവസ്ഥയെക്കുറിച്ച്...

പോസ്റ്റ്പാർട്ടം ഡിസോർഡേഴ്സ്

പ്രസവശേഷം അമ്മമാരെ പിന്തുടരുന്ന മാനസികാവസ്ഥകളാണു ‘പോസ്റ്റ്പാർട്ടം ഡിസോർഡേഴ്സ്’. പോസ്റ്റ്പാർട്ടം ബ്ലൂസ് (ബേബി ബ്ലൂസ്), പോസ്റ്റ്പാർട്ടം ഡിപ്രഷൻ, പോസ്റ്റ്പാർട്ടം സൈക്കോസിസ് തുടങ്ങിയ അവസ്ഥകളിലൂടെയാണു പല അമ്മമാരും കടന്നുപോകുന്നത്. 

പോസ്റ്റ്പാർട്ടം ബ്ലൂസ്

 പകുതിയോളം സ്ത്രീകളിൽ ഉണ്ടാകുന്ന ഹ്രസ്വകാല പ്രശ്നങ്ങളാണ് ഇവ. പ്രസവശേഷം മൂന്നോ നാലോ ദിവസത്തിൽ ആരംഭിച്ചു 10-14 ദിവസം വരെ നീളും. ഉത്കണ്ഠ, ക്ഷോഭം, ആശയക്കുഴപ്പം എന്നിവയുണ്ടാകാം. ദിവസങ്ങൾ കഴിയുന്തോറും തീവ്രതയും കുറയും. സാധാരണ 2 ആഴ്ചയ്ക്കുള്ളിൽ ഈ അവസ്ഥയ്ക്കു മാറ്റമുണ്ടാകും. 

പോസ്റ്റ്പാർട്ടം ഡിപ്രഷൻ

 പ്രസവത്തെത്തുടർന്നുള്ള വിഷാദാവസ്ഥ. ആഴ്ചകളോ മാസങ്ങളോ നീളും. 10-20% അമ്മമാരിൽ ഈ അവസ്ഥ കാണുന്നു. പോസ്റ്റ്പാർട്ടം ബ്ലൂസിൽ അമ്മ അനുഭവിക്കുന്നു അവസ്ഥകളേക്കാൾ തീവ്രത കൂടിയ കാലമാണിത്. 

പോസ്റ്റ്പാർട്ടം സൈക്കോസിസ്

1000 പ്രസവങ്ങളിൽ ഒന്നോ രണ്ടോ അമ്മമാർക്കു സംഭവിക്കുന്ന അവസ്ഥ. അപൂർവവും കടുത്ത മാനസിക രോഗാവസ്ഥയിലൂടെ കടന്നുപോകുന്നതുമായ അവസ്ഥ. ആത്മഹത്യാ സാധ്യതയും നവജാത ശിശുവിനെയും പങ്കാളിയേയും കൊല്ലാനുള്ള സാധ്യതയും ഈ ഘട്ടത്തിൽ കൂടുതലാണ്. കടുത്ത വിഷാദവും അസ്വസ്ഥതകളും ആശയക്കുഴപ്പവും ഉറക്കക്കുറവും അനുഭവപ്പെടുന്ന ഈ അവസ്ഥയിൽ ചികിത്സ ഒഴിച്ചുകൂടാനാകാത്തതാണ്. 

എങ്ങനെ ‌തിരിച്ചറിയാം

ഒന്നിലും താൽപര്യമില്ലാത്ത അവസ്ഥ. കുഞ്ഞുമായുള്ള ബന്ധത്തിലും പ്രശ്‌നങ്ങളുണ്ടാകാം. കുറ്റബോധവും നിരാശയും താൻ ഒരു നല്ല അമ്മയല്ലെന്ന തെറ്റിദ്ധാരണയും ഉണ്ടാകാം. വിശപ്പില്ലായ്മ, ശരീരഭാരത്തിൽ വ്യത്യാസം, ഉറക്കത്തിലുണ്ടാകുന്ന വ്യത്യാസങ്ങൾ, ക്ഷീണം എന്നിവയുണ്ടാകാം. തന്റെ കുഞ്ഞിനെ പലരും തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നെന്ന തോന്നലും പലരിലുമുണ്ടാകാം. അതിനാൽ കുഞ്ഞിനു സമീപം ഉറക്കില്ലാതെ കാവലിരിക്കും. ചിലർ കുഞ്ഞ് അവരുടേതല്ലെന്നു പറയും. കുട്ടിയുടെ ശരീരപ്രത്യേകതകളെക്കുറിച്ചും ആശങ്കയുണ്ടാകാം. ആത്മഹത്യ പ്രവണതയും ഇടയ്ക്കിടെ അതിനെക്കുറിച്ചു പറയുന്നതും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യമാണ്. ശിശുഹത്യയ്ക്കും പങ്കാളിയെ കൊല്ലാനുള്ള ചിന്തയും പലരിലും കടന്നുവരും. തലവേദന, ശരീരവേദന പോലുള്ള ശാരീരിക ലക്ഷണങ്ങളും പ്രകടിപ്പിക്കാം. 

എന്താകാം കാരണങ്ങൾ

പോസ്റ്റ്പാർട്ടം ഡിസോഡേഴ്സിനു ജീവശാസ്ത്രപരമായ ഒട്ടേറെ കാരണങ്ങളുണ്ട്. ഹോർമോൺ അളവിലുണ്ടാകുന്ന വ്യതിയാനങ്ങളാണേറെയും. കുടുംബത്തിൽ വിഷാദരോഗമുള്ളവരുണ്ടെങ്കിൽ അതും സ്വാധീനിക്കാം. പ്രസവത്തെത്തുടർന്നുണ്ടാകുന്ന മുറിവുകൾ, അണുബാധ, മുലയൂട്ടുമ്പോഴുള്ള ബുദ്ധിമുട്ടുകൾ, മദ്യപാന, പുകവലി ശീലങ്ങൾ എന്നിവ കാരണമായേക്കാം. ഗർഭം അലസലിനുശേഷവും പോസ്റ്റ്പാർട്ടം ഡിസോർഡേഴ്സ് ഉണ്ടാകാം.

∙ മാനസിക–സാമൂഹിക–സാസ്കാരിക സാഹചര്യങ്ങൾ

∙ കുറഞ്ഞ ആത്മാഭിമാനവും വ്യക്തിത്വ വൈകല്യങ്ങളും 

∙ അമ്മയാകാനുള്ള താൽപര്യക്കുറവും ആഗ്രഹിക്കാത്ത ഗർഭവും 

∙ പങ്കാളിയുമായുള്ള പൊരുത്തക്കേട്

∙ ഭർത്താവ്, കുടുംബം, സുഹൃത്തുക്കൾ എന്നിവരിൽനിന്നു പിന്തുണയില്ലായ്മ

∙ ഗർഭാവസ്ഥയിൽ സമ്മർദകരമായ സംഭവങ്ങൾ

∙ വ്യത്യസ്ത സംസ്കാരത്തിലേക്കും സമൂഹത്തിലേക്കുമുള്ള ജീവിതമാറ്റം. 

∙ പ്രതീക്ഷിക്കുന്ന ലിംഗത്തിലുള്ള കുട്ടിയെ തന്നെ കിട്ടണമെന്ന ആഗ്രഹം.

 ∙ അമ്മ മുൻപ് ആക്രമിക്കപ്പെട്ട സംഭവങ്ങൾ, ലൈംഗിക ചൂഷണത്തിന് ഇരയായ ഭൂതകാലം

∙ ഗർഭകാലത്തും പ്രസവസമയത്തും ഭർത്താക്കന്മാരുടെ അഭാവം.

അച്ഛനുമുണ്ടോ പ്രസവാനന്തര വിഷാദം 

കുഞ്ഞ് ജനിച്ച ശേഷം അച്ഛന്മാരിൽ പലരും ഇതേ അവസ്ഥകളിലൂടെ കടന്നുപോകുന്നുണ്ട്. പലരും ഇതറിയുന്നില്ല എന്നു മാത്രം. ഇതിനെ പ്രസവാനന്തര പിതൃവിഷാദം എന്നു പറയുന്നു. തന്റെ ഭാര്യ ഒരു നല്ല അമ്മയാണോ, അവർക്കു കുഞ്ഞിനെ വേണ്ടപോലെ നോക്കാൻ സാധിക്കുമോ തുടങ്ങി അമ്മ അനുഭവിക്കുന്ന പല തലങ്ങളിലൂടെയും അച്ഛന്മാരും കടന്നു പോകുന്നു.

വാക്കിലുണ്ട് പ്രതിവിധി

പങ്കാളിയുടേയോ കുടുംബത്തിന്റെയോ കൈത്താങ്ങ് മാത്രം മതി ഓരോ അമ്മമാർക്കും ആശങ്കകളില്ലാതെ പോസ്റ്റ്പാർട്ടം ഘട്ടത്തിലൂടെ കടന്നുപോകാൻ. ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒട്ടും അറിവില്ലാത്ത ഒട്ടേറെപ്പേർ സമൂഹത്തിലുണ്ട്. ഗൈനക്കോളജിസ്റ്റിന്റെ തിരക്കുപിടിച്ച കൺസൽട്ടിങ് റൂമിനുള്ളിൽ രണ്ടോ മൂന്നോ മിനുട്ടു കൊണ്ടു ചെക്കപ്പ് നടത്തിയിറങ്ങുന്ന ദമ്പതികൾക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒരു അറിവുമുണ്ടാകില്ല. ടോക്കൺ നൽകി ഗർഭിണികളെ പരിശോധിക്കുന്നവരിൽ പലരും ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒരു വാക്കു പോലും പറയാറുമില്ല. ആരോഗ്യപ്രവർത്തകരും ഈ കാര്യങ്ങൾക്കു പരിഗണന നൽകുന്നില്ല. ഈ അവസ്ഥയാണു പല അമ്മമാരെയും കുറ്റവാളിയാക്കുന്നത്. പല അത്യാഹിതങ്ങളും സംഭവിച്ച് അമ്മമാർ കോടതിക്കു മുന്നിലെത്തുന്നു. ശിക്ഷ അനുഭവിക്കുന്നു. സ്വന്തം കുഞ്ഞിനെ നഷ്ടമാകുന്ന അവസ്ഥ ജീവിതകാലം മുഴുവൻ വേദനയായി വേട്ടയാടുമെന്നതു യാഥാർഥ്യം. 

പോസ്റ്റ്പാർട്ടം പ്രശ്നങ്ങൾ സാധാരണ എല്ലാ അമ്മമാരിലും വന്നുപോകുന്ന ഒരു അവസ്ഥയാണെന്ന് അവരെ ബോധ്യപ്പെടുത്തിയാൽ തന്നെ പ്രശ്നങ്ങൾ ഒഴിവാക്കാം. ഗർഭധാരണ സമയത്തുതന്നെ പോസ്റ്റ്പാർട്ടം ഘട്ടങ്ങളെക്കുറിച്ചും ബോധവൽക്കരിക്കുക. 

∙ കുടുംബം, പങ്കാളി, സുഹൃത്തുക്കൾ എന്നിവരുമായി മാനസിക അവസ്ഥകൾ പങ്കിടുക. ആത്മഹത്യയെക്കുറിച്ചോ മറ്റു അത്യാഹിതങ്ങളെക്കുറിച്ചോ ചിന്തയുണ്ടാകുമ്പോൾ പങ്കാളിയുമായി പങ്കുവയ്ക്കുക. കൂടുതൽ സംസാരിക്കുക. ശരിയായ വിശ്രമവും ഭക്ഷണവും ഉറപ്പാക്കുക. 

∙  ഒറ്റയ്ക്കുള്ള ഇരിപ്പ് ഒഴിവാക്കുക. സമൂഹത്തിലുള്ള പലതരം ചടങ്ങുകളും ആചാരങ്ങളും മാനസികോല്ലാസം നൽകുമെങ്കിൽ അവയിൽ പങ്കുചേരുക

∙ ആരോഗ്യപ്രവർത്തകരുടേയോ മാനസികരോഗ വിദഗ്ധരുടെയും പിന്തുണ വേണ്ട സന്ദർഭങ്ങളിൽ സഹായം തേടുക. കൗൺസലിങ് കൊണ്ടുതന്നെ പലപ്പോഴും പ്രശ്നങ്ങൾ ഒഴിവാക്കാം. അപൂർവമായി മാത്രമേ ഷോക്ക് ട്രീറ്റ്മെന്റ് വേണ്ടി വരുന്നുള്ളു. 

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ദാമോദരൻ നമ്പൂതിരി വള്ളൂർ

Engish Summary : Postpartum epression

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com