യുഎസിൽ കോവിഡ് വാർഡുകളിലെ മാരക ഫംഗസ്; മരണ സാധ്യത 60 ശതമാനം

HIGHLIGHTS
  • ഫ്ലോറിഡയിലെ ഒരു ആശുപത്രി വാർഡിലാണ് കാൻഡിഡ ഔറിസ് എന്ന ഫംഗസിന്റെ സാന്നിധ്യം കണ്ടെത്തിയത്
  • എക്കിനോകാൻഡിൻസ് എന്ന ആന്റി ഫംഗൽ മരുന്നുകൾ കൊണ്ട് ഇതിനെ തടയാം
covid ward
Photo credit : Alexandros Michailidis / Shutterstock.com
SHARE

യുഎസിൽ കോവിഡ് രോഗികളെ പാർപ്പിക്കുന്ന ആശുപത്രിവാർഡുകളിൽ കണ്ടെത്തിയ മാരകമായ ഫംഗസ് ബാധ ആശങ്കയുണ്ടാക്കുന്നു. 

ഫ്ലോറിഡയിലെ ഒരു ആശുപത്രി വാർഡിലാണ് കാൻഡിഡ ഔറിസ് എന്ന ഫംഗസിന്റെ സാന്നിധ്യം കണ്ടെത്തിയത്. 2009 ൽ ജപ്പാനിലാണ് ഇതിനെ ആദ്യം കണ്ടെത്തിയത്. ഈ ഫംഗസിന്റെ ആഗോള വ്യാപനത്തിൽ അമേരിക്കയിലെ സെന്റ് ഓഫ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ആശങ്ക പ്രകടിപ്പിക്കുന്നു. ഔറിസ് എന്ന  ലാറ്റിൻ വാക്കിന്റെ അർഥം ചെവി എന്നാണ്. എന്നാൽ ചെവിയെ മാത്രമല്ല ശരീരത്തിലെ മറ്റ് അവയവങ്ങളെയും ഇതു ബാധിക്കാം.

കഴിഞ്ഞ ജൂലൈയിലാണ് ഫ്ലോറിഡയിലെ ആശുപത്രിയിലുള്ള നാല് കോവിഡ് ബാധിതരിൽ ഈ ഫംഗസ് ബാധ റിപ്പോർട്ട്് ചെയ്തത്. പിന്നീട് 35 ഓളം പേർക്ക് ഇതു കണ്ടെത്തി. ഇതിൽ എട്ടു രോഗികൾ മരിക്കുകയും ചെയ്തു. എന്നാൽ മരണകാരണം ഈ ഫംഗസ് തന്നെയാണോ എന്നു വ്യക്തമല്ല.

മനുഷ്യശരീരത്തിൽ കടക്കുന്ന കാൻഡിഡ ഔറിസിന് രക്തപ്രവാഹത്തിൽ കടന്ന് പല അവയവങ്ങളെയും ബാധിക്കാനുള്ള കഴിവുണ്ട്. രക്തത്തിലും മുറിവിലും ചെവിയിലും ഇതുമൂലം അണുബാധ ഉണ്ടാകുന്നു. മൂത്ര, ശ്വാസകോശ സാമ്പിളുകളിലും  ഈ ഫംഗസിന്റെ സാന്നിധ്യം  കണ്ടെത്തിയിട്ടുണ്ട്.

സാധാരണഗതിയിൽ എക്കിനോകാൻഡിൻസ് എന്ന ആന്റി ഫംഗൽ മരുന്നുകൾ കൊണ്ട് ഇതിനെ തടയാം. എന്നാൽ ചില ഫംഗസുകൾക്കു മരുന്നിനെ പ്രതിരോധിക്കാനാവുമെന്നും അവയെ ചികിത്സിക്കാൻ ബുദ്ധിമുട്ടാകുമെന്നും ഡോക്ടർമാർ പറയുന്നു. കാൻഡിഡ ഔറിസ് ബാധിച്ചവരിൽ 30 മുതൽ 60 ശതമാനം വരെ ആളുകൾ മരിച്ചതാണ് ഈ ഫംഗസിനെ പേടിസ്വപ്നമാക്കുന്നത്. മറ്റു രോഗങ്ങൾ ഉള്ളവർക്ക് ഫംഗസ് മൂലമുള്ള മരണത്തിന്റെ സാധ്യത ഉയരുന്നു.

ഈ ഫംഗസിനെതിരെയുള്ള മുൻകരുതൽ എന്ന നിലയിൽ, ആശുപത്രിയിലെ വൈദ്യഉപകരണങ്ങളടക്കം അണുമുക്തമാക്കണമെന്നും ഉപയോഗിച്ച പിപിഇ കിറ്റ് വീണ്ടും ധരിക്കുന്നത് ഒഴിവാക്കണമെന്നും സിഡിസി നിർദ്ദേശിക്കുന്നു.

English Summary : Deadly fungus spread rampantly at US Hospital COVID-19 Ward

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA