ADVERTISEMENT

ഭിന്നശേഷിക്കാരും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുമുൾപ്പെടെയുള്ള ആർക്കും സമയം ചെലവിടാനായി ഒരു ‘ബാരിയർ ഫ്രീ കാർബൺ ന്യൂട്രൽ സോൺ’ ഒരുങ്ങുന്നുണ്ട് തലസ്ഥാന നഗരിയിൽ ടെക്നോപാർക്കിനരികെ. തിരുവനന്തപുരം ആസ്ഥാനമായ  എൻജിഒ, ഹെൽപ്പിങ് ഹാൻഡ്സ് ഓർഗനൈസേഷൻ (എച്ച്2ഒ) ഫിനാൻഷ്യൽ സോഫ്ട്‌‌വെയർ കമ്പനി ഫിനാസ്ട്രയുടെ പിന്തുണയോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 2020 ഡിസംബർ 28നായിരുന്നു. സെൻസറി, വിഷ്വൽ ചികിത്സകൾക്ക് സഹായകമാകും വിധത്തിലാണ് സോൺ ഒരുക്കുക.  വീൽ ചെയർ ഫ്രണ്ട്‌ലി പാത്ത്, റിഫ്ലക്സോളജി പാത്ത് ഇവയെല്ലാം ചേരുന്നതോടെ സോൺ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും.

6

തുടക്കമെന്ന നിലയിൽ കഴക്കൂട്ടം മേനംകുളത്തെ എച്ച്2ഒ സെന്ററിനു ചുറ്റും മരങ്ങൾ വച്ചുപിടിപ്പിക്കുന്ന തിരക്കിലാണ് സന്നദ്ധ പ്രവർത്തകർ.    പ്രകൃതിയിലുള്ള നാടൻ ചെടികൾക്കൊപ്പം 5200  ഓക്സി ബാംബു തൈകളും അതിനെക്കാളേറെ ചെടികളും മരങ്ങളുമെല്ലാം  നട്ടുപിടിപ്പിക്കുന്നു. ആയില്യം കൊല്ലി, ഊത്, നീർമാതളം, ഒലിവ്, കർപ്പൂര മരം, കടുക്ക, കരിമരം, ചമത, നീർമരുത്, അശോകം, നാൽപാമരം തുടങ്ങി ആയുർവേദ ഗുണങ്ങളുള്ള മരങ്ങളാണേറെയും. ഇവ മണ്ണിലുറയ്ക്കുന്നതോടെ വീൽചെയർ ഉൾപ്പെടെ സഞ്ചരിക്കാവുന്ന ‘പാത്ത്’ ഒരുക്കും. അടുത്ത ഘട്ടമായി സെൻസറി ഗാർഡൻ, ശലഭോദ്യാനം ഇവയും.

എച്ച്2ഒ

2

ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രവർത്തിക്കുന്ന എൻജിഒ ആണ് ഹെൽപ്പിങ് ഹാൻഡ് ഓർഗനൈസേഷൻ അഥവാ എച്ച്2ഒ. 2012 ൽ ജോളി ജോൺസൺ എന്ന തിരുവനന്തപുരം സ്വദേശിയാണ് എച്ച്2ഒയ്ക്ക് തുടക്കമിടുന്നത്. ഭിന്നശേഷിക്കാരായ കുട്ടികൾക്കും കുടുംബത്തിനും വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന തോന്നലിൽ 2 കുട്ടികളെ ചേർത്ത്, സ്വന്തമായുണ്ടായിരുന്ന സമ്പാദ്യമെടുത്ത് ചെയ്തു തുടങ്ങിയതാണ്. ഒരു വർഷമായപ്പോഴേക്കും വൊളന്റിയേഴ്സ് വന്നുതുടങ്ങി. ഭിന്നശേഷിക്കാരായ കുട്ടികളെ മാത്രം ഫോക്കസ് ചെയ്താൽ പ്രവർത്തനത്തിന് പൂർണമായ ഫലപ്രാപ്തിയിലെത്തില്ലെന്ന് പ്രവർത്തിച്ചുതുടങ്ങിയപ്പോഴാണ് മനസിലായത്. അവരെ സ്ഥിരമായി സെന്ററിലെത്തിക്കാൻ അത്തരം കുടുംബങ്ങളെ സഹായിക്കാനും മാസം അവർക്ക് ആവശ്യമായ സഹായങ്ങളെത്തിക്കാനും സഹോദരങ്ങളുടെ പഠനമുൾപ്പെടെയുള്ള ആവശ്യങ്ങൾ നടത്തിക്കൊടുക്കാനും തുടങ്ങിയത് അങ്ങനെയാണ്. പ്രായമേറിയ ആളുകൾക്കും സഹായങ്ങളെത്തിച്ചു. ഇപ്പോൾ കുട്ടികളുടെ എണ്ണം എഴുപത്തെട്ടോളമായി. വൊളന്റിയേഴ്സ് ധാരാളമെത്തുന്നു. വൊളന്റിയേഴ്സ്, സ്കൂൾ കുട്ടികൾ ഇവർക്കിടയിൽ അവബോധം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങളും നടക്കുന്നു. ഭിന്ന ശേഷിക്കാരായ കുട്ടികളെ സഹായിക്കാൻ ഉതകുന്ന ഒരു സാമുഹികക്രമം ഉണ്ടാക്കിയെടുക്കാനാണ് ശ്രമം. 

ബാരിയർ ഫ്രീ

3

ഇത്രയൊക്കെ ആയാലും പൊതുജനങ്ങളിൽ അവബോധം വളർത്താൻ എന്തെങ്കിലും കൂടുതലായി ചെയ്യേണ്ടതുണ്ടെന്ന തോന്നലിൽ നിന്നാണ് പല ആശയങ്ങളും പിറക്കുന്നത്. ‘ബാരിയർ ഫ്രീ’ എന്ന ഐഡിയ വരുന്നത് അങ്ങനെയാണ്. അതിന്റെ ഭാഗമായാണ് കോവളത്ത് തുടർച്ചയായ വർഷങ്ങളിൽ ‘ബാരിയർഫ്രീ ഇന്റർനാഷനൽ കൈറ്റ് ഫെസ്റ്റിവൽ’ സംഘടിപ്പിക്കുന്നത്. പല തരത്തിലും ശാരീരിക ബുദ്ധിമുട്ടുകളുള്ളവർക്കും ഭിന്നശേഷിക്കാർക്കുമൊക്കെ തടസ്സങ്ങളില്ലാതെ എത്താൻ പറ്റും വിധം ബീച്ച് ലഭ്യമാക്കിയായിരുന്നു കൈറ്റ് ഫെസ്റ്റിവൽ. സമീപവാസികളുടെ സഹകരണം കൂടി ഏകോപിച്ചുകൊണ്ടായിരുന്നു പരിപാടി.  അതോടെ ‘ബാരിയർ ഫ്രീ’എന്ന ആശയം ജനങ്ങൾ കൂടുതൽ ശ്രദ്ധിച്ചുതുടങ്ങി. തുടർ പ്രവർത്തനങ്ങൾക്കായുള്ള ആലോചയ്ക്കിടയിലാണ് കാർബൺ ന്യുട്രൽ സോൺ എന്ന സ്വപ്നത്തിനു വിത്തുപാകിയത്. പ്രകൃതി ദുരന്തങ്ങൾ ഏറെയും ബാധിക്കുന്നത്  ഭിന്നശേഷിക്കാരായ ആളുകളെയാണ് എന്നതും കണക്കിലെടുത്തായിരുന്നു തീരുമാനം. ഫിനാസ്ട്ര യുടെ പിന്തുണ കൂടി ഉറപ്പായതോടെ ആ തീരുമാനത്തിനു ജീവൻ വച്ചു. 

4

എച്ച്2ഒയ്ക്കും അവിടെയുള്ള കുട്ടികൾക്കും സാമ്പത്തിക സ്വയംപര്യാപ്തതയിലേക്കുള്ള ചെറിയ കാൽവയ്പ് കൂടിയാകുമിത്. ചെടികൾ പരിപാലിക്കുന്ന കുട്ടികൾക്കും സഹകരിക്കുന്ന കുടുംബങ്ങൾക്കുമെല്ലാം പ്രയോജനം ഉണ്ടാകും. ഒപ്പം കൂടുതൽ ആളുകളിലേക്ക് സേവനത്തിന്റെ സന്ദേശമെത്തിക്കാനും.

കാർബൺ ന്യൂട്രൽ സോൺ

5

5200 പേരെ ചേർത്താണ് പദ്ധതിക്ക് തുടക്കമിട്ടത്. 5200 ഓക്സിബാംബു തൈകളും നട്ടു. കൂടുതൽ  നാടൻ മരങ്ങളും ചെടികളും വച്ചു പിടിക്കുക മാത്രമല്ല, ഇവിടത്തെ കുട്ടികളുടെ വീടുകളിലും വീട്ടുകാരുടെ സഹായത്തോടെ ഒരു ‘കാർബൺ ന്യൂട്രൽ പാച്ച് ’ ഒരുക്കുകയും ചെയ്യുന്നു. ആവശ്യമുള്ള പച്ചക്കറിയും ഔഷധ ചെടികളുമെല്ലാം ഇവിടെ വളർത്തിയെടുക്കും.  മേനംകുളത്തെ എച്ച്ടുഒ സെന്ററിനു ചുറ്റുമുള്ള സ്ഥലത്ത് രണ്ടായിത്തിലധികം മരങ്ങളും ആയിരത്തിലേറെ ചെടികളും വച്ചുപിടിപ്പിച്ചിട്ടുണ്ട്. ‘വീൽചെയർ ഫ്രണ്ട്‌ലി പാത്ത് ’ഒരുക്കും. ഒപ്പം ശലഭോദ്യാനവും കിളിമരങ്ങളും. കുട്ടികൾക്ക് തെറപ്യൂട്ടിക് ആയ ‘സെൻസറി ട്രീറ്റ്’ ആണ് ലക്ഷ്യം. വിവിധയിനം ഉരുളൻ കല്ലുകൾ പാകിയ ‘റിഫ്ലക്സോളജി പാത്ത്’ നഗ്നപാദരായി നടക്കാൻ ഉള്ള പ്രത്യേക ഇടമാണ്. 

ഭാവിയിൽ

7

പൊതുസമൂഹത്തിനുള്ള ‘ലൈവ്’ ബോധവൽക്കരണ ഇടം കൂടിയായിട്ടാണ് എച്ച്2ഒ സോണിനെ ഒരുക്കുന്നത്. കിളികളും, പക്ഷികളുടെ പാട്ടും നിറയെ തുമ്പികളും പൂമ്പാറ്റകളുമൊക്കെയുള്ള സോൺ പൂർത്തിയാകുന്നതോടെ ജനത്തിനായി തുറന്നുകൊടുക്കും. ആർക്കും ഇവിടെ വന്നു സമയം ചെലവിടാം. വീൽചെയറിലുള്ളവരോ, കാഴ്ച നഷ്ടപെട്ടവരോ, വിഷാദത്തിനടിപ്പെട്ടവർക്കോ ആർക്കും ഒരു പാർക്കിൽ വരുംപോലെ തടസ്സങ്ങളൊന്നുമില്ലാതെ ഉല്ലാസകരമായി വന്നിരിക്കാവുന്ന ഒരിടമാകും ഇത്.  എല്ലാവരെയും ചേർത്തും പിടിക്കുന്ന, ആർക്കും വന്നു ചേരാവുന്ന ഒരിടം. മേനംകുളത്ത് പൂർത്തിയാകുന്നതോടെ കൂടുതൽ ഇടങ്ങളിൽ  ഇത്തരം ‘ബാരിയർ ഫ്രീ കാർബൺ ന്യൂട്രൽ സോൺ’ ഒരുക്കാമെന്ന പ്രതീക്ഷയിലാണിപ്പോൾ  നടത്തിപ്പുകാർ.

English Summary : Specially abled care

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com