ADVERTISEMENT

കോവിഡിനു വാക്സീനെന്നു കേൾക്കുന്നത് ആശ്വാസകരമെങ്കിലും സൂചിയും സൂചിക്കുത്തിന്റെ വേദനയും ഓർമകളിൽ അരിച്ചുകയറുന്നവർ പഴയ അച്ചുകുത്തുപിള്ളയുടെ കാലമല്ലിതെന്നോർത്തു സമാധാനിക്കുക. കുട്ടികൾക്കു പ്രതിരോധശേഷി ഉറപ്പാക്കാനുള്ള അച്ചുകുത്ത് ‘പേനാക്കത്തി പ്രയോഗം’ ഇന്നു പഴങ്കഥ. 

ഒരു നൂറ്റാണ്ടു മുൻപു കേരളത്തിലെ കുട്ടികളുടെ പേടിസ്വപ്നമായിരുന്നു ‘അച്ചുകുത്തുപിള്ള’. ഗോവസൂരിപ്രയോഗം നടത്തിയിരുന്ന ആരോഗ്യവകുപ്പുദ്യോഗസ്ഥനാണ് അച്ചുകുത്തുപിള്ള. വസൂരി രോഗത്തിനുള്ള പ്രതിരോധ ഔഷധപ്രയോഗമാണ് ‘ഗോവസൂരിപ്രയോഗം’. പശുവിൽനിന്നും കൃത്രിമമായി പ്രതിരോധ ഔഷധം നിർമിച്ച് എടുത്തിരുന്നതിനാലാണ് ഈ പേര് വന്നത്. ‘അച്ചുകുത്തുപിള്ളയെ വിളിക്കും’ എന്നു പറഞ്ഞു ഭയപ്പെടുത്തിയാണ് പല മാതാപിതാക്കളും പണ്ട് കുട്ടികളെ മര്യാദ പഠിപ്പിച്ചിരുന്നത്. ഹാസ്യസമ്രാട്ട് ഇ.വി. കൃഷ്ണപിള്ളയുടെ ‘കേളീസൗധ’ത്തിലുൾപ്പെടെ മലയാളത്തിലെ ആദ്യകാല സാഹിത്യകൃതികളിൽ പലതിലും അച്ചുകുത്തുപിള്ളയെക്കുറിച്ചു പരാമർശമുണ്ട്. എന്നാൽ, ഭാവി തലമുറയ്ക്കുവേണ്ടി അച്ചുകുത്തുപിള്ളയുടെ തൂലികാചിത്രം വരച്ചത് മലയാളത്തിലെ പ്രമുഖ ഹാസ്യസാഹിത്യകാരനായ എം.എൻ. ഗോവിന്ദൻനായരാണ് ( ചലച്ചിത്ര സംവിധായകൻ അരവിന്ദന്റെ അച്ഛനെന്നു പറഞ്ഞാലേ പുതിയ തലമുറയ്ക്കു മനസ്സിലാകൂ). പ്രൈമറി സ്കൂളിൽ പഠിച്ചിരുന്ന കാലം മുതലുള്ള ഓർമകൾ അദ്ദേഹം 1961ൽ എഴുതിയ ‘അച്ചുകുത്തുപിള്ള’യെന്ന കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

മെഴുകു തേച്ചു പിരിച്ചുവച്ചതുപോലെ അറ്റംകൂർത്ത മേൽമീശ, പഴയതും നാലഞ്ചു പോക്കറ്റുള്ളതുമായ ഒരു കാക്കിക്കോട്ട്– ഇതാണ് ഗോവിന്ദൻനായരുടെ ഓർമയിൽ തെളിഞ്ഞ അച്ചുകുത്തുപിള്ളയുടെ രൂപം. ‘അച്ചുകുത്തുപിള്ളയുടെ കയ്യിൽ ഒരു ചെറിയ പെട്ടി കാണും. സ്കൂളിൽ വന്നാൽ ഹെഡ്മാസ്റ്ററുടെ മുറിയിൽ വന്നിരിക്കും. പെട്ടി തുറക്കും. കുട്ടികൾ അതു കണ്ടു വിറയ്ക്കും.  കശാപ്പിനു കൊണ്ടുപോകുന്ന ആടുകളെ മുദ്രയടിച്ചു വിടുന്നതുപോലെ ഓരോരുത്തരെയായി കടത്തിവിടുകയാണ്. പെട്ടിയിൽനിന്ന് ഈർക്കിലിയെക്കാൾ വണ്ണംകൂടിയ ഒരു സ്ഫടികക്കുഴൽ അയാൾ എടുക്കും. എന്നിട്ട് ഒരു അരംകൊണ്ടു രാകി അത് ഒടിച്ചെടുക്കും. പിന്നീട് അതിന്റെ മുറിഞ്ഞ അഗ്രം കുട്ടിയുടെ കയ്യിൽവച്ച് ആ സ്ഥാനത്ത് ഒരു തുള്ളി കൊഴുത്ത ദ്രാവകം തേക്കും. അടുത്ത പ്രയോഗമാണ് ഏറ്റവും ഭയാനകം. കുട്ടികൾ പരമ്പരയായി ഭയപ്പെടുന്ന ആ കൊച്ചുപിച്ചാത്തി അയാൾ എടുക്കുകയായി. ചെറിയ പേനാക്കത്തി പോലുള്ള ആ സാധനംകൊണ്ട്, ദ്രാവകം തേച്ച ഭാഗത്ത് നീളെയും കുറുകെയും നാലഞ്ചു വരയ്ക്കും. അപ്പോൾ സ്വല്പം രക്തം പൊടിച്ചുവരും. കുട്ടികളുടെ കണ്ണിൽനിന്ന് അശ്രുകണങ്ങളും. പിന്നീടു കുട്ടിക്കു പോകാം. മൃത്യുവക്ത്രത്തില്‍നിന്നു രക്ഷപ്പെട്ടതുപോലെ ഒരു ദീർഘനിശ്വാസം വിട്ടുകൊണ്ട് അവർ ഓടിമറയുന്നു, ദേഹത്ത് എന്തോ അശുദ്ധവസ്തു പുരണ്ട ജാള്യതയോടുകൂടി’.

സ്കൂൾ കുട്ടികളെ അച്ചുകുത്തുന്നത് ഒരനാവശ്യമായാണ് അക്കാലത്തു പല മാതാപിതാക്കളും കരുതിയിരുന്നത്. അതുകൊണ്ടുതന്നെ അച്ചുകുത്തിയ സ്ഥലം പച്ചച്ചാണകം തേച്ചു കഴുകിക്കളയുന്നതും സാധാരണമായിരുന്നു. ഗോവിന്ദൻനായരുടെ സരസമായ വിവരണം ഇങ്ങനെ–‘സ്കൂളിൽ അച്ചുകുത്തുപിള്ള വരുന്ന ദിവസം നേരത്തേ അറിയാം. അന്നു നാട്ടിൻപുറത്താകെ ഒരു പരിഭ്രമമാണ്. യുദ്ധഭൂമിയിൽനിന്ന് ബോംബുപ്രയോഗം കഴിഞ്ഞാലുടൻ മുറിവേറ്റവരെ എടുത്തുകൊണ്ടുപോകാൻ ആംബുലൻസുകാർ തയ്യാറായി നിൽക്കുന്നതുപോലെ കുട്ടികളുടെ മാതാക്കളും സഹോദരിമാരും മറ്റും ചാണകഹസ്തകളായി, സ്കൂളിൽനിന്നിറങ്ങി അവരെ  സമീപിച്ചാലുടൻ പച്ചച്ചാണകമെന്ന മൃതസഞ്ജീവനി പുരട്ടി ഉറ്റവർ അവരെ രക്ഷപ്പെടുത്തിക്കൊണ്ടിരുന്നു’.

അച്ചുകുത്ത് തടയുന്നത് കുറ്റകരമായിരുന്നു. അവർണനായ ആരോഗ്യവകുപ്പ് ജീവനക്കാരനിൽനിന്നു ഗോവസൂരിപ്രയോഗം സ്വീകരിക്കാൻ വിസമ്മതിച്ച യാഥാസ്ഥിക കുടുംബാംഗങ്ങളെ പ്രോസിക്യൂട്ട് ചെയ്ത ചരിത്രവുമുണ്ട് കേരളത്തിൽ. ഇന്ത്യയിൽ ബി.സി.ജി. കുത്തിവയ്പു തുടങ്ങിയ കാലത്ത് അതിനെതിരേയും പ്രക്ഷോഭണം ഉണ്ടായിട്ടുണ്ട്. ഒട്ടേറെ പേരുടെ പിന്തുണ ലഭിച്ച ആ പ്രക്ഷോഭണം നയിച്ചത് ദേശീയ നേതാവായ രാജാജിയായിരുന്നു !

എം.എൻ. ഗോവിന്ദൻനായർ : ജീവിതരേഖ

1910ൽ കോട്ടയത്തു ജനനം. നാരായണിയമ്മയും പി.ആർ. ഗോവിന്ദൻനായരും മാതാപിതാക്കൾ. 1934ൽ ബി.എൽ. ബിരുദമെടുത്ത് കോട്ടയത്തു വക്കീലായി പ്രാക്ടീസ് തുടങ്ങി. ഓണററി ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ്, സർക്കാർ വക്കീൽ, ഒഫീഷ്യൽ റിസീവർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. കേസരി എ. ബാലകൃഷ്ണപിള്ളയുടെ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയിരുന്ന ‘കേസരി’യിലും ‘പ്രബോധകനി’ലും നർമലേഖനങ്ങളെഴുതിയാണ് സാഹിത്യജീവിതത്തിന്റെ തുടക്കം. സാഹിത്യപ്രവർത്തകസഹകരണസംഘത്തിന്റെ സ്ഥാപകാംഗം. നോവൽ, ചെറുകഥ, ബാലസാഹിത്യം, ലേഖനം എന്നിവയിലായി നാല്പതിലധികം കൃതികൾ രചിച്ചു. നാലു ബാലസാഹിത്യകൃതികൾക്കു കേരള സർക്കാരിന്റെ പുരസ്കാരം ലഭിച്ചു. 1989ൽ ‘എം.എന്റെ ഹാസ്യകൃതികൾ’ക്കു കേരളസാഹിത്യ അക്കാദമി അവാർഡ്. ‘കടുവായുടെ ആത്മകഥ’, ‘ട്രാൻസ്പോർട്ട് പ്രണയം’, ‘ഗോപി വിലാസം’, ‘അവൾ കാത്തിരുന്നു’, ‘തലക്കുത്ത്’, ‘ റോബിൻസൺ ക്രൂസോ’, ‘ആന’, ‘ഉറുമ്പ്’ തുടങ്ങിയവ ശ്രദ്ധേയ കൃതികൾ. ഹിന്ദി, തമിഴ് ഭാഷകളിൽ ലേഖനങ്ങൾ എഴുതി. മുൽക് രാജ് ആനന്ദിന്റെ ‘കൂലി’, എം.ഒ. മത്തായിയുടെ ‘നെഹ്റുയുഗസ്മരണകൾ’ എന്നീ പുസ്തകങ്ങൾ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി.  നാടകനടനായ എം.എൻ. രാജ് മാർബറോസ് ഹിന്ദിയിലും മലയാളത്തിലുമായി നിർമിച്ച ‘ത്രിസന്ധ്യ’ എന്ന സിനിമയിലും അഭിനയിച്ചു.( വഹീദ റഹ്മാൻ ആയിരുന്നു ഈ സിനിമയിലെ നായിക ). ഭാര്യ : പി.ജി. തങ്കമ്മ. മക്കൾ : അരവിന്ദൻ( ചലച്ചിത്ര സംവിധായകൻ), ആർട്ടിസ്റ്റ് ഗോപൻ, ഇന്ദിര കൃഷ്ണൻ, മോഹൻകുമാർ. 1997 മേയ് 16ന് അന്ത്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com