ADVERTISEMENT

അതിവേഗം പടരുന്ന കൊറോണ വൈറസിന്റെ യുകെ വകഭേദം മാര്‍ച്ച് മാസത്തോടെ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രബലമാകുമെന്ന് റിപ്പോര്‍ട്ട്.  B.1.1.7  എന്നറിയപ്പെടുന്ന വൈറസ് വകഭേദം ബാധിച്ച 76 കേസുകളാണ് അമേരിക്കയിലെ 10 സംസ്ഥാനങ്ങളില്‍ ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് അതിവേഗം പടരുമെന്നും മാര്‍ച്ച് മാസത്തോടെ രാജ്യത്തെ പ്രബലമായ വൈറസ് വകഭേദം  B.1.1.7 ആയിരിക്കുമെന്നും സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി) പറയുന്നു. 

കംപ്യൂട്ടര്‍ മോഡലിനെ അടിസ്ഥാനമാക്കിയുള്ള പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് മോര്‍ബിഡിറ്റി ആന്‍ഡ് മോര്‍ട്ടാലിറ്റി വീക്കിലി റിപ്പോര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ചു. 

യുകെ വകഭേദം മൂലമുള്ള കോവിഡ്-19 രോഗം അത്ര തീവ്രമല്ലെങ്കിലും നിരവധി പേരെ ഒരേ സമയം ആശുപത്രിയിലെത്തിക്കാന്‍ ഇതിനാകും. ആവശ്യത്തിന് ചികിത്സ സൗകര്യം ലഭിക്കാതെ പലരും മരിക്കുന്ന സാഹചര്യത്തിനും ഇത് വഴി വയ്ക്കും. കോവിഡ്19 വാക്‌സീന്‍ നല്‍കി തുടങ്ങിയതോടെ വ്യാപനം കുറയുമെങ്കിലും യുകെ വകഭേദം പ്രബലമായതിനു ശേഷം മാത്രമേ ഇത് സംഭവിക്കൂ എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 

അമേരിക്കയിലെ കോവിഡ് 19 അണുബാധയില്‍  B.1.1.7  ന്റെ വ്യാപ്തി നിലവില്‍ 0.5 ശതമാനം മാത്രമാണെന്ന് ശാസ്ത്രീയ മോഡല്‍ അനുമാനിക്കുന്നു. മുന്‍പ് രോഗം വന്നതിനാല്‍ 10 മുതല്‍ 30 ശതമാനം വരെ അമേരിക്കക്കാര്‍ക്ക് കോവിഡിനെതിരെ പ്രതിരോധവും ഉണ്ടാകും. ജനുവരി 15 വരെ 11 ദശലക്ഷം കോവിഡ് വാക്‌സീന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്. 

യുകെ വകഭേദത്തിന്റെ വ്യാപനത്തെ ആദ്യ ഘട്ടത്തില്‍ തടയാന്‍ വാക്‌സീന്‍ വിതരണം കൊണ്ട് സാധിച്ചേക്കില്ലെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. അവസാന ഘട്ടങ്ങളിലേക്ക് എത്തുമ്പോള്‍ മാത്രമേ വാക്‌സീന് രോഗവ്യാപനം തടുത്ത് നിര്‍ത്താനാകൂ. 

വൈറസിന്റെ വ്യാപന തോത് കുറയ്ക്കാന്‍ മാസ്‌കും സാമൂഹിക അകലവും ക്വാറന്റീനും ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പിന്തുടരാന്‍ ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. ഇത്  B.1.1.7  ന്റെ പ്രഭാവം കുറച്ച് വാക്‌സിനേഷന്‍ കവറേജ് വര്‍ധിപ്പിക്കാനുള്ള സാവകാശം നല്‍കുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. 

English Summary : The UK Coronavirus Strain May Be Dominant in The US by March

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com