ADVERTISEMENT

മാസ്കുകൾ  ഉപയോഗിക്കുമ്പോൾ അവയെ കൈകൊണ്ട് തൊടരുതെന്ന് ആരോഗ്യ പ്രവർത്തകരും ഡോക്ടർമാരും മുന്നറിയിപ്പു നൽകാറുണ്ട്. മാസ്കിൽ പറ്റിപ്പിടിച്ച അണുക്കൾ കൈകളിലേക്ക് പടരാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത്. എന്നാൽ ഇനി ആ പേടി വേണ്ട. അണുക്കളെ  ചെറുക്കുന്ന ആന്റി വൈറൽ കോട്ടിങ് ഉള്ള ഫെയ്സ് മാസ്ക്കുകൾ നിർമിക്കാൻ ഒരുങ്ങുകയാണ് കേംബ്രിജ്  സർവകലാശാലയിലെ ഒരു കൂട്ടം ഗവേഷകർ.

DioX എന്ന് പേരിട്ടിരിക്കുന്ന ഈ ആന്റി വൈറൽ കോട്ടിങ് സാങ്കേതികവിദ്യ ഒരു മണിക്കൂറിൽ കൊറോണ വൈറസിനെ നശിപ്പിക്കും. മാസ്കിലെ ഈ അദൃശ്യ ആവരണം വൈറസിന്റെ പുറം ഭാഗത്തുള്ള പാളി തകർത്താണ് അവയെ നശിപ്പിക്കുന്നതെന്നു ഗവേഷകർ പറയുന്നു. യുകെയിലേയും ദക്ഷിണാഫ്രിക്കയിലേയും കോവിഡ് വകഭേദങ്ങളെയും നശിപ്പിക്കാൻ പ്രാപ്തി ഉള്ളതാണ് ഈ ആവരണം. വൈറസിന് ജനിതകവ്യതിയാനം സംഭവിച്ചാലും അതിന്റെ പുറമേയുള്ള പാളിക്ക് മാറ്റം ഉണ്ടാകില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ കേംബ്രിജ് സർവകലാശാല കെമിക്കൽ എൻജിനീയറിങ് ആൻഡ് ബയോടെക്നോളജി വിഭാഗം സീനിയർ ലെക്ചറർ ഡോക്ടർ ഗ്രഹാം ക്രിസ്റ്റി പറഞ്ഞു.

സാധാരണഗതിയിൽ വസ്ത്ര വ്യവസായത്തിൽ ഉപയോഗിക്കുന്ന അമോണിയം സോൾട്ട് സംയുക്തങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് DioX സാങ്കേതികവിദ്യ. ആന്റി മൈക്രോബിയൽ ഗുണങ്ങൾ ഉള്ളതാണ് ഈ സോൾട്ടുകൾ. അമോണിയം സോൾട്ട് കോട്ട് ചെയ്യുന്ന മാസ്കുകൾക്കു ഒരു മണിക്കൂറിൽ തന്നെ 95 ശതമാനം അണുക്കളെയും നശിപ്പിക്കാനാകുമെന്നും 4 മണിക്കൂറിൽ  അണുക്കളെ 100 ശതമാനവും തുടച്ചു  നീക്കുമെന്നും പരീക്ഷണത്തിൽ തെളിഞ്ഞു.

പ്രത്യേക കോട്ടിങ് ഉള്ള ഈ മാസ്ക് 20 തവണ വരെ വീണ്ടും കഴുകി വീണ്ടും ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഓരോ അലക്കിലും ഇതിന്റെ കാര്യക്ഷമത കുറയും. സാർസ് കോവ് 2 നോട് ഘടനാപരമായും ജനിതകപരമായും സാദൃശ്യമുള്ള MHV-A59 കൊറോണ വൈറസ് ഉപയോഗിച്ചാണു മാസ്ക് പരീക്ഷിച്ചത്.

English Summary : Antiviral coating for facemasks that can destroy Covid-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com