ADVERTISEMENT

കോവിഡിനെതിരെയുള്ള വാക്‌സീന്‍ വിതരണം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പുരോഗമിക്കുകയാണ്. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും വാക്‌സീന്‍ ലഭ്യമാകാന്‍ കാലതാമസം ഉണ്ടാകുമെന്നതിനാല്‍ ഈ ഘട്ടത്തില്‍ ജാഗ്രതയാണ് ആവശ്യം. ഇതിനിടെ കോവിഡ് ലക്ഷണങ്ങള്‍ തീവ്രമാകാതെ കാക്കുന്ന പലതരം ചികിത്സകള്‍ ലോകത്തിന്റെ പലയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ വന്ന ഒരു പഠനം ചൂണ്ടിക്കാട്ടുന്നത് ആസ്മയ്ക്കും ക്രോണിക്ക് ഒബ്‌സ്ട്രക്ടീവ് പള്‍മിനറി ഡിസീസിനും പരമ്പരാഗതമായി ഉപയോഗിക്കുന്ന ഇന്‍ഹേലര്‍ കോവിഡ് തീവ്രത കുറയ്ക്കുമെന്നാണ്. 

ഇന്‍ഹേലറില്‍ ഉപയോഗിക്കുന്ന ബ്യൂഡസൊണൈഡ് മരുന്നിന് കോവിഡ് രോഗബാധയുടെ തീവ്രത 90 ശതമാനം വരെ കുറയ്ക്കാന്‍ സാധിക്കുമെന്ന് എന്‍ഐഎച്ച്ആര്‍ ഓക്‌സ്ഫഡ് ബയോമെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഈ പഠനത്തിനായി 146 കോവിഡ് രോഗികളെയാണ് നിരീക്ഷണ വിധേയമാക്കിയത്. പകുതി പേര്‍ക്ക് ബ്യൂഡസൊണൈഡ് ഇന്‍ഹേലറിന്റെ 800 മൈക്രോ ഗ്രാം ദിവസം രണ്ട് നേരം നല്‍കി. ബാക്കി പകുതിക്ക് പ്ലാസെബോ നല്‍കി. ഇന്‍ഹേലര്‍ നല്‍കിയവര്‍ക്ക് അടിയന്തിര സഹായത്തിന്റെ ആവശ്യം 90 ശതമാനം കുറവായിരുന്നതായി പഠനത്തില്‍ കണ്ടെത്തി. ഇവരില്‍ ദീര്‍ഘകാല ലക്ഷണങ്ങള്‍ പ്രകടമായില്ല. 

കോവിഡ് മഹാമാരിയുടെ ആദ്യ ഘട്ടത്തില്‍ വളരെ കുറച്ച് ആസ്മ രോഗികളെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിട്ടുണ്ടായിരുന്നുള്ളൂ. ഈ നിരീക്ഷണമാണ് പഠനത്തിലേക്ക് നയിച്ചത്. കോര്‍ട്ടികോസ്റ്റിറോയ്ഡ് ഇന്‍ഹേലറുകളാണ് ഈ രോഗികളില്‍ ഗൗരവമായ ശ്വാസകോശ പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ കാത്തതെന്ന നിഗമനത്തിലാണ് ഗവേഷകര്‍. എന്നാല്‍ ഈ പഠനം ഇനിയും പിയര്‍ റിവ്യൂ ചെയ്യപ്പെട്ടിട്ടില്ല. 

ബ്യൂഡസൊണൈഡിന് പുറമേ കോള്‍ചികൈന്‍, ആസ്പിരിന്‍, എക്സ്ലിയര്‍ നേസല്‍ സ്‌പ്രേ തുടങ്ങിയ മരുന്നുകളും കോവിഡ് രോഗലക്ഷണ തീവ്രത കുറയ്ക്കുമെന്ന് വിവിധ രാജ്യങ്ങളിലായി നടത്തിയ ഗവേഷണങ്ങളില്‍ കണ്ടെത്തയിരുന്നു.

English Summary : Inhaling this can reduce COVID severity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com