ADVERTISEMENT

കോവിഡ്-19 മഹാമാരി വിതച്ച നാശത്തില്‍ നിന്ന് ലോകം ഇനിയും കരകയറിയിട്ടില്ല. വാക്‌സീനുകളുടെ സഹായത്തോടെ വൈറസിനോട് വീറോടെ പൊരുതി നോക്കുകയാണ് വിവിധ രാജ്യങ്ങള്‍. ഇതിനിടയിലേക്ക് ഇനിയൊരു മഹാമാരിയുടെ സാധ്യത പ്രവചിച്ചു കൊണ്ട് രംഗത്തെത്തുകയാണ് കലിഫോര്‍ണിയയിലെ സാന്‍ഡിയോഗോയിലുള്ള സ്‌ക്രിപ്‌സ് റിസര്‍ച്ചിലെ ശാസ്ത്രജ്ഞര്‍. അടുത്ത മഹാമാരിക്കായി തയാറെടുപ്പ് തുടങ്ങാനാണ് ഇവര്‍ ആഹ്വാനം ചെയ്യുന്നത്. 

വൈവിധ്യമാര്‍ന്ന വൈറസ് വകഭേദങ്ങള്‍ക്കെതിരെ കാര്യക്ഷമമായ സുരക്ഷ തീര്‍ക്കുന്ന ന്യൂട്രലൈസിങ്ങ് ആന്റിബോഡികളുടെ വികസനത്തിനും ഗവേഷണത്തിനുമായി നിക്ഷേപം ആരംഭിക്കാന്‍ ഈ ശാസ്ത്രജ്ഞര്‍ ഗവണ്‍മെന്റുകളോടും സ്വകാര്യ മേഖലയോടും ആവശ്യപ്പെടുന്നു. 

ഒരു കുടുംബത്തിലെ ഇനിയും കണ്ടു പിടിക്കപ്പെടാത്ത വൈറസ് ശ്രേണികള്‍ക്കെതിരെയുള്ള ഒന്നാം നിര മരുന്നുകളായി അത്തരം ആന്റിബോഡികളെ ഉപയോഗിക്കാമെന്ന് ശാസ്ത്രജ്ഞരായ ഡെന്നീസ് ബര്‍ട്ടനും എറിക് ടോപ്പലും നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച വ്യാഖ്യാനത്തില്‍ പറയുന്നു. ഭാവിയില്‍ വാക്‌സീനുകളുടെ വികസനത്തിലും അവ ഉപകാരപ്പെടുമെന്ന് കരുതുന്നു. 

സാര്‍സ് കോവ്-2 ന്റെ കാര്യത്തില്‍ മനുഷ്യകുലം ഭാഗ്യവാന്മാരാണെന്ന് ഈ ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നു. വൈറസിന്റെ സ്‌പൈക് പ്രോട്ടീന്‍ ഘടന വാക്‌സീന്‍ രൂപകല്‍പന അല്‍പം കൂടി എളുപ്പമാക്കിയെന്നാണ് ഇവരുടെ പക്ഷം. എന്നാല്‍ അടുത്ത തവണ മറ്റൊരു മഹാമാരി എത്തുമ്പോള്‍ ഇത്രയും ഭാഗ്യം ഉണ്ടാകണമെന്നില്ലെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

പുതിയ വകഭേദങ്ങളുടെ ആവിര്‍ഭാവത്തോടെ സാര്‍സ് കോവ്-2 പോലും ഇനിയും വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. സാര്‍സ് കോവ്-2 വകഭേദങ്ങള്‍, ഇന്‍ഫ്‌ളുവന്‍സ ഉപജാതികള്‍, എച്ച്‌ഐവി, എബോള, മെര്‍സ് എന്നിങ്ങനെ പല വൈറസുകളെ നിര്‍വീര്യമാക്കുന്ന പാന്‍-വൈറസ് വാക്‌സീനുകളാണ് ഇനി വികസിപ്പിക്കേണ്ടതെന്നും ജേണലിലെ കുറിപ്പ് ചൂണ്ടിക്കാട്ടുന്നു. 

എന്നാല്‍ ഈ ശ്രമം ചെലവേറിയതും ധാരാളം സമയം ആവശ്യമുള്ളതുമാകാം. ആദ്യ ഘട്ട പരീക്ഷണത്തിലേക്ക് എത്താന്‍ ഒരു വൈറസിന് മാത്രം വേണ്ടി വരുന്ന നിക്ഷേപം 100 മുതല്‍ 200 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ ആകാം. എന്നാല്‍ മഹാമാരികള്‍ ലോകത്തിന് വരുത്താന്‍ പോകുന്ന കോടിക്കണക്കിന് ഡോളറിന്റെ നഷ്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ചെറിയ തുകയാണെന്നും ശാസ്ത്രജ്ഞര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

English Summary : We need to plan now for the pandemic that comes after COVID-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com