ADVERTISEMENT

ഒരു വനിതാ ദിനം കൂടി കടന്നു പോകുമ്പോള്‍ പുതുയുഗത്തില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളിലാണ് നാം മുഖ്യമായും ശ്രദ്ധയൂന്നേണ്ടത്. വെല്ലുവിളികളിലൂടെ മാറ്റമുണ്ടാകുന്നു എന്ന അര്‍ത്ഥത്തില്‍  # ChooseToChallenge  എന്നതായിരുന്നു ഇത്തവണത്തെ രാജ്യാന്തര വനിതാ ദിന പ്രമേയംതന്നെ. തങ്ങളുടെ മുന്നിലുള്ള വെല്ലുവിളികളെ സധൈര്യം നേരിടാന്‍ സ്ത്രീകള്‍ക്ക് ആദ്യമായി വേണ്ടത് ശാരീരികമായും മാനസികവുമായ കരുത്താണ്. 

ആരോഗ്യമുള്ള ശരീരത്തിന് ശരിയായ ആഹാരം, വിശ്രമം, കൃത്യമായ വ്യായാമം എന്നിവയെല്ലാം ആവശ്യമാണ്. ഇവയ്ക്ക് പുറമേ, ശരീരത്തിന്റെ ഫിറ്റ്‌നസ് ഉറപ്പു വരുത്താനായി എല്ലാ സ്ത്രീകളും നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട ചില ആരോഗ്യ പരിശോധനകളുണ്ട്. 

1. പാപ് സ്മിയര്‍ പരിശോധന

സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടോ എന്ന് തിരിച്ചറിയുന്നതിനുളള പരിശോധനയാണ് പാപ് സ്മിയര്‍ അഥവാ എച്ച്പിവി ടെസ്റ്റ്. 21 വയസ്സ് മുതല്‍ ഓരോ രണ്ട് വര്‍ഷം കൂടുമ്പോഴും ഈ പരിശോധന നടത്തേണ്ടതാണ്.  തുടര്‍ച്ചയായി മൂന്ന് പരിശോധനകളില്‍ പ്രശ്‌നങ്ങളില്ലെന്ന് കാണിച്ചാല്‍ 30 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും പരിശോധന നടത്തിയാല്‍ മതിയാകും. എച്ച്പിവിക്ക് എതിരെ വാക്‌സീന്‍ എടുത്തവരും പാപ് സ്മിയര്‍ പരിശോധന ചെയ്യാന്‍ മറക്കരുത്. 

2. മാമോഗ്രാം 

ഇന്ത്യയിലെ സ്ത്രീകളില്‍ പൊതുവേ കണ്ടു വരുന്ന അര്‍ബുദമാണ് സ്തനാര്‍ബുദം. വന്‍ നഗരങ്ങളിലെ 25-30 ശതമാനം സ്ത്രീകളും സ്തനാര്‍ബുദ ബാധിതരാണ്. 40 വയസ്സിനു ശേഷം ഓരോ സ്ത്രീയും വര്‍ഷത്തിലൊന്ന് മാമോഗ്രാം ചെയ്ത് സ്തനാര്‍ബുദമില്ലെന്ന് ഉറപ്പിക്കണമെന്ന് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി നിര്‍ദ്ദേശിക്കുന്നു. പ്രായം കൂടും തോറും സ്തനാര്‍ബുദ സാധ്യതകളും ഉയരും. 50നും 59നും ഇടയില്‍ പ്രായമുള്ള സ്ത്രീകളിലാണ് സ്തനാര്‍ബുദ സാധ്യത കൂടുതല്‍. രോഗം നേരത്തെ തിരിച്ചറിയുന്നത് രോഗമുക്തി സാധ്യത വര്‍ധിപ്പിക്കുന്നു. 

3. കൊളോണോസ്‌കോപി

ഇന്ത്യന്‍ വനിതകളില്‍ പൊതുവേ കാണപ്പെടുന്ന അര്‍ബുദങ്ങളില്‍ രണ്ടാം സ്ഥാനത്താണ് കൊളോറെക്ടല്‍ കാന്‍സര്‍. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് 50 വയസ്സായ സ്ത്രീകള്‍ കൊളോണോസ്‌കോപ്പി ചെയ്തിരിക്കണം. കൊളോണ്‍ കാന്‍സര്‍ ബാധിച്ച് പ്രതിവര്‍ഷം സംഭവിക്കുന്ന 50,000 മരണങ്ങളില്‍ 60 ശതമാനവും നേരത്തെ കണ്ടെത്തിയാല്‍ ഒഴിവാക്കാവുന്നതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

4. ലിപിഡ് പ്രൊഫൈല്‍ ടെസ്റ്റ്

സ്ത്രീകളിലെ മരണത്തിന്റെ മുന്‍നിര കാരണങ്ങളില്‍ ഒന്നാണ് ഹൃദ്രോഗവും. കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ് പോലെയുള്ളവയുടെ തോത് അറിയാമെന്നതിനാല്‍ 40നും 45നും ഇടയില്‍ ഉള്ള സ്ത്രീകള്‍ നിര്‍ബന്ധമായും ഇടയ്ക്കിടെ ലിപിഡ് പ്രൊഫൈല്‍ എടുത്ത് നോക്കണം. 

5. ബിപി, ഇസിജി

ഹൃദ്രോഗത്തിന്റെ അപകടസാധ്യത വര്‍ധിപ്പിക്കുന്ന രക്താതി സമ്മര്‍ദം തിരിച്ചറിയാന്‍ പ്രഷറും ഇസിജിയും ഇടയ്ക്കിടെ നോക്കേണ്ടതാണ്. ഹൈപ്പര്‍ ടെന്‍ഷന്‍ ഉള്ള സ്ത്രീകള്‍ ഹൃദയത്തിന്റെ ആരോഗ്യം ഉറപ്പ് വരുത്താന്‍ ഇലക്ട്രോകാര്‍ഡിയോഗ്രാം എടുക്കേണ്ടതാണ്. 

6. പ്രമേഹ പരിശോധന

അമിതവണ്ണമുള്ള സ്ത്രീകള്‍, ഗര്‍ഭിണികള്‍, ശാരീരികമായി അധികം അധ്വാനം ആവശ്യമില്ലാത്ത ജോലികള്‍ ചെയ്യുന്ന സ്ത്രീകള്‍, കുടുംബത്തില്‍ പ്രമേഹമുള്ള സ്ത്രീകള്‍ തുടങ്ങിയവര്‍ പ്രമേഹ രോഗികളായി തീരാനുള്ള സാധ്യത കൂടുതലാണ്. 45-ാം വയസ്സ് മുതല്‍ ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും പ്രമേഹ പരിശോധന നടത്തുന്നത് നന്നായിരിക്കും. 

7. ബോണ്‍ മിനറല്‍ ഡെന്‍സിറ്റി പരിശോധന

ആര്‍ത്തവ വിരാമത്തിനു ശേഷം സ്‌ത്രൈണ ഹോര്‍മോണായ ഈസ്ട്രജന്റെ അളവ് കുറഞ്ഞ് വരും. ഇത് എല്ലുകളില്‍ കാല്‍സ്യം അടിയുന്നതിനെ ബാധിക്കുകയും ഓസ്റ്റിയോപോറോസിസിലേക്ക് നയിക്കുകയും ചെയ്യും. 45 മുതല്‍ 50 വരെ പ്രായമുള്ള എല്ലാ സ്ത്രീകള്‍ക്കും ഇടയ്ക്കിടെ ബോണ്‍ മിനറല്‍ ഡെന്‍സിറ്റി പരിശോധന നടത്തുന്നത് ഇത് നേരത്തെ തിരിച്ചറിയാന്‍ സഹായിക്കും. 

8. തൈറോയ്ഡ് പരിശോധന

ഹൈപ്പര്‍ തൈറോയ്ഡിസം, ഹൈപോ തൈറോയ്ഡിസം, തൈറോയ്ഡ് കാന്‍സര്‍, തൈറോയ്ഡിറ്റിസ് എന്നിവയെല്ലാം വരാനുള്ള സാധ്യത സ്ത്രീകളില്‍ കൂടുതലാണ്. ആവശ്യത്തില്‍ കുറവ് ആക്ടീവായ തൈറോയ്ഡ് ഗ്രന്ഥിയാണ് സ്ത്രീകളില്‍ വണ്ണം കൂട്ടുന്ന ഘടകങ്ങളില്‍ ഒന്ന്. 35 വയസ്സിന് ശേഷം ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും തൈറോയ്ഡ് പരിശോധന നടത്തുന്നത് ഈ സാഹചര്യം മുന്‍കൂട്ടി കാണാന്‍ സഹായിക്കും. 

9. വന്ധ്യത പരിശോധന

സ്ത്രീകളുടെ വന്ധ്യതയെ ബാധിക്കുന്ന നിരവധി കാരണങ്ങളുണ്ട്. പ്രായമേറുന്നതാണ് പ്രാഥമിക കാരണങ്ങളിലൊന്ന്. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കൊണ്ട് പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം ബാധിക്കുന്നതും ചിലരില്‍ വന്ധ്യതയിലേക്ക് നയിക്കാം. തങ്ങളുടെ പ്രത്യുത്പാദന ശേഷി നിര്‍ണയിക്കുന്നതിന് ഹോര്‍മോണ്‍ പരിശോധന, ഓവറി ഫങ്ഷന്‍ ടെസ്റ്റ്, ഓവ്യുലേറ്റിങ്ങ് ടെസ്റ്റ് എന്നിവ സ്ത്രീകളെ സഹായിക്കും. 

10. വിളര്‍ച്ചയ്ക്കായുള്ള രക്ത പരിശോധന

ഇന്ത്യന്‍ സ്ത്രീകളില്‍ 52 ശതമാനത്തിനും വിളര്‍ച്ചയുള്ളതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒരു സാധാരണ രക്ത പരിശോധനയിലൂടെ ശരീരത്തിലെ ഹീമോഗ്ലോബിന്‍ നില കണക്കാക്കാനാകും. 

English Summary : 10 health tests every woman should take

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com