ADVERTISEMENT

കഴിഞ്ഞ ഏതാനും ദശകങ്ങളിലായി ഇരട്ടക്കുട്ടികളുടെ ജനനത്തില്‍ വര്‍ധനയുണ്ടായതായി പഠനങ്ങള്‍. 1980കള്‍ മുതല്‍ ഇങ്ങോട്ട് ഇരട്ടക്കുട്ടികളുടെ ജനനനിരക്ക് 1000 ല്‍ 9 എന്നതില്‍ നിന്ന്  12 ആയി വര്‍ധിച്ചതായി കണക്കുകള്‍ പറയുന്നു. പ്രതിവര്‍ഷം ലോകമെമ്പാടും 16 ലക്ഷം ഇരട്ടകളാണ് പിറക്കുന്നത്. ലോകത്ത് 42 കുഞ്ഞുങ്ങള്‍ പിറക്കുമ്പോള്‍ അതിലൊന്ന് ഇരട്ടയായിരിക്കുമെന്ന് ചുരുക്കം. 

ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍, ഒവേറിയന്‍ സ്റ്റിമുലേഷന്‍, കൃത്രിമ ഗര്‍ഭധാരണം എന്നിവയടക്കമുള്ള വൈദ്യ സഹായത്തോടെയുള്ള പ്രത്യുത്പാദനത്തിലെ വളര്‍ച്ചയാണ് ഇതിന്റെ മുഖ്യ കാരണം. വിവിധ രാജ്യങ്ങളില്‍ സ്ത്രീകള്‍ ഗര്‍ഭിണിയാകാനെടുക്കുന്ന കാലതാമസവും ഇരട്ടകളുടെ ജനനത്തിന് സഹായകമാകുന്നു. പ്രായം കൂടുന്തോറും ഇരട്ടകുട്ടികള്‍ ഉണ്ടാകാനുള്ള സാധ്യതയും വര്‍ധിക്കും. ആര്‍ത്തവവിരാമത്തിലേക്ക് അടുക്കും തോറും സ്ത്രീകളില്‍ പല വിധത്തിലുള്ള ഹോര്‍‌മോണ്‍ വ്യതിയാനം സംഭവിക്കാറുണ്ട്. ഇത് അണ്ഡവിക്ഷേപത്തിന്റെ സമയത്ത് ഒന്നിലധികം അണ്ഡങ്ങള്‍ ഉത്പാദിപ്പിക്കാന്‍ കാരണമാകുന്നു. 

ലോകത്തെ ഇരട്ടക്കുട്ടികളുടെ ജനനത്തില്‍ 80 ശതമാനവും ഏഷ്യയിലും ആഫ്രിക്കയിലും നടക്കുന്നതായും ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇരട്ടക്കുട്ടികളുടെ ജനന സാധ്യത വര്‍ധിക്കുന്നത് കൂടുതല്‍ ശിശു മരണങ്ങള്‍ക്കും ഗര്‍ഭകാലത്ത് അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും കൂടുതല്‍ സങ്കീര്‍ണതകള്‍ ഉണ്ടാകാനും കാരണമാകുന്നതായി പഠനത്തിന് നേതൃത്വം നല്‍കിയ ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ പ്രഫസര്‍ ക്രിസ്ത്യന്‍ മോണ്ടന്‍ പറയുന്നു. 

165 രാജ്യങ്ങളിലെ 2010-2015 കാലഘട്ടത്തിലെ ഇരട്ടക്കുട്ടികളുടെ ജനനം സംബന്ധിച്ച കണക്കുകളും 112 രാജ്യങ്ങളിലെ 1980-85 കാലഘട്ടത്തിലെ ഇരട്ടക്കുട്ടികളുടെ ജനനം സംബന്ധിച്ച കണക്കുകളും പഠനത്തിനായി ഗവേഷകര്‍ ശേഖരിച്ചു. രണ്ടും കാലഘട്ടത്തിലെയും കണക്കുകള്‍ ലഭ്യമായ 112 രാജ്യങ്ങളില്‍ 74 ശതമാനത്തിലും ഇരട്ടക്കുട്ടികളുടെ ജനന നിരക്ക് 10 ശതമാനത്തിലധികം ഉയര്‍ന്നു. 

എന്നാല്‍ കൊളംബിയ, ഇക്വഡോര്‍, വെനസ്വേല, അംഗോള, കോംഗോ, ഗാംബിയ, സാംബിയ എന്നീ ഏഴു രാജ്യങ്ങളില്‍ ഇരട്ടക്കുട്ടികളുടെ ജനനത്തില്‍ 10 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. വൈദ്യസഹായത്തോടു കൂടിയുള്ള പ്രത്യുത്പാദനം സമ്പന്ന രാഷ്ട്രങ്ങളില്‍ 1970കളില്‍ ആരംഭിച്ചതാണ്. 1980,90 കളില്‍ ഇത് ഏഷ്യയിലും ലാറ്റിന്‍ അമേരിക്കയിലും വ്യാപകമായി. ദക്ഷിണേഷ്യയിലും ആഫ്രിക്കയിലും 2000ന് ശേഷമാണ് ഇതിന് പ്രചാരം ലഭിച്ചത്. 

English Summary : One in every 42 children born is now a twin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com