ADVERTISEMENT

കോവിഡ് കാലം മുഖത്തിന് മാസ്കിട്ടു. അതിനു മുകളിൽ കണ്ണട കൂടെ വച്ചുതന്നു. ശരീരിക അധ്വാനം കുറഞ്ഞെങ്കിലും കണ്ണിന് ജോലിഭാരം കൂടി. സ്കൂളുകൾ ദൈർഘ്യമേറിയ ഓൺലൈൻ ക്ലാസുകൾ വ്യാപകമാക്കിയതോടെ ഭൂരിപക്ഷം കുഞ്ഞുങ്ങളും കണ്ണടയ്ക്കുള്ളിലായി. കോവിഡും വർക് ഫ്രം ഹോമും ഓൺലൈൻ ക്ലാസുകളും തുടർന്നാൽ കണ്ണ് അടയുംവരെ കണ്ണടയ്ക്കുള്ളിലാകും കണ്ണ്. 

കള്ളനോട്ടം പോലെ തന്നെ ഒരാളുടെ ആരോഗ്യവും ഉന്മേഷവുമെല്ലാം കണ്ണിലും തെളിയും. നല്ല കണ്ണുണ്ടായിട്ടും കണ്ണിൽ നിറയുന്നത് ക്ഷീണമാണെങ്കിലോ? അത് മുഖത്തും പ്രതിഫലിക്കും. ശരീരത്തിന് എന്നപോലെ കണ്ണിനും വേണം ആരോഗ്യവും പരിചരണവും. 

കണ്ണിന് വിശ്രമമില്ലാതെ കൂടുതൽ സമയം കംപ്യൂട്ടർ, മൊബൈൽ, ടാബ് സ്ക്രീനുകളിൽ ചെലവഴിക്കുന്നവർക്കാണ് കൂടുതൽ സമ്മർദം അനുഭവപ്പെടുക. കണ്ണിന് ക്ഷീണം, വരൾച്ച, പുകച്ചിൽ, ചൊറിച്ചിൽ, മങ്ങിയ കാഴ്ച, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ക്ലാസുകൾ ഓൺലൈനായതോടെ കണ്ണിന് അസ്വസ്ഥതകളുമായി വരുന്ന കുട്ടികളുടെ എണ്ണവും കൂടുന്നതായി നേത്രരോഗ വിദഗ്ധർ പറയുന്നു. ഇത് മറികടക്കാൻ കണ്ണിന്റെ ആരോഗ്യത്തിനുള്ള പൊടിക്കൈകൾ ശീലിക്കണം. ഇത് കുട്ടികളെ ശീലിപ്പിക്കാൻ രക്ഷിതാക്കളും ശ്രദ്ധിക്കണം. 

സ്ക്രീനിനു മുന്നിൽ കണ്ണുനട്ടിരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. 

∙ ഇടയ്ക്കിടെ തുടർച്ചയായി കൺചിമ്മുക. കൺചിമ്മുന്നതിന്റെ തോത് കുറയുന്നത് കണ്ണുകൾ കൂടുതൽ വരളാൻ കാരണമാകും. ഇത് കണ്ണുനീരില്ലാതാക്കും. 

∙ 20–20–20 കർശനമായി പാലിക്കുക. അതായത് 20 മിനിറ്റ് കൂടുമ്പോൾ 20 അടി അകലത്തിലുള്ള വസ്തുവിനെ 20 സെക്കൻഡ് നോക്കുക. ഇത് കണ്ണിന്റെ മസിലുകൾക്ക് വിശ്രമം നൽകും. 

∙ ഒരോ ഒരുമണിക്കൂറിലും 5 മിനിറ്റ് ബ്രേക്ക് എടുക്കുക. കൈപ്പത്തി കൊണ്ട് കണ്ണുകൾ മറയ്ക്കുന്നതും കണ്ണുകൾക്ക് വിശ്രമം നൽകും. 

∙ എസിയിൽ നിന്നുള്ള കാറ്റ് കണ്ണിലേക്ക് നേരിട്ട് ഏൽക്കാത്ത വിധത്തിൽ ഇരിക്കുക. 

∙ അനാവശ്യമായി സ്ക്രീനിൽ സമയം ചെലവഴിക്കുന്നത് ഒഴിവാക്കുക. 

∙ കണ്ണിന്റെ പവറിന് അനുസരിച്ചുള്ള കണ്ണട വയ്ക്കുക. 

∙ ആന്റി ഗ്ലെയർ, ആന്റി റിഫ്ലെക്ടിവ്  കോട്ടിങ് (എആർസി), ബ്ലൂ റേ പ്രൊട്ടക്‌ഷൻ ഗ്ലാസുകൾ വിപണിയിൽ ലഭ്യമാകണ്. ഇവ ഉപയോഗിക്കുന്നതും ഒരു പരിധിവരെ കണ്ണിന്റെ ആയാസം കുറയ്ക്കും. 

∙ കണ്ണുക‌ളിലെ വരൾച്ച പരിഹരിക്കുന്നതിനുള്ള ലൂബ്രിക്കന്റുകൾ വിപണിയിൽ ലഭ്യമാണ്. ഇത് കുട്ടികൾക്ക് ഉൾപ്പെടെ ദീർഘകാലം ഉപയോഗിക്കാം. നേത്രരോഗ വിദഗ്ധന്റെ ഉപദേശം തേടിയ ശേഷം മാത്രം ഉപയോഗിച്ചാൽ മതി. 

∙ സ്ക്രീനിൽ നോക്കുമ്പോൾ മുറിയിൽ ആവശ്യത്തിന് വെളിച്ചം ഉറപ്പാക്കണം. കണ്ണിലേക്ക് സ്കീൻ വെളിച്ചം നേരിട്ടെത്തുന്നത് ഒഴിവാക്കാനാണിത്. 

∙ ശരിയായ രീതിയിൽ ഇരിക്കുക. കഴുത്തിനും നടുവിനും സമ്മർദം കൊടുക്കാത്ത തരത്തിൽ ഇരിപ്പിടം ക്രമീകരിക്കുക. 

കടപ്പാട്

ഡോ. പ്രിയ നായർ

ചൈതന്യ ഹോസ്പിറ്റൽ (കോട്ടയം)

English Summary : Eye care

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com