ADVERTISEMENT

കോവിഡ് അണുബാധ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ സ്ഥിരമായി ബാധിക്കാമെന്ന് ഇറ്റലിയിലെ മിലന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. കോവിഡ്-19 തൈറോയ്ഡ് ഗ്രന്ഥിക്ക് ഏല്‍പ്പിക്കുന്ന അണുബാധ മറ്റ് വൈറസുകള്‍ മൂലം വരുന്നതില്‍ നിന്നു വ്യത്യസ്തമാണെന്നും പഠനം ചൂണ്ടിക്കാട്ടി. പഠനത്തില്‍ പങ്കെടുത്ത കോവിഡ് രോഗികളില്‍ മൂന്നിലൊന്നിനും മൂന്ന് മാസത്തിനു ശേഷവും തൈറോയ്ഡ് നീര്‍ക്കെട്ടുണ്ടെന്ന് ഓക്‌സ്ഫഡ് ജേണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസത്തില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു. 

2020ലെ വസന്ത കാലത്ത് ഇറ്റലിയിലെ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളില്‍ 15 ശതമാനത്തിനും തൈറോയ്ഡ് ഹോര്‍മോണ്‍ വ്യതിയാനം രേഖപ്പെടുത്തിയിരുന്നു. അണുബാധ ഉള്‍പ്പെടെ വിവിധ കാരണങ്ങളാലാണ് ഇത്. 2019 ലെ ഇതേ കാലഘട്ടത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളില്‍ ഒരു ശതമാനത്തിന് മാത്രമേ തൈറോയ്ഡ് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടായിരുന്നുള്ളൂ. മറ്റു വൈറസുകള്‍ മൂലം തൈറോയ്ഡിറ്റിസ് വന്നവര്‍ക്ക് ചെറിയ കാലത്തിനുള്ളില്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം പഴയ മട്ടിലായി. എന്നാല്‍ കോവിഡ് മൂലം തൈറോയ്ഡ് അണുബാധ വന്നവര്‍ക്ക് സ്ഥിരമായ നാശം തൈറോയ്ഡ് ഗ്രന്ഥിക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. വൈറസ് അണുബാധ മൂലമോ, ശരീരത്തിന്റെ പ്രതിരോധ സംവിധാനംതന്നെ തൈറോയ്ഡ് ഗ്രന്ഥിയെ ആക്രമിക്കുന്നതിന്റെ ഫലമായിട്ടോ ഒക്കെയാണ് ഇത്തരത്തില്‍ പ്രശ്‌നങ്ങളുണ്ടാകുന്നത്. 

ഗവേഷണത്തിന്റെ ഭാഗമായി കോവിഡ് ബാധിക്കപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ തൈറോയ്ഡ് പ്രവര്‍ത്തനം മൂന്ന് മാസം കൂടുമ്പോള്‍ പരിശോധിച്ചു. രക്ത പരിശോധനയ്ക്കും അള്‍ട്രാസൗണ്ട് പരിശോധനയ്ക്കും ഇവര്‍ വിധേയരായി. സാധാരണ തൈറോയ്ഡിറ്റിസില്‍ നിന്ന് കോവിഡ് മൂലമുള്ള തൈറോയ്ഡ് അണുബാധ വ്യത്യാസപ്പെട്ടിരിക്കുന്നതായി ഗവേഷകര്‍ നിരീക്ഷിക്കുന്നു. കോവിഡ് മൂലമുള്ള തൈറോയ്ഡിറ്റിസില്‍ കഴുത്തു വേദനയുടെ അഭാവം ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് കൂടുതല്‍ ഇരയാകുന്നത് പുരുഷന്മാരാണെന്നും ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. 

തൈറോയ്ഡ് ഗ്രന്ഥി, ശ്ലേഷ്മഗ്രന്ഥി, പാരാതൈറോയ്ഡ് ഗ്രന്ഥി, അഡ്രിനല്‍ ഗ്രന്ഥി, പാന്‍ക്രിയാസ്, അണ്ഡാശയം, വൃഷണം എന്നിവയെല്ലാം അടങ്ങുന്ന എന്‍ഡോക്രൈന്‍ സംവിധാനത്തെ തന്നെ നശിപ്പിക്കാന്‍ കോവിഡിന് സാധിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ശ്രീലങ്കന്‍ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. 

English Summary : COVID-19 infection can permanently reduce thyroid function

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com