ADVERTISEMENT

കോവിഡ് വാക്സിനേഷൻ നൽകുമ്പോൾ കൃത്യമായ കുത്തിവയ്പു രീതി പിന്തുടരണമെന്നു വിദഗ്ധർ. സൂചിയുടെ അറ്റം പേശിക്കുള്ളിൽ വേണ്ടത്ര ആഴത്തിലേക്ക് എത്തണം. രക്തക്കുഴലിലേക്ക് കടക്കാനും പാടില്ല.

വാക്സീൻ എടുക്കുമ്പോൾ ഐവി (ഇൻട്രാവീനസ്) ആകരുത്. ഐഎം (ഇൻട്രാമസ്ക്യുലർ) ആകാനേ പാടുള്ളൂവെന്നു  ഡോ. രാജീവ് ജയദേവൻ ഓർമിപ്പിക്കുന്നു.

ഡോ. രാജീവ് ജയദേവന്റെ വാക്കുകളിലൂടെ:  ‘‘വാക്സീൻ കുത്തിവയ്ക്കുന്നതിനു മുൻപ് സിറിഞ്ച് അൽപം ‘ആസ്പിരേറ്റ്’ ചെയ്ത് രക്തം തിരികെ കയറിവരുന്നില്ല എന്ന് ഉറപ്പാക്കണം. മുൻപൊക്കെ ഇത്തരത്തിൽ ‘ആസ്പിരേറ്റ്’ ചെയ്തിരുന്നു  (സൂചി കടത്തിയശേഷം സിറിഞ്ചിലേക്കു രക്തം കടക്കുന്നുണ്ടോ എന്നു നിരീക്ഷിക്കുന്നതിനെയാണ് ‘ആസ്പിരേറ്റ്’ എന്നതുകൊണ്ട് അർഥമാക്കുന്നത്. വാക്സീൻ കടത്തിവിടുന്നതിനു മുൻപ് 5 മുതൽ 10 വരെ സെക്കൻഡ് ഇങ്ങനെ നിരീക്ഷിക്കണം).

‘ഡെൽറ്റോയിഡ് ഏരിയ’യിലെ ചർമം നുള്ളി ഉയർത്തിപ്പിടിക്കരുത് (കൈത്തണ്ടിന്റെ മുകൾഭാഗത്ത് കുത്തിവയ്പ് എടുക്കുന്ന പ്രദേശമാണു ഡെൽറ്റോയിഡ്). ചർമം പരന്ന അവസ്ഥയിൽത്തന്നെ ആയിരിക്കണം. സൂചി 90 ഡിഗ്രി ആംഗിളിൽത്തന്നെ ഇറക്കണം. കുത്തനെതന്നെ ഇറക്കണമെന്നർഥം. ചെറിയ രക്തക്കുഴലുകൾ ധാരാളമുള്ള സബ്ക്യൂട്ടേനിയസ് ടിഷ്യൂ കടന്ന് ഡെൽറ്റോയിഡ് മസിൽവരെ സൂചി എത്താൻവേണ്ടിയാണിത്. ഇങ്ങനെ ചെയ്താൽ ഐഎം ആയി മാത്രം ചെയ്യേണ്ട വാക്സീൻ അബദ്ധത്തിൽ രക്തക്കുഴലിലേക്കു നേരിട്ട് എത്തുന്നത് ഒഴിവാക്കാനാവും. അതുമൂലം അപൂർവങ്ങളിൽ അപൂർവമായി ഉണ്ടായേക്കാവുന്ന സങ്കീർണതകൾ ഒഴിവാക്കുകയും ചെയ്യാം.

കുത്തിവയ്പിലെ ഈ സൂക്ഷ്മവശം ഏറ്റവും കൃത്യമായി പാലിക്കേണ്ടതു വാക്സീൻ നൽകുന്ന നഴ്സുമാരാണെന്നും ഡോ. രാജീവ് ജയദേവൻ പറയുന്നു.

English Summary : COVID- 19 vaccination method

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com