‘ടെൻഷനടിച്ച്’ പത്തനംതിട്ട; കേരളത്തിൽ അഞ്ചിലൊരാൾ മദ്യപാനി, സ്ത്രീകൾ 1.2%

HIGHLIGHTS
  • കേരളത്തിലെ മൂന്നിലൊന്നു പേർക്കും അമിത രക്ത സമ്മർദം
  • സംസ്ഥാനത്തെ 10 ജില്ലകളിലും രക്താതിമർദമുളളവരുടെ എണ്ണം 30 ശതമാനത്തിനു മുകളിൽ
national family health survey
Representative image. Photo credit : fizkes / Shutterstock.com
SHARE

മലയാളികൾക്ക് ടെൻഷനൽപം കൂടുതലാണോ? ആണെന്നു വേണം കരുതാൻ. കേരളത്തിലെ മൂന്നിലൊന്നു പേർക്കും അമിത രക്ത സമ്മർദമുണ്ടെന്നാണു റിപ്പോർട്ട്. സംസ്ഥാനത്തെ 32% പേർ‌ അമിത രക്ത സമ്മർദം കുറയ്ക്കാനായി മരുന്നു കഴിക്കുന്നവരാണ്. പുരുഷന്മാരിൽ 32.89% പേരും വനിതകളിൽ 31.36% പേരും രക്ത സമ്മർദത്തിന്റെ പ്രശ്നങ്ങൾ നേരിടുന്നു. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ 2019– 20 വർഷത്തെ ദേശീയ കുടുംബാരോഗ്യ സർവേയിലാണു മലയാളികളുടെ ഹൈപ്പർ ടെൻഷനെ കുറിച്ചു പറയുന്നത്. 

പത്തനംതിട്ടക്കാർക്കാണു ഹൈപ്പർ ടെൻഷൻ പതിവിലേറെ കൂടുതൽ; വനിതകളാണു മുന്നിൽ. പത്തനംതിട്ട ജില്ലയിൽ വനിതകളിൽ 42.1 ശതമാനവും പുരുഷൻമാരിൽ 41.9 ശതമാനവും രക്താതിമർദ്ദത്തെ മരുന്നുപയോഗിച്ചു പിടിച്ചു കെട്ടാൻ ശ്രമിക്കുന്നു. അതേ സമയം, കാസർകോട്ടുകാർക്കും മലപ്പുറത്തുകാർക്കും ടെൻഷൻ കുറവാണ്. കാസർകോട് (പുരുഷൻമാർ– 26%, സ്ത്രീകൾ– 26.1%), മലപ്പുറം (പുരുഷൻമാർ– 27.4%, സ്ത്രീകൾ– 25.4%) എന്നിങ്ങനെയാണ് ഈ ജില്ലകളിൽ രക്താതിമർദത്തിനു മരുന്നു കഴിക്കുന്നവരുടെ കണക്ക്.

ഹൈപ്പർ ടെൻഷനിൽ മുന്നിൽ ഈ ജില്ലകൾ

∙ പത്തനംതിട്ട (പുരുഷൻമാർ– 41.9%, സ്ത്രീകൾ– 42.1%)
∙ കോട്ടയം (പുരുഷൻമാർ– 38.8%, സ്ത്രീകൾ– 34.2%)
∙ തൃശൂർ (പുരുഷൻമാർ– 36.8%, സ്ത്രീകൾ– 31.4%)

പ്രമേഹവും മോശമല്ല

പ്രമേഹത്തിന്റെ കാര്യത്തിലും കാര്യങ്ങൾ അത്ര പന്തിയല്ല. നാലിലൊന്നു പേർക്കും അമിതമായ പ്രമേഹമുണ്ട്. 25.81% ആളുകൾ പ്രമേഹത്തിനു മരുന്നു കഴിക്കുന്നവരാണ്. പുരുഷൻമാരിൽ 26.89%, സ്ത്രീകളിൽ 24.73% എന്നിങ്ങനെയാണു അമിതമായ പ്രമേഹമുള്ളവരുടെ എണ്ണം. തിരുവനന്തപുരം ജില്ലയിലാണു പ്രമേഹ ശല്യം കൂടുതൽ. തിരുവനന്തപുരത്തെ പുരുഷൻമാരിൽ 36.2% പേർക്കും സ്ത്രീകളിൽ 26.1% പേർക്കും അമിതമായ പ്രമേഹം മൂലമുള്ള പ്രശ്നങ്ങളുണ്ട്. അതേ സമയം, വയനാട്ടുകാർക്കു പ്രമേഹത്തിന്റെ കാര്യമായ പ്രശ്നങ്ങളില്ല. പുരുഷൻമാരിൽ 17.9%, സ്ത്രീകളിൽ 18.3% എന്നിങ്ങനെയാണു വയനാട്ടുകാരിലെ പ്രമേഹത്തിന്റ കണക്ക്.

പ്രമേഹം കൂടുതൽ ഈ ജില്ലകളിൽ

∙ തിരുവനന്തപുരം (പുരുഷൻമാർ‌– 36.2%, സ്ത്രീകൾ– 26.1%)
∙ പത്തനംതിട്ട (പുരുഷൻമാർ– 34.7%, സ്ത്രീകൾ– 32.1%)
∙ തൃശൂർ (പുരുഷൻമാർ– 31.7%, സ്ത്രീകൾ– 28.3%)

രക്താതിമർദം, പ്രമേഹം എല്ലായിടത്തും പ്രശ്നം!

സംസ്ഥാനത്തെ 10 ജില്ലകളിലും രക്താതിമർദമുളളവരുടെ എണ്ണം 30 ശതമാനത്തിനു മുകളിലാണ്. കാസർകോട്, കോഴിക്കോട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണു രക്താതിമർദം പരിധിവിട്ട് ഉയരാത്തത്. 4 ജില്ലകളിൽ പ്രമേഹവും 30 ശതമാനത്തിനു മുകളിലാണ്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കൊല്ലം, കോട്ടയം (29.4%) എന്നീ ജില്ലകളിലാണു പ്രമേഹം കൂടുതൽ. ഈ ജില്ലകളിലെല്ലാം അമിതമായ രക്ത സമ്മർദവുമുണ്ട്. 

ടെൻഷൻ, പ്രമേഹം എന്തുകൊണ്ട്?

കുറച്ചാളുകൾക്കു പ്രമേഹവും അമിത രക്ത സമ്മർദവും പാരമ്പര്യമായി കിട്ടുന്നുണ്ട്. എന്നാൽ, മലയാളികളിൽ ഇതു രണ്ടും വൻതോതിൽ കൂടാൻ കാരണം ജീവിത ശൈലിയിൽ വന്ന മാറ്റങ്ങൾ തന്നെയാണു പ്രധാന കാരണമെന്നു രാജഗിരി ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേൽ പറയുന്നു. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ നമ്മുടെ ജീവിത രീതികളിലും സംസ്കാരത്തിലും വലിയ മാറ്റമാണുണ്ടായത്. നമ്മുടെ ആരോഗ്യത്തിൽ അത് സൃഷ്ടിച്ച പ്രശ്നങ്ങളും വളരെ വലുതാണ്. റോഡരുകിൽ ഫാസ്റ്റ് ഫുഡ് ഭക്ഷണശാലകളും റസ്റ്ററന്റുകളും വലിയ തോതിൽ വർധിച്ചു. പുറത്തു നിന്നു ഭക്ഷണം കഴിക്കുന്ന ശീലം നമുക്കു കൂടി.

പാതി പാകം ചെയ്ത ആഹാരം ഇപ്പോൾ വൻതോതിൽ ലഭിക്കുന്നു. പ്ലാസ്റ്റിക് പായ്ക്കറ്റുകളിൽ ലഭിക്കുന്ന ‘ഹാഫ് കുക്ക്ഡ്’ ചപ്പാത്തിയും പൊറോട്ടയുമെല്ലാം നമ്മൾ ഇപ്പോൾ ധാരാളമായി കഴിക്കുന്നു. ജോലിക്കാരായവർക്ക് ഇത്തരം ഭക്ഷണ രീതികൾ അവരുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറി കഴിഞ്ഞു.

സാങ്കേതികവിദ്യ വികസിച്ചതോടെ നമ്മുടെ ‘ഇരിപ്പ്’ കൂടി. കംപ്യൂട്ടറുകൾക്കും ഹോം തിയറ്ററിനും ടെലിവിഷനും മുന്നിൽ മണിക്കൂറുകളോളം നമ്മൾ ഇരിക്കുന്നു. ‘വർക് ഫ്രം ഹോം’ ആയതോടെ ഇരിപ്പ് വീണ്ടും കൂടി. പല കാരണങ്ങൾ കൊണ്ടും വ്യായാമം കുറഞ്ഞു. ജോലിയിലെ സമ്മർദം, സമയക്കുറവ്, സ്ഥല ലഭ്യത കുറവ്, സുരക്ഷ തുടങ്ങിയവയെല്ലാം വ്യായാമം കുറയാൻ കാരണമായി– ‍ഡോ. സണ്ണി പി. ഓരത്തേൽ പറഞ്ഞു.

അമിതഭാരവും വണ്ണവും; പ്രശ്നം തുടങ്ങുന്നു

ജീവിതശൈലിയിലും ഭക്ഷണ സംസ്കാരത്തിലുമുണ്ടായ മാറ്റങ്ങൾ നമ്മുടെ ശരീര പ്രകൃതിയെ തന്നെ ബാധിച്ചു. പലരെയും അമിത ഭാരവും അമിത വണ്ണവും ബുദ്ധിമുട്ടിക്കുന്നു. ഇവയുണ്ടായാൽ മറ്റു ചില അസുഖങ്ങളും തേടി വരും. അതിൽ പ്രധാനപ്പെട്ടതാണ് അമിത രക്ത സമ്മർദവും പ്രമേഹവും; ചിലർക്ക് ഇതു രണ്ടുമുണ്ടാകാം. കൊളസ്ട്രോൾ, ഫാറ്റി ലിവർ എന്നിവയാണു സാധ്യതയുള്ള മറ്റു പ്രശ്നങ്ങൾ.

നേരത്തേ 60 വയസാകുമ്പോഴാണ് ഒരാൾ പ്രമേഹ ബാധിതനായിരുന്നതെങ്കിൽ ഇപ്പോൾ നാൽപതാം വയസ്സിൽ തന്നെ പ്രമേഹമുണ്ട്. പിന്നീടുള്ള ജീവിത കാലം മുഴുവൻ അയാൾ മരുന്നുകൾ കഴിക്കുകയും പ്രമേഹത്തിന്റെ സങ്കീർണതകളിലൂടെ കടന്നു പോകുകയും വേണം. പ്രമേഹവും അമിത രക്ത സമ്മർദവുമുണ്ടാകുന്നത് എത്രത്തോളം വൈകിപ്പിക്കാൻ സാധിക്കുമോ അത്രത്തോളം നല്ലതാണ്. നേരത്തേയാണെങ്കിൽ പ്രശ്നം കൂടും. പാരമ്പര്യമായി സാധ്യതയുണ്ടെങ്കിൽ പോലും ജീവിത ശൈലി ക്രമീകരിക്കുന്നതിലൂടെയും വ്യായാമത്തിലൂടെയും അമിത രക്ത സമ്മർദം, പ്രമേഹം എന്നിവ ബാധിക്കുന്ന കാലയളവ് നീട്ടാനാകും– ഡോ. സണ്ണി പി. ഓരത്തേൽ പറഞ്ഞു.

അഞ്ചിലൊരാൾ മദ്യപാനി!

സംസ്ഥാനത്തെ പുരുഷൻമാരിൽ (15നു വയസ്സിനു മുകളിലുള്ളവർ) 20.68% പേർ മദ്യപിക്കുന്നവരാണെന്നും സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു. റിപ്പോർട്ട് പ്രകാരം മദ്യപിക്കുന്ന പുരുഷന്മ‍ാരുടെ എണ്ണം കൂടുതലുള്ളത് ആലപ്പുഴ ജില്ലയിലാണ്– 29%; കുറവ് മലപ്പുറത്ത്– 7.7%. സംസ്ഥാനത്തെ സ്ത്രീകളിൽ 0.3% പേർ മദ്യപിക്കുന്നു. മദ്യപിക്കുന്ന വനിതകളുടെ എണ്ണം ഉയർന്നു നിൽക്കുന്നത് വയനാട് ജില്ലയിലാണ്– 1.2%. 

മദ്യപാനത്തിൽ ഈ ജില്ലകൾ

∙ ആലപ്പുഴ (പുരുഷൻമാർ– 29%, സ്ത്രീകൾ– 0.2%)
∙ കോട്ടയം (പുരുഷൻമാർ– 27.4%, സ്ത്രീകൾ– 0.6%)
∙ തൃശൂർ (പുരുഷൻമാർ– 26.2%, സ്ത്രീകൾ– 0.2%)

പുകയില ഉപയോഗം: പുരുഷൻമാരിൽ 18%

സംസ്ഥാനത്തെ പുരുഷൻമാരിൽ 18.05% പേർ പുകയില ഉപയോഗിക്കുന്നു. സ്ത്രീകളിൽ 2.71% പേരും പുകയില ഉപയോഗിക്കുന്നവരാണ്. പുകയില ഉപയോഗം കൂടുതൽ വയനാട് ജില്ലയിലാണ്; പുരുഷൻമാരിൽ 26% പേരും സ്ത്രീകളിൽ 10.6% പേരും പുകയില ഉപയോഗിക്കുന്നു. കുറവ് കോഴിക്കോട്; പുരുഷൻമാരിൽ 11.3% പേരും സ്ത്രീകളിൽ 0.8% പേരും പുകയില ഉപയോഗിക്കുന്നു.

പുകയിൽ മുന്നിൽ

∙ വയനാട് (പുരുഷൻമാർ– 26%, സ്ത്രീകൾ– 10.6%)
∙ ഇടുക്കി (പുരുഷൻമാർ– 24.8%, സ്ത്രീകൾ– 3.7%)
∙ പാലക്കാട് (പുരുഷൻമാർ– 22.5%, സ്ത്രീകൾ– 5.1%)

English Summary: National Family Health Survey Findings on Kerala

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA