ADVERTISEMENT

കുട്ടികൾക്കു കോവി‍ഡ് ബാധിച്ചാലും ഗുരുതരമാകാനുള്ള സാധ്യത കുറവാണെന്ന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് മുൻ സംസ്ഥാന പ്രസിഡന്റും സാൻ ചിൽഡ്രൻസ് ക്ലിനിക് ചീഫ് പീഡിയാട്രീഷ്യനുമായ ഡോ. എം. നാരായണൻ. അതേസമയം വൈറസ് ബാധിതരായ കുട്ടികൾക്കു കോവിഡിനു ശേഷം ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്നങ്ങൾ പ്രത്യേകം കരുതണമെന്നും മലയാള മനോരമ ‘സാന്ത്വനം’ പരിപാടിയിൽ വായനക്കാരുടെ ചോദ്യങ്ങൾക്കു മറുപടിയായി ഡോക്ടർ പറഞ്ഞു. കോവിഡ് രണ്ടാം തരംഗത്തിൽ രോഗബാധിതരുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്ന നിലയിലാണ്. സ്വാഭാവികമായി കുട്ടികൾക്കും രോഗം ബാധിക്കാനുള്ള സാധ്യതയേറെയാണ്. കോവിഡ് ബാധിതരായാൽ മുതിർന്നവരിലുണ്ടാകുന്ന അതേലക്ഷണങ്ങൾ തന്നെയാണു കുട്ടികളിലുമുണ്ടാകുക. കോവിഡ് ഭേദമായ കുട്ടികളിൽ 4–6 ആഴ്ചകൾക്കു ശേഷം രോഗപ്രതിരോധ പ്രതികരണം (ഇമ്യൂണോളജിക്കൽ റിയാക്‌ഷൻ) ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഡോക്ടർ പറഞ്ഞു.

കുട്ടികൾക്കുള്ള വാക്സീൻ മുടക്കരുത്

കോവിഡ് കാലമാണെങ്കിലും കുട്ടികൾക്കു പതിവായി നൽകുന്ന വാക്സീനുകൾ എടുക്കുന്ന കാര്യത്തിൽ വീഴ്ച വരുത്തരുത്. കോവിഡ് കാലത്ത് ആശുപത്രിയിൽ പോകാനുള്ള ബുദ്ധിമുട്ടുകൾ കാരണം പലരും കുട്ടികൾക്കു വാക്സീൻ എടുക്കുന്നതു നീട്ടിവയ്ക്കുന്നുണ്ട്. ഓരോ സമയത്തും എടുക്കേണ്ട വാക്സീൻ അതതു സമയത്ത് എടുക്കുന്നതുതന്നെയാണു നല്ലത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു വാക്സീൻ എടുക്കാൻ ശ്രദ്ധിച്ചാൽ മതി.

മുലയൂട്ടുന്ന അമ്മമാർക്ക് വാക്സീൻ പിന്നീടു മതി

മുലയൂട്ടുന്ന അമ്മമാർക്കു കോവിഡ് വാക്സീൻ സ്വീകരിക്കാമോയെന്നു ചോദിച്ച് ഒട്ടേറെപ്പേരാണു വിളിച്ചത്. നിലവിൽ സർക്കാരിന്റെ വാക്സീൻ നയമനുസരിച്ചു മുലയൂട്ടുന്ന അമ്മമാർക്കു വാക്സീൻ നൽകുന്നില്ല. അതു തുടരുന്നതാണു നല്ലത്. കൂടുതൽ പഠനങ്ങൾ നടക്കുന്നുണ്ട്. പുതിയ പഠന ഫലങ്ങൾ അനുസരിച്ചു വാക്സീൻ നയത്തിൽ പിന്നീടു മാറ്റങ്ങളുണ്ടാകാം.

കുട്ടികളിലെ കോവിഡ് ലക്ഷണങ്ങൾ

ചെറിയ പനി, ജലദോഷം, തലവേദന, ശരീര വേദന, കണ്ണിനു ചുവപ്പു നിറം, ശരീരത്തിൽ ചൂടുകുരു പോലെ തടിച്ചു പൊങ്ങുന്നത്, ഛർദി, ചുമ, ശ്വാസതടസ്സം തുടങ്ങി മുതിർന്നവരിലുണ്ടാകുന്ന കോവിഡ് ലക്ഷണങ്ങൾ തന്നെയാണു കുട്ടികളിലുമുണ്ടാകുക. ചെറിയ കുട്ടികളിൽ സാനിറ്റൈസർ ഉപയോഗിക്കുന്നതിനേക്കാൾ നല്ലതു സോപ്പുപയോഗിച്ചു കൈകൾ കഴുകുന്നതാണ്. ചെറിയ കുട്ടികൾ കൈവിരലുകൾ ഇടയ്ക്കിടെ വായിൽ ഇടുന്ന പതിവുള്ളവരാണ്. സാനിറ്റൈസർ ഉപയോഗിക്കുമ്പോൾ കൈവിരലുകളിൽ ഇതിന്റെ അംശമുണ്ടെങ്കിൽ അതു വയറ്റിലെത്താം. ഇതൊഴിവാക്കാൻ സാനിറ്റൈസറിനു പകരം അണുനാശിനിയായി സോപ്പ് ഉപയോഗിക്കുന്നതാണു നല്ലതെന്നു ഡോ. നാരായണൻ പറഞ്ഞു.

English Summary : COVID- 19 symptoms in children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com