ADVERTISEMENT

കോട്ടയം ∙ കോവിഡ് രോഗാവസ്ഥയൊന്നും സഹജീവികളോടുള്ള കാരുണ്യത്തിനു തടസമല്ലെന്നു തെളിയിച്ചിരിക്കുകയാണു കൂട്ടുകാര്‍ക്കിടയില്‍ ‘വാല്‍മികീ’ എന്നറിയപ്പെടുന്ന കോട്ടയം മണര്‍കാട് കരിമ്പനത്തറ വീട്ടിലെ കുര്യന്‍ തോമസ്. മെഡിക്കല്‍ കോളേജിലെ ചികിത്സക്കിടയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ ധനസഹായ സന്നദ്ധത സമൂഹമാധ്യമത്തിലൂടെയാണ് വാല്‍മികീ  പ്രഖ്യാപിച്ചത്.

മഹാത്മാഗാന്ധി  സര്‍വകലാശാല പ്രസിദ്ധീകരണ വിഭാഗം മുന്‍ മേധാവിയും കോട്ടയത്തെ രാകേന്ദു സംഗീതോത്സവം ഉൾപ്പെടെ നിരവധി സാംസ്‌കാരിക പരിപാടികളുടെ മുഖ്യ സംഘാടകരില്‍ ഒരാളുമാണ് കുര്യന്‍ തോമസ്. കഴിഞ്ഞ മാസം 21–നാണ് കുര്യൻ തോമസ് കോവിഡ് ബാധിതനാവുന്നത്. തുടര്‍ന്ന് 23 ന് പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുര്യനെ മെഡിക്കൽ കോളജ് കോവിഡ് അതിതീവ്ര വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യയും മകളും വീട്ടിൽ ചികിൽസയിലാണ്. 

കുര്യൻ തോമസ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ്:

ഞാൻ മെഡിക്കൽ കോളജ്‌ കോവിഡ്‌ അതി തീവ്രവിഭാഗത്തിൽ നിന്നാണ്‌ ഈ കുറിപ്പ്‌ എഴുതുന്നത്‌. എന്റെ ഭാര്യ രാജി കുര്യനും മൂത്ത മകൾ ആർകിടെക്ച്ചറൽ അധ്യാപിക മീര ഏലിസബേത്തും രോഗികളായി ഹോം ക്വാറന്റീനിലാണ്. അനേകരുടെ സ്നേഹകരുതലിന്റെയും പ്രാർത്ഥനകളുടെയും ഈ സർക്കാർ ഒരുക്കിയ വിലമതിക്കാനാവത്തെ ആരോഗ്യസംവിധാനങ്ങളുടെയും ദാനമാണ്‌ ഞങ്ങളുടെ ഇൗ ജീവിതം. 

സർക്കാറിന്റെ ഓക്സിജൻ ചാലഞ്ചിന്‌ ഒരു തുക കൊടുക്കണം എന്നെനിക്ക്‌ ഒരു ആഗ്രഹം (ഒരു ലക്ഷം രൂപ).  ജീവിതത്തിലെ സുപ്രധാനവും സന്തോഷപ്രദവുമായ ഒരു വിശേഷത്തിനായി പ്രാർത്ഥനാപൂർവം കരുതിവെച്ചതിൽ ഒരു വിഹിതമാണ് ഈ തുക എന്നുകൂടി അറിയിക്കട്ടെ. 

ആശുപത്രി സേവനങ്ങൾ കരുതൽ, നിശ്ചയദാർഢ്യം ഇവയൊക്കെ നേരിട്ട്‌ ആശുപത്രി കിടക്കയിൽ അനുഭവിക്കുന്ന ഞാൻ സർക്കാറിന്റെ ഓക്സിജൻ ചാലഞ്ചിന്‌ ഒരു തുകകൊടുക്കണമെന്നാണ് എന്റെയും ഭാര്യയുടെയും നിറഞ്ഞ നന്ദിയോടെയുള്ള പ്രാർത്ഥനാപൂർവമായ ആഗ്രഹം.

അനേകരുടെ കരളുരുകുന്ന പ്രാർത്ഥന കേട്ടവനായ എന്റെ ദൈവം, ഡോക്ടർമാർ, വെള്ള /നീലകിറ്റിലെ സദാസന്നദ്ധരായ മാലാഖമാർ, കരുതലോടെ ചേർത്തുപിടിച്ചവർ, പ്രാർത്ഥനകളോടെ കൂടെയുള്ളവർ.... ഇടയ്ക്ക് മരണം തൊട്ടപ്പുറത്തും ഇപ്പുറത്തും ഒരു ഇലയനക്കം പോലുമില്ലാതെ കറുത്ത സിപ്പുള്ള കിറ്റിൽ സ്ട്രെച്ചറിൽ നീങ്ങുന്നത്‌ കാണുമ്പോൾ വെളിച്ചം പകർന്ന് കൂടെ കൈപിടിച്ച്‌ ജീവിതതീരത്തെത്തിച്ചവർക്ക് എല്ലാവർക്കും നന്ദി...

ഈ ഓക്സിജൻ ഇല്ലാതെ ഞങ്ങൾക്ക്‌ എന്ത്‌‌ ജീവിതം.... ഞാൻ അതിജീവിക്കും. നാം അതിജീവിക്കും. ഈ നാട്‌ അതിജീവിക്കും...

കുര്യൻ കെ തോമസ്‌ (വാൽമികീ)

രാജി കുര്യൻ

(ആശുപത്രി കിടക്കയിൽ മാസ്കിന് പുറത്ത്‌ കണ്ണട പിടിച്ചു ടൈപ്പ് ചെയ്തതാ. തെറ്റു പൊറുക്കുക)

ചിത്രങ്ങൾ: പഴയ ശേഖരത്തിൽ നിന്ന്‌..

English Summary : Kurian K Thomas donates Rupees One Lakh to Chief Minister's Pandemic Relief Fund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com