ADVERTISEMENT

കോവിഡ് ആദ്യതരംഗത്തെക്കാൾ വ്യാപനശേഷിയുള്ളതാണു രണ്ടാം തരംഗമെന്ന് ആരോഗ്യവിദഗ്ധർ. ഇൻഫെക്ടിവിറ്റി റേറ്റ് അഥവാ വ്യാപനശേഷി കൂടുതലാണ് രണ്ടാംഘട്ടത്തിൽ. ആദ്യ ഘട്ടത്തിൽ ഒരു വീട്ടിൽ ഒരാൾ പോസിറ്റീവായാൽ ഐസലേഷനിൽ പോകുന്നതോടെ മറ്റുള്ളവർ താരതമ്യേന സുരക്ഷിതരായിരുന്നു. എന്നാൽ രണ്ടാം ഘട്ടത്തിൽ ഇതിൽ നിന്നു വിപരീതമായി കൂടുതൽ പേർക്കു ബാധിക്കുന്നതായാണു കാണുന്നത്. ഒരു സംഘം ആളുകൾ താമസിക്കുകയോ ജോലിചെയ്യുകയോ ചെയ്യുന്ന മേഖല മിക്കപ്പോഴും ഒരാൾ പോസിറ്റീവാകുന്നതോടെ ക്ലസ്റ്ററായി മാറുന്നതും ഇപ്പോൾ കൂടുതലാണെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.

ആലപ്പുഴ പോലുള്ള ജനസാന്ദ്രതയേറിയ പ്രദേശം കൂടുതലുള്ള ഇടങ്ങളിൽ രണ്ടാംതരംഗം കൂടുതലായി ബാധിക്കുന്നതും ഇതുകൊണ്ടുതന്നെയാണ്. തിരഞ്ഞെടുപ്പിനു ശേഷം നടത്തിയ മാസ് ടെസ്റ്റിങ് ക്യാംപെയ്നിലും തുടർന്നുള്ള ദിവസങ്ങളിലും ഉയർന്നതോതിലാണു പോസിറ്റീവ് കേസുകൾ. ശരാശരി 1500–2000 പോസിറ്റീവ് കേസുകളാണു റിപ്പോർട്ട് ചെയ്യുന്നത്. തീരമേഖലയിലും നഗരമേഖലകളിലും കൂടുതൽ ശ്രദ്ധവേണ്ടിവരുമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. വീടുകളിലെ ഐസലേഷനുള്ള ബുദ്ധിമുട്ടുകളും ജില്ലയിൽ കൂടുതലാണ്. ഇവർക്കായി കൂടുതൽ ഡൊമിസ്റ്റിലിയറി കെയർ യൂണിറ്റുകളാണ് ആരംഭിക്കുന്നത്.  

നേരത്തെ മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരെ കോവിഡ് കൂടുതലായി ബാധിച്ചിരുന്നെങ്കിൽ രണ്ടാംഘട്ടത്തിൽ ഇത്തരമൊരു വേർതിരിവില്ലെന്നും പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. ജില്ലയിൽത്തന്നെ മറ്റു രോഗങ്ങളില്ലാത്തവർ കോവിഡ് ബാധിച്ചു മരിച്ച സാഹചര്യംകൂടി പരിഗണിക്കണമെന്നും ഡോക്ടർമാർ പറയുന്നുണ്ട്. ആലപ്പുഴ മെഡിക്കൽ കോളജിലെത്തുന്ന കോവിഡ് പോസിറ്റീവ് കേസുകളിൽ ഗുരുതരാവസ്ഥയിലെത്തുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്. ആകെയുള്ള പോസിറ്റീവ് കേസുകളുടെ വർധനയുമായി താരതമ്യം ചെയ്യുമ്പോൾ മറ്റു ജില്ലകളിലെ അത്ര ഉയർന്ന നില അല്ലെങ്കിലും ഗുരുതരാവസ്ഥയിലുള്ള കേസുകൾ കൂടുന്നത് ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്. 

∙ അമിതവണ്ണം വിനയായേക്കാം

അമിതവണ്ണമുള്ളവരും പുകവലി ശീലമുള്ളവരും കൂടുതൽ ശ്രദ്ധപുലർത്തണമെന്നു മെഡിക്കൽകോളജ് പ്രഫസർ ഡോ. ബി.പത്മകുമാർ വ്യക്തമാക്കുന്നു. കമഴ്ന്നോ ചരിഞ്ഞോ കിടക്കുന്നതു കൂടുതൽ ഓക്സിജൻ ലഭ്യമാകാൻ സഹായിക്കും. അമിതവണ്ണമുള്ളവർക്കു പലപ്പോഴും ഇതിനു സാധിക്കാതെ വരുന്നത് അപകടം കൂട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രോഗവ്യാപനം കുറയ്ക്കുന്നതിനു മാസ്കിന്റെ ശരിയായ ഉപയോഗവും  കോവിഡ് മാനദണ്ഡങ്ങളുടെ കർശനമായ നടത്തിപ്പും ഉറപ്പാക്കണം. 

∙ അതിതീവ്രവൈറസ് സാന്നിധ്യവും

ജില്ലയിൽ നിലവിൽ അതിതീവ്രവൈറസ് സാന്നിധ്യമുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു. നിലവിൽ ആശുപത്രികളിലെത്തുന്ന കേസുകളുടെ വിശകലനത്തിലൂടെയാണു നിഗമനം. നേരത്തെയുണ്ടായിരുന്നതിനെക്കാൾ തീവ്രമായ ലക്ഷണങ്ങളുള്ളവരുടെ എണ്ണം കൂടിവരുന്നുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. അതിവേഗം ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന കേസുകളും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വ്യാപനശേഷിയും ആഘാത നിരക്കും (കേസ് ഫെറ്റാലിറ്റി റേറ്റ്)വർധിക്കുന്നതായും വിലയിരുത്തലുകളുണ്ട്. മറ്റ് അസുഖങ്ങളില്ലാത്തവർക്കു രോഗം ബാധിക്കുന്നതും ഇതു ഗുരുതരമാകുന്നതും കൂടിവരുന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്. ചെറുപ്പക്കാരിലും മറ്റു രോഗങ്ങളില്ലാത്തവരിലും 25% പേർക്ക് രോഗബാധ ഗുരുതരമാകുന്നുണ്ട്. ചെറുപ്പക്കാരിൽ രോഗസാധ്യത കൂടുന്നത് രോഗവ്യാപന സാധ്യതയും വർധിപ്പിക്കുന്നുണ്ട്. പലർക്കും ആദ്യദിവസങ്ങളിൽ ലക്ഷണങ്ങളില്ലെങ്കിലും പെട്ടന്നു ലക്ഷണം സങ്കീർണമാകുന്നുണ്ട്. മുതിർന്നവരുടെ യാത്രകളും ഇടപഴകലുകളും കുറവായതിനാൽ ഇവരിൽ നിന്നുള്ള രോഗവ്യാപനസാധ്യത കുറവാണ്. എന്നാൽ യുവാക്കളിൽ കോവിഡ് പടരുന്നത് കൂടുതൽപേരിലേക്കു രോഗം വ്യാപിക്കാൻ വഴിവയ്ക്കുകയാണ്. യാത്രകളും സാമൂഹിക ഇടപെടലുകളും അത്യാവശ്യത്തിലേക്കു ചുരുക്കുക മാത്രമാണു നിലവിലെ വഴിയെന്നും ഡോക്ടർമാർ പറയുന്നു. ജില്ലയിൽ നിന്ന് അയച്ച സാംപിളുകളിൽ എഴുപതോളം എണ്ണത്തിൽ അതിതീവ്രവൈറസ് സാന്നിധ്യമുണ്ടെന്നാണു സൂചന. അതേസമയം, ഇതുസംബന്ധിച്ച സാംപിൾ പരിശോധനകളുടെ ഫലം പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു ജില്ലയിലേക്കു ലഭിച്ചിട്ടില്ല. 

∙ ഡൊമിസ്റ്റീല്യറി കെയർ സെന്ററുകൾ(ഡിസിസി) 

ലക്ഷണങ്ങൾ തീരെയില്ലാത്തതോ ചെറിയ തോതിലുള്ള ലക്ഷണങ്ങൾ മാത്രമുള്ളതോ ആയ ആളുകളിൽ വീടുകളിൽ ഐസലേഷൻ സാധ്യമല്ലാത്തവർക്കാണു ഡിസിസി സൗകര്യം. തദ്ദേശസ്ഥാപന അധികൃതരുമായി ബന്ധപ്പെട്ടാണ് ഇതുസംബന്ധിച്ച വിവരശേഖരണം. പ്രത്യേക ശുചിമുറി സംവിധാനമില്ലാതിരിക്കുക, വീട്ടിൽ വയോധികരോ മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരോ ഗർഭിണികളോ നവജാത ശിശുക്കളോ ഉണ്ടാവുക തുടങ്ങിയ സാഹചര്യങ്ങളിലാണു കോവിഡ് പോസിറ്റീവായ ആളുകളെ ഡിസിസികളിലേക്കു മാറ്റുന്നത്. 

∙ അതീവഗുരുതര കേസുകൾ

സർക്കാർ കണക്കുകൾ അനുസരിച്ച് 330 പേരാണു നിലവിൽ കടുത്ത ലക്ഷണങ്ങളുമായി ആലപ്പുഴയിലെ വിവിധ കോവിഡ് ആശുപത്രികളിലുള്ളത്. 1494 പേർ സിഎഫ്എൽടിസികളിലാണ്. 14683 പേരാണു നിലവിൽ വീടുകളിൽ ഐസലേഷനിലുള്ളത്. 

കോവിഡ് വ്യാപനം ശക്തമായതോടെ, സിഎഫ്എൽടിസികളിലുള്ള ബി കാറ്റഗറി ആളുകളെ കോവിഡ് ആശുപത്രികളിലേക്കു മാറ്റാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. കോവിഡ് ആശുപത്രികളിൽ ബി കാറ്റഗറി രോഗകൾക്കു മാത്രമായി പ്രവേശനം നിജപ്പെടുത്തും. കുറഞ്ഞ ലക്ഷണങ്ങളുള്ള കാറ്റഗറി എ വിഭാഗത്തിൽപ്പെടുന്ന 340 പേരാണുള്ളത്. ഇവരിൽ കോവിഡ് ആശുപത്രികളിലുള്ളവരെ സിഎഫ്എൽടിസികളിലേക്കു മാറ്റും.  ലക്ഷണങ്ങളില്ലാത്ത 353പേരും ജില്ലയിൽ കോവിഡ് പോസിറ്റീവാണ്. ആക്ടീവ് കേസുകളിൽ ഒൻപതാംസ്ഥാനത്താണ് ആലപ്പുഴ. നിലവിൽ 261 പേരാണ് ആശുപത്രികളിൽ ചികിത്സയിലുളളത്. സിഎഫ്എൽടിസികളിൽ 1287 പേരും. 

ദിവസവും റിപ്പോർട്ടുചെയ്യുന്ന കേസുകളുടെ ബാഹുല്യമാണ് ആരോഗ്യപ്രവർത്തകരെ ആശങ്കയിലാക്കുന്നതെന്നും ആരോഗ്യവകുപ്പു പറയുന്നു. 

∙ കോവിഡ് കേസുകളുടെ തീവ്രത അനുസരിച്ചാണു വിവിധ വിഭാഗങ്ങളാക്കി തിരിക്കുന്നത്. കാറ്റഗറി സി: ഇവരെ നേരിട്ടു കോവിഡ് ആശുപത്രികളിലേക്കാണു പ്രവേശിപ്പിക്കുന്നത്. 

ലക്ഷണം: ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, നെഞ്ചുവേദന, മയക്കം, രക്തസമ്മർദത്തിലെ കുറവ്, കഫത്തിൽ രക്തത്തിന്റെ അംശം കാണുക, ചർമം നീലനിറമാകുക(ഇത് അപകടകരമായ ലക്ഷണമാണ്)

ഇൻഫ്ലുവൻസ പോലുള്ള അസുഖങ്ങളുള്ള കുട്ടികളും സി വിഭാഗത്തിൽപ്പെടുന്നു. മയക്കം, ഉയർന്ന നിലയിലുള്ള പനി, ഭക്ഷണം കഴിപ്പിക്കാനുള്ള ബുദ്ധിമുട്ട്, അപസ്മാര ലക്ഷണം, ബുദ്ധിമുട്ടിയുള്ള ശ്വാസോച്ഛ്വാസം തുടങ്ങിയവയും ഈ വിഭാഗത്തിൽപ്പെടും.

കാറ്റഗറി ബി: സെക്കൻഡ് ലൈൻ സെന്ററുകളിലാണു സാധാരണ ഇവർക്കു പ്രവേശനം. നിലവിലെ സ്ഥിതിയിൽ ഇവർക്കും കോവിഡ് ആശുപത്രികളിൽപ്രവേശനം ഉറപ്പാക്കാനാണ് ആരോഗ്യവകുപ്പ് തീരുമാനം. 

ലക്ഷണം: പനി, കടുത്ത തൊണ്ടവേദന, വയറിളക്കം. 

∙അർബുദരോഗികൾ, ഹൃദയസംബന്ധപ്രശ്നമുള്ളവർ, വൃക്കരോഗികൾ, നാഡീപ്രശ്നങ്ങളുള്ളവർ, കരൾ–ശ്വാസകോശരോഗങ്ങളുള്ളവർ, ഉയർന്ന രക്തസമ്മർദവും പ്രമേഗവുമുള്ളവർ, ഗർഭിണികൾ, 60നുമേൽപ്രായമുള്ളവർ, വളരെക്കാലമായി സ്റ്റിറോയ്ഡ് അല്ലെങ്കിൽ പ്രതിരോധശേഷി കുറയ്ക്കാനുള്ള മരുന്നു കഴിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങളിലുള്ളവർക്കു ചെറിയ ലക്ഷണങ്ങളായാലും സെക്കൻഡ് ലൈൻ സെന്ററുകളിൽ പ്രവേശിപ്പിക്കും.

കാറ്റഗറി എ: സിഎഫ്എൽടിസി അല്ലെങ്കിൽ ഡിസിസി. 

ലക്ഷണം: ചെറിയ തൊണ്ടവേദന, ചുമ, മൂക്കൊലിപ്പ്, വയറിളക്കം 

∙ലക്ഷണങ്ങളില്ലാത്ത, വീട്ടിൽ സൗകര്യമുള്ളവർക്ക് വീടുകളി‍ൽ ഐസലേഷൻ ആണു നിർദേശിക്കുന്നത്. 

സജീവമായി ഹോമിയോപ്പതി വകുപ്പ്

ഹോമിയോപ്പതി വകുപ്പിന്റെ ദ്രുത കർമ സാംക്രമിക രോഗ നിയന്ത്രണ സെൽ (റീച്ച്) രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ സജീവം.  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും, റീച്ച് പദ്ധതിയെക്കുറിച്ചും വകുപ്പിലെ എല്ലാ വിഭാഗം ജീവനക്കാർക്കും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഓൺലൈൻ പരിശീലനം നൽകി. ജില്ലയിലെ എല്ലാ സ്ഥാപനങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി സോഷ്യൽ ഡിസ്റ്റൻസിങ് മാനേജർമാരെയും നിയോഗിച്ചിട്ടുണ്ട്.

ചികിത്സയ്ക്കെത്തുന്നവരുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. രോഗികൾക്ക് ജീവനക്കാരുടെ സഹായത്തോടെ വിഡിയോ കോൾ മുഖേന ചികിത്സ ലഭ്യമാക്കുന്നതിനും സൗകര്യമൊരുക്കി. 

ഹോമിയോ ഇമ്യൂൺ ബൂസ്റ്റർ മരുന്നുകൾ എല്ലാ സർക്കാർ ഹോമിയോപ്പതി സ്ഥാപനങ്ങളിൽ നിന്നും സൗജന്യമായി നൽകുന്നുണ്ട്. മുതിർന്നവർ ഒരെണ്ണവും കുട്ടികൾ പകുതിയും വീതം രാവിലെ വെറും വയറ്റിൽ തുടർച്ചയായി മൂന്ന് ദിവസമാണ് കഴിക്കേണ്ടത്. രോഗവ്യാപന സാധ്യത തീരുന്നതുവരെ എല്ലാ മാസവും ഇത് ആവർത്തിക്കാം.

 കോവിഡാനന്തര ബുദ്ധിമുട്ടുകൾക്കുള്ള ഹോമിയോപ്പതി ചികിത്സ ജില്ലയിലെ തിരഞ്ഞെടുത്ത സ്ഥാപനങ്ങളിൽ ആരംഭിച്ചിട്ടുണ്ട്. ഉടൻ തന്നെ ഇത് എല്ലാ സ്ഥാപനങ്ങളിലും ആരംഭിക്കുമെന്നും ജില്ലാമെഡിക്കൽ ഓഫിസർ(ഹോമിയോപ്പതി)വ്യക്തമാക്കി.

English Summary : COVID- 19 second wave; Obesed and smoking people need extra care

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com