ADVERTISEMENT

ശ്വാസകോശ രോഗങ്ങൾക്കു മരുന്നു കഴിക്കുന്നവർ ഒരിക്കലും അതു മുടക്കരുതെന്ന് ലിസി ആശുപത്രിയിലെ പൾമനോളജി, ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ. പരമേശ് അയ്യപ്പത്ത്. പതിവായി മരുന്നു കഴിക്കുന്നവർക്കു കോവി‍ഡ് ബാധിച്ചാലും രോഗം ഗുരുതരമാകാനുള്ള സാധ്യത കുറവാണെന്നും മലയാള മനോരമ സാന്ത്വനം പരിപാടിയിൽ വായനക്കാരുടെ ചോദ്യങ്ങൾക്കു മറുപടിയായി ഡോ. പരമേശ് പറഞ്ഞു. സിഒപിഡി, ഐഎൽഡി പോലുള്ള ശ്വാസകോശ രോഗങ്ങൾ ഉള്ളവർ, ശ്വാസകോശ സംബന്ധമായ കാൻസർ രോഗങ്ങൾ ഉള്ളവർ തുടങ്ങിയവർക്കു കോവിഡ് രോഗബാധയുണ്ടായാൽ ഗുരുതരമാകാനുള്ള സാധ്യത ഏറെയാണ്. അവരിൽ ന്യുമോണിയ കൂടുതൽ കടുത്തതാകാം. ഇത്തരം രോഗങ്ങൾ ഉള്ളവർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ഡോക്ടർ പറഞ്ഞു.

മരുന്നു കഴിക്കാൻ മടിവേണ്ട

കോവി‍ഡ് കാലത്തു ഡോക്ടറെ കാണാനും ആശുപത്രിയിൽ പോകാനും ബുദ്ധിമുട്ടുണ്ടെങ്കിലും മരുന്നുകൾ തുടർന്നു കഴിക്കാൻ മടി കാണിക്കരുത്. ആവശ്യമെങ്കിൽ ഡോക്ടറുമായി ഫോൺ വഴി ഉപദേശം തേടാം. ഇൻഹേലർ ഉപയോഗിക്കുന്നവർ അതു മുടക്കരുത്. കോവിഡ് ചികിത്സയിൽ പോലും ഇപ്പോൾ ഇൻഹേലർ ഉൾപ്പെടുത്തിയിട്ടുണ്ട്. പതിവായി ആസ്മയുള്ളവർ കൃത്യമായി മരുന്നു കഴിക്കണം. മരുന്നു നിർത്തിയാൽ ശ്വസന നാളിയിൽ നീർക്കെട്ടുണ്ടാകാനുള്ള സാധ്യതയുണ്ട്. കോവിഡ് ബാധിച്ചാലും ഗുരുതര സാഹചര്യത്തിലേക്കു പോകുന്നതിൽ നിന്നു തടയാൻ ഇതുവഴി സാധിക്കും. വീടുകളിൽ ഓക്സിജൻ ഉപയോഗിക്കുന്ന ശ്വാസകോശ രോഗികളുണ്ട്. ഇവർക്കുള്ള ഓക്സിജൻ ലഭ്യത ഉറപ്പു വരുത്തണം.

dr-pramesh-ayyaptha-swanthanam

മറ്റു വാക്സീനുകൾ എടുക്കാം

കോവിഡ് വാക്സീൻ എടുത്താലും മറ്റു വാക്സീനുകൾ എടുക്കുന്നതിനു തടസ്സമില്ല. കോവിഡ് വാക്സീൻ രണ്ടു ഡോസും എടുത്തവർ ഒരു മാസത്തിനു ശേഷം ഇൻഫ്ലുവൻസ വാക്സീൻ എടുത്താൽ മതിയാകും. അതേസമയം, കോവിഡ് വാക്സീനൊപ്പം തന്നെ ന്യുമോണിയയ്ക്ക് എതിരെയുള്ള ന്യൂമോകോക്കൽ വാക്സീൻ എടുക്കുന്നതിനു തടസ്സമില്ല. കോവിഷീൽഡ് വാക്സീൻ ആദ്യ ഡോസ് എടുത്തതിനു ശേഷം 8 മുതൽ 12 ആഴ്ചകൾക്കുള്ളിൽ രണ്ടാം ഡോസ് എടുത്താൽ മതി. രണ്ടാമത്തെ ഡോസ് പെട്ടെന്നു ലഭിക്കുന്നില്ലെന്നു കരുതി ആശങ്കപ്പെടേണ്ട കാര്യമില്ല. ഒരിക്കൽ കോവിഡ് വന്നു ഭേദമായവരും കോവിഡ് വാക്സീൻ സ്വീകരിക്കണമെന്നും എന്നാൽ കോവിഡ് നെഗറ്റീവായി രണ്ടു മാസം കഴിഞ്ഞു വാക്സീൻ എടുത്താൽ മതിയെന്നും ഡോക്ടർ പറഞ്ഞു.

English Summary : COVID- 19 care

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com